പ്രാദേശിക സിനിമയുടെ വൈവിധ്യവും സമൃദ്ധിയും ഐഎഫ്എഫ്ഐ ആഘോഷിക്കുന്നു
56-ാം അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രോത്സവത്തിൽ (IFFI) രാജ്യത്തെ സിനിമയുടെ സമ്പന്നമായ വൈവിദ്ധ്യത്തെ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി തമിഴിലെ 'പിറന്തനാൾ വാഴ്ത്തുകൾ', മറാത്തിയിലെ 'ദൃശ്യ അദൃശ്യ' എന്നീ രണ്ട് പ്രാദേശിക സിനിമകളുടെ അണിയറ പ്രവർത്തകർ ഇന്ന് മാധ്യമങ്ങളുമായി സംവദിച്ചു.
പിറന്തനാൾ വാഴ്ത്തുകൾ എന്ന തമിഴ് സിനിമയുടെ നിർമ്മാണാനുഭവം പങ്കുവെച്ചുകൊണ്ട് സംവിധായകൻ രാജു ചന്ദ്ര, പ്രാദേശിക സാംസ്കാരിക പാരമ്പര്യങ്ങളിൽ വേരൂന്നിയ ചലച്ചിത്രനിർമ്മാണത്തിന് സ്വന്തം സമൂഹത്തിൽ നിന്ന് മാത്രമല്ല, മറ്റ് സാംസ്കാരിക കൂട്ടായ്മകളിൽ നിന്നും പ്രോത്സാഹനം ആവശ്യമാണെന്ന് വ്യക്തമാക്കി. "സാംസ്കാരിക സ്വീകാര്യത, സിനിമയോടുള്ള പ്രതിബദ്ധത, ടീം വർക്ക് എന്നിവയാണ് ഒരു പ്രാദേശിക സിനിമയുടെ വിജയത്തിന് നിദാനമായ ഘടകങ്ങൾ" എന്ന് അദ്ദേഹം പ്രസ്താവിച്ചു. സിനിമയിലെ പ്രധാന നടൻ അപ്പുക്കുട്ടിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വെറും എട്ടുപത്ത് അംഗങ്ങളുള്ള ഒരു ചെറിയ സംഘത്തിന്റെ സഹായത്തോടെ ഒറ്റപ്പെട്ട ഒരു റിസോർട്ടിലാണ് ആവേശകരമായ ഈ സസ്‌പെൻസ് ത്രില്ലർ ചിത്രം ചിത്രീകരിച്ചതെന്ന് മറാത്തി ചിത്രമായ ദൃശ്യ അദൃശ്യയെക്കുറിച്ച് സംസാരിക്കവെ സംവിധായകൻ മിലിന്ദ് ലെലെ പറഞ്ഞു. പരിമിതമായ വിഭവങ്ങൾ മാത്രം ഉണ്ടായിരുന്നിട്ടും ഈ ചിത്രം സാക്ഷാത്കരിക്കാൻ കഴിഞ്ഞത് ഓരോ സംഘാംഗത്തിന്റെയും സമർപ്പണം കൊണ്ടാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ജനുവരിയിൽ ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബാനറുകളിൽ പുറത്തിറങ്ങുന്ന സിനിമകൾക്കിടയിൽ ഒരു ചെറിയ ബജറ്റ് സിനിമ എങ്ങനെ നിലനിൽക്കും എന്ന ചോദ്യത്തിന് മറുപടിയായി ശ്രീ.ലെലെ പറഞ്ഞു: “ഓരോ സിനിമയും അതിന്റേതായ പരിമിതികളോടെയാണ് വരുന്നത്. ആത്യന്തികമായി, പ്രേക്ഷകരാണ് ഒരു സിനിമയുടെ ഭാവി തീരുമാനിക്കുന്നത്. കഥ, സംവിധാനം, അഭിനയം എന്നിവ ശക്തമാണെങ്കിൽ പ്രാദേശിക സിനിമകൾക്ക് അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും - ഇതെല്ലാം ടീം വർക്കിനാൽ സാധ്യമാണ്.” വലിയ ബാനർ സിനിമകളുടെ തിരക്കിനിടയിൽ, പ്രാദേശിക സിനിമകൾ ‘നല്ലത്’ മാത്രമല്ല, ‘വളരെ നല്ലത്’ ആയിരിക്കണം എന്നുറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സിനിമകൾ ജനങ്ങളുടെ യഥാർത്ഥ സാംസ്കാരിക സാരാംശത്തെയും അവരുടെ പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നതായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഥാസംഗ്രഹം: ദൃശ്യ അദൃശ്യ
"ദൃശ്യ അദൃശ്യ" എന്ന ചിത്രം ഒരു പിക്നിക് സ്ഥലത്തിന്റെ ശാന്തവും എന്നാൽ നിഗൂഢവുമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ആവേശകരമായ കഥയാണ്. ഒരു പെൺകുട്ടിയുടെ പെട്ടെന്നുള്ള തിരോധാനം അസ്വസ്ഥതയുണ്ടാക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് കാരണമാകുന്നു. മനുഷ്യ വികാരങ്ങൾ, സാമൂഹിക സങ്കീർണ്ണതകൾ, ജീവിതങ്ങളെ സ്വാധീനിക്കുന്ന ദൃശ്യവും അദൃശ്യവുമായ ശക്തികൾക്കിടയിലുള്ള ആഴത്തിലുള്ള പഠനം തുടങ്ങിയവ ചിത്രം മുന്നോട്ടുവയ്ക്കുന്നു. പെൺകുട്ടിയുടെ കുടുംബം, പ്രാദേശിക അധികാരികൾ, കാഴ്ചക്കാർ എന്നിവരുടെ വീക്ഷണകോണുകളിലൂടെയാണ് കഥ വികസിക്കുന്നത്. ഓരോരുത്തരും ഭയം, അനിശ്ചിതത്വം, മറഞ്ഞിരിക്കുന്ന സത്യങ്ങൾ എന്നിവയുമായി മല്ലിടുന്നു. പിരിമുറുക്കങ്ങൾ വർദ്ധിക്കുകയും രഹസ്യങ്ങൾ പുറത്തുവരുകയും ചെയ്യുമ്പോൾ, വിശ്വാസം, ഭയം, യാഥാർത്ഥ്യം എന്നിവയുടെ ശക്തമായ വിശകലനമായി കഥ പരിണമിക്കുന്നു. സമാനതകളില്ലാത്ത യാഥാർത്ഥ്യത്തെ വൈകാരിക തീവ്രതയുമായി സംയോജിപ്പിച്ചു കൊണ്ട് , അദൃശ്യമായ മാനസിക- സാമൂഹിക-ആത്മീയ ശക്തികൾ മനുഷ്യരുടെ ജീവിതത്തേയും
ചിന്തകളെയും എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നതെന്ന് ചിത്രം വെളിപ്പെടുത്തുന്നു.
കഥാസംഗ്രഹം: പിറന്തനാൾ വാഴ്ത്തുകൾ (തമിഴ്)
ഗ്രാമത്തിലെ ചെറുപ്പക്കാരുടെ സംഘത്തിന്റെ നേതാവായ അൻപു (അപ്പുക്കുട്ടി) അമിത മദ്യപാനിയും പുകവലിക്കാരനുമാണ്. ഭാര്യയും കുടുംബ സുഹൃത്തുക്കളും ഗ്രാമവാസികളും അദ്ദേഹത്തിന്റെ കുത്തഴിഞ്ഞ ജീവിതത്തെ എതിർക്കുകയും അമിത മദ്യപാനം നിർത്താൻ നിർബന്ധിക്കുകയും ചെയ്തു. ഭാര്യ ഗർഭിണിയാണ്, പ്രസവിക്കാറുമായി. എന്നാൽ ജീവിതത്തിലെ ആനന്ദത്തിന്റെ ഏക ഉറവിടം മദ്യമാണെന്ന് വിശ്വസിച്ച അൻപു താന്തോന്നിയായി ജീവിക്കുന്നു.നാളെയെക്കുറിച്ചുള്ള ചിന്തകൾ ഇല്ലാതെ സ്വന്തം ഇഷ്ടങ്ങളെ കൂട്ടുപിടിച്ച് അദ്ദേഹം ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്നു. ഒരുദിവസം, അവന്റെ ജീവിതം പ്രതീക്ഷിക്കാത്ത രീതിയിൽ വഴിമാറുന്നു. സമൂഹം അവനെ എങ്ങനെ കാണുന്നു? തന്റെ സാമൂഹിക പ്രതിബദ്ധത എന്താണ്? ജീവിതത്തിന്റെ യഥാർത്ഥ മൂല്യം എന്താണ്? എന്നതിനെക്കുറിച്ചൊക്കെ അത് അവന് തിരിച്ചറിവ് നൽകുന്നു.ദേശീയ പുരസ്‌കാര ജേതാവായ അപ്പുക്കുട്ടി പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ സിനിമ, ചലച്ചിത്രലോകത്ത് അപൂർവ സ്ഥാനം നേടിയെടുക്കുമെന്ന കാര്യം നിസ്തർക്കമാണ്. നമ്മെ ചിരിപ്പിച്ചും, കരയിപ്പിച്ചും ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചും ഇതിലെ നായകൻ നമ്മെ അത്ഭുതപ്പെടുത്തുന്നു.
****
रिलीज़ आईडी:
2194098
| Visitor Counter:
9