PIB Headquarters
ഇന്ത്യയുടെ ആതിഥേയത്വത്തില്‍ 20-ാമത് യുനെസ്കോ ഐസിഎച്ച് സമ്മേളനം
നിലനില്ക്കുന്ന പൈതൃക സംരക്ഷണത്തിലെ നാഴികക്കല്ല്
प्रविष्टि तिथि:
07 DEC 2025 1:05PM by PIB Thiruvananthpuram
പ്രധാന വസ്തുതകള്‍
-
അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായി രൂപീകരിച്ച യുനെസ്കോ അന്തർ-സർക്കാർ സമിതിയുടെ 20-ാമത് സമ്മേളനത്തിന് 2025 ഡിസംബർ 8 മുതൽ 13 വരെ ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും.
-
അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിന് 2003-ൽ പാരീസിൽ നടന്ന 32-ാം പൊതുസമ്മേളനത്തിലാണ് യുനെസ്കോ 2003 കൺവെൻഷൻ അംഗീകരിച്ചത്.
-
2003 കൺവെൻഷൻ്റെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന അന്തർ-സർക്കാർ സമിതി അംഗരാജ്യങ്ങളിലുടനീളം അവ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
-
ഇന്ത്യ മൂന്ന് തവണ യുനെസ്കോ അന്തർ-സർക്കാർ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു.
-
ഇതുവരെ 15 ഇന്ത്യൻ ഘടകങ്ങളാണ് യുനെസ്കോ പ്രാതിനിധ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആമുഖം

അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായി രൂപീകരിച്ച യുനെസ്കോ അന്തർ-സർക്കാർ സമിതിയുടെ 20-ാമത് സമ്മേളനത്തിന് 2025 ഡിസംബർ 8 മുതൽ 13 വരെ ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും. യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ചരിത്രപ്രസിദ്ധ ചെങ്കോട്ട സമുച്ചയമാണ് സമ്മേളന വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ ദൃശ്യവും അദൃശ്യവുമായ പൈതൃകങ്ങളുടെ സംഗമത്തിൻ്റെ പ്രതീകമാണിത്.
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഐസിഎച്ച് സമിതി സമ്മേളനത്തില്‍ യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വിശാൽ വി. ശർമ അധ്യക്ഷനാകും. 2005-ൽ അദൃശ്യ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള 2003 കൺവെൻഷൻ ഇന്ത്യ അംഗീകരിച്ചതിൻ്റെ ഇരുപതാം വാർഷികവേളയിലാണ് സമ്മേളനമെന്നതും ശ്രദ്ധേയമാണ്. നിലനില്‍ക്കുന്ന സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ എല്ലാക്കാലത്തും കൈക്കൊള്ളുന്ന പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.
യുനെസ്കോ നിർവചനമനുസരിച്ച് ഒരു സമൂഹം സാംസ്കാരിക സ്വത്വത്തിൻ്റെ ഭാഗമായി കാണുന്ന രീതികളും അറിവുകളും ആവിഷ്കാരങ്ങളും വസ്തുക്കളും ഇടങ്ങളുമെല്ലാം ഉള്‍പ്പെടുന്നതാണ് അദൃശ്യ സാംസ്കാരിക പൈതൃകം. തലമുറകളായി കൈമാറി വരുന്ന ഈ പൈതൃകം പരിണാമങ്ങളിലൂടെ സാംസ്കാരിക സ്വത്വം ശക്തിപ്പെടുത്തുകയും വൈവിധ്യത്തോടുള്ള ആദരവിന് കരുത്തേകുകയും ചെയ്യുന്നു.
ചരിത്ര പശ്ചാത്തലം

അദൃശ്യ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന് 2003 ഒക്ടോബർ 17-ന് പാരീസിൽ ചേര്‍ന്ന 32-ാമത് പൊതുസമ്മേളനത്തിലാണ് യുനെസ്കോ 2003 കൺവെൻഷൻ അംഗീകരിച്ചത്. ഇന്ന് നിലനില്‍ക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങൾ, വാമൊഴികളിലൂടെ പിന്തുടരുന്ന ആചാരങ്ങൾ, പ്രകടന കലകൾ, സാമൂഹ്യ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിജ്ഞാന സമ്പ്രദായങ്ങൾ, കരകൗശല വൈദഗ്ധ്യം എന്നിവ ആഗോളീകരണം, സാമൂഹ്യമാറ്റം, പരിമിതമായ വിഭവങ്ങൾ എന്നിവ കാരണം ഉയര്‍ന്ന ഭീഷണി നേരിടുന്നുവെന്ന ആഗോള ആശങ്കകളോടുള്ള പ്രതികരണമായിരുന്നു ഈ കൺവെൻഷൻ.
തദ്ദേശീയ വിഭാഗങ്ങളടക്കം സമൂഹങ്ങളെയും കൂട്ടായ്മകളെയും വ്യക്തിഗത പരിശീലകരെയും സംരക്ഷണ ശ്രമങ്ങളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കൺവെൻഷൻ സാംസ്കാരിക പൈതൃകം രൂപീകരിക്കുന്നതിലും പരിപാലിക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും അവരുടെ അനിവാര്യ പങ്കിന് അംഗീകാരം നല്‍കി. ദൃശ്യവും അദൃശ്യവുമായ പൈതൃകങ്ങൾ തമ്മിലെ പരസ്പരാശ്രിതത്വവും ആഗോള സഹകരണത്തിൻ്റെ ആവശ്യകതയും വരും തലമുറകൾക്കിടയിൽ അവബോധം വളർത്തേണ്ടതിൻ്റെ പ്രാധാന്യവും ഈ കൺവെൻഷൻ എടുത്തുപറഞ്ഞു.
മനുഷ്യരാശിയുടെ നിലനില്‍ക്കുന്ന പൈതൃകത്തിൻ്റെ സംരക്ഷണത്തിന് പൊതു ആഗോള പ്രതിബദ്ധതയോടെ അന്താരാഷ്ട്ര സഹകരണത്തിനും പിന്തുണയ്ക്കും അംഗീകാരത്തിനും കൺവെൻഷൻ ഔപചാരിക സംവിധാനങ്ങൾ രൂപീകരിച്ചു. യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികകൾക്കും അന്തർ-സർക്കാർ സമിതിയുടെ തുടര്‍ പ്രവർത്തനങ്ങൾക്കും ഇത് അടിത്തറ പാകി.
കൺവെൻഷൻ്റെ ലക്ഷ്യങ്ങൾ:
-
അദൃശ്യ സാംസ്കാരിക പൈതൃകത്തിൻ്റെ സംരക്ഷണം
-
ബന്ധപ്പെട്ട സമൂഹങ്ങളുടെയും കൂട്ടായ്മകളുടെയും വ്യക്തികളുടെയും അദൃശ്യ സാംസ്കാരിക പൈതൃകത്തിന് ആദരം ഉറപ്പാക്കുക
-
പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ അദൃശ്യ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും അതുവഴി പരസ്പര ബഹുമാനം ഉറപ്പാക്കുകയും ചെയ്യുക.
-
ആഗോള സഹായത്തിനും സഹകരണത്തിനും വ്യവസ്ഥകള്‍ ചെയ്യുക.
അന്തർ-സർക്കാർ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍
അദൃശ്യ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള അന്തർ-സർക്കാർ സമിതി 2003 കൺവെൻഷൻ്റെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും അംഗരാജ്യങ്ങളിലുടനീളം അവ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സമിതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍:
-
2003 കൺവെൻഷൻ്റെ ലക്ഷ്യങ്ങളും നിര്‍വഹണവും പ്രോത്സാഹിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
-
മികച്ച പ്രവർത്തന രീതികളെക്കുറിച്ച് മാർഗനിർദേശം നൽകുകയും അദൃശ്യ സാംസ്കാരിക പൈതൃകം സംരക്ഷിക്കാന്‍ നടപടികൾ ശിപാർശ ചെയ്യുകയും ചെയ്യുന്നു.
-
അദൃശ്യ സാംസ്കാരിക പൈതൃക ഫണ്ട് ഉപയോഗിക്കുന്നതിന് കരട് പദ്ധതി തയ്യാറാക്കുകയും പൊതുസഭയില്‍ സമർപ്പിക്കുകയും ചെയ്യുന്നു.
-
കൺവെൻഷൻ്റെ വ്യവസ്ഥകൾക്കനുസൃതമായി ഫണ്ടിന് കൂടുതൽ വിഭവ സമാഹരണം നടത്തുന്നു.
-
കൺവെൻഷെൻ്റ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് പ്രവർത്തന നിർദേശങ്ങൾ തയ്യാറാക്കുകയും സമര്‍പ്പിക്കുകയും ചെയ്യുന്നു.
-
അംഗരാജ്യങ്ങൾ സമർപ്പിച്ച കാലാനുസൃത റിപ്പോർട്ടുകൾ പരിശോധിക്കുകയും പൊതുസഭയിലേക്ക് സംഗ്രഹങ്ങൾ തയ്യാറാക്കുകയും ചെയ്യുന്നു.
-
അംഗരാജ്യങ്ങളുടെ അപേക്ഷകൾ വിലയിരുത്തുകയും താഴെ പറയുന്നവ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു:
-
യുനെസ്കോയുടെ ഐസിഎച്ച് പട്ടികകളിൽ ഘടകങ്ങൾ ഉൾപ്പെടുത്തൽ (അനുച്ഛേദം 16, 17, 18 പ്രകാരം).
-
അന്താരാഷ്ട്ര സഹായം അനുവദിക്കൽ.

അന്തർ-സർക്കാർ സമിതിയുടെ 20-ാമത് സമ്മേളനം
കേന്ദ്ര സാംസ്കാരിക മന്ത്രാലയവും മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ സംഗീത നാടക അക്കാദമിയുമാണ് ആണ് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ 20-ാമത് അന്തർ-സർക്കാർ സമിതി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിൻ്റെ നോഡൽ ഏജൻസികൾ. മനോഹരമായ ചുവന്ന മണൽക്കല്ലില്‍ നിര്‍മിച്ച മതിലുകളും ഗംഭീരമായ വാസ്തുവിദ്യയും കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും മ്യൂസിയങ്ങളുമടങ്ങുന്ന 17-ാം നൂറ്റാണ്ടിലെ പ്രസിദ്ധമായ ഈ കോട്ടയും യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണ്.
പ്രധാന അജണ്ടകൾ
ഐസിഎച്ച് സമിതിയുടെ 20-ാമത് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങള്‍:
-
സ്ഥാപനപരമായ പിന്തുണ, സാമൂഹ്യ പങ്കാളിത്തം, വിവരങ്ങളുടെ ആധികാരിക രേഖപ്പെടുത്തൽ, ദേശീയ പൈതൃക ആസ്തിവികസന ശ്രമങ്ങൾ എന്നിവ സംയോജിപ്പിച്ച് ദേശീയ ഐസിഎച്ച് സംരക്ഷണ മാതൃകയെ മികച്ച ആഗോള മാതൃകയായി അവതരിപ്പിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുക.
-
സംയുക്ത നാമനിർദേശങ്ങൾ, സംയുക്ത സംരക്ഷണ സംരംഭങ്ങൾ, ശേഷി വർധന, വിഭവങ്ങളുടെ പങ്കിടൽ, സാങ്കേതിക കൈമാറ്റം എന്നിവയിലൂടെ ഉയര്‍ന്ന അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക.
-
അധികം അറിയപ്പെടാത്ത പാരമ്പര്യങ്ങൾ, പ്രാദേശിക കരകൗശല വസ്തുക്കൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ അദൃശ്യ പൈതൃകത്തിന് കൂടുതൽ ആഗോള ശ്രദ്ധ നൽകുന്നതിലൂടെ ആഗോള പിന്തുണയും, താല്പര്യവും ഗവേഷണവും വിനോദസഞ്ചാരവും വിഭവ സമാഹരണവും ആകർഷിക്കുക.
-
സമ്മേളനത്തിൻ്റെ ആഗോള ശ്രദ്ധ ഉപയോഗപ്പെടുത്തി വിവരങ്ങളുടെ രേഖപ്പെടുത്തൽ, പൈതൃക ആസ്തി തയ്യാറാക്കൽ, നാമനിർദേശ രേഖകളുടെ വികസനം, സാമൂഹ്യ പങ്കാളിത്തം എന്നിവയടക്കം യുവതലമുറയിലും ഭാവി തലമുറകളിലും കൂടുതൽ ആഭ്യന്തര ശ്രമങ്ങൾക്ക് പ്രചോദനം നൽകുക.
-
ഇന്ത്യയുടെ സാംസ്കാരിക ശക്തി, സാംസ്കാരിക സമ്പന്നത, വൈവിധ്യം, പൈതൃക നേതൃത്വം എന്നിവ ആഗോള വേദിയിൽ അവതരിപ്പിക്കുകയും സാംസ്കാരിക നയതന്ത്രത്തിന് വേദിയൊരുക്കുകയും ചെയ്യുക.
-
ഉപജീവനമാർഗം, സാമൂഹ്യസ്വത്വം, സാമൂഹ്യ ഐക്യം, സാംസ്കാരിക വിനോദസഞ്ചാരം എന്നിവയുടെ വിഭവമായി അദൃശ്യ പൈതൃകത്തെ ഉപയോഗപ്പെടുത്തുകയും പൈതൃക സംരക്ഷണവും സുസ്ഥിര വികസനവും തമ്മിലെ ബന്ധത്തിന് ശക്തി പകരുകയും ചെയ്യുക.
ഇന്ത്യയുടെ അദൃശ്യ സാംസ്കാരിക പൈതൃകം: ഒരു ദേശീയ, ആഗോള മുതല്‍ക്കൂട്ട്
ഇന്ത്യയുടെ അദൃശ്യ സാംസ്കാരിക പൈതൃകം കേവലം പാരമ്പര്യത്തിൻ്റെയോ ഗൃഹാതതുരത്വത്തിൻ്റേയോ മാത്രം കാര്യമല്ല, മറിച്ച് ആഴമേറിയ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ, നയതന്ത്ര മൂല്യങ്ങളോടെ നിലനില്‍ക്കുന്ന മുതല്‍ക്കൂട്ടാണത്.
-
സാമൂഹ്യ സാംസ്കാരിക സ്വത്വം: ഭാഷാപരവും വംശീയവും പ്രാദേശികവും ഗോത്രപരവും മതപരവുമായ സാമൂഹ്യ സ്വത്വങ്ങളെ സംരക്ഷിക്കുന്ന ഐസിഎച്ച്. ഇന്ത്യ പോലുള്ള വൈവിധ്യമാർന്ന രാജ്യത്ത് സാമൂഹ്യ ഐക്യവും ബഹുസ്വരതയും വളർത്തുന്നു.
-
ഉപജീവനമാർഗവും കരകൗശല സമ്പദ്‌വ്യവസ്ഥയും: പരമ്പരാഗത കരകൗശല വസ്തുക്കൾ, പ്രകടന കലകൾ, കരകൗശല വൈദഗ്ധ്യം, സാംസ്കാരിക വിനോദസഞ്ചാരം എന്നിവ ഗ്രാമീണ, പാർശ്വവൽകൃത സമൂഹങ്ങളിലടക്കം കരകൗശല വിദഗ്ധര്‍ക്കും കലാകാരന്മാർക്കും നിർമാതാക്കൾക്കും ഉപജീവനമാർഗം നൽകുന്നു. ഐസിഎച്ച് പദ്ധതിയ്ക്ക് കീഴിലെ സ്ഥാപനപരമായ പിന്തുണ ഈ ഉപജീവനമാർഗങ്ങള്‍ നിലനിർത്താനും വൈദഗ്ധ്യം നഷ്ടപ്പെടുന്നത് തടയാനും സമഗ്ര വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
-
വിദ്യാഭ്യാസവും വിജ്ഞാന കൈമാറ്റവും: പല അദൃശ്യ പൈതൃക രൂപങ്ങളും പാരിസ്ഥിതിക രീതികൾ, വാമൊഴി ചരിത്രം, കരകൗശല വിദ്യകൾ, നാടോടിക്കഥകൾ, ആചാരങ്ങൾ, തദ്ദേശീയ അറിവ് എന്നീ പരമ്പരാഗത വിജ്ഞാനത്തെ ഉൾക്കൊള്ളുന്നു. ഇവയുടെ കൃത്യമായ രേഖപ്പെടുത്തലിലൂടെയും കൈമാറ്റത്തിലൂടെയും വിദ്യാഭ്യാസം ശക്തിപ്പെടുത്താനും സാംസ്കാരിക സാക്ഷരത വർധിപ്പിക്കാനും തലമുറകൾ തമ്മിലെ തുടർച്ച ഉറപ്പാക്കാനും സാധിക്കുന്നു.
-
സാംസ്കാരിക നയതന്ത്രവും സാംസ്കാരിക ശക്തിയും: നൃത്തങ്ങൾ, ഉത്സവങ്ങൾ, കരകൗശല വസ്തുക്കൾ, വാമൊഴി പാരമ്പര്യങ്ങൾ എന്നിവ ഇന്ത്യയുടെ വൈവിധ്യത്തെയും ഐക്യത്തെയും മൂല്യങ്ങളെയും സാംസ്കാരിക ആഴത്തെയും പ്രതിഫലിപ്പിക്കുന്നു. അവയുടെ ആഗോള പ്രോത്സാഹനം ഇന്ത്യയുടെ സാംസ്കാരിക ശക്തിയും സാംസ്കാരിക നയതന്ത്രവും അന്താരാഷ്ട്ര പ്രതിച്ഛായയും മെച്ചപ്പെടുത്തുന്നു. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഈ സ്വാധീനം പിന്നെയും ഉയര്‍ത്തുന്നു.
-
ആഗോള പൈതൃക ഭരണനിര്‍വഹണവും നേതൃപരമായ പങ്കും: ഇന്ത്യയുടെ വിശാല പൈതൃക പശ്ചാത്തലവും സജീവ പങ്കാളിത്തവും ആതിഥേയ പദവിയും യുനെസ്കോയ്ക്ക് കീഴിലെ ആഗോള പൈതൃക ഭരണനിര്‍വഹണത്തിന് കരുത്തേകുന്നു. വികസ്വര രാജ്യങ്ങൾക്കിടയിലെ പ്രധാന ശബ്ദമായി രാജ്യത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ ഇത് പൈതൃക സംരക്ഷണത്തിന് സന്തുലിതവും സമഗ്രവും സാമൂഹ്യ സംവേദനക്ഷമവുമായ സമീപനങ്ങള്‍ക്കായി ആഗോളതലത്തിൽ നിലകൊള്ളുന്നു.

അദൃശ്യ സാംസ്കാരിക പൈതൃകത്തിലേക്ക് ഇന്ത്യയുടെ സംഭാവനകൾ
തുടര്‍ന്നുപോരുന്ന പാരമ്പര്യങ്ങൾ, വാമൊഴി ആവിഷ്കാരങ്ങൾ, പ്രകടന കലകൾ, ആചാരങ്ങൾ, കരകൗശല വസ്തുക്കൾ, സാമൂഹ്യ രീതികൾ എന്നിവ ഉൾക്കൊള്ളുന്ന വിശാലവും വൈവിധ്യപൂർണവുമായ ഇന്ത്യയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിൻ്റെ സംരക്ഷണത്തിനും കൈമാറ്റത്തിനും വ്യവസ്ഥാപിതവും സ്ഥാപനപരവുമായ പിന്തുണ അനിവാര്യമാണ്. ഈ ആവശ്യകതയെ അഭിസംബോധന ചെയ്യാന്‍ നിലവിലെ വിഭിന്നമായ സംരക്ഷണ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രീകൃത സംവിധാനമെന്ന നിലയിൽ "ഇന്ത്യയുടെ അദൃശ്യ പൈതൃകവും വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പദ്ധതി"യ്ക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം തുടക്കം കുറിച്ചു. അതേസമയം വ്യക്തികൾക്ക് പരിശീലനം നൽകാനും അദൃശ്യ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവബോധം വർധിപ്പിക്കാനും സംഗീത നാടക അക്കാദമി ശേഷി വർധന ശില്പശാലകള്‍ സംഘടിപ്പിക്കുന്നു.
അദൃശ്യ സാംസ്കാരിക പൈതൃകത്തിൻ്റെ സംരക്ഷണത്തില്‍ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെയും പരിശീലകരെയും സമൂഹങ്ങളെയും പണ്ഡിതന്മാരെയും സംഘടനകളെയും പുനരുജ്ജീവിപ്പിക്കാനും ഒപ്പം യുനെസ്കോ നാമനിർദേശങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യങ്ങൾക്ക് ദേശീയവും അന്തർദേശീയവുമായ അംഗീകാരം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. സർവകലാശാലകൾ, സംസ്ഥാന സർക്കാരുകൾ, എൻജിഒകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ഗവേഷകർ, വ്യക്തിഗത പരിശീലകർ എന്നിവരുൾപ്പെടെ വിശാലമായ പങ്കാളികൾക്ക് ഇത് പിന്തുണ നൽകുന്നു.
അദൃശ്യ സാംസ്കാരിക പൈതൃകങ്ങളുടെ ആസ്തിവിവരങ്ങളുടെ ശേഖരണവും രേഖപ്പെടുത്തലും, സാംസ്കാരിക ആവിഷ്കാരങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവും, യുനെസ്കോ നാമനിർദേശ രേഖകള്‍ തയ്യാറാക്കല്‍, കലാകാരന്മാർക്ക് പരിശീലനവും ശേഷി വർധനാ പരിപാടികളും, ശില്പശാലകളും പ്രകടനങ്ങളും സംഘടിപ്പിക്കല്‍; പ്രചാരണ സംരംഭങ്ങൾ, വിദ്യാഭ്യാസ സാംസ്കാരിക ഏകീകരണം, ദേശീയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂടിന് കീഴിലെ മേഖലാ നൈപുണ്യ സമിതികള്‍ വഴി നൈപുണ്യ വികസനത്തിന് പിന്തുണ എന്നിവ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
യുനെസ്കോ ഉൾപ്പെടുത്തിയ ഇന്ത്യയുടെ അദൃശ്യ സാംസ്കാരിക പൈതൃകം
അദൃശ്യ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള യുനെസ്കോ 2003 കൺവെൻഷനിലെ അംഗരാജ്യമെന്ന നിലയിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം, സംഗീത നാടക അക്കാദമി പോലുള്ള ദേശീയ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ നിലനില്‍ക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ 15 ഇന്ത്യൻ ഘടകങ്ങൾ യുനെസ്കോ തയ്യാറാക്കിയ മനുഷ്യരാശിയുടെ അദൃശ്യ സാംസ്കാരിക പൈതൃക പ്രാതിനിധ്യ പട്ടികയിൽ ഇടംനേടി. രാജ്യത്തിൻ്റെ അസാധാരണ നാഗരിക ആഴത്തെയും സാംസ്കാരിക തുടർച്ചയെയും ഇത് പ്രതിഫലിപ്പിക്കുന്നു.

നിങ്ങൾക്കറിയാമോ?
ഛഠ് മഹോത്സവവും ദീപാവലിയും ഈ വർഷം യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിലേക്ക് ഇന്ത്യ നാമനിർദേശം ചെയ്തിട്ടുണ്ട്.
2003 കൺവെൻഷൻ്റെ കേന്ദ്ര തത്വങ്ങളായ സാമൂഹ്യ പങ്കാളിത്തം, വിവരങ്ങളുടെ ആധികാരിക രേഖപ്പെടുത്തൽ, പരിശീലനം, കൈമാറ്റം എന്നിവയിലൂടെ വൈവിധ്യമാർന്ന സാംസ്കാരിക ആവിഷ്കാരം സംരക്ഷിക്കുന്നതിന് രാജ്യം കൈക്കൊള്ളുന്ന പ്രതിബദ്ധതയെ ഈ ഉൾപ്പെടുത്തലുകൾ പ്രതിഫലിപ്പിക്കുന്നു. കൂടിയാട്ടവും ഛൗ പോലുള്ള പുരാതന പ്രകടന കലകളും മുതൽ വേദ മന്ത്രോച്ചാരണവും ലഡാക്കിലെ ബുദ്ധമത മന്ത്രോച്ചാരണവുമടക്കം വിശുദ്ധ പാരമ്പര്യങ്ങളും രാംലീല, റാംമൻ, സങ്കീർത്തനം പോലുള്ള സാമൂഹ്യാധിഷ്ഠിത ആചാരങ്ങളും വരെ ഇക്കൂട്ടത്തിലുണ്ട്. ജൻഡിയാല ഗുരുവിലെ തത്തേരകളിലെ ലോഹ കരകൗശലത്തിലൂടെയും കൽബേലിയ സമൂഹത്തിൻ്റെ ചലനാത്മക നൃത്ത സംഗീതത്തിലൂടെയും കുംഭമേള പോലുള്ള വിപുലമായ സാമൂഹ്യ-ആത്മീയ സംഗമങ്ങളിലൂടെയും ദൈനംദിന സാംസ്കാരിക വിജ്ഞാന സമ്പ്രദായങ്ങളെയും ഇതില്‍ തുല്യമായി പ്രതിനിധീകരിക്കുന്നു. യോഗ, ദുർഗാപൂജ, ഗർഭ എന്നിവ ഇന്ത്യയുടെ ചടുലമായ സമകാലിക സാംസ്കാരിക സ്വത്വം പ്രദർശിപ്പിക്കുമ്പോൾ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ആഘോഷിക്കുന്ന നൗറൂസ് പ്രാദേശിക സാംസ്കാരിക പാരസ്പര്യത്തെ എടുത്തു കാണിക്കുന്നു.
ഉപസംഹാരം
യുനെസ്കോ അന്തർ-സർക്കാർ സമിതിയുടെ 20-ാമത് സമ്മേളനത്തിലെ ഇന്ത്യയുടെ ആതിഥേയത്വം പ്രതീകാത്മക പ്രാധാന്യവും നേതൃനിരയിലെ യഥാർത്ഥ അവസരവും സമന്വയിക്കുന്ന നാഴികക്കല്ലാണ്. ശക്തമായ പൈതൃക അടിസ്ഥാന സൗകര്യങ്ങളും സാംസ്കാരിക വൈവിധ്യത്തിൻ്റെ ചരിത്രവുമുള്ള ഇന്ത്യ അതിൻ്റെ സംരക്ഷണ മാതൃക പ്രദർശിപ്പിക്കാനും പങ്കുവെക്കാനും സുസജ്ജമാണ്. രാജ്യത്തെ നിലനില്‍ക്കുന്ന പൈതൃകം പ്രദര്‍ശിപ്പിക്കാനും ആഗോള സഹകരണം വളർത്താനും വര്‍ത്തമാന-ഭാവി തലമുറകൾക്കായി അദൃശ്യ സാംസ്കാരിക പൈതൃകം സംരക്ഷിക്കാന്‍ നൂതന സമീപനത്തിന് രൂപം നൽകാനും സമ്മേളനം ഇന്ത്യയ്ക്ക് അവസരമൊരുക്കുന്നു.
ന്യൂഡൽഹിയിലെ 20-ാമത് അന്തർ-സർക്കാർ സമിതി സമ്മേളനത്തിൻ്റെ വിജയം യുനെസ്കോയിലും കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യങ്ങളുടെ കരുത്തിലും മികച്ച സ്വാധീനം ചെലുത്തും. രാജ്യത്തെ ജനങ്ങളിലൂടെ നിലനില്‍ക്കുന്ന ഇന്ത്യയുടെ പൈതൃകം അവരുടെ ഭാഷകളിലും കലകളിലും ആചാരങ്ങളിലും ഉത്സവങ്ങളിലും വിശ്വാസ സമ്പ്രദായങ്ങളിലും പ്രകടമാണ്. ഈ വർഷത്തെ സമ്മേളനത്തിൻ്റെ ആതിഥേയത്വം ഭാവി തലമുറകൾക്കായി സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കാന്‍ ഇന്ത്യ അവലംബിക്കുന്ന സുസ്ഥിര പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നു.
PDF ൽ കാണുക
***
(रिलीज़ आईडी: 2200763)
आगंतुक पटल : 6