|
രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു
प्रविष्टि तिथि:
10 DEC 2025 2:13PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഡിസംബർ 10, 2025), ന്യൂഡൽഹിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണ ചടങ്ങിനെ അഭിസംബോധന ചെയ്തു.
സാർവത്രിക മനുഷ്യാവകാശങ്ങൾ അനിഷേധ്യമാണെന്നും അവ നീതിയും, സമത്വവും, അനുകമ്പയുമുള്ള ഒരു സമൂഹത്തിൻ്റെ അടിത്തറയായി വർത്തിക്കുന്നുവെന്നും നമ്മെ ഓർമ്മപ്പെടുത്താനുമുള്ള അവസരമാണ് മനുഷ്യാവകാശ ദിനമെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. എഴുപത്തിയേഴ് വർഷങ്ങൾക്കുമുമ്പ്, ലോകം ഒന്നടങ്കം ലളിതവും എന്നാൽ വിപ്ലവകരവുമായ ഒരു സത്യം പ്രഖ്യാപിച്ചു: അന്തസ്സിലും അവകാശങ്ങളിലും ഓരോ മനുഷ്യനും സ്വതന്ത്രരും തുല്യരുമാണെന്ന സത്യം. മനുഷ്യാവകാശങ്ങളുടെ ആഗോള ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു. മനുഷ്യന്റെ അന്തസ്സിലും സമത്വത്തിലും നീതിയിലും വേരൂന്നിയ ഒരു ലോകത്തെയാണ് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ വിഭാവനം ചെയ്തത്.
അന്ത്യോദയയുടെ തത്വശാസ്ത്രത്തിന് അനുസൃതമായി, അവസാന ഗുണഭോക്താവ് ഉൾപ്പെടെ എല്ലാവർക്കും മനുഷ്യാവകാശങ്ങൾ ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള രാജ്യത്തിന്റെ വികസന യാത്രയിൽ ഓരോ പൗരനും സജീവ പങ്കാളിയാകണമെന്നും അപ്പോൾ മാത്രമേ വികസനത്തെ യഥാർത്ഥ അർത്ഥത്തിൽ 'എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം' എന്ന് വിളിക്കാൻ കഴിയൂ എന്നും അവർ പറഞ്ഞു .
നമ്മുടെ ഭരണഘടനയിൽ മനുഷ്യാവകാശങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും അവ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ളവയാണെന്നും രാഷ്ട്രപതി പറഞ്ഞു.ഭയമില്ലാതെ ജീവിക്കാനും, തടസ്സങ്ങളില്ലാതെ പഠിക്കാനും, ചൂഷണമില്ലാതെ പ്രവർത്തിക്കാനും, അന്തസ്സോടെ വാർദ്ധക്യത്തിലെത്താനുമുള്ള അവകാശമാണ് മനുഷ്യാവകാശങ്ങൾ. വികസനത്തിൽ നിന്ന് മനുഷ്യാവകാശങ്ങളെ വേർപെടുത്താൻ കഴിയില്ലെന്ന് ഇന്ത്യ ലോകത്തെ നിരന്തരം ഓർമ്മപ്പെടുത്തുന്നു.“നീതിയില്ലാതെ സമാധാനം ഇല്ല; സമാധാനമില്ലാതെ നീതിയും' എന്ന ശാശ്വത സത്യത്തോടാണ് ഇന്ത്യ എപ്പോഴും ചേർന്നുനിൽക്കുന്നുതെന്നും രാഷ്ട്രപതി പറഞ്ഞു .
ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ, നീതിന്യായ വ്യവസ്ഥ, സിവിൽ സമൂഹം എന്നിവ നമ്മുടെ ഭരണഘടനയുടെ ആത്മാവിന്റെ കാവൽക്കാരാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി . കഴിഞ്ഞ കുറച്ചു വർഷങ്ങളായി പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ, വിശിഷ്യാ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളിൽ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഈ വർഷത്തെ സ്ഥാപക ദിനാഘോഷ വേളയിൽ 'ജയിൽ തടവുകാരുടെ മനുഷ്യാവകാശങ്ങൾ' എന്ന വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിപുലമായ ചർച്ചകൾ നടത്തിയതായും അവർ ചൂണ്ടിക്കാട്ടി. ചർച്ചകൾ പ്രായോഗികവും ഉപകാരപ്രദവുമായ ഫലങ്ങൾ നൽകുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ ക്ഷേമവും മനുഷ്യാവകാശങ്ങളുടെ പ്രധാന സ്തംഭങ്ങളാണെന്ന് രാഷ്ട്രപതി പറഞ്ഞു. പൊതുസ്ഥലങ്ങളിലെയും ജോലി സ്ഥലങ്ങളിലെയും സ്ത്രീസുരക്ഷയെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സമ്മേളനം സംഘടിപ്പിച്ചതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഇത്തരം സമ്മേളനങ്ങളിൽ നിന്നുണ്ടാകുന്ന നിരീക്ഷണങ്ങളും ശുപാർശകളും സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
എൻ.എച്ച്.ആർ.സി സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും മഹത്തായ ആദർശങ്ങൾക്ക് ആവിഷ്കാരം നൽകുന്ന സ്ഥാപനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. കേന്ദ്ര സർക്കാർ ഇത്തരത്തിലുള്ള ആദർശങ്ങളെ ഇതുവരെ കാണാത്ത വ്യാപ്തിയിൽ പ്രാവർത്തികമാക്കിവരികയാണെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തിൽ, നമ്മുടെ രാഷ്ട്രം 'അർഹതയിൽ നിന്ന് ശാക്തീകരണത്തിലേക്കും, ദാനധർമ്മത്തിൽ നിന്ന് അവകാശങ്ങളിലേക്കും' എന്ന പുതിയ ഒരു സമീപനത്തിലൂടെ മുന്നേറുന്നത് നാം കണ്ടുവരുന്നുവെന്നും അവർ വ്യക്തമാക്കി. ശുദ്ധജലം, വൈദ്യുതി, പാചകവാതകം, ആരോഗ്യ സംരക്ഷണം, ബാങ്കിംഗ് സേവനങ്ങൾ, വിദ്യാഭ്യാസം, മെച്ചപ്പെട്ട ശുചിത്വം തുടങ്ങിയ അവശ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിച്ചുവരികയാണ്. ഇത് ഓരോ കുടുംബത്തിന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുകയും മാന്യതയോടെ ജീവിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.
വേതനം, വ്യാവസായിക ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നാല് തൊഴിൽ കോഡുകൾ വഴി ഒരു സുപ്രധാന പരിഷ്കാരം നടപ്പിലാക്കുന്നതായി സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ രാഷ്ട്രപതി, ഈ പരിവർത്തനാത്മക മാറ്റം ഭാവിയിലെ തൊഴിലുകൾക്കും കൂടുതൽ പ്രതിരോധശേഷിയുള്ള വ്യവസായങ്ങൾക്കും അടിത്തറയിടുന്നതാണെന്നും വ്യക്തമാക്കി.
മനുഷ്യാവകാശങ്ങൾ സർക്കാരുകളുടെയും, എൻ.എച്ച്.ആർ.സി.യുടേയും, സിവിൽ സൊസൈറ്റി സംഘടനകളുടെയും, മറ്റ് സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്തമല്ലെന്ന് ഓരോ പൗരനും തിരിച്ചറിയണമെന്ന് രാഷ്ട്രപതിപറഞ്ഞു . നമുക്ക് ചുറ്റുമുള്ള പൗരന്മാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അനുകമ്പയും ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിലെ അംഗങ്ങളെന്ന നിലയിൽ ഈ കടമ നമ്മിൽ നിക്ഷിപ്തമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
SKY
******
(रिलीज़ आईडी: 2201625)
|