ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

മരണപ്പെട്ട 2 കോടിയിലധികം പേരുടെ ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി യുഐഡിഎഐ

സംരംഭത്തിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയില്‍ നിന്ന് വിവരശേഖരണം

കുടുംബാംഗങ്ങള്‍ക്ക് 'മൈ ആധാര്‍' പോര്‍ട്ടല്‍ വഴി ബന്ധുക്കളുടെ മരണം റിപ്പോര്‍ട്ട് ചെയ്യാം

Posted On: 26 NOV 2025 2:53PM by PIB Thiruvananthpuram
ആധാര്‍ വിവരശേഖരത്തിന്റെ കൃത്യത നിലനിര്‍ത്താന്‍ രാജ്യവ്യാപകമായി നടത്തുന്ന വിവര ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മരണമടഞ്ഞ രണ്ടു കോടിയിലധികം പേരുടെ ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി.  

രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ), സംസ്ഥാനങ്ങളും  കേന്ദ്രഭരണ പ്രദേശങ്ങളും, പൊതുവിതരണ സമ്പ്രദായം, ദേശീയ സാമൂഹ്യസഹായ പദ്ധതി എന്നിവയുള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്നാണ് മരണപ്പെട്ടവരുടെ വിവരങ്ങള്‍ യുഐഡിഎഐ ശേഖരിക്കുന്നത്.  വിവരങ്ങള്‍ക്കായി  ധനകാര്യ സ്ഥാപനങ്ങളുമായും മറ്റ് സ്ഥാപനങ്ങളുമായും സഹകരിക്കാനും യുഐഡിഎഐ-യ്ക്ക് പദ്ധതിയുണ്ട്.  

ഒരു വ്യക്തിയുടെ ആധാര്‍ നമ്പര്‍ ഒരിക്കലും മറ്റൊരാള്‍ക്ക് വീണ്ടും നല്‍കുന്നില്ല. എങ്കിലും ഒരാള്‍ മരണപ്പെട്ടാല്‍ ആധാര്‍  ദുരുപയോഗം ചെയ്യുന്നത് തടയാനും ക്ഷേമ ആനുകൂല്യങ്ങള്‍ അനധികൃതമായി കൈപ്പറ്റുന്നത് ഒഴിവാക്കാനും  അവരുടെ ആധാര്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാക്കേണ്ടത് അനിവാര്യമാണ്.

സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഉപയോഗിക്കുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യം  'മൈ ആധാര്‍ പോര്‍ട്ടലില്‍' ഈ വര്‍ഷം ആദ്യം യുഐഡിഎഐ തുടങ്ങിയിരുന്നു.  ബാക്കി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പോര്‍ട്ടലുമായി സംയോജിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.  

സ്വയം  സാക്ഷ്യപ്പെടുത്തിയ  ശേഷം മരണമടഞ്ഞ വ്യക്തിയുടെ ആധാര്‍ നമ്പറും മരണ രജിസ്‌ട്രേഷന്‍ നമ്പറും  ജനസംഖ്യാപരമായ മറ്റ് വിശദാംശങ്ങളും കുടുംബാംഗം പോര്‍ട്ടലില്‍ നല്‍കേണ്ടതുണ്ട്. കുടുംബാംഗം സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം മരണപ്പെട്ട വ്യക്തിയുടെ ആധാര്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാക്കാനോ  മറ്റ് നടപടികള്‍ സ്വീകരിക്കാനോ തുടര്‍ നടപടി കൈക്കൊള്ളുന്നു.  

മരണം രജിസ്റ്റര്‍ ചെയ്യുന്ന അധികൃതരില്‍നിന്ന് മരണ സാക്ഷ്യപത്രം ലഭിച്ച ശേഷം മൈ ആധാര്‍ പോര്‍ട്ടലില്‍ മരണപ്പെട്ടവരുടെ വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബാംഗങ്ങളെ യുഐഡിഎഐ പ്രോത്സാഹിപ്പിക്കുന്നു.  
****
 

(Release ID: 2194873) Visitor Counter : 7