ലോക്സഭാ സെക്രട്ടേറിയേറ്റ്
പാർലമെൻ്റ് സമുച്ചയത്തിലെ ഭഗവാൻ ബിർസ മുണ്ടയുടെ പ്രതിമയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കർ എന്നിവർ പുഷ്പാർച്ചന നടത്തി
Posted On:
15 NOV 2025 4:11PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ സി. പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രിയും ന്യൂനപക്ഷകാര്യ മന്ത്രിയുമായ ശ്രീ കിരൺ റിജിജു, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവൻഷ്, പാർലമെൻ്റ് അംഗങ്ങൾ, മുൻ എംപിമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനവും ജൻജാതീയ ഗൗരവ് ദിനവുമായ ഇന്ന് പാർലമെൻ്റ് സമുച്ചയത്തിലെ പ്രേരണ സ്ഥലിലുള്ള അദ്ദേഹത്തിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ശ്രീ ബിർള സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശം ഇപ്രകാരമായിരുന്നു: "അതുല്യനായ സ്വാതന്ത്ര്യ സമര സേനാനിയും ഗോത്ര സ്വത്വത്തിൻ്റേയും ആത്മാഭിമാനത്തിൻ്റേയും ശാശ്വത പ്രതീകവുമായ ധർത്തി ആബ ഭഗവാൻ ബിർസ മുണ്ട ജിയുടെ 150-ാം ജന്മവാർഷികദിനത്തിൽ എളിമയോടെ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ജൻജാതീയ ഗൗരവ് ദിനത്തിൽ എല്ലാ പൗരന്മാർക്കും ഹൃദയംഗമമായ ആശംസകൾ.
പരിമിതമായ സാഹചര്യങ്ങളിലും, ജലം, വനം, ഭൂമി എന്നിവയുടെ അവകാശങ്ങൾക്കായി അദ്ദേഹം നയിച്ച ധീരമായ പോരാട്ടം വിദേശ ഭരണത്തിനെതിരായ ജ്വലിക്കുന്ന വിപ്ലവമായി ഉയർന്നു വരികയും രാജ്യമെമ്പാടും സ്വാതന്ത്ര്യബോധം പ്രചരിപ്പിക്കുകയും ചെയ്തു. അടിച്ചമർത്തപ്പെട്ടവരുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും, ഗോത്രവർഗ്ഗ സമൂഹങ്ങളുടേയും ശബ്ദമായിരുന്ന ബിർസ മുണ്ട തൻ്റെ അചഞ്ചലമായ നിശ്ചയദാർഢ്യം, ത്യാഗം, അസാധാരണമായ നേതൃത്വം എന്നിവയിലൂടെ എണ്ണമറ്റ യുവാക്കളിൽ ദേശീയതയുടേയും, ആത്മാഭിമാനത്തിൻ്റേയും , നീതിയുടെയും ജ്വാലകൾക്ക് തിരികൊളുത്തി.
അഞ്ചലമായ കർത്തവ്യബോധം, സാമൂഹിക നീതി, സാംസ്കാരികമായ അന്തസ്സ് എന്നിവയുടെ പാത നമുക്ക് കാണിച്ചു തരുന്ന അദ്ദേഹത്തിൻ്റെ ജീവിതം രാജ്യത്തിൻ്റെ കൂട്ടായ സ്മരണയിൽ എന്നും പ്രചോദനമായി നിലനിൽക്കും.
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉൾഗുലാൻ (വിപ്ലവം) നയിച്ച ഭഗവാൻ ബിർസ മുണ്ട ചെറുത്തുനിൽപ്പിൻ്റെ ശക്തമായ പ്രതീകമായി മാറി. അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഒരു ദേശീയ ഉണർവ്വിന് കാരണമായി. കൂടാതെ അദ്ദേഹത്തിൻ്റെ പൈതൃകം ഇന്നും ഇന്ത്യയിലുടനീളമുള്ള ഗോത്രവർഗ്ഗ സമൂഹങ്ങൾ ആഴത്തിൽ ബഹുമാനിക്കുന്നു.
ഗോത്ര സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനായി 2021 മുതൽ നവംബർ 15 ജൻജാതീയ ഗൗരവ് ദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗോത്രവർഗ്ഗ സമൂഹങ്ങൾ നിരവധി വിപ്ലവ പ്രസ്ഥാനങ്ങളിലൂടെ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഐക്യം, അഭിമാനം എന്നിവ വളർത്തുന്നതിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും അവർ നൽകിയ സുപ്രധാന സംഭാവനകളെ അംഗീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക പരിപാടികളോടെ ഈ ദിവസം അവരുടെ സമ്പന്നമായ ചരിത്രം, സംസ്കാരം, പൈതൃകം എന്നിവ ആഘോഷിക്കുന്നു.
ആഘോഷങ്ങളുടെ ഭാഗമായി പാർലമെൻ്റ് സമുച്ചയത്തിലെ പ്രേരണ സ്ഥലിൽ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തുകൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്ര നാടോടി കലാകാരന്മാരുടെ അവതരണങ്ങളുണ്ടായി.
****
(Release ID: 2190419)
Visitor Counter : 5