ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ന്യൂഡല്‍ഹിയില്‍ നടന്ന അഞ്ചാമത് ഓഡിറ്റ് ദിവസ് ആഘോഷങ്ങളില്‍ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.

Posted On: 16 NOV 2025 4:42PM by PIB Thiruvananthpuram

ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന അഞ്ചാമത് ഓഡിറ്റ് ദിനാഘോഷങ്ങളില്‍ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (CAG) 'പൊതുഖജനാവിന്റെ കാവല്‍ക്കാരന്‍' എന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. പൊതുപണം സംരക്ഷിക്കുന്നതിലും മികച്ച ഭരണനിര്‍വ്വഹണം പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള സിഎജി യുടെ പങ്കും അദ്ദേഹം ഊന്നിപ്പറഞ്ഞു. 1860ല്‍ ഓഡിറ്റര്‍ ജനറല്‍ ഓഫീസ് സ്ഥാപിതമായതു മുതല്‍ സിഎജി വഹിച്ചുവരുന്ന 165 വര്‍ഷത്തെ സമര്‍പ്പിത സേവന പാരമ്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.

'ലോകമെമ്പാടുമുള്ള പരമോന്നത ഓഡിറ്റ് സ്ഥാപനങ്ങള്‍ ഒരു പൊതു ലക്ഷ്യം പങ്കിടുന്നു : പൊതുജനങ്ങളുടെ പണം സംരക്ഷിക്കുകയും മികച്ച ഭരണനിര്‍വ്വഹണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവയില്‍ പൊതുജീവിതത്തിലെ ഉത്തരവാദിത്തം, സുതാര്യത, സത്യസന്ധത എന്നീ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യയുടെ സിഎജി അഭിമാനത്തോടെ നിലകൊള്ളുന്നു.' അദ്ദേഹം പറഞ്ഞു.


CAG യുടെ റിപ്പോര്‍ട്ടുകള്‍ വസ്തുതാപരവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയുടെ ധാര്‍മ്മിക സമ്പത്തിന്റെ കേന്ദ്രബിന്ദുവുമാണെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കായി ഒരേ രീതിയിലുള്ള ചെലവ് വിഭാഗീകരണം ഉറപ്പാക്കുന്ന 'വണ്‍ നേഷന്‍, വണ്‍ സെറ്റ് ഓഫ് ഒബ്ജക്ട് ഹെഡ്‌സ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍' എന്ന പരിഷ്‌കാരം വിജ്ഞാപനം ചെയ്ത സിഎജിയെ ശ്രീ സി. പി. രാധാകൃഷ്ണന്‍ അഭിനന്ദിച്ചു. ഇത് സര്‍ക്കാര്‍ ചെലവിന്റെ സുതാര്യതയും താരതമ്യതയും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ഒരു പരിഷ്‌കാരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിര്‍മ്മിതബുദ്ധി (AI), ബിഗ് ഡാറ്റ, ബ്ലോക്ക്‌ചെയിന്‍, മെഷീന്‍ ലേണിംഗ് എന്നിവയില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയേക്കുറിച്ച്  എടുത്തുപറഞ്ഞ അദ്ദേഹം, വണ്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (IAAD) വണ്‍ സിസ്റ്റം, എഐ അധിഷ്ഠിത ഓഡിറ്റ് ചട്ടക്കൂടുകള്‍, മറ്റ് നിരവധി നടപടികള്‍ എന്നിവയിലൂടെ പൊതു ധനകാര്യ മാനേജ്‌മെന്റിന്റെ ഡിഎന്‍എയില്‍ സാങ്കേതികവിദ്യ, പ്രവചനാത്മക വിശകലനം , ജനറേറ്റീവ് എഐ എന്നിവ  
സിഎജി ഉള്‍പ്പെടുത്തിയതില്‍ ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഡാറ്റാ സയന്‍സ് , സൈബര്‍ സുരക്ഷ, ഡീപ് ലേണിംഗ് എന്നീ മേഖലകളില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഐഐടി മദ്രാസ് പോലുള്ള മുന്‍നിര സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. പ്രതിവര്‍ഷം 20,000ത്തിലധികം പരിശോധന റിപ്പോര്‍ട്ടുകള്‍ നല്കുന്നതിനായി  ഒരു കസ്റ്റമൈസ്ഡ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) വികസിപ്പിച്ചെടുത്തതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഇത് ഡാറ്റാധിഷ്ഠിത ഓഡിറ്റിംഗിന് വലിയ പിന്തുണ നല്കും.
സാങ്കേതികവിദ്യയുടെ ഉപയോഗം അപകടസാധ്യത കണ്ടെത്തല്‍, കാര്യക്ഷമത, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഭരണനിര്‍വ്വഹണം എന്നിവ വര്‍ദ്ധിപ്പിക്കുകയും പൊതുഫണ്ടുകളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നേടിയെടുക്കുന്നതിന്  ഭാവിക്ക് സജ്ജമായതും പൗര കേന്ദ്രീകൃതവുമായ ഒരു സിവില്‍ സര്‍വീസ് രാജ്യത്തിന് ആവശ്യമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടന (WHO), ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ILO) പോലുള്ള സ്ഥാപനങ്ങളുടെ എക്‌സ്‌റ്റേണല്‍ ഓഡിറ്റര്‍ എന്ന നിലയിലുള്ള സിഎജിയുടെ പ്രവര്‍ത്തനം അതിന്റെ ആഗോള പ്രശസ്തി വര്‍ദ്ധിപ്പിച്ചതായി ശ്രീ സി. പി. രാധാകൃഷ്ണന്‍ എടുത്തു പറഞ്ഞു. നിലവില്‍ സിഎജി, ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സുപ്രീം ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്  (ASOSAI), ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സുപ്രീം ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (INTOSAI) എന്നിവയുടെ  അധ്യക്ഷ സ്ഥാനം വഹിക്കുന്നതും ഐടി ഓഡിറ്റിനായുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമായതും ഇന്ത്യയെ ഓഡിറ്റിംഗ് മാനദണ്ഡങ്ങളില്‍ ഒരു ആഗോള നേതാവായി സ്ഥാപിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാനദണ്ഡങ്ങള്‍ പിന്തുടരുന്ന ഒരു രാജ്യം എന്ന നിലയില്‍ നിന്ന് ഒരു ആഗോള നേതാവായി ഉയരുന്ന ഇന്ത്യയുടെ യാത്രയുടെ തെളിവാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോള്‍, സാമ്പത്തിക അച്ചടക്കവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാരും സിഎജിയും തമ്മിലുള്ള ഉറച്ച പങ്കാളിത്തം ഉപരാഷ്ട്രപതി അടിവരയിട്ടു. ഉദ്യോഗസ്ഥര്‍ അവരുടെ കഴിവുകളും ഓഡിറ്റിംഗ് ശേഷികളും നിരന്തരമായി മെച്ചപ്പെടുത്തണമെന്നും, പൊതുജനക്ഷേമം ഭരണത്തിന്റെ കാതലായി തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഎജി ഓഫ് ഇന്ത്യ ശ്രീ. കെ. സഞ്ജയ് മൂര്‍ത്തി, ഡെപ്യൂട്ടി സിഎജിമാരായ ശ്രീ. സുബിര്‍ മല്ലിക്, ശ്രീ. കൃഷ്ണന്‍ സാഗരന്‍ സുബ്രഹ്മണ്യന്‍, ശ്രീ ജയന്ത് സിന്‍ഹ, വിരമിച്ച സിഎജിമാര്‍, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസിലെ (IA&AS) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

****


(Release ID: 2190595) Visitor Counter : 5