രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി 'ചാണക്യ ഡിഫൻസ് ഡയലോഗ്-2025'-ന്റെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു
Posted On:
27 NOV 2025 12:19PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2025 നവംബർ 27) ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ കരസേനാ സെമിനാറായ 'ചാണക്യ ഡിഫൻസ് ഡയലോഗ് 2025'(മൂന്നാം പതിപ്പ് )-ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
രാജ്യത്തിൻറെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യൻ സായുധസേന പ്രൊഫഷണലിസവും ദേശസ്‌നേഹവും പ്രകടമാക്കിയിട്ടുണ്ടെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. സാമാന്യ, തീവ്രവാദവിരുദ്ധ, മാനുഷിക വെല്ലുവിളികൾ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ വെല്ലുവിളികളിലും, നമ്മുടെ സൈന്യം ശ്രദ്ധേയമാം വിധം അനുപൂരകമായും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത കാലത്തുണ്ടായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം നമ്മുടെ ഭീകരവിരുദ്ധ, പ്രതിരോധ തന്ത്രത്തിലെ നിർണായക നിമിഷമായി നിലകൊള്ളുന്നു. ഇന്ത്യയുടെ സൈനിക ശേഷി മാത്രമല്ല, സമാധാനം പാലിക്കുന്നതിൽ ദൃഢവും എന്നാൽ ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ ധാർമ്മിക വ്യക്തതയും ലോകം ശ്രദ്ധിച്ചു. പ്രവർത്തനപരമായ പങ്കിനപ്പുറം, ഇന്ത്യൻ പ്രതിരോധസേന ദേശീയ വികസനത്തിന്റെ ഒരു സ്തംഭമായി തുടരുന്നു. നമ്മുടെ അതിർത്തികൾ ശക്തിപ്പെടുത്തുന്നതിനു പുറമേ, അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, വിനോദ സഞ്ചാരം, വിദ്യാഭ്യാസം എന്നിവയിലൂടെ അതിർത്തി പ്രദേശ വികസനത്തിലും അവർ സഹായം നൽകിയിട്ടുണ്ട്.
ഇന്നത്തെ ഭൗമരാഷ്ട്രീയ പശ്ചാത്തലം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. പരസ്പരം മത്സരിക്കുന്ന ശക്തികേന്ദ്രങ്ങള്‍, സാങ്കേതിക വിപ്ലവങ്ങള്‍, പുതിയ സഖ്യരേഖകള്‍ എന്നിവയാൽ അന്താരാഷ്ട്ര സംവിധാനം മാറ്റിയെഴുതപ്പെടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സൈബര്‍, ബഹിരാകാശം, വൈജ്ഞാനികം തുടങ്ങിയ നവീനമേഖലകളിലെ മത്സരങ്ങൾ സമാധാനത്തിനും സംഘര്‍ഷത്തിനുമിടയില്‍ ഉള്ള അതിർവരമ്പുകൾക്ക് മങ്ങലേൽപ്പിക്കുന്നുവെന്നും രാഷ്ട്രപതി നിരീക്ഷിച്ചു.'വസുധൈവ കുടുംബകം’ എന്ന നമ്മുടെ സാംസ്കാരിക ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍, തന്ത്രപരമായ സ്വയംഭരണവും ആഗോള ഉത്തരവാദിത്വവും ഒരുമിച്ച് നിലനിര്‍ത്താനുള്ള ശേഷി ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. നയതന്ത്രം, സാമ്പത്തിക ശക്തി, സായുധസേനകള്‍ എന്നിവയുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ, സമാധാനം ലക്ഷ്യമാക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെടുകയാണെന്നും അതിർത്തികളേയും പൗരന്മാരേയും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയവും ശേഷിയും നമ്മുടെ രാജ്യത്തിനുണ്ടെന്നും ശ്രീമതി മുർമു വ്യക്തമാക്കി.
'പരിവർത്തന ദശകം' (Decade of Transformation) എന്ന ദീർഘകാല സൈനിക പരിഷ്കരണ പദ്ധതിയിലൂടെ, മാനങ്ങൾക്കതീതമായ നേട്ടങ്ങൾ കൈവരിച്ച നാം സ്വയം പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി അഭിമാനത്തോടെ പറഞ്ഞു. ഭാവിയിലെ വെല്ലുവിളികളെ നേരിടാനും എല്ലാ രംഗങ്ങളിലും ദൗത്യക്ഷമത പുലർത്താനുംമായി, ഈ പദ്ധതി സേനാഘടനകളെ പുനഃസംഘടിപ്പിക്കുകയും, സിദ്ധാന്തങ്ങളെ പുനഃപരിഭാഷപ്പെടുത്തുകയും, ശേഷികളെ പുനർ നിർവചിക്കുകയും ചെയ്യുന്നതായി രാഷ്ട്രപതി പറഞ്ഞു. ഈ പ്രതിരോധ പരിഷ്കാരങ്ങൾ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ സഹായിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സേന യുവാക്കളിലും മാനവവിഭവശേഷിയിലും നിക്ഷേപം നടത്തി വരികയാണെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസം, എൻ.സി.സി വ്യാപനം, കായികരംഗം എന്നിവയിലൂടെ യുവാക്കളിൽ ദേശസ്‌നേഹം വളർത്തുന്ന കാര്യം അവർ ചൂണ്ടിക്കാട്ടി.
യുവ വനിതാ ഓഫീസർമാരുടെയും സൈനികരുടെയും പങ്കും ഉത്തരവാദിത്തവും വിപുലീകരിക്കുന്നത്, ഉൾച്ചേർക്കൽ മനോഭാവത്തെ ശാക്തീകരിക്കുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഇതിലൂടെ കൂടുതൽ യുവതികൾക്ക് ഇന്ത്യൻ സേനകളിൽ ചേരാനും മറ്റ് രംഗങ്ങളിൽ തൊഴിൽ അവസരങ്ങൾ തേടാനും പ്രചോദനം ലഭിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ചാണക്യ ഡിഫൻസ് ഡയലോഗ് 2025-ലെ ചർച്ചകളും അതിന്റെ ഫലങ്ങളും, രാജ്യത്തിന്റെ ഭാവി നയരേഖകൾ ആസൂത്രണം ചെയ്യുന്നതിൽ നയകർത്താക്കൾക്ക് അമൂല്യ സംഭാവനകൾ നൽകുമെന്ന് രാഷ്ട്രപതി പറഞ്ഞു.
വികസിത ഭാരത് @ 2047 എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ നമ്മുടെ സായുധസേന മികവിനായി തുടർച്ചയായി പരിശ്രമിക്കുകയും, ദൃഢനിശ്ചയത്തോടും പ്രതിബദ്ധതയോടും കൂടെ മുന്നേറുകയും ചെയ്യും എന്ന കാര്യത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു.




*****
(Release ID: 2195352)
Visitor Counter : 8