PIB Headquarters
azadi ka amrit mahotsav

കൂടുതൽ സുരക്ഷയും സമത്വവും തൊഴിലിടങ്ങളിലെ സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് പുതിയ തൊഴിൽ ചട്ടങ്ങൾ സ്ത്രീകളെ ശാക്തീകരിക്കുന്നു

प्रविष्टि तिथि: 27 NOV 2025 1:23PM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ

  • പരാതി പരിഹാര സമിതികളിലും ഉപദേശക സമിതികളിലും കൂടുതൽ പ്രാതിനിധ്യം നല്കുന്നതിലൂടെ  തൊഴിലിടങ്ങളിലെ  സ്ത്രീകളുടെ പങ്ക് തൊഴിൽ നിയമങ്ങൾ ശക്തിപ്പെടുത്തുന്നു.
  • 26 ആഴ്ചത്തെ അവധി, ലളിതമായ സർട്ടിഫിക്കേഷൻ നടപടികൾ, മുലയൂട്ടാനുള്ള ഇടവേളകൾ, നിർബന്ധിത ശിശു പരിപാലന സൗകര്യം എന്നിവ പുതുക്കിയ പ്രസവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
  • സാധ്യമായ ഇടങ്ങളിലെല്ലാം പ്രസവാവധിക്ക് ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷനുകളിലൂടെ സ്ത്രീകൾക്ക് അധിക സൗകര്യം ലഭിക്കുന്നു.
  • വിവേചനം കർശനമായി നിരോധിക്കുകയും തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഈ നിയമങ്ങൾ  ലിംഗസമത്വം ഉറപ്പാക്കുന്നു.

ആമുഖം

ഇന്ത്യയുടെ തൊഴിൽ ശക്തിയിലെ സുപ്രധാനവും വളർന്നുവരുന്നതുമായ വിഭാഗമാണ് സ്ത്രീകൾ. അവർക്കായി കൂടുതൽ ഉൾക്കൊള്ളുന്നതും സുരക്ഷിതവും അനുകൂലവുമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിൽ പുതിയ തൊഴിൽ നിയമങ്ങൾ ഒരു സുപ്രധാന ചുവടുവയ്പ്പാണ്.


 

സമത്വം, പ്രസവ ആനുകൂല്യങ്ങൾ, തൊഴിലിടങ്ങളിലെ സുരക്ഷ, തീരുമാനമെടുക്കുന്ന സമിതികളിലെ പ്രാതിനിധ്യം എന്നിവയെക്കുറിച്ചുള്ള പുരോഗമനപരമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഈ നിയമങ്ങൾ, ഇന്നത്തെ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി തൊഴിൽ നിയന്ത്രണങ്ങളെ ആധുനികവൽക്കരിക്കുന്നു. ഈ പരിഷ്കാരങ്ങൾ തൊഴിലാളികളായ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക മാത്രമല്ല, തുല്യ പരിഗണന ഉറപ്പാക്കുകയും, രാത്രി ഷിഫ്റ്റുകളിലും അപകടകരമായ വ്യവസായങ്ങളിലും ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള അവരുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നു. ഈ നടപടികൾ ഒരുമിച്ച് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശക്തിപ്പെടുത്തുകയും കൂടുതൽ സ്ഥിരതയുള്ളതും ലിംഗ സമതുലിതവുമായ തൊഴിൽ ആവാസവ്യവസ്ഥയ്ക്ക് സംഭാവന നല്കുകയും ചെയ്യുന്നു.

പുതിയ തൊഴിൽ നിയമങ്ങൾ പ്രകാരം സ്ത്രീകൾക്ക്  ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ താഴെപ്പറയുന്ന  വ്യവസ്ഥകൾ വ്യക്തമാക്കുന്നു :

പരാതി പരിഹാര സമിതിയിലെ സ്ത്രീകളുടെ പ്രാതിനിധ്യം

2020-ലെ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിലുള്ളതിനേക്കാൾ കുറയാത്ത അനുപാതത്തിൽ  സ്ത്രീകളുടെ മതിയായ പ്രാതിനിധ്യം നിർബന്ധമാക്കുന്നു.

  • തൊഴിലിടങ്ങളിലെ തർക്കപരിഹാരത്തിൽ വനിതാ തൊഴിലാളികളുടെ ന്യായമായ ശബ്ദം ഉണ്ടെന്ന് ഉറപ്പാക്കുന്നു.
  • സ്ത്രീകളുടെ കാഴ്ചപ്പാടുകൾ പ്രശ്നങ്ങളെ കൂടുതൽ സമഗ്രമായും സംവേദനക്ഷമതയോടെയും പരിഹരിക്കാൻ സഹായിക്കുന്നു.
  • സഹപ്രവർത്തകരുടെ പ്രതിനിധാനം, ആശങ്കകൾ ഉന്നയിക്കാൻ വനിതാ ജീവനക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നല്കുന്നു.
  • തൊഴിലിടങ്ങളിലെ പീഡനം, പ്രസവവുമായി ബന്ധപ്പെട്ട അവകാശങ്ങൾ, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയും.
  • സന്തുലിതമായ പ്രാതിനിധ്യം നിഷ്പക്ഷത വളർത്തുകയും വിവേചനങ്ങളും സംഘർഷങ്ങളും കുറയ്ക്കുകയും ചെയ്യുന്നു.

പ്രസവ ആനുകൂല്യങ്ങൾ

സാമൂഹിക സുരക്ഷാ നിയമപ്രകാരം പ്രസവ ആനുകൂല്യങ്ങൾക്ക് അർഹത നേടണമെങ്കിൽ  പ്രതീക്ഷിക്കുന്ന പ്രസവത്തിന് തൊട്ടുമുമ്പുള്ള 12 മാസങ്ങളിൽ കുറഞ്ഞത് 80 ദിവസമെങ്കിലും സ്ഥാപനത്തിൽ  ആ സ്ത്രീ ജോലി ചെയ്തിരിക്കണം. അർഹരായ സ്ത്രീകൾക്ക് അവധി കാലയളവിൽ അവരുടെ ശരാശരി പ്രതിദിന വേതനത്തിന് തുല്യമായ പ്രസവാവധി ആനുകൂല്യം ലഭിക്കും. പ്രസവാവധിയുടെ പരമാവധി കാലയളവ് 26 ആഴ്ചയാണ്. അതിൽ 8 ആഴ്ച വരെയുള്ള അവധി, പ്രതീക്ഷിക്കുന്ന പ്രസവ തീയതിക്ക് മുമ്പ് എടുക്കാവുന്നതാണ്.


 

കൂടാതെ മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്ന ഒരു സ്ത്രീക്ക്  അല്ലെങ്കിൽ ഒരു "കമ്മീഷനിംഗ് മദറിന് " (വാടക ഗർഭധാരണത്തിലൂടെ കുട്ടിയെ ജനിപ്പിക്കുന്ന ബയോളജിക്കൽ അമ്മ) ദത്തെടുക്കൽ  തീയതി മുതൽ അല്ലെങ്കിൽ കുട്ടിയെ കൈമാറിയ തീയതി മുതൽ 12 ആഴ്ച വരെ പ്രസവാവധി ആനുകൂല്യത്തിന് നിയമപരമായി അർഹതയുണ്ട്.

വർക്ക്‌ ഫ്രം ഹോം

ഒരു സ്ത്രീക്ക് നല്കിയിട്ടുള്ള ജോലി വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ളതാണെങ്കിൽ, പ്രസവാവധി എടുത്തശേഷം, തൊഴിലുടമയും ജീവനക്കാരിയും പരസ്പരം സമ്മതിക്കുന്ന നിബന്ധനകൾക്കും കാലയളവിനും അനുസൃതമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ തൊഴിലുടമയ്ക്ക് അവരെ അനുവദിക്കാവുന്നതാണ്.

പ്രസവ സംബന്ധമായ സർട്ടിഫിക്കേഷൻ ലളിതമാക്കൽ

ഗർഭധാരണം, പ്രസവം, ഗർഭം അലസൽ, ഗർഭധാരണം അവസാനിപ്പിക്കൽ , ഗർഭനിരോധന ശസ്ത്രക്രിയ, അല്ലെങ്കിൽ അത്തരം സംഭവങ്ങളിൽ നിന്ന് ഉണ്ടാകുന്ന അസുഖങ്ങൾ  തുടങ്ങി പ്രസവവുമായി ബന്ധപ്പെട്ട അവസ്ഥകളുടെ തെളിവുകൾ താഴെപ്പറയുന്നവരിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ  വഴി സമർപ്പിക്കാവുന്നതാണ്:

  • രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ,
  • അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തക (ആശ)
  • യോഗ്യതയുള്ള  ഓക്സിലിയറി നഴ്‌സ്, അല്ലെങ്കിൽ
  • മിഡ്‌വൈഫ്.

ഈ വ്യവസ്ഥ, സാമൂഹിക സുരക്ഷാ നിയമ പ്രകാരം സർട്ടിഫിക്കേഷൻ പ്രക്രിയ ലളിതമാക്കുന്നു. 1961 ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറിൽ നിന്നോ, ആശുപത്രിയിൽ നിന്നോ, മിഡ്‌വൈഫിൽ നിന്നോ മാത്രമേ ഇത് ലഭിക്കുമായിരുന്നുള്ളൂ.
 

മെഡിക്കൽ ബോണസ്

പ്രസവത്തിന് മുൻപുള്ളതും പ്രസവസമയത്തെയും പ്രസവത്തിന്‌ ശേഷമുള്ളതുമായ പരിചരണങ്ങൾ തൊഴിലുടമ സൗജന്യമായി നല്കാതിരുന്നാൽ 3,500 രൂപയുടെ മെഡിക്കൽ ബോണസിന് സ്ത്രീക്ക് അർഹതയുണ്ട്.

മുലയൂട്ടാനുള്ള ഇടവേളകൾ

പ്രസവാനന്തരം ജോലിയിൽ പ്രവേശിച്ച ശേഷം, കുഞ്ഞിന് 15 മാസം പ്രായമാകുന്നതുവരെ ഒരു സ്ത്രീക്ക് കുഞ്ഞിനെ മുലയൂട്ടുന്നതിനായി ദൈനംദിന ജോലിക്കിടയിൽ രണ്ട് ഇടവേളകൾക്ക് അർഹതയുണ്ട്.

ശിശു പരിപാലന സൗകര്യം

അമ്പതോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും, നിശ്ചിത ദൂരപരിധിക്കുള്ളിൽ പ്രത്യേകമായോ പൊതുവായോ ഉള്ള ശിശു പരിപാലന സൗകര്യം ഉണ്ടായിരിക്കണം. വിശ്രമ ഇടവേളകൾ ഉൾപ്പെടെ ദിവസേന നാല് തവണ ഇവിടം സന്ദർശിക്കാൻ തൊഴിലുടമ സ്ത്രീയെ അനുവദിക്കേണ്ടതാണ്.

ഈ വ്യവസ്ഥ സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച 2020 ലെ നിയമപ്രകാരം 6 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള, ജോലി ചെയ്യുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നു. തൊഴിലിടങ്ങളിൽ കുട്ടികളെ പരിപാലിക്കാൻ സൗകര്യമൊരുക്കുന്നതിലൂടെ  ശിശു പരിപാലന സൗകര്യങ്ങൾ ജോലി ചെയ്യുന്ന അമ്മമാരെ പിന്തുണയ്ക്കുകയും, ജോലിയും കുടുംബവും സന്തുലിതമാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.

തൊഴിൽശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കൽ

വനിതാ തൊഴിലാളികൾക്ക് എല്ലാ സ്ഥാപനങ്ങളിലും എല്ലാത്തരം ജോലിയിലും പ്രവർത്തിക്കാം. അവരുടെ സമ്മതമുണ്ടെങ്കിൽ, രാവിലെ 6 മണിക്ക് മുമ്പും വൈകുന്നേരം 7 മണിക്ക് ശേഷവും രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാനും സാധിക്കും. അത്തരം സാഹചര്യങ്ങളിൽ അവരുടെ സുരക്ഷ, സൗകര്യങ്ങൾ, ഗതാഗതം എന്നിവയ്ക്കുള്ള മതിയായ ക്രമീകരണങ്ങൾ തൊഴിലുടമ ഒരുക്കേണ്ടതാണ്.

ആവശ്യമായ സുരക്ഷാ നടപടികളോടെ രാത്രി ഷിഫ്റ്റുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുമതി നല്കുന്നത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും, തൊഴിൽശക്തിയിൽ ഉയർന്ന സ്ത്രീ പങ്കാളിത്തത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ലിംഗ വിവേചന നിരോധനം

തൊഴിലാളികൾ ചെയ്യുന്ന ഒരേ ജോലിയിലോ സമാന സ്വഭാവമുള്ള ജോലിയിലോ നിയമനം, വേതനം, അല്ലെങ്കിൽ തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം തൊഴിലുടമകൾ കാണിക്കാൻ പാടില്ല.  2019-ലെ വേതന നിയമപ്രകാരമുള്ള ഈ വ്യവസ്ഥ:

ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള അന്യായമായ വേതന അസമത്വങ്ങൾ ഇല്ലാതാക്കി തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുന്നു.
വേതനത്തിൽ മാത്രമല്ല, നിയമനവും തൊഴിൽ സാഹചര്യങ്ങളും ഉൾക്കൊള്ളുന്നതിനായി സംരക്ഷണം വിപുലീകരിക്കുകയും ജോലിയിലുടനീളം നീതി ഉറപ്പാക്കുകയും ചെയ്യുന്നു.
തൊഴിലിടങ്ങളിലെ  സമത്വം പ്രോത്സാഹിപ്പിക്കുകയും  നിയമനം, വേതനം, പരിഗണന എന്നിവയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവസരങ്ങൾ നല്കുകയും ചെയ്യുന്നു.

ഉപദേശക സമിതികളിലെ സ്ത്രീ പ്രാതിനിധ്യം

കേന്ദ്ര/സംസ്ഥാന ഉപദേശക സമിതികളിലെ അംഗങ്ങളിൽ മൂന്നിലൊന്ന് സ്ത്രീകളായിരിക്കണം. ഏറ്റവും കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനോ പരിഷ്കരിക്കുന്നതിനോ, സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനോ, അത്തരം സ്ഥാപനങ്ങളിലോ തൊഴിലുകളിലോ സ്ത്രീകളെ എത്രത്തോളം നിയമിക്കാമെന്നതിനെക്കുറിച്ചോ ഉപദേശം നല്കാൻ കേന്ദ്ര/സംസ്ഥാന ഉപദേശക സമിതികൾക്ക് ബാധ്യതയുണ്ട്. ഇത് നയരൂപീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം  ഉറപ്പാക്കുകയും, കൂടുതൽ  ഉൾക്കൊള്ളുന്നതും സന്തുലിതവുമായ തൊഴിൽ നയങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്  നയങ്ങൾ രൂപകൽപ്പന ചെയ്യാൻ ഇത് സഹായിക്കുകയും, തൊഴിൽ വിപണിയിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഉപസംഹാരം

പുതിയ തൊഴിൽ നിയമങ്ങളിലെ പുരോഗമനപരമായ വ്യവസ്ഥകൾ ലിംഗസമത്വം കൊണ്ടുവരുന്നതിലൂടെ  എല്ലാ സ്ഥാപനങ്ങളിലും തുല്യതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് സ്ത്രീ തൊഴിലാളികളെ കൂട്ടായി ശക്തിപ്പെടുത്തുന്നു. തുല്യ ജോലിക്ക് തുല്യ വേതനം, മെച്ചപ്പെട്ട പ്രസവാനുകൂല്യങ്ങൾ, ശിശു പരിപാലന  സൗകര്യം, നിയമനങ്ങളിൽ  വിവേചനം കാണിക്കാതിരിക്കൽ തുടങ്ങിയ വ്യവസ്ഥകളിലൂടെ ഈ നിയമങ്ങൾ അപകടകരമായ വ്യവസായങ്ങൾ, രാത്രി ഷിഫ്റ്റുകൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും മതിയായ സുരക്ഷാ നടപടികളോടെ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ട്  സ്ത്രീ പങ്കാളിത്തം കൂടുതൽ  പ്രോത്സാഹിപ്പിക്കും.

പരാതി പരിഹാര സമിതികളിലെ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിക്കുന്നത് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കും. മൊത്തത്തിൽ, ഈ പരിഷ്കാരങ്ങൾ സ്ത്രീകൾക്ക് കൂടുതൽ ഉൾക്കൊള്ളുന്നതും, സുരക്ഷിതവും, ശാക്തീകരിക്കുന്നതുമായ  തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് പൂർണ്ണമായും ആത്മവിശ്വാസത്തോടെയും സംഭാവന നല്കാൻ ഇത് അവരെ പ്രാപ്തരാക്കും.
Click here to see in PDF
 
*****

(रिलीज़ आईडी: 2195701) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Tamil