ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

സംവിധാന്‍ ദിവസ'ത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

Posted On: 26 NOV 2025 4:14PM by PIB Thiruvananthpuram

രാജ്യസഭ ചെയര്‍മാനുമായ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭ സ്പീക്കര്‍, ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

രാജ്യം ഇന്ന് 11-ാമത് 'സംവിധാന്‍ ദിവസ്'/ ഭരണഘടനാ ദിനം ദേശ സ്‌നേഹവും ആവേശവും നിറഞ്ഞാഘോഷിച്ച വേളയില്‍, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു, സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ശ്രീ. സി. പി. രാധാകൃഷ്ണനും ചടങ്ങില്‍ പ്രഭാഷണം നടത്തി. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി; ലോക്‌സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. മല്ലികാര്‍ജുന്‍ ഖാര്‍ഗെ; ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. രാഹുല്‍ ഗാന്ധി ; രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ. ഹരിവംശ്, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

സംവിധാന്‍ സദനിലെ പ്രശസ്തമായ സെന്‍ട്രല്‍ ഹാളില്‍ സ്വാഗത പ്രസംഗം നടത്തിയ ലോക്‌സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള, ഇന്ത്യയുടെ ഭരണഘടന രാജ്യത്തിന്റെ സംസ്‌കാരം, ഭാഷ, പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍ എന്നിവയുടെ അഗാധമായ വൈവിധ്യത്തെ പൊതു ജനാധിപത്യ മൂല്യങ്ങളില്‍ വേരൂന്നിയ ശക്തവും ഏകീകൃതവുമായ ദേശീയ സ്വത്വമാക്കി മാറ്റിയതായി അഭിപ്രായപ്പെട്ടു. ഭരണഘടന രാഷ്ട്രത്തിന്റെ ഹൃദയമായും ആത്മാവായും നിലകൊള്ളുന്നു. അത് രാജ്യത്തിന്റെ സാംസ്‌കാരിക ജ്ഞാനം, ജനാധിപത്യ നൈതികത, കൂട്ടായ അഭിലാഷങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ചെയര്‍മാന്‍ ഡോ. രാജേന്ദ്ര പ്രസാദിനും, ഭരണഘടനയുടെ മുഖ്യ ശില്പിയായ ബാബാ സാഹേബ് ഡോ. ഭീം റാവു അംബേദ്കറിനും, ഭരണഘടനാ അസംബ്ലിയിലെ എല്ലാ അംഗങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, അവരുടെ ദീര്‍ഘവീക്ഷണവും, ജ്ഞാനവും, അക്ഷീണ പ്രയത്‌നവും കൊണ്ടാണ് ഓരോ പൗരനും നീതി, സമത്വം, സാഹോദര്യം, അന്തസ്സ് എന്നിവ ഉറപ്പുനല്‍കുന്ന ഒരു ദര്‍ശനാത്മക ഭരണഘടന ഇന്ത്യയ്ക്ക് ലഭിച്ചതെന്ന് ശ്രീ. ബിര്‍ള വ്യക്തമാക്കി

ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ ഹാളിനെ പരാമര്‍ശിച്ചുകൊണ്ട്, സമഗ്രമായ സംവാദങ്ങളും ഫലപ്രദമായ ചര്‍ച്ചകളും ഭരണഘടനാ ചട്ടക്കൂടിനെ രൂപപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങള്‍ സ്ഥായിയായ ഭരണഘടനാ തത്വങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത പുണ്യസ്ഥലമാണിതെന്ന് ശ്രീ. ബിര്‍ള എടുത്തുപറഞ്ഞു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി, ഈ ഭരണഘടനയാല്‍ നയിക്കപ്പെടുന്ന ഇന്ത്യ പുരോഗമന നിയമങ്ങള്‍ നടപ്പിലാക്കുകയും സാമൂഹിക നീതിയും സമഗ്ര വികസനവും കൈവരിക്കുകയും ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലവും സ്ഥിരതയുള്ളതുമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായി ഉയര്‍ന്നുവരികയും ചെയ്തതായി അദ്ദേഹം നിരീക്ഷിച്ചു.

 ആമുഖത്തിലെ 'നാം, ഇന്ത്യയിലെ ജനങ്ങള്‍' എന്ന വാക്കുകള്‍ 140 കോടി പൗരന്മാരുടെ കൂട്ടായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയുടെ ഐക്യത്തിന്റെ ശക്തി ദൃഢമാക്കുന്നതായും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. 2047 ഓടെ ഒരു വികസിത ഭാരതം സൃഷ്ടിക്കുക എന്നതാണ് ഇന്നത്തെ പൊതുവായ ദേശീയ പ്രതിജ്ഞാബദ്ധതയെന്നും, ഓരോ പൗരനും ഭരണഘടനയുടെ മൂല്യങ്ങളും ആദര്‍ശങ്ങളും സ്വീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ മൂല്യങ്ങളോടുള്ള സമര്‍പ്പണം ആവര്‍ത്തിച്ച് സ്ഥിരീകരിക്കാനും, എല്ലാറ്റിനുമുപരി ദേശീയ താല്‍പ്പര്യം സ്ഥാപിക്കാനും, വികസനം, നീതി, ഐക്യം, സാഹോദര്യം, മാനുഷിക അന്തസ്സ് എന്നിവയുടെ ആഗോള മാതൃകയായി നിലകൊള്ളുന്ന ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കാനും എല്ലാ പൗരന്മാരോടും, പ്രത്യേകിച്ച് യുവാക്കളോടും ശ്രീ. ബിര്‍ള അഭ്യര്‍ത്ഥിച്ചു.

 പരിപാടിയില്‍ സന്നിഹിതരായ എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും ശ്രീ. ബിര്‍ള നന്ദി രേഖപ്പെടുത്തി. ഈ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുന്നത് ഭരണഘടനാ മൂല്യങ്ങളോടുള്ള രാജ്യത്തിന്റെ കൂട്ടായ പ്രതിജ്ഞാബദ്ധതയെ ആവര്‍ത്തിച്ചു ഉറപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി, മലയാളം, മറാത്തി, നേപ്പാളി, പഞ്ചാബി, ബോഡോ, കാശ്മീരി, തെലുങ്ക്, ഒഡിയ, അസമീസ് എന്നീ ഒമ്പത് ഭാഷകളിലേക്ക് ഇന്ത്യന്‍ ഭരണഘടനയുടെ വിവര്‍ത്തനം ചെയ്ത ഡിജിറ്റല്‍ പതിപ്പുകള്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു പുറത്തിറക്കി. ഭരണഘടനയുടെ ആമുഖത്തിന്റെ കൂട്ടായ വായനയ്ക്ക് അവര്‍ നേതൃത്വം നല്‍കി. രാജ്യത്തിന്റെ മഹത്തായ ഭരണഘടനാ തത്വങ്ങളിലുള്ള ആഴത്തിലുള്ള വിശ്വാസവും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ആവര്‍ത്തിച്ചുറപ്പിച്ചു.

***


(Release ID: 2195021) Visitor Counter : 5