PIB Headquarters
azadi ka amrit mahotsav

ഹമാര സംവിധാന്‍- ഹമാര സ്വാഭിമാന്‍' കാമ്പയിന്‍

നമ്മുടെ ഭരണഘടന- നമ്മുടെ അഭിമാനം' പ്രചാരണം

प्रविष्टि तिथि: 25 NOV 2025 12:16PM by PIB Thiruvananthpuram
പ്രധാന വസ്തുതകള്‍

ഭരണഘടനയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിപുലമായ പ്രചാരണം :

'നമ്മുടെ ഭരണഘടന നമ്മുടെ ആദരം'  ('ഹമാര സംവിധാന്‍ ഹമാര സമ്മാന്‍') എന്ന പ്രചാരണത്തിന് കീഴില്‍ രാജ്യത്തുടനീളം സംഘടിപ്പിച്ച 13,700ലധികം പരിപാടികളില്‍ ഒരു കോടിയിലധികം പൗരന്മാരെ അണിനിരത്തുകയും, അഭൂതപൂര്‍വമായ പൊതുജന പങ്കാളിത്തത്തോടെ ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു.


ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലൂടെ അടിസ്ഥാനതലത്തിലേക്ക്:

രാജ്യത്തുടനീളമുള്ള 2.5 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളിലേക്കും, അഭിലാഷയുക്ത  ജില്ലകളിലേക്കും, വിദൂര സമൂഹങ്ങളിലേക്കും പ്രചാരണം എത്തിച്ചേര്‍ന്നു, MyGov പ്രതിജ്ഞ, ക്വിസുകള്‍, സര്‍ഗ്ഗാത്മക മത്സരങ്ങള്‍ എന്നിവയില്‍ കോടിക്കണക്കിന് ആളുകള്‍ പങ്കാളികളായി.

അവബോധം മുതല്‍ ആത്മാഭിമാനം വരെ:
ഭരണഘടനാ മൂല്യങ്ങള്‍ മനസ്സിലാക്കുക മാത്രമല്ല, പൂര്‍ണ്ണമായി നെഞ്ചേറ്റുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ നിയമ സാക്ഷരത, സാംസ്‌കാരിക പരിപാടികള്‍, പൗരന്മാരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ എന്നിവ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആമുഖം

 
ദിശ
 
'ഇന്ത്യയില്‍ സമഗ്രമായ നീതി ഉറപ്പാക്കുന്നതിനുള്ള നൂതന പരിഹാരങ്ങളുടെ രൂപകല്‍പ്പനയെന്ന നിലയില്‍ (Designing Innovative Solutions for Holistic Access to Justice in India-DISHA-ദിശ)' ദിശ (DISHA) എന്ന പേരില്‍ അഞ്ച് വര്‍ഷ കാലയളവിലേക്ക് (2021-2026) രാജ്യവ്യാപകമായി ഒരു പദ്ധതി 2021ല്‍ ആരംഭിക്കുകയുണ്ടായി. ടെലിലോ, ന്യായ ബന്ധു (പ്രൊ ബോണോ ലീഗല്‍ സര്‍വീസസ്), നിയമ സാക്ഷരത, നിയമ അവബോധ പരിപാടികള്‍ എന്നിവയിലൂടെ സുഗമവും പ്രവേശനക്ഷമവും, ചെലവ് കുറഞ്ഞതും, പൗര കേന്ദ്രീകൃതവുമായ നിയമ സേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ദിശ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 

1949ല്‍ ഇന്നേ ദിവസം ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും നവംബര്‍ 26 ഭരണഘടനാ ദിനം അഥവാ സംവിധാന്‍ ദിവസ് ആയി ഇന്ത്യ ആചരിച്ചു വരുന്നു.1950 ജനുവരി 26 ന് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നു. എല്ലാ വര്‍ഷവും  ഈ ദിനം റിപ്പബ്ലിക് ദിനമായി രാജ്യം ആഘോഷിക്കുന്നു.  നമ്മുടെ ഭരണഘടന കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷമായി, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, പൗരാവകാശ സംരക്ഷണം എന്നീ തത്വങ്ങള്‍  ഉയര്‍ത്തിപ്പിടിക്കുകയും ഇന്ത്യയുടെ ജനാധിപത്യ പ്രയാണത്തിന് മാര്‍ഗ്ഗദര്‍ശിയായി നിലകൊള്ളുകയും ചെയ്യുന്നു.

ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിന്റെ 75-ാം വാര്‍ഷികത്തിന്റെയും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെയും സ്മരണയ്ക്കായി,  പൊതുജന സമക്ഷം ഭരണഘടനയെ ലളിതമായി അവതരിപ്പിക്കുന്നതിനായി  ' നമ്മുടെ ഭരണഘടന, നമ്മുടെ ആദരം' (ഹമാര സംവിധാന്‍ ഹമാര സമ്മാന്‍) എന്ന പേരില്‍ നീതിന്യായ വകുപ്പ് ഇന്ത്യയിലുടനീളം ഒരു വര്‍ഷം നീണ്ടുനിന്ന രാജ്യവ്യാപക പ്രചാരണം സംഘടിപ്പിച്ചു.


2024 ജനുവരി 24 ന് ന്യൂഡല്‍ഹിയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഉപരാഷ്ട്രപതി തുടക്കം കുറിച്ച ഈ പ്രചാരണം കേവലമൊരു ചടങ്ങ് എന്നതിലുപരി രാജ്യവ്യാപകമായി പൗരന്മാരേറ്റെടുത്ത പ്രചാരണമായി വളര്‍ന്നു. സര്‍ക്കാരിന്റെ ദിശ പദ്ധതിയുമായി ബന്ധിപ്പിച്ചു സംഘടിപ്പിച്ച ഈ പ്രചാരണം, ഭരണഘടനാ സാക്ഷരതയെ പ്രായോഗിക നിയമ സഹായവുമായി സമന്വയിപ്പിച്ചു. പൗരന്മാര്‍ക്ക് പഞ്ചപ്രാണ പ്രതിജ്ഞയെടുക്കാനും നിയമ സാക്ഷരതാ ശില്പശാലകളില്‍ പങ്കെടുക്കാനും സമയബന്ധിതമായ നിയമ സഹായത്തിനായി ടെലിലോ, ന്യായ് ബന്ധു സേവനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വന്തം ജീവിതത്തില്‍ ഭരണഘടനാ ആശയങ്ങള്‍ ആവിഷ്‌കരിക്കാനും ശക്തി പകര്‍ന്നു.

ഭരണഘടനാ ദര്‍ശനങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ട പ്രചാരണത്തിന് ശേഷം, 2025 ജനുവരി 24ന് 'നമ്മുടെ ഭരണഘടന നമ്മുടെ ആദരം'  ('ഹമാര സംവിധാന്‍ ഹമാര സമ്മാന്‍') എന്നതിന്റെ തുടര്‍ അധ്യായമായ 'നമ്മുടെ ഭരണഘടന -നമ്മുടെ അഭിമാനം'  ('ഹമാര സംവിധാന്‍- ഹമാര സ്വാഭിമാന്‍') എന്ന പ്രചാരണത്തിലേക്ക് കടന്നു. ഭരണഘടനാ മൂല്യങ്ങളുമായും നിയമ സാക്ഷരതയുമായും ബന്ധപ്പെട്ട പൊതുജനങ്ങളുടെ ഇടപഴകല്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള ഈ പ്രചാരണം 2024-2025 ല്‍ ജനിപ്പിച്ച ഉത്സാഹം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചുകൊണ്ട് നിരന്തരം വികസിക്കുന്നു.

പൗരന്മാരില്‍ അഭിമാനവും ആഴത്തിലുള്ള ഭരണഘടനാ അവബോധവും വളര്‍ത്തുക എന്നതാണ് 'സ്വാഭിമാന്‍' ലക്ഷ്യമിടുന്നത്. നിയമ സാക്ഷരത കൈവരിക്കുന്നതിനും പൗരന്മാരെ അവരുടെ അവകാശങ്ങള്‍ അറിയാനും, അവയില്‍ അഭിമാനിക്കാന്‍ പ്രാപ്തരാക്കുന്നതിനുമുള്ള സുസ്ഥിരമായ സര്‍ക്കാര്‍ പ്രതിബദ്ധതയെയാണ് ഈ പുരോഗതി സൂചിപ്പിക്കുന്നത്.

പ്രചാരണത്തിന്റെ ലക്ഷ്യങ്ങളില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:

പൊതുമണ്ഡലത്തില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ദൃശ്യപരത സൃഷ്ടിക്കുക.

ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക.

ഭരണഘടന തയ്യാറാക്കുന്നതിനായി നടത്തിയ കഠിനാധ്വാനം പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരിക.

ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഭരണഘടനയെക്കുറിച്ച് അഭിമാനബോധം വളര്‍ത്തുക.



ഇന്ത്യയിലുടനീളം 13,700ലധികം പരിപാടികള്‍ സംഘടിപ്പിക്കുകയും ഒരു കോടിയിലധികം പൗരന്മാരുടെ  പങ്കാളിത്തവുമായി അവരില്‍ നിയമ സാക്ഷരതയും അഭിമാനബോധവും വളര്‍ത്തുകയും ചെയ്ത സംരംഭം.

കേവലമൊരു അനുസ്മരണമെന്നതിലുപരി, 2047 ഓടെ വികസിത ഇന്ത്യ എന്ന ദര്‍ശനം രൂപപ്പെടുത്തുന്നതിന് ഓരോ ഇന്ത്യക്കാരനും സജീവമായി സംഭാവന നല്‍കുന്നതിനുള്ള പ്രേരണയായി ഈ സംരംഭം മാറിയിരിക്കുന്നു.

 
മൂന്ന് പ്രധാന ഉപപ്രചാരണങ്ങളിലൂടെയാണ് രാജ്യവ്യാപകമായ ഈ പ്രചാരണം സാക്ഷാത്കരിക്കപ്പെടുന്നത്:

സബ്‌കോ ന്യായ് - ഹര്‍ ഘര്‍ ന്യായ:
എല്ലാവര്‍ക്കും നീതി,  എല്ലാ വീടുകളിലേക്കും നീതി.

സാമൂഹികസാമ്പത്തിക പശ്ചാത്തലങ്ങള്‍ പരിഗണിക്കാതെ എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക.


 

നവ ഭാരത്-നവ സങ്കല്‍പ്:

പുതിയ ഇന്ത്യ: പുതിയ പ്രമേയം.

പുതിയ ആശയങ്ങളില്‍ നിന്നും പുതിയ ദൃഢനിശ്ചയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുക്കുക.

വിധി ജാഗ്രതി അഭിയാന്‍:

താഴെത്തട്ടിലുള്ള സംരംഭങ്ങളിലൂടെയും വിദ്യാഭ്യാസ ഉദ്യമങ്ങളിലൂടെയും നിയമ സാക്ഷരതയും അവബോധവും പ്രോത്സാഹിപ്പിക്കുക.



എല്ലാവര്‍ക്കും നീതി  എല്ലാ വീടുകളിലേക്കും നീതി അഥവാ സബ്‌കോ ന്യായ്, ഹര്‍ ഘര്‍ ന്യായ

അടിസ്ഥാനതലത്തില്‍ എല്ലാവര്‍ക്കും നീതി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. ലഭ്യമായ നിയമ സംവിധാനങ്ങളെക്കുറിച്ച് ഇന്ത്യയിലെ പൗരന്മാര്‍ക്കുള്ള  അവബോധം ഇത് മെച്ചപ്പെടുത്തുന്നു.  കോടതികളായാലും നിയമ സഹായ സേവനങ്ങളായാലും പരിഷ്‌കാരങ്ങളായാലും, ഇന്ത്യയിലുടനീളമുള്ള നിയമ സ്ഥാപനങ്ങളിലേക്ക്  പ്രവേശനം സുഗമാക്കുകയാണ് ലക്ഷ്യം.

 
 
വകുപ്പിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഓരോ പൗരനിലും ചുമതലാബോധം വളര്‍ത്തുന്നതിനും, പൗരന്മാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സബ്‌കോ ന്യായ്, ഹര്‍ ഘര്‍ ന്യായ മൂന്ന് പുതിയ സംരംഭങ്ങള്‍ അവതരിപ്പിച്ചു:  

സബ്‌കോ ന്യായ: പഞ്ചപ്രാണ്‍ പ്രതിജ്ഞ

പഞ്ചപ്രാണ്‍ പ്രതിജ്ഞയില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു:

1. വികസനോന്മുഖ രാജ്യം

2. അടിമത്ത മനോഭാവത്തിന്റെ ഉന്മൂലനം

3. നമ്മുടെ പാരമ്പര്യങ്ങളില്‍ അഭിമാനം

4. ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധത

5. എല്ലാ പൗരന്മാരിലും ചുമതലാബോധം ഉണര്‍ത്തല്‍.


പൗരന്മാരെ ബോധവത്കരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി, അവരെ MyGov പ്ലാറ്റ്‌ഫോം പ്രചാരണ പേജിലേക്ക് നയിക്കുന്ന QR കോഡുകള്‍ പ്രദര്‍ശിപ്പിച്ചു. ഈ കോഡുകള്‍ സാമൂഹ്യ മാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കിട്ടു. 2.5 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിക്കുന്ന ഗ്രാമതല സംരംഭകര്‍ (VLE) ഈ പ്രസ്ഥാനം ഗ്രാമതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

 


ന്യായ സേവാ മേള: സംസ്ഥാനതല നിയമ സേവന മേള

25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാല/മേളയാണ് ന്യായ സേവാ മേള. നിയമ സ്‌കൂളുകളിലെ DLSA/SLSA/നിയമ സഹായ ക്ലിനിക്കുകള്‍ ശില്പശാലയില്‍ പങ്കെടുത്തു, ഇത് നീതിന്യായ വകുപ്പിന്റെ  പദ്ധതികളെയും പരിപാടികളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിച്ചു.

അതത് സംസ്ഥാനങ്ങളുടെ പ്രാദേശിക ഭാഷയിലുള്ള വോയ്‌സ് ഓഫ് ബെനിഫിഷ്യറീസിന്റെ ('ഗുണഭോക്തൃ ശബ്ദം') നാലാം പതിപ്പ് പുറത്തിറങ്ങി. ടെലിലോ സ്‌റ്റേറ്റ് പ്രൊഫൈല്‍ ബുക്ക്‌ലെറ്റും പുറത്തിറക്കി, പ്രാദേശിക ഉദ്യോഗസ്ഥരെ ആദരിച്ചു. ടെലിലോ സേവനങ്ങളെക്കുറിച്ചും 'നമ്മുടെ ഭരണഘടന, നമ്മുടെ ആദരം' എന്ന പ്രചാരണത്തെക്കുറിച്ചും അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ സംസ്ഥാനത്തും ഓരോ ശില്പശാലയും സംഘടിപ്പിച്ചു.

മേളയെത്തുടര്‍ന്ന്, സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലും പ്രിന്റ്, ഡിജിറ്റല്‍ മാധ്യമങ്ങളിലും വിപുലമായ പ്രചാരണം നല്‍കി, ഇന്ത്യയിലുടനീളമുള്ള 8,465,651 പൗരന്മാരിലേക്ക് എത്തിച്ചേര്‍ന്നു.

 
ന്യായ സഹായക് : സാമൂഹികാധിഷ്ഠിത നിയമ സന്ദേശവാഹകര്‍

പ്രാദേശിക ബ്ലോക്കുകളിലും ജില്ലകളിലും വീടുതോറും കയറിയിറങ്ങി നീതിന്യായ വകുപ്പ് നല്‍കുന്ന നിയമ സേവനങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്ന നിയമ സന്ദേശവാഹകരാണ് ന്യായ സഹായക് എന്നറിയപ്പെടുന്നത്.

ന്യായ സഹായകര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ആവശ്യങ്ങള്‍ക്കായി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി.

ഗുണഭോക്താക്കളെ നിയമത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനു പുറമേ, ന്യായ സഹായകര്‍ 14,598ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ന്യായ സഹായകരുടെ പ്രശംസനീയമായ പ്രവര്‍ത്തനത്തോടൊപ്പം, ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഗ്രാമീണതലത്തിലോ ബ്ലോക്ക് തലത്തിലോ നിയമത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി 'വിധി ബൈഠക്' സെഷനുകളും സംഘടിപ്പിച്ചു.

അങ്കണവാടി  ജീവനക്കാര്‍, പഞ്ചായത്ത് സമിതി/ഗ്രാമസഭ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍, സ്വയം സഹായ സംഘങ്ങള്‍, കുട്ടികള്‍/നിരീക്ഷകര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലായി പ്രതിമാസം നടന്ന അഞ്ച് യോഗങ്ങളില്‍ പങ്കെടുത്ത വിവിധ മേഖലാ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നു.  



നവ ഭാരത് നവ സങ്കല്‍പ്: പുതിയ ഇന്ത്യ: പുതിയ പ്രമേയം.

MyGov പ്ലാറ്റ്‌ഫോമിലൂടെ പൗരന്മാരില്‍, പ്രത്യേകിച്ച് യുവാക്കളില്‍, പഞ്ചപ്രാണന്റെയും ഭരണഘടനയുടെയും തത്വങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു സംരംഭമാണ് നവ ഭാരത് നവ് സങ്കല്‍പ്. ഈ പ്രചാരണത്തില്‍ നാല് സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു:

 

വിധി ജാഗ്രതി അഭിയാന്‍

വിധി ജാഗ്രതി അഭിയാന്‍, പ്രാന്തപ്രദേശങ്ങളിലെയും വിശിഷ്യാ ഗ്രാമപ്രദേശങ്ങളിലെയും ആളുകളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചും അവ എങ്ങനെ പ്രാപ്യമാക്കാം എന്നതിനെക്കുറിച്ചും ബോധവത്കരിക്കാന്‍ ലക്ഷ്യമിടുന്നു. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍, ഗുണാത്മക നയങ്ങള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കുള്ള നിയമ പരിരക്ഷകള്‍ എന്നിവയുള്‍പ്പെടെ നിയമപ്രകാരം പൗരന്മാര്‍ക്ക് അര്‍ഹതയുള്ള വിവിധ അവകാശങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പ്രചാരണം ശ്രമിക്കുന്നത്.

ഈ ഉപപ്രചാരണത്തില്‍ മൂന്ന് പരിവര്‍ത്തന സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു:

ഗ്രാം വിധി ചേതന:

നിരവധി ഗ്രാമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിയമ അവബോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും താഴെത്തട്ടിലുള്ള പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. 10,000ത്തിലധികം ഗുണഭോക്താക്കളുടെ ഗണ്യമായ പങ്കാളിത്തത്തിന് സംരംഭം സാക്ഷ്യം വഹിച്ചു.

വഞ്ചിത് വര്‍ഗ് സമ്മാന്‍ അഭിയാന്‍:

ഈ സംരംഭത്തിലൂടെ, പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിവിധ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ ശില്പശാലകള്‍/വെബിനാറുകള്‍ സംഘടിപ്പിക്കാന്‍ ഇഗ്‌നോയുമായും ദൂരദര്‍ശനുമായും വകുപ്പ് കൈകോര്‍ത്തു.


വഞ്ചിത് വര്‍ഗ് സമാന്‍ അഭിയാന്റെ കീഴില്‍, താഴെപ്പറയുന്ന 7 വിഷയങ്ങള്‍ ഉള്‍പ്പെടുത്തി:

അവകാശങ്ങളെ ബഹുമാനിക്കുക (കുട്ടികള്‍, ദിവ്യാംഗ വനിതകള്‍, പട്ടികജാതി, ട്രാന്‍സ്‌ജെന്‍ഡര്‍, മുതിര്‍ന്ന പൗരന്മാര്‍).

പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍

വനിതകളുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക

വികലാംഗരുടെ സാമൂഹിക സര്‍വ്വാശ്ലേഷിത്വം

പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള സമഗ്ര സാമൂഹിക ക്ഷേമ പദ്ധതികള്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയമ സഹായവും അവബോധവും

 
നാരി ഭാഗിദാരി: വനിതാ പങ്കാളിത്തം

 ഈ സംരംഭത്തിന്റെ കീഴില്‍, ലിംഗാധിഷ്ഠിത വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ശില്പശാലകള്‍/വെബിനാറുകള്‍ സംഘടിപ്പിച്ചു, ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിയമ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പൗരന്മാരെ അറിവ് പകര്‍ന്ന് ശാക്തീകരിക്കുന്നതിനും കാരണമായി.

ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍, ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് തുടങ്ങിയ നിര്‍വ്വഹണ ഏജന്‍സികള്‍ വനിതകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഗ്രാമതല പരിപാടികള്‍ സംഘടിപ്പിച്ചു.

ശ്രദ്ധേയ പരിപാടികളും നേട്ടങ്ങളും

2024 ജനുവരി 24ന് പ്രചാരണം ആരംഭിച്ച ശേഷം, വികേന്ദ്രീകൃത വ്യാപ്തി ഉറപ്പാക്കുന്നതിനായി നാല് പ്രാദേശിക പരിപാടികള്‍ സംഘടിപ്പിച്ചു.


ബിക്കാനീര്‍ (രാജസ്ഥാന്‍) – 2024 മാര്‍ച്ച് 9

2024 മാര്‍ച്ച് 9 ന്, നിയമനീതി മന്ത്രാലയം രാജസ്ഥാനിലെ ബിക്കാനീറിലെ മഹാരാജ ഗംഗാ സിംഗ് സര്‍വകലാശാലയില്‍ 'നമ്മുടെ ഭരണഘടന  നമ്മുടെ ആദരം' എന്ന പ്രചാരണത്തിന്റെ ആദ്യ പ്രാദേശിക പരിപാടി സംഘടിപ്പിച്ചു.

ഇന്ത്യയിലുടനീളമുള്ള 500 അഭിലാഷയുക്ത ബ്ലോക്കുകള്‍ക്കായി 'ന്യായ സഹായക്' സംരംഭം ഉള്‍പ്പെടെ അടിസ്ഥാന നിയമ സേവനങ്ങളിലേക്ക് നയിക്കുന്ന നൂതനാശയങ്ങള്‍ക്ക് ഈ പരിപാടി ഔപചാരികമായി തുടക്കം കുറിച്ചു. ടെലിലോ പ്രോഗ്രാമിന്റെ വികാസവും വ്യാപ്തിയും എടുത്തുകാണിക്കുന്ന രാജസ്ഥാന്റെ ഒരു സംസ്ഥാനതല  ലഘുലേഖയും 'വോയ്‌സ് ഓഫ് ബെനിഫിഷ്യറീസ്' ന്റെ പ്രത്യേക വനിതാ പതിപ്പും പരിപാടിയില്‍ അവതരിപ്പിച്ചു.

ബാര്‍ അസോസിയേഷനുകള്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, പ്രാദേശിക ടെലിലോ പ്രോഗ്രാം ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 900 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
 


പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ്) – 2024 ജൂലൈ 16

 'നമ്മുടെ ഭരണഘടന  നമ്മുടെ ആദരം'  പ്രചാരണത്തിന്റെ രണ്ടാമത്തെ പ്രാദേശിക പരിപാടി 2024 ജൂലൈ 16ന് പ്രയാഗ്‌രാജിലെ അലഹബാദ് മെഡിക്കല്‍ അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു.

പൗരന്മാര്‍ക്ക് അവരുടെ മൗലികാവകാശങ്ങള്‍, കടമകള്‍, ഭരണഘടനാ സംരക്ഷണം എന്നിവ സംബന്ധിച്ച  ഉറവിടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര ഡിജിറ്റല്‍ വിജ്ഞാന കേന്ദ്രമായി വിഭാവനം ചെയ്ത 'ഹമാര സംവിധാന്‍ ഹമാര സമ്മാന്‍' പോര്‍ട്ടലിന്റെ ഉദ്ഘാടനമായിരുന്നു പ്രധാന നാഴികക്കല്ല്. നേരിട്ടും ഡിജിറ്റലായും ഏകദേശം 800 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

ഗുവാഹത്തി (അസം) – 2024 നവംബര്‍ 19

നിയമനീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള നീതിന്യായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 19 ന് IIT ഗുവാഹത്തി ഓഡിറ്റോറിയത്തില്‍ പ്രചാരണത്തിന്റെ മൂന്നാം മേഖലാ ഘട്ടം നടന്നു. പോഡ്കാസ്റ്റുകള്‍, കോമിക് പുസ്തകങ്ങള്‍, സംവിധാന്‍ കട്ട എന്നീ മൂന്ന് ഉത്പന്നങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ ഭരണഘടന ദൈനംദിന ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്ന 75 കഥകള്‍ പ്രദര്‍ശിപ്പിക്കുന്ന സംവിധാന്‍ കട്ട മാസിക.

ടെലി ലോ, ന്യായ ബന്ധു പദ്ധതികള്‍ ഉപയോഗപ്പെടുത്തി സ്വന്തം ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച 10 ഗുണഭോക്താക്കളുടെ യഥാര്‍ത്ഥ ജീവിത കഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കോമിക് പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.

കൂടാതെ, പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ടെലി ലോ, ന്യായ ബന്ധു പദ്ധതികളുടെ പങ്ക് വിശദീകരിക്കുന്ന എട്ട് പോഡ്കാസ്റ്റുകളും പുറത്തിറക്കി.

ഏകദേശം 1400 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.


കുംഭമേള (പ്രയാഗ്‌രാജ്, ഉത്തര്‍പ്രദേശ്) – 2025 ജനുവരി 24

 പ്രയാഗ്‌രാജിലെ അരൈല്‍ ഘാട്ടിലെ പരമാര്‍ഥ് ത്രിവേണി പുഷ്പില്‍ 2025 ജനുവരി 24 ന് സംഘടിപ്പിച്ച 'നമ്മുടെ ഭരണഘടന നമ്മുടെ ആദരം' പ്രചാരണത്തിന്റെ നാലാമത്തെ പ്രാദേശിക പരിപാടിയോടെ, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രചാരണം, മഹാ കുംഭമേളയില്‍ അതിന്റെ പാരമ്യത്തിലെത്തി.

ഒരു വര്‍ഷം നീണ്ടുനിന്ന പ്രചാരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന 'നമ്മുടെ ഭരണഘടന നമ്മുടെ ആദരം' പ്രചാരണത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു..

 ജഡ്ജിമാര്‍, പണ്ഡിതര്‍, CSC പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏകദേശം 2000 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ദേശീയതലത്തില്‍ തത്സമയം സംപ്രേഷണം ചെയ്ത പരിപാടി, ഉയര്‍ന്ന ദൃശ്യപരത നേടുകയും അവബോധം, ഐക്യം, പങ്കാളിത്ത ജനാധിപത്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന നേട്ടങ്ങളുടെ ആഘോഷമായും ഭരണഘടനാ മൂല്യങ്ങളുടെ ശക്തമായ പുനഃസ്ഥാപനമായും വര്‍ത്തിച്ചു.
 

ഉപസംഹാരം

'നമ്മുടെ ഭരണഘടന  നമ്മുടെ ആദരം' എന്ന പ്രചാരണവും അതിന്റെ തുടര്‍ച്ചയായുള്ള 'നമ്മുടെ ഭരണഘടന  നമ്മുടെ അഭിമാനം' എന്ന പ്രചാരണവും ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ഭരണഘടനാ പൊതുജന അവബോധ സംരംഭങ്ങളാണ്.  നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ പ്രചാരണം, ആചരണത്തിനപ്പുറം ഭരണഘടനയുമായും അതിന്റെ മൂല്യങ്ങളുമായും സുസ്ഥിരവും അടിസ്ഥാനതലത്തിലുള്ളതുമായ ഇടപെടല്‍ സൃഷ്ടിക്കുന്നതില്‍ പുരോഗതി കൈവരിച്ചു.

പ്രതിജ്ഞകള്‍, സര്‍ഗ്ഗാത്മക മത്സരങ്ങള്‍, നിയമ സഹായ മേളകള്‍, ബോധവത്ക്കരണ ശില്പശാലകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രചാരണ ഉപാധികളുടെ പിന്തുണയോടെ ഒരു വര്‍ഷത്തിനിടെ, രാജ്യവ്യാപകമായി സംഘടിപ്പിച്ച 13,700ലധികം പരിപാടികളിലൂടെ ഒരു കോടിയിലധികം പൗരന്മാരെ പ്രചാരണത്തില്‍ അണിനിരത്തി. പ്രാദേശിക പരിപാടികളിലൂടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങള്‍, യുവാക്കള്‍ അടക്കമുള്ളവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രചാരണത്തിന്റെ സ്വാധീനം സര്‍വ്വാശ്ലേഷിയും സ്ഥായിയുമാണെന്ന് ഉറപ്പാക്കി. സ്വാഭിമാന്‍ ഘട്ടത്തിലേക്കുള്ള സുഗമമായ പരിവര്‍ത്തനം, പൗരന്മാരെ അവരുടെ ഭരണഘടനാ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവത്കരിക്കുക മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നതില്‍ നിരന്തര ശ്രദ്ധ പുലര്‍ത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും വ്യക്തമാക്കുന്നു.' 
***
 

(रिलीज़ आईडी: 2195129) आगंतुक पटल : 22
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Odia , Tamil