രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സൈപ്രസില്‍ നിന്നുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 26 NOV 2025 6:42PM by PIB Thiruvananthpuram

സൈപ്രസ് പ്രതിനിധി സഭയുടെ പ്രസിഡന്റ് അനീറ്റ ഡിമെട്രിയോയുടെ നേതൃത്വത്തില്‍ സൈപ്രസില്‍ നിന്നുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘം ഇന്ന് ( 2025 നവംബര്‍ 26 ) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവുമായി രാഷ്ട്രപതി ഭവനില്‍ കൂടിക്കാഴ്ച നടത്തി.

ജനാധിപത്യ മൂല്യങ്ങളാലും ശക്തമായ പാര്‍ലമെന്ററി പാരമ്പര്യങ്ങളാലും ബന്ധിതരായ അടുത്ത പങ്കാളികളാണ് ഇന്ത്യയും സൈപ്രസും എന്ന് അനീറ്റ ഡിമെട്രിയോയേയും അവരുടെ പ്രതിനിധി സംഘത്തേയും സ്വാഗതം ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. പങ്കിട്ട തന്ത്രപരമായ കാഴ്ചപ്പാടിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ സൈപ്രസുമായുള്ള പങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നുവെന്ന് അവര്‍ അടിവരയിട്ടു.

സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയും സൈപ്രസും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍, സാമ്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, സാംസ്‌കാരിക ബന്ധങ്ങള്‍ എന്നിവ കൂടുതല്‍ ആഴത്തിലായിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യ-സൈപ്രസ് സാമ്പത്തിക ബന്ധങ്ങള്‍ക്ക് , വിപുലീകരണത്തിന് വലിയ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, കോമണ്‍വെല്‍ത്ത് ചട്ടക്കൂട് എന്നിവയുള്‍പ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തേയും അവര്‍ അഭിനന്ദിച്ചു.


സൈപ്രസ് പ്രതിനിധിസഭയിലെ ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറുമാണ് അനീറ്റ ഡിമെട്രിയോ എന്നതില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഇത് സൈപ്രസിലെ സ്ത്രീകള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന ജനാധിപത്യ പങ്കാളിത്തത്തെക്കുറിച്ച് രാഷ്ട്രപതി വിശദീകരിച്ചു. പഞ്ചായത്ത് രാജ് സംവിധാനത്തിലൂടെ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ സജീവമായ പൊതുജീവിതത്തിന്റെ ഭാഗമാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ അധോസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള സുപ്രധാന നിയമം പാസാക്കിയിട്ടുണ്ടെന്നും ശ്രീമതി മുര്‍മു ചൂണ്ടിക്കാട്ടി.

ഈ സന്ദര്‍ശന വേളയില്‍ സൈപ്രസിലെ പാര്‍ലമെന്ററി പ്രതിനിധി സംഘം ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ചും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളേക്കുറിച്ചും അറിവ് നേടുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം പാര്‍ലമെന്ററി കൈമാറ്റങ്ങള്‍ ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

*****


(Release ID: 2195036) Visitor Counter : 4