iffi banner

ബോണ്ട്, ബാറ്റ്‌മാൻ എന്നിവയുടെ ദൃശ്യവിസ്മയം ഒരുക്കിയ SFX മാസ്‌ട്രോ ക്രിസ് കോർബോൾഡ് IFFI-യിൽ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചു

കലാ അക്കാദമിയിലെ നിറഞ്ഞ സദസ്സിൽ, അക്കാദമി അവാർഡ് ജേതാവായ സ്പെഷ്യൽ  ഇഫക്ട്സ് മാസ്‌ട്രോ ക്രിസ്റ്റഫർ ചാൾസ് കോർബോൾഡ് OBE സിനിമാ അനുഭവങ്ങളുടെ അപൂർവമായ വിരുന്നാണ് ഒരുക്കിയത്.  'ഫ്രം ബോണ്ട് ടു ബാറ്റ്മാൻ: SFX, സ്റ്റണ്ട്സ് & സ്പെക്റ്റാക്കിൾ' എന്ന പേരിലുള്ള അഭിമുഖ സെഷനിൽ,  ജെയിംസ് ബോണ്ടിൻ്റെ ലോകം പൊട്ടിത്തെറിപ്പിക്കുകയും , ബാറ്റ്‌മാൻ്റെ ട്രക്ക് മറിച്ചിടുകയും, ക്രിസ്റ്റഫർ നോളനുവേണ്ടി ഭൗതികശാസ്ത്ര നിയമങ്ങളെ വളച്ചൊടിക്കുകയും ചെയ്ത കോർബോൾഡ്, ദൃശ്യവിസ്മയത്തിൻ്റെ  യാന്ത്രികതയിലേക്ക്  പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. പതിറ്റാണ്ടുകളുടെ ചലച്ചിത്ര നിർമ്മാണ വൈദഗ്ധ്യത്തിലൂടെയുള്ള ആവേശകരമായ ഒരു യാത്രയായിരുന്നു ഈ സെഷൻ.

 


 

ചലച്ചിത്ര നിർമ്മാതാവ് രവി കൊട്ടാരക്കര തൻ്റെ  ഫോൺ ഉയർത്തിപ്പിടിച്ച്  ബോണ്ട് തീം കേൾപ്പിച്ചുകൊണ്ടാണ്  സെഷന് തുടക്കം കുറിച്ചത്. 15 ബോണ്ട് സിനിമകൾക്ക് പിന്നിലെ ഇതിഹാസത്തെ തിരിച്ചറിയാൻ ഈ സംഗീതം മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ബാറ്റ്മാൻ സിനിമകളിലേയും അക്കാദമി അവാർഡ് നേടിയ 'ഇൻസെപ്ഷൻ' എന്ന ചിത്രത്തിലേയും സ്പെഷ്യൽ ഇഫക്റ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ച കോർബോൾഡിനെ അദ്ദേഹം  ആദരിച്ചു. പ്രശസ്ത നിരൂപകൻ നമൻ രാമചന്ദ്രൻ മോഡറേറ്റർ ആയ ഈ സംഭാഷണം, ബ്ലോക്ക്ബസ്റ്റർ സിനിമയുടെ മുൻനിരയിൽ നിന്നുള്ള നേരിട്ടുള്ള കഥകളാൽ നിറഞ്ഞ കൗതുകകരവും ഊർജ്ജസ്വലവുമായ അന്തരീക്ഷം സൃഷ്ടിച്ചു.

തൻ്റെ കരവിരുതിൻ്റെ അടിസ്ഥാന തത്വശാസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ കോർബോൾഡ് മറുപടി നൽകി. താൻ എപ്പോഴും കഴിയുന്നത്ര കാര്യങ്ങളും പ്രായോഗികമായി ചെയ്യുന്നുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായോഗിക ഇഫക്റ്റുകളും ഡിജിറ്റൽ ഇഫക്റ്റുകളും തമ്മിലുള്ള ആദ്യകാല സംഘർഷങ്ങൾ അദ്ദേഹം ഓർമ്മിക്കുകയും, എന്നാൽ ഇപ്പോൾ ഇരു ടീമുകളും പരസ്പരം മനോഹരമായി പൂരകമാക്കാൻ പഠിച്ചതെങ്ങനെയെന്ന് വിശദീകരിക്കുകയും ചെയ്തു.  പരസ്പരം സഹായിക്കാൻ കഴിയുമെന്ന് ഇരു ടീമുകളും തിരിച്ചറിഞ്ഞതായി കോർബോൾഡ് പറഞ്ഞു. ഇന്നത്തെ ഏറ്റവും മികച്ച സിനിമാ നിമിഷങ്ങൾ രണ്ടിൻ്റേയും തടസ്സമില്ലാത്ത സംയോജനത്തിൽ  നിന്നാണ് പിറവിയെടുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോളൻ്റെ കൃത്യതാ പാഠശാല

നാല് സിനിമകളിൽ ക്രിസ്റ്റഫർ നോളനുമായി സഹകരിച്ച കോർബോൾഡ്, യഥാർത്ഥ ഘടകങ്ങളിലുള്ള സംവിധായകൻ്റെ വിട്ടുവീഴ്ചയില്ലാത്ത വിശ്വാസത്തെക്കുറിച്ച് വിവരിച്ചു. സാധ്യമാകുമ്പോഴെല്ലാം, നോളൻ പ്രായോഗിക നിർവ്വഹണം ആവശ്യപ്പെട്ടു. അതായത്  യഥാർത്ഥ കാറുകൾ, യഥാർത്ഥ അപകടങ്ങൾ, യഥാർത്ഥ കെട്ടിടങ്ങൾ എന്നിവ. തങ്ങൾ ആദ്യം അത് ഭൗതികമായി ചിത്രീകരിക്കുകയും അതിനുശേഷം ഡിജിറ്റൽ ടീം അതിനെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന്  അദ്ദേഹം വിശദീകരിച്ചു.


 

'കാസിനോ റോയാലിലെ' മുങ്ങിപ്പോകുന്ന പാലാസോ, 'ഇൻസെപ്ഷൻ' എന്ന ചിത്രത്തിലെ   ഇടനാഴിയിലെ പോരാട്ടം, 'ദി ഡാർക്ക് നൈറ്റിലെ' മറക്കാനാവാത്ത ട്രക്ക് കരണംമറിയൽ എന്നിവയുടെ ദൃശ്യങ്ങളും അണിയറക്കാഴ്ചകളുടെ വീഡിയോ ക്ലിപ്പുകളും  പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. കൂറ്റൻ റിഗ്ഗുകൾ രൂപകൽപ്പന ചെയ്യുന്നതിൻ്റേയും  കറങ്ങുന്ന ഇടനാഴികൾ നിർമ്മിക്കുന്നതിൻ്റേയും  കൃത്യമായ പാതകളിലൂടെ സഞ്ചരിക്കാൻ ഹെലികോപ്റ്ററുകൾ പ്രോഗ്രാം ചെയ്യുന്നതിൻ്റേയും  അങ്ങേയറ്റം അപകടകരമായ സ്റ്റണ്ടുകൾക്കായി വാഹനങ്ങൾ എഞ്ചിനീയറിംഗ് ചെയ്യുന്നതിൻ്റേയും വിശദമായ കഥകളിലേക്ക് ഓരോ ക്ലിപ്പും വാതിൽ തുറന്നു.

കൃത്യത, പരിശോധന, എല്ലാറ്റിനുമുപരിയായി സുരക്ഷ

സ്ക്രീനിലെ ഓരോ ദൃശ്യവിസ്മയത്തിനും പിന്നിൽ എണ്ണമറ്റ മണിക്കൂറുകളുടെ സൂക്ഷ്മമായ തയ്യാറെടുപ്പുകൾ ഉണ്ടെന്ന് കോർബോൾഡ് ഊന്നിപ്പറഞ്ഞു. കുറഞ്ഞത് 25 തവണയെങ്കിലും തങ്ങൾ സിസ്റ്റങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവിക്കാൻ സാധ്യതയുള്ള എല്ലാ തകരാറുകളെക്കുറിച്ചും എല്ലാ ആകസ്മികതകളെക്കുറിച്ചും തങ്ങൾ ചിന്തിക്കുമെന്നും അഭിനേതാക്കളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനേതാക്കൾ ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും ജോലി ചെയ്യേണ്ടതുണ്ട്. അവരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി വാഹനങ്ങളിൽ  അഗ്നി സുരക്ഷാ സംവിധാനങ്ങൾ നിർമ്മിക്കുകയും വാഹനങ്ങളുടെ ഉൾഭാഗത്ത്  സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിക്കുകയും ചെയ്യുമെന്ന് കോർബോൾഡ് പറഞ്ഞു.

തൻ്റെ സെറ്റുകളിൽ ഒന്നിലധികം വകുപ്പുകളുടെ  ഏകോപനം എങ്ങനെയാണ്  നിർബന്ധമാക്കുന്നതെന്ന് അദ്ദേഹം വിവരിച്ചു. “എല്ലാവരും ഒരുമിച്ച് ഇരിക്കുന്നു. സർപ്രൈസുകൾ ഒന്നുമില്ല. എന്ത് സംഭവിക്കുമെന്ന് എല്ലാവരും കൃത്യമായി അറിഞ്ഞിരിക്കണം.”  കോർബോൾഡിൻ്റെ   ദീർഘകാല ആകർഷണങ്ങളിലൊന്നായ  നിയന്ത്രിത സ്ഫോടനങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മുഖം പ്രകാശിച്ചു. എല്ലാം മില്ലിസെക്കൻഡുകൾ വരെ സമയം കണക്കാക്കിയാണ് ചെയ്യുന്നതെന്നും കമ്പ്യൂട്ടറൈസ്ഡ്  സ്ഫോടന സംവിധാനം ഉപയോഗിച്ച്  ഓരോ സ്ഫോടനവും അത് സംഭവിക്കേണ്ട കൃത്യ സമയത്ത് ട്രിഗർ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഡിജിറ്റൽ സാങ്കേതികവിദ്യ, രാജമൗലി , ഭാവി

ഡിജിറ്റൽ ഇഫക്റ്റുകൾ തൻ്റെ  സൃഷ്ടികളെ കാലഹരണപ്പെടുത്തുമെന്ന് താൻ ഒരിക്കൽ ഭയപ്പെട്ടിരുന്നതായി കോർബോൾഡ്  തുറന്നുപറഞ്ഞു. എന്നാൽ അതുപോലെ സംഭവിച്ചില്ലെന്നും കാരണം ഡിജിറ്റൽ എന്നത്  കേവലമൊരു  ഉപാധി മാത്രമാണെന്നും മറിച്ച്  മുഴുവൻ സംഭവമല്ലെന്നും തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചലച്ചിത്രകാരൻ എസ്.എസ്. രാജമൗലിയോട് അദ്ദേഹം ആരാധന പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ സിനിമകൾ  കാണാൻ ഗംഭീരമാണെന്ന് വിശേഷിപ്പിച്ച കോർബോൾഡ്  വരാനിരിക്കുന്ന ‘വാരണാസി’ യെക്കുറിച്ച് ആവേശത്തോടെ അന്വേഷിക്കുകയും ചെയ്തു.

 



 

സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താൻ ഇപ്പോൾ  SFX മേൽനോട്ടത്തിൽ നിന്ന്  മാറിനിൽക്കുകയാണെന്നും ഇന്ത്യയിൽ നടക്കുന്ന കഥകൾ പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അഭിലാഷമുള്ള യുവ സ്രഷ്ടാക്കൾക്ക്  സന്ദേശം നല്കിക്കൊണ്ടാണ് കോർബോൾഡ് സംഭാഷണം അവസാനിപ്പിച്ചത്.  പ്രായോഗിക ഇഫക്റ്റുകൾ നിലനിൽക്കുമെന്നും ഘടകങ്ങൾ നിങ്ങൾക്കെതിരെ പ്രവർത്തിക്കുമ്പോൾ പോലും എല്ലാ വെല്ലുവിളികളേയും മറികടന്ന് സംവിധായകൻ്റെ ദർശനത്തെ  യാഥാർത്ഥ്യമാക്കുന്നത് പ്രതിഫലദായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
 

****

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2194512   |   Visitor Counter: 17

इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , हिन्दी , Tamil , Kannada