ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ യശോഭൂമിയിൽ റോട്ടറി തേജസ് - വിംഗ്സ് ഓഫ് ചേഞ്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
Posted On:
14 NOV 2025 6:37PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടക്കുന്ന റോട്ടറി തേജസ് - വിംഗ്സ് ഓഫ് ചേഞ്ച് പരിപാടി ഉപരാഷ്ട്രപതി ശ്രീ സി. പി രാധാകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്തു. 2025 നവംബർ 14 മുതൽ 16 വരെ നീണ്ടുനിൽക്കുന്നതാണ് ഈ പരിപാടി. സേവനത്തോടും മാനവികതയോടുമുള്ള റോട്ടറിയുടെ അചഞ്ചലമായ പ്രതിബദ്ധത ആഘോഷിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള 1,400 ലധികം റോട്ടേറിയൻ നേതാക്കൾ, തീരുമാനമെടുക്കുന്നവർ, സ്വാധീനം ചെലുത്തുന്ന വ്യക്തികൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ ഈ പരിപാടി ഒരുമിച്ച് കൊണ്ടുവരുന്നു.
പൊതുജനാരോഗ്യം, സാക്ഷരത, ശുദ്ധജല ലഭ്യത, പരിസ്ഥിതി സംരക്ഷണം, സമാധാനം കെട്ടിപ്പടുക്കൽ എന്നിവയിൽ ഗണ്യമായ സംഭാവന നല്കിയ റോട്ടറിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ ശ്രീ സി.പി രാധാകൃഷ്ണൻ പ്രശംസിച്ചു. റോട്ടറിയുടെ ദൗത്യത്തിൻ്റെ കാതലായതും 'സേവാ പരമോ ധർമ്മ:' എന്ന ഇന്ത്യയുടെ തത്ത്വചിന്തയോട് ആഴത്തിൽ യോജിച്ചുനിൽക്കുന്നതുമായ കൂട്ടായ സദ്ഭാവനയുടേയും
നിസ്വാർത്ഥ സേവനത്തിൻ്റേയും ശക്തിക്ക് ഈ മഹത്തായ ശ്രമങ്ങൾ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക കാലഘട്ടത്തിൽ പരിവർത്തനത്തിനും രാഷ്ട്രനിർമ്മാണത്തിനും അത്യന്താപേക്ഷിതമായ ഗുണങ്ങളായ അറിവിൻ്റെ പ്രകാശവും അനുകമ്പയുടെ ഊഷ്മളതയും 'തേജസ്' എന്ന പേര് ഉൾക്കൊള്ളുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന അഭൂതപൂർവ്വമായ അവസരങ്ങളുടേയും നവീകരണത്തിൻ്റേയും
നിർണായകമായ ഒരു ഘട്ടത്തിലാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് അദ്ദേഹം എടുത്തുപ്പറഞ്ഞു. ഈ യാത്രയിൽ ഭരണനിർവ്വഹണവും പൗരന്മാരുടെ നേതൃത്വത്തിലുള്ള റോട്ടറി പോലുള്ള സംരംഭങ്ങളും തമ്മിലുള്ള സഹകരണം സമഗ്രവും സുസ്ഥിരവും മാനുഷികവുമായ വികസനത്തിന് ഒരു അടിസ്ഥാന ശിലയായി മാറുന്നു.
റോട്ടറിയുമായുള്ള തൻ്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥി കാലഘട്ടത്തിൽ ഒരു റോട്ടറാക്ടർ എന്ന നിലയിൽ ജില്ലാ കൺവെൻഷനുകളിൽ പങ്കെടുത്തതിൻ്റെ അനുഭവങ്ങൾ ശ്രീ രാധാകൃഷ്ണൻ പങ്കുവെച്ചു. ഈ അനുഭവങ്ങളാണ് അദ്ദേഹത്തിൽ സാമൂഹ്യ സേവനത്തിൻ്റേയും നേതൃത്വത്തിൻ്റേയും മൂല്യങ്ങൾ വളർത്തിയത്. കോയമ്പത്തൂർ റോട്ടറി, ദേശീയപാതയിൽ ആദ്യമായി ആംബുലൻസ് സർവ്വീസ് ആരംഭിച്ചത് പോലുള്ള ഇന്ത്യയിലെ റോട്ടറിയുടെ ചരിത്രപരമായ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. കൂടാതെ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ജീവകാരുണ്യ ഗ്രൂപ്പായി സംഘടനയുടെ ദ്രുതഗതിയിലുള്ള വളർച്ചയേക്കുറിച്ചും ഉപരാഷ്ട്രപതി പരാമർശിച്ചു. പോളിയോ നിർമ്മാർജ്ജനം എന്ന ആഗോള ദൗത്യത്തിലെ റോട്ടറിയുടെ പരിവർത്തനാത്മകമായ സ്വാധീനത്തെക്കുറിച്ച് ഉപരാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. ഈ സുപ്രധാനമായ ആഗോള പോളിയോ നിർമ്മാർജ്ജന പരിപാടിയിൽ സംഘടന 2 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്.
റോട്ടറിയുടെ മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) സംരംഭങ്ങൾ വഹിക്കുന്ന സംയോജിത പങ്കിനെ ശ്രീ സി.പി രാധാകൃഷ്ണൻ അംഗീകരിച്ചു. വികസനം എന്നത് സർക്കാരുകൾക്ക് മാത്രം ബാധകമായ ഒന്നല്ലെന്നും അതൊരു കൂട്ടായ ഉത്തരവാദിത്തമാണെന്നും പൗരന്മാർ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, കോർപ്പറേറ്റ് പങ്കാളികൾ എന്നിവരുടെ നിരന്തരമായ ശ്രമങ്ങളാണ് രാജ്യത്തിൻ്റെ ധാർമ്മികവും സാമൂഹികവുമായ മൂലധനം കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ഹർ ഘർ ജൽ തുടങ്ങിയ പ്രധാന ദേശീയ ദൗത്യങ്ങളിലെ റോട്ടറിയുടെ സജീവമായ ഇടപെടലിനെ ഉപരാഷ്ട്രപതി പ്രശംസിച്ചു. താഴേത്തട്ടിലുള്ള പങ്കാളിത്തവും പൊതു-സ്വകാര്യ പങ്കാളിത്തവും എങ്ങനെയാണ് ഈ സംരംഭങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുരോഗതിയുടേയും നവീകരണത്തിൻ്റേയും ദീപസ്തംഭങ്ങളായി തങ്ങളുടെ പങ്ക് തുടരാൻ എല്ലാ റോട്ടേറിയൻമാരോടും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു. ഇന്ത്യയിലുടനീളം നൈപുണ്യ വികസനം, പാരിസ്ഥിതിക സുസ്ഥിരത, ഡിജിറ്റൽ സാക്ഷരത, ആരോഗ്യ
പരിരക്ഷാ ലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനായി പുതിയ ആശയങ്ങൾ സ്വീകരിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. ഒരു പൊതു ലക്ഷ്യത്തിനായി വ്യത്യസ്ത വ്യക്തികളെ ഒന്നിപ്പിക്കാനുള്ള റോട്ടറിയുടെ അതുല്യമായ കഴിവ് അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ അതിൻ്റെ ഫലപ്രാപ്തിയെ സമ്പന്നമാക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ മാനുഷിക വെല്ലുവിളികളെ നേരിടാൻ പ്രതിജ്ഞാബദ്ധരായ 1.4 ദശലക്ഷത്തിലധികം പ്രൊഫഷണലുകളുടേയും കമ്മ്യൂണിറ്റി നേതാക്കളുടേയും ആഗോള ശൃംഖലയാണ് റോട്ടറി ഇൻ്റർനാഷണൽ. ഇന്ത്യയിൽ 6,700 ലധികം ക്ലബ്ബുകളിലായി 2,10,000 ത്തിലധികം അംഗങ്ങൾ റോട്ടറിക്കുണ്ട്. ഇവർ ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സമാധാനം കെട്ടിപ്പടുക്കൽ, സാമ്പത്തിക വികസനം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികൾക്ക് സജീവമായി നേതൃത്വം നല്കുന്നു.
****
(Release ID: 2190222)
Visitor Counter : 3