PIB Headquarters
പുതിയ ലേബര്‍ കോഡുകള്‍ക്ക് കീഴില്‍ പെട്രോളിയം മേഖലയ്ക്ക് മെച്ചപ്പെട്ട സുരക്ഷാ നേട്ടങ്ങള്‍
प्रविष्टि तिथि:
01 DEC 2025 9:44AM by PIB Thiruvananthpuram
പ്രധാന വസ്തുതകള്‍
തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച 2020-ലെ കോഡ് (OSHWC Code, 2020) റിഫൈനറികള്‍ മുതല്‍ ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ വരെ എല്ലാ പെട്രോളിയം യൂണിറ്റുകളെയും ഉള്‍ക്കൊള്ളുന്ന ഏകീകൃത ദേശീയ സുരക്ഷാ ചട്ടക്കൂട് സ്ഥാപിക്കുന്നു.
നിര്‍ബന്ധിത ആരോഗ്യ നിരീക്ഷണം, പ്രാവീണ്യാധിഷ്ഠിത പരിശീലനം, സാക്ഷ്യപ്പെടുത്തല്‍, ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍, നടപ്പാക്കാവുന്ന അടിയന്തര സജ്ജീകരണങ്ങള്‍ എന്നിവയിലൂടെ തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു.
2020 -ലെ സാമൂഹ്യ സുരക്ഷാ കോഡ് ഇഎസ്‌ഐസി പരിരക്ഷ വിപുലീകരിക്കുകയും ക്ഷേമ വിതരണവും ഭരണനിര്‍വഹണവും മെച്ചപ്പെടുത്തുന്ന ഡിജിറ്റലും കാര്യക്ഷമവുമായ നിയമ പാലന പ്രക്രിയകള്‍ പെട്രോളിയം മേഖലയിലുടനീളം അവതരിപ്പിക്കുകയും ചെയ്യുന്നു.
ആമുഖം

തൊഴില്‍പരമായ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച കോഡ്-2020, സാമൂഹ്യ സുരക്ഷാ കോഡ്-2020, ഇന്‍ഡസ്ട്രി റിലേഷന്‍സ് കോഡ്-2020, വേതന കോഡ്-2019 എന്നീ നാല് തൊഴില്‍നിയമങ്ങള്‍ ഏകോപിപ്പിച്ച് ഏകീകൃത ലേബര്‍ കോഡ് നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളെ ചരിത്രപരമായി ഏകീകരിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഈ പരിഷ്‌കാരങ്ങള്‍ വ്യാവസായിക സ്ഥാപനങ്ങളിലുടനീളം സുരക്ഷയ്ക്കും തൊഴില്‍ സാഹചര്യങ്ങള്‍ക്കും സാമൂഹ്യ സുരക്ഷയ്ക്കും സമഗ്രവും സംയോജിതവുമായ ഘടന രൂപീകരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഏകീകൃത നിയന്ത്രണ വ്യവസ്ഥകള്‍ സുപ്രധാന പങ്ക് വഹിക്കുന്ന പ്രധാന മേഖലയാണ് പെട്രോളിയം വ്യവസായം.
ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ചിതറിക്കിടന്നതും ഉദ്യോഗസ്ഥ കേന്ദ്രീകൃതവുമായ പഴയ തൊഴില്‍ നിയമങ്ങളുടെ നിയന്ത്രണ സംവിധാനത്തില്‍ നിന്ന് ഏകീകൃതവും നിയമപാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ നിയന്ത്രണ സംവിധാനത്തിലേക്ക് പെട്രോളിയം വ്യവസായം മാറും. തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും വിഷാംശമടങ്ങിയതുമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന അപകടസാധ്യതയേറിയ വ്യവസായങ്ങള്‍ക്കുവേണ്ടിയാണ് പുതിയ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. ഉല്പാദനം മുതല്‍ വിതരണം വരെ പെട്രോളിയം മേഖലയുടെ മുഴുവന്‍ മൂല്യ ശൃംഖലയ്ക്കും ഈ ലേബര്‍ കോഡുകള്‍ സംയോജിത നിയന്ത്രണ ചട്ടക്കൂട് നല്‍കുന്നു
പെട്രോളിയം വ്യവസായത്തിന്റെ പരിവര്‍ത്തനാത്മക ചട്ടക്കൂട്
സുരക്ഷാ തലത്തില്‍ രാജ്യത്ത് ഏറ്റവും നിര്‍ണായകവും അപകടകരവുമായ മേഖലകളിലൊന്നാണ് പെട്രോളിയം വ്യവസായം. തീപിടിക്കാന്‍ സാധ്യതയേറിയ ഹൈഡ്രോകാര്‍ബണുകള്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വിഷവാതകങ്ങള്‍, അര്‍ബുദത്തിന് കാരണമാകുന്ന ബെന്‍സീന്‍ ബാഷ്പം, ക്രയോജനിക് എല്‍എന്‍ജി, മര്‍ദം കൂടിയ എല്‍പിജി, പ്രവര്‍ത്തനസമയത്തെ താപനില കൂടിയ പ്രവാഹങ്ങള്‍ എന്നിവ ഈ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി കൈകാര്യം ചെയ്യേണ്ടതിനാല്‍ തൊഴിലാളികളില്‍ താപ വികിരണ അപകടങ്ങള്‍ക്കും എക്‌സ്‌പോഷര്‍ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു.
ഈ മേഖലയിലെ സുരക്ഷാ നിയമങ്ങള്‍ പ്രധാനമായും 1948-ലെ ഫാക്ടറി നിയമത്തെയാണ് നേരത്തെ ആശ്രയിച്ചിരുന്നത്. ചരിത്രപരമായി പുരോഗമനപരമായിരുന്നെങ്കിലും അപകടകരമായ വ്യവസായങ്ങളോട് പരിമിതവും ഫാക്ടറി കേന്ദ്രീകൃതവുമായ സമീപനമാണ് ഈ നിയമം സ്വീകരിച്ചിരുന്നത്. പരിമിതമായ ആരോഗ്യ നിരീക്ഷണവും പലതലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അടിയന്തര ആവശ്യകതകളും മാറിക്കൊണ്ടിരിക്കുന്ന നിര്‍വഹണ സംവിധാനങ്ങളുമാണ് ഈ വ്യവസ്ഥകളിലുണ്ടായിരുന്നത്. പര്യവേക്ഷണം, ഉല്പാദനം, സംസ്‌കരണ കേന്ദ്രങ്ങള്‍, പെട്രോ കെമിക്കല്‍ നിലയങ്ങള്‍, എല്‍എന്‍ജി ടെര്‍മിനലുകള്‍, പൈപ്പ് ലൈനുകള്‍, ടാങ്ക് ഫാമുകള്‍, റീട്ടെയില്‍ ഇന്ധന സൗകര്യങ്ങള്‍ എന്നിവയിലെ സങ്കീര്‍ണ അപകടസാധ്യതകള്‍ അഭിമുഖീകരിക്കാന്‍ ഈ സംവിധാനത്തിന് മാറ്റം അനിവാര്യമായിരുന്നു. പ്രധാനമായും ഉദ്യോഗസ്ഥരെ ആശ്രയിക്കുന്ന നിലവിലെ വ്യവസ്ഥയ്ക്ക് കീഴിലെ പ്രവര്‍ത്തനങ്ങളില്‍ ഡോക്യുമെന്റേഷന്‍ ഭൗതികവും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്വതന്ത്രവുമായിരുന്നു. കൂടാതെ ഗുരുതരമായ പെട്രോളിയം അപകടങ്ങള്‍ക്ക് വിധേയരാകുന്ന തൊഴിലാളികള്‍ക്ക് ദീര്‍ഘകാല ആരോഗ്യ സംരക്ഷണം രേഖകളില്‍ ലഭ്യമല്ലായിരുന്നു. ഒപ്പം അന്തര്‍ സംസ്ഥാന പൈപ്പ് ലൈനുകള്‍, ഇന്ധന ചില്ലറ വിതരണ കേന്ദ്രങ്ങള്‍, ഒന്നിലധികം സ്ഥലങ്ങളിലെ സംഭരണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പല വകുപ്പുകളുടെ അംഗീകാരങ്ങള്‍ വിഭജിത മേല്‍നോട്ടത്തിന് കാരണമായി.
തൊഴില്‍ സുരക്ഷയും ആരോഗ്യവും ജോലി സാഹചര്യങ്ങളും സംബന്ധിച്ച കോഡ്-2020 പ്രകാരമുള്ള വ്യവസ്ഥകള്‍
ഫാക്ടറി കേന്ദ്രീകൃതവും പല തലങ്ങളില്‍ ചിതറിക്കിടന്നതുമായ നിയന്ത്രണ നടപടിക്രമങ്ങളില്‍ നിന്ന് പെട്രോളിയം സംവിധാനങ്ങളിലുടനീളം ബാധകമായ ഏകീകൃതവും ദേശീയവും അപകടസാധ്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ സുരക്ഷാ സംവിധാനത്തിലേക്ക് നടത്തിയ നിര്‍ണായകമായ മാറ്റത്തെയാണ് തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച 2020 -ലെ കോഡ് അടയാളപ്പെടുത്തുന്നത്. സംസ്‌കരണ കേന്ദ്രങ്ങള്‍ മുതല്‍ ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ വരെ എല്ലാ പെട്രോളിയം യൂണിറ്റുകള്‍ക്കും സ്വതന്ത്രവും സമഗ്രവുമായ സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്നു.
നിര്‍ബന്ധിത അപകടസാധ്യത വിലയിരുത്തലും പ്രവര്‍ത്തനപരമായ അംഗീകാരങ്ങളും: അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഘടനാപരമായ അപകടസാധ്യത തിരിച്ചറിയലും വിലയിരുത്തലും സര്‍ക്കാര്‍ അംഗീകാരവും കോഡ് നിര്‍ബന്ധമാക്കുന്നു. ഒപ്പം പെട്രോളിയം വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, സംഭരണം, ഗതാഗതം, നീക്കം ചെയ്യല്‍ എന്നിവയ്ക്ക് ദേശീയ മാനദണ്ഡങ്ങളും നിര്‍ബന്ധമാണ്. അപകടസാധ്യതാ പരിശോധനകള്‍, സുരക്ഷാ ഓഡിറ്റുകള്‍, അടിയന്തര കമാന്‍ഡ് ഘടനയുടെ പങ്കാളിത്തം, ഡിജിറ്റല്‍ നിയമപാലന പ്ലാറ്റ്ഫോമുകള്‍ എന്നിവ ഉള്‍പ്പെടുത്തി ആഗോളതലത്തില്‍ എണ്ണ-വാതക മേഖലയിലെ പ്രമുഖര്‍ ഉപയോഗിക്കുന്ന സമകാലിക പ്രവര്‍ത്തന - സുരക്ഷാ ചട്ടക്കൂടുകളുമായി യോജിച്ചുപോകുന്നതാണ് ഈ പരിഷ്‌കാരങ്ങള്‍.
തൊഴിലാളികളുടെ മെച്ചപ്പെട്ട സംരക്ഷണം: തൊഴിലാളികളുടെ സംരക്ഷണം ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു. നേരത്തെ നിലവിലുണ്ടായിരുന്ന കൃത്യമായ ഇടവേളകളിലെ ആരോഗ്യ പരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി അപകടകരമായ പെട്രോളിയം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും ജോലിക്ക് മുന്‍പും കൃത്യമായ ഇടവേളകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും ആരോഗ്യ പരിശോധനകളും സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധനകളും കോഡ് നിര്‍ബന്ധമാക്കുന്നു.
പ്രാവീണ്യാധിഷ്ഠിത പരിശീലനം, സാക്ഷ്യപ്പെടുത്തല്‍, ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍: പെട്രോളിയമോ അപകടകരമായ രാസവസ്തുക്കളോ കൈകാര്യം ചെയ്യുന്നതിന് മുന്‍പ് തൊഴിലാളികള്‍ക്ക് പ്രാവീണ്യാധിഷ്ഠിത പരിശീലനവും സാക്ഷ്യപ്പെടുത്തലും കോഡ് നിര്‍ബന്ധമാക്കുന്നു.
സുരക്ഷാ ഉപകരണങ്ങളും മാനദണ്ഡങ്ങളും ആധുനികവത്കരിക്കുകയും സുഗമമായി നടപ്പാവുന്നതാക്കുകയും ചെയ്തു: തൊഴിലുടമകള്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും പരിപാലിക്കുകയും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും 8 മണിക്കൂര്‍ ഷിഫ്റ്റ് പരിധികളിലൂടെ ക്ഷീണം നിയന്ത്രിക്കുന്നത് ഉറപ്പാക്കുകയും വേണം. തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഇതൊരു പ്രധാന സുരക്ഷാ കവചമാണ്.
അടിയന്തര സജ്ജീകരണവും തൊഴിലാളികളുടെ സുരക്ഷാ അവകാശങ്ങളും: നേരത്തെ നിയമപരമായ ഒരു രേഖ മാത്രമായിരുന്ന പ്രവര്‍ത്തന കേന്ദ്രത്തിലെ അടിയന്തര ആസൂത്രണം ഇപ്പോള്‍ നടപ്പാക്കാവുന്ന അടിയന്തര സജ്ജീകരണ സംവിധാനമായി മാറി. പ്രവര്‍ത്തനകേന്ദ്രത്തിലെ വിശദമായ അടിയന്തര ആസൂത്രണങ്ങളും കൃത്യമായ ഇടവേളകളിലെ മോക്ക് ഡ്രില്ലുകളും നിര്‍ബന്ധമാക്കി. വലിയ അപകട സാഹചര്യങ്ങളിലെ സമഗ്ര പ്രതികരണം ഇതുവഴി സാധ്യമാക്കുന്നു. അപകടകരമായ ജോലി നിരസിക്കാനുള്ള അവകാശം തൊഴിലാളിക്ക് ലഭിക്കുന്നതിലൂടെ തൊഴിലാളി ശാക്തീകരണം ഉറപ്പാക്കുന്നു. രാസ-താപ എക്‌സ്‌പോഷര്‍ തടയുന്നതിനായി പെട്രോളിയം വ്യാവസായിക കേന്ദ്രങ്ങളില്‍ ഗര്‍ഭിണികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള സംരക്ഷിത നിയമങ്ങള്‍ ശക്തിപ്പെടുത്തി.
പരിശോധനയെക്കാളുപരി സൗകര്യമൊരുക്കുന്നതില്‍ ശ്രദ്ധ: കോഡിന് കീഴിലെ ഇന്‍സ്‌പെക്ടര്‍-കം-ഫെസിലിറ്റേറ്റര്‍ മാതൃക, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍, ഡിജിറ്റല്‍ അപേക്ഷാ സമര്‍പ്പണങ്ങള്‍, ഏകജാലക അനുമതികള്‍ എന്നിവയുമായി സംയോജിപ്പിക്കുമ്പോള്‍ തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം നടപടിക്രമങ്ങളുടെ സങ്കീര്‍ണത കുറയുകയും പെട്രോളിയം രംഗത്തെ നിയന്ത്രണ ചട്ടക്കൂടുകളുടെ ആഗോള പ്രവണതകള്‍ക്ക് അനുസൃതമായി നിയമ പാലനം ശക്തിപ്പെടുകയും ചെയ്യുന്നു.

സാമൂഹ്യ സുരക്ഷാ കോഡ്-2020 പ്രകാരമുള്ള വ്യവസ്ഥകള്‍
വിപുലീകരിച്ച ക്ഷേമ ആനുകൂല്യങ്ങള്‍: 2020-ലെ സാമൂഹ്യ സുരക്ഷാ കോഡ് പെട്രോളിയം തൊഴിലിടങ്ങളിലേക്ക് ഇഎസ്‌ഐസി പരിരക്ഷ വിപുലീകരിച്ച് ക്ഷേമ നടപടികളെ കൂടുതല്‍ സ്ഥാപനവത്കരിക്കുന്നു. ആരോഗ്യ പരിചരണം, പരിക്കുകളുടെ നഷ്ടപരിഹാരം, വൈകല്യ ആനുകൂല്യങ്ങള്‍, ആശ്രിത ആനുകൂല്യങ്ങള്‍, മാതൃത്വ പരിരക്ഷ എന്നിവ ഇതുവഴി ഉറപ്പാക്കുകയും തൊഴില്‍ജന്യ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കി തൊഴിലാളികള്‍ക്ക് സമഗ്ര ആരോഗ്യ-സാമ്പത്തിക സുരക്ഷാ വലയം സൃഷ്ടിക്കുകയും ചെയ്യുന്നു.
മെച്ചപ്പെട്ട സുതാര്യതയും നിയമപാലനവും: ഡിജിറ്റല്‍വത്കരിച്ച സാമൂഹ്യ സുരക്ഷ, ആരോഗ്യ രേഖകള്‍ എളുപ്പത്തില്‍ എവിടെയും ലഭ്യമാക്കാന്‍ സഹായിക്കുകയും സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു.
ഉപസംഹാരം
ഒരു വശത്ത് സുരക്ഷിത പെട്രോളിയം സ്ഥാപനങ്ങള്‍, ശക്തമായ അടിയന്തര പ്രതിരോധശേഷി, ആരോഗ്യപൂര്‍ണമായ തൊഴില്‍ശക്തി, കൂടുതല്‍ വിശ്വസനീയവും ആഗോളതലത്തില്‍ നിയമങ്ങള്‍ പാലിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ നല്‍കുന്ന ആധുനികവും, സംയോജിതവും സജീവവുമായ സുരക്ഷാ സംവിധാനമാണ് തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച 2020-ലെ കോഡ് സ്ഥാപിക്കുന്നത്. മറുവശത്ത് ക്ഷേമ ആനുകൂല്യങ്ങള്‍ വികസിപ്പിക്കുന്ന സാമൂഹ്യ സുരക്ഷാ കോഡ് മേഖലയിലുടനീളം നിയമപാലനം ശക്തിപ്പെടുത്തുന്നു. ഈ കോഡുകള്‍ ഒരുമിച്ച് പെട്രോളിയം മേഖലയിലെ സുരക്ഷയെ പ്രതികരണാത്മകവും നിയമപാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ സംവിധാനത്തില്‍ നിന്ന് ആധുനികവും പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്നതും സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും ക്ഷേമകേന്ദ്രീകൃതവുമായ ചട്ടക്കൂടിലേക്ക് മാറ്റുന്നു. പ്രവര്‍ത്തനചട്ടം, തൊഴിലാളികളുടെ കഴിവ്, അടിയന്തര സജ്ജത, ആരോഗ്യ നിരീക്ഷണം, നിയന്ത്രണങ്ങളിലെ വ്യക്തത, ഏകോപനം എന്നിവ മെച്ചപ്പെടുത്തുന്ന ഈ വ്യവസ്ഥകള്‍ സുരക്ഷിതമായ പ്രവര്‍ത്തനങ്ങളും ആരോഗ്യപൂര്‍ണവും വിദഗ്ധരുമായ തൊഴില്‍ ശക്തിയും ഉയര്‍ന്ന ഉല്പാദനക്ഷമതയും ഉറപ്പാക്കുകയും തടസങ്ങള്‍ കുറയ്ക്കുകയും ശക്തമായ ആഗോള നിയമപാലനം സാധ്യമാക്കുകയും ചെയ്യുന്നു.
ഈ ഫലങ്ങള്‍ ഒരുമിച്ച് ശക്തമായ സുരക്ഷാ സംസ്‌കാരത്തിന് കരുത്തേകുകയും ഇന്ത്യയുടെ പെട്രോളിയം മേഖലയിലുടനീളം വ്യാവസായിക പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
Click here for pdf file.
****
(रिलीज़ आईडी: 2197860)
आगंतुक पटल : 17