രാജ്യരക്ഷാ മന്ത്രാലയം
INS മാഹി കമ്മീഷൻ ചെയ്തു
ഇന്ത്യയുടെ ആദ്യ മാഹി-ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർക്രാഫ്റ്റ് പശ്ചിമ നാവിക കമാൻഡിന്റെ ഭാഗമായി
Posted On:
24 NOV 2025 3:38PM by PIB Thiruvananthpuram
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക അന്തർവാഹിനിവേധ യുദ്ധക്കപ്പലായ മാഹി-ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർക്രാഫ്റ്റുകളിൽ (ASW-SWC) ആദ്യത്തേത് - INS മാഹി - 2025 നവംബർ 24-ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.
പശ്ചിമ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ആതിഥേയത്വം വഹിച്ച ചടങ്ങിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അധ്യക്ഷത വഹിച്ചു. മുതിർന്ന നാവിക ഉദ്യോഗസ്ഥർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് പ്രതിനിധികൾ അടക്കമുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു.
മലബാർ തീരത്തെ ചരിത്രപ്രസിദ്ധമായ തീരദേശ പട്ടണമായ മാഹിയിൽ നിന്നാണ് കപ്പലിന് ഈ പേര് ലഭിച്ചത്. പട്ടണത്തിന്റെ സമുദ്ര പൈതൃകവും ശാന്തമായ അഴിമുഖവും കപ്പലിന്റെ ചാരുതയുടെയും ശക്തിയുടെയും സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. INS മാഹിയുടെ ചിഹ്നത്തിൽ, നീലത്തിരമാലകളുടെ പശ്ചാത്തലത്തിൽ കളരി മുറയിൽ ശത്രുക്കളെ ചുഴറ്റി വീഴ്‌ത്തുന്ന ‘ഉറുമി’യും ഇടം പിടിച്ചിട്ടുണ്ട്. ചടുലത, കൃത്യത, സാമർത്ഥ്യം എന്നിവയുടെ പ്രതീകമാണ് ഉറുമി. ഭാഗ്യചിഹ്നമായ ചീറ്റ വേഗതയുടെയും സൂക്ഷ്മതയുടെയും പ്രതീകമാണ്. 'നിശബ്ദ വേട്ടക്കാരൻ' എന്ന ആപ്തവാക്യം കപ്പലിന്റെ രഹസ്യസ്വഭാവം, ജാഗ്രത, വിട്ടുവീഴ്ചയില്ലാത്ത സന്നദ്ധത എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ച INS മാഹി, സമാന വിഭാഗത്തിലെ എട്ട് കപ്പലുകളിലെ ലീഡ് കപ്പലാണ് (പൊതു രൂപകൽപ്പനയിൽ നിർമ്മിച്ച ഒരു പരമ്പരയിലെ ആദ്യത്തേത് എന്നർത്ഥം). BEL, L&T ഡിഫൻസ്, മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ്, NPOL, ഇരുപതിലധികം MSME-കൾ എന്നിവയുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുന്ന ഈ പദ്ധതി ഇന്ത്യയുടെ നാവിക രൂപകൽപ്പന, ഉപകരണങ്ങൾ, സിസ്റ്റം ഇന്റഗ്രേഷൻ എന്നിവയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ആത്മനിർഭർ ഭാരതിന്റെ തിളങ്ങുന്ന പ്രതീകമായി INS മാഹി നിലകൊള്ളുന്നു. 80% ത്തിലധികം തദ്ദേശീയ ഉള്ളടക്കമുള്ള ഈ കപ്പൽ, തദ്ദേശീയ പരിഹാരങ്ങളിലൂടെയും നൂതന സാങ്കേതികവിദ്യകളിലൂടെയും സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ സുസ്ഥിര ഉദ്യമങ്ങൾക്ക് അടിവരയിടുന്നു.
INS മാഹി കമ്മീഷൻ ചെയ്യുന്നത് ഇന്ത്യൻ നാവികസേനയുടെ നാവിക ശേഷിയ്ക്ക്, വിശിഷ്യാ തീരദേശ ഭീഷണികളെ നേരിടുന്നതിന്, ഗണ്യമായ ശക്തി പകരുന്നു. കപ്പലിലെ കോമ്പാറ്റ് സ്യൂട്ട് നിരവധി സംവിധാനങ്ങളെ സമന്വയിപ്പിച്ച് ശക്തവും സങ്കീർണ്ണവുമായ ഒരു ശൃംഖല സൃഷ്ടിക്കുന്നു. ഉപരിതല ഭീഷണികൾ കൃത്യമായി കണ്ടെത്താനും നിരീക്ഷിക്കാനും നിർവീര്യമാക്കാനും പ്രാപ്തിയുള്ള കപ്പൽ തീരപ്രദേശങ്ങളിലും ആഴം കുറഞ്ഞ പ്രദേശങ്ങളിലും ആന്റി–സബ്മറൈൻ പ്രവർത്തനങ്ങൾ നടത്താൻ രൂപകൽപ്പന ചെയ്‌തിട്ടുള്ള കരുത്തുറ്റ ആയുധങ്ങൾ, സെൻസറുകൾ, കാര്യക്ഷമമായ ആശയവിനിമയ സംവിധാനങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ആഴം കുറഞ്ഞ ജലാശയങ്ങളിൽ ദീർഘകാല പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള ഈ കപ്പലിൽ നൂതനമായ സാങ്കേതിക ഉപകാരങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഉൾപ്പെടുന്നു.
ചടങ്ങിൽ സംസാരിച്ച കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, INS മാഹി കമ്മീഷൻ ചെയ്യുന്നത് ശക്തവും ആധുനികവുമായ ഒരു സമുദ്ര പ്ലാറ്റ്‌ഫോമിന്റെ കടന്നുവരവ് മാത്രമല്ല, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീർണ്ണമായ കപ്പലുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും വിന്യസിക്കാനും ഇന്ത്യയുടെ വളരുന്ന ശേഷിയും പ്രതിഫലിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി. സമുദ്രതീരങ്ങളിലെ ആധിപത്യം ഉറപ്പാക്കുന്നതിനും, തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, തീരപ്രദേശങ്ങളിലുടനീളം ഇന്ത്യയുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യൻ നാവികസേനയുടെ ശേഷിയെ കപ്പലിന്റെ ഉൾപ്പെടുത്തൽ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കരയിലും കടലിലും ആകാശത്തും ഒരുപോലെയുള്ള സമന്വയത്തിലാണ് ഇന്ത്യൻ സായുധ സേനയുടെ ശക്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ സംഘർഷങ്ങൾ ബഹുമുഖമായിരിക്കുമെന്നും ഏകീകൃത ദേശീയ ഉദ്യമങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത മാതൃക എന്ന നിലയിൽ ഓപ്പറേഷൻ സിന്ദൂറിനെ ഉദാഹരിക്കവേ, ലോകമെമ്പാടുമുള്ള HADR-ലും ആംഫിബിയസ് ഓപ്പറേഷൻസിലും സൈന്യത്തിന്റെയും നാവികസേനയുടെയും ദീർഘകാല പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാട്ടി.
ഇന്ത്യയുടെ സമുദ്ര മേഖലകളിൽ നിരന്തര ജാഗ്രത നിലനിർത്തുന്നതിനായി വലിയ ഉപരിതല കപ്പലുകൾ, അന്തർവാഹിനികൾ, വ്യോമയാന ആസ്തികൾ എന്നിവയുമായി തടസ്സരഹിതമായി സമന്വയിപ്പിക്കുന്നതിലൂടെ, മാഹി-ക്ലാസ് തീരദേശ പ്രതിരോധത്തിന്റെ മുൻനിരയായി പരിണമിക്കും. വികസിത സമൃദ്ധ ഭാരതത്തിനായി സമുദ്ര മേഖലയെ സംരക്ഷിക്കുന്ന, ഇന്ത്യൻ നാവികസേനയുടെ യുദ്ധ സന്നദ്ധ, ഏകീകൃത, ആത്മനിർഭര ശേഷി INS മാഹി ഊട്ടിയുറപ്പിക്കുന്നു.
(1)30EK.jpeg)
(14)VRHT.jpeg)
(12)20PQ.jpeg)
****
(Release ID: 2193646)
Visitor Counter : 10