രാഷ്ട്രപതിയുടെ കാര്യാലയം
ഡൽഹി എൻഐടിയുടെ ബിരുദദാന ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്തു
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (നവംബർ 19, 2025) ന്യൂഡൽഹിയിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അഞ്ചാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
प्रविष्टि तिथि:
19 NOV 2025 2:19PM by PIB Thiruvananthpuram
എൻഐടി ഡൽഹി ചുരുങ്ങിയ കാലയളവിനുള്ളിൽ ദേശീയ തലത്തിൽ ശ്രദ്ധ നേടിയതായി ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. ആധുനിക അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക മികവിലും ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ബഹുമുഖതലത്തിലെ വിദ്യാഭ്യാസം, നൂതനാശയം, ഗവേഷണം, സംരംഭങ്ങളുമായുള്ള സഹകരണം, നൈപുണ്യ അധിഷ്ഠിത പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.
സംരംഭകത്വവും നൂതനാശയവും പ്രോത്സാഹിപ്പിക്കുന്നതിനായി എൻഐടി ഡൽഹി ഒരു സ്റ്റാർട്ടപ്പ് സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവരുടെ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ വിഭവങ്ങളും മാർഗ്ഗനിർദ്ദേശവും നെറ്റ്‌വർക്കിംഗ് അവസരങ്ങളും നൽകുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. നൂതനാശയങ്ങളെ പ്രായോഗിക ബിസിനസുകളാക്കി മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങളും വിദഗ്ദ്ധ മാർഗനിർദേശവും നൽകുന്ന ഒരു ഇൻകുബേഷൻ സെന്ററും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങൾ വിദ്യാർത്ഥികളെ ശാക്തീകരിക്കുകയും സ്വയം തൊഴിൽ സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നാം ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ പ്രതിജ്ഞാബദ്ധത സാമ്പത്തിക പുരോഗതിയിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് സമഗ്ര വികസനം, സാങ്കേതിക പുരോഗതി, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവയെയും ഉൾക്കൊള്ളുന്നു. പൊതുജനപങ്കാളിത്തത്തോടെ ഇന്ത്യ അതിന്റെ ലക്ഷ്യത്തിലേക്ക് വളരെ വേഗം മുന്നേറുന്നതായി ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്കിൽ ഇന്ത്യ, സുഗമ്യ ഭാരത് അഭിയാൻ, ഉന്നത് ഭാരത് അഭിയാൻ തുടങ്ങിയ ഗവണ്മെന്റ് സംരംഭങ്ങൾ വ്യക്‌തമാക്കുന്നു. ഓരോ പൗരനും തുല്യ അവസരങ്ങളും അന്തസ്സും സംജാതമാകുന്ന വ്യക്തിഗത ശേഷി വളർത്തിയെടുക്കുന്നതിന് അനുകൂലമായ അന്തരീക്ഷം ലഭ്യമാകുന്ന ഒരു ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് ഈ ദേശീയ ശ്രമങ്ങളുടെയെല്ലാം ലക്ഷ്യം. മാതൃകാ ഡിജിറ്റൽ ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിൽ എൻഐടികൾ പോലുള്ള ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലളിതമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാനും, പൗരന്മാരെ ഡിജിറ്റൽ കഴിവുകൾ പഠിപ്പിക്കാനും, ഗ്രാമങ്ങളിൽ മികച്ച സൗകര്യങ്ങൾ നൽകുന്നതിന് വ്യവസായങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും കഴിയും.
ഇവിടുന്ന് ബിരുദം നേടുന്ന വിദ്യാർത്ഥികൾ ഇപ്പോൾ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക തൊഴിൽസേനയിൽ പ്രധാന അംഗങ്ങളാണെന്ന് രാഷ്ട്രപതി പറഞ്ഞു. പഠനവും ഗവേഷണവും തുടരാനും, നൂതനമായ മാർഗങ്ങൾ കണ്ടെത്താനും രാഷ്‌ട്രപതി വിദ്യാർത്ഥികളെ ഉപദേശിച്ചു. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ ആർജവം കാണിക്കണമെന്ന് അവർ പറഞ്ഞു. യഥാർത്ഥ പുരോഗതിയുടെ മാനകം കേവലം കണ്ടുപിടുത്തമല്ല, മറിച്ച് അത് സമൂഹത്തിൽ ചെലുത്തുന്ന ഗുണപരമായ സ്വാധീനമാണെന്ന് അവർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. സുസ്ഥിര ഊർജ്ജ സംവിധാനങ്ങൾ, പ്രാപ്യമായ സാങ്കേതികവിദ്യകളുടെ വികസനം , ഗ്രാമീണ, പിന്നോക്ക സമൂഹങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തൽ തുടങ്ങി വിദ്യാർത്ഥികളുടെ എല്ലാ ചിന്തകളും പ്രവർത്തനങ്ങളും സമൂഹത്തിലെ അസമത്വം കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ കൊണ്ടുവരുന്നതിനും സഹായിക്കുന്നതാകണമെന്ന് രാഷ്ട്രപതി പറഞ്ഞു. എൻ ഐ ടി ഡൽഹിയ്ക്കും രാജ്യത്തിനും തങ്ങളുടെ പ്രവർത്തനത്തിലൂടെ വിദ്യാർഥികൾ പ്രശസ്തി നേടിക്കൊടുക്കുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
SKY
*****
(रिलीज़ आईडी: 2191721)
आगंतुक पटल : 6