ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണഘടനാദിനാചരണ ചടങ്ങിനെ (സംവിധാന്‍ ദിവസ്) ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

Posted On: 26 NOV 2025 2:01PM by PIB Thiruvananthpuram

സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ ഇന്ന് നടന്ന ഭരണഘടനാദിനാചരണ (സംവിധാന്‍ ദിവസ്) ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ശ്രീ സി.പി. രാധാകൃഷ്ണന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ദര്‍ശനം, മൂല്യങ്ങള്‍, ശാശ്വത പൈതൃകം തുടങ്ങിയവയെ ശക്തമായി ഉയര്‍ത്തിക്കാട്ടി.

2015 മുതല്‍, നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിച്ചുവരികയാണെന്നും ഇന്നത് മാതൃരാജ്യത്തിലെ ഓരോ പൗരന്റെയും അഭിമാനാഘോഷമായി മാറിയിരിക്കുകയാണെന്നും ശ്രീ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. ബാബാസാഹേബ് ഡോ. ഭീം റാവു അംബേദ്കര്‍, ഡോ. രാജേന്ദ്ര പ്രസാദ്, ശ്രീ. എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍, ശ്രീ അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍, ശ്രീ. ദുര്‍ഗാഭായ് ദേശ്മുഖ് തുടങ്ങിയ അസാധാരണ പ്രതിഭകള്‍ ചേര്‍ന്നാണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ഓരോ പേജും രാജ്യത്തിന്റെ ആത്മാവിനെയും ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഭരണഘടന സൃഷ്ടിച്ചിരിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിനായി പോരാടിയ കോടിക്കണക്കിന് ഇന്ത്യക്കാരുടെ സഞ്ചിത ജ്ഞാനം, ത്യാഗങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവയുടെ സാരമാണ് നമ്മുടെ ഭരണഘടനയെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിലെ മികച്ച നേതാക്കള്‍ ചേര്‍ന്നാണ് ഭരണഘടന തയ്യാറാക്കുകയും ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും അന്തിമമായി അംഗീകരിക്കുകയും ചെയ്തത്. കരട് സമിതിയുടെയും ഭരണഘടനാ നിര്‍മ്മാണസഭാംഗങ്ങളുടെ നിസ്വാര്‍ത്ഥ പരിശ്രമങ്ങള്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ  പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുകയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഭാരതം ഉയര്‍ന്നുവരുന്നതിനുള്ള അടിത്തറ പാകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.  ബുദ്ധിയില്‍ നിന്നും, അനുഭവങ്ങളില്‍ നിന്നും, ത്യാഗങ്ങളില്‍ നിന്നും, അഭിലാഷങ്ങളില്‍ നിന്നും ജനിച്ച ഭരണഘടന, ഭാരതം എക്കാലവും ഐക്യത്തോടെയും അഖണ്ഡതയോടെയും നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രായോഗികവും സാചുറേഷന്‍ (പരമാവധി പേരിലെത്തുക) അടിസ്ഥാനത്തിലുള്ളതുമായ സമീപനങ്ങള്‍ സ്വീകരിച്ചതിലൂടെ ഇന്ത്യ വിവിധ വികസന സൂചകങ്ങളില്‍ ശ്രദ്ധേയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. ലളിതമായ തുടക്കത്തില്‍ നിന്ന് ഇന്ത്യ ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയര്‍ന്നിരിക്കുന്നു. താമസംവിനാ ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്ന മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിന് ഇടയില്‍ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതും, 100 കോടിയിലധികം പൗരന്മാരെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിധിയില്‍ കൊണ്ടുവന്നതും അസാധ്യമെന്ന് തോന്നിയ ലക്ഷ്യങ്ങളെ ഇന്ത്യ സാധ്യമാക്കിയതിന്റെ തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യം  എന്നത് ഒരു പുതിയ ആശയമല്ലെന്ന് ശ്രീ. സി. പി. രാധാകൃഷ്ണന്‍ വ്യക്തമാക്കി. വടക്ക് വൈശാലിയില്‍ തുടങ്ങി തെക്ക് ചോള ഭരണാധികാരികളുടെ 'കുടവോലൈ' വരെയുള്ള സമ്പ്രദായങ്ങളിലെ ചരിത്രപരമായ ഉദാഹരണങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. ആധുനിക കാലത്തിന് ഏറെ മുമ്പ് തന്നെ ഇന്ത്യ ജനാധിപത്യത്തിന്റെ മാതൃകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ അവബോധപൂര്‍ണ്ണമായ പങ്കാളിത്തമില്ലാതെ ഒരു ജനാധിപത്യത്തിനും നിലനില്‍ക്കാന്‍ കഴിയില്ലെന്നും, ജമ്മു കാശ്മീരിലും ബിഹാറിലും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ ശതമാനം ഉയര്‍ന്നത് ജനാധിപത്യ പ്രക്രിയയിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

ഭരണഘടനാ നിര്‍മ്മാണസഭയിലെ വനിതാ അംഗങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി, ഹന്‍സ മേത്തയുടെ വാക്കുകള്‍ അനുസ്മരിച്ചു: 'സാമൂഹിക നീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി എന്നിവയാണ് നാം ആവശ്യപ്പെട്ടത്. 2023ല്‍ നടപ്പിലാക്കിയ നാരി ശക്തി വന്ദന്‍ അധിനിയം, സ്ത്രീകളുടെ ഈ മഹത്തായ സംഭാവനകള്‍ക്ക് അര്‍ഹിച്ച ആദരവര്‍പ്പിക്കുകയും രാഷ്ട്രനിര്‍മാണത്തില്‍ അവരുടെ അര്‍ത്ഥവത്തായ പങ്കാളിത്തം  ഉറപ്പാക്കുകയും ചെയ്യുന്ന ചരിത്രനടപടി ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും ഭരണഘടനാ  നിര്‍മ്മാണസഭയിലും ഗോത്ര സമൂഹങ്ങളുടെ സുപ്രധാന പങ്കും ത്യാഗങ്ങളും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. അവരുടെ സംഭാവനകളെ ആദരിക്കുന്നതിനായി 2021 മുതല്‍ ജന്‍ജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് സാമൂഹിക നീതിയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത ഭരണഘടന ഉള്‍ക്കൊള്ളുന്നുവെന്ന് ശ്രീ. സി.പി. രാധാകൃഷ്ണന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ആദര്‍ശങ്ങള്‍ ജാതി, മതം, ലിംഗഭേദം, ഭാഷ, പ്രദേശം, മതം എന്നിവ പരിഗണിക്കാതെ ഓരോ പൗരനും ഭാരത മണ്ണില്‍ അര്‍ഹമായ സ്ഥാനം ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള, ഭൗമരാഷ്ട്രീയ, സാമ്പത്തിക പരിതസ്ഥിതിയില്‍, തെരഞ്ഞെടുപ്പ്, നീതിന്യായ, സാമ്പത്തിക സംവിധാനങ്ങളിലെ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാഷ്ട്രം,  ഒരു നികുതി (GST), ജാം ത്രിത്വം (ജന്‍ധന്‍, ആധാര്‍, മൊബൈല്‍) തുടങ്ങിയ സംരംഭങ്ങള്‍ ഭരണനിര്‍വ്വഹണം കൂടുതല്‍ ലളിതമാക്കി, ബിസിനസ് ചെയ്യുന്നത് സുഗമമാക്കി, ആനുകൂല്യങ്ങള്‍ നേരിട്ട് പൗരന്മാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കി. വികസിത ഭാരതത്തിന്റെ അഭിലാഷകരമായ ദര്‍ശനം കൈവരിക്കുന്നതിന് ആധുനിക ഐടി സാങ്കേതികവിദ്യകള്‍ ക്രിയാത്മകമായി വിനിയോഗിക്കാന്‍ അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. രാഷ്ട്രനിര്‍മ്മാണത്തില്‍ ഓരോ വ്യക്തിയുടെയും ബോധപൂര്‍വമായ സംഭാവന ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഭരണഘടനയ്ക്കുള്ള ഏറ്റവും വലിയ ആദരം, അതിന്റെ മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്നും ശക്തവും,സര്‍വ്വാശ്ലേഷിയും, സമൃദ്ധവുമായ ഒരു വികസിത ഭാരതം @ 2047 ലക്ഷ്യമിട്ട് ഒരുമയോടെ  പ്രവര്‍ത്തിക്കുമെന്നും ഉള്ള പ്രതിജ്ഞയാണെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ശ്രീ. സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ ലഭിക്കും:

https://www.pib.gov.in/PressReleasePage.aspx?PRID=2194550

***


(Release ID: 2195044) Visitor Counter : 4