ഉപരാഷ്ട്രപതിയുടെ കാര്യാലയം
"ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ശരിയായ സമയമാണിത്": വിശാഖപട്ടണത്ത് നടന്ന 30-ാമത് സിഐഐ പങ്കാളിത്ത ഉച്ചകോടിയിൽ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയെക്കുറിച്ചു എടുത്തുപറഞ്ഞ് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ
Posted On:
14 NOV 2025 3:54PM by PIB Thiruvananthpuram
വിശാഖപട്ടണത്ത് ഇന്ന് നടന്ന 30-ാമത് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പങ്കാളിത്ത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
വ്യാപാര പ്രമുഖർ , നയരൂപകർത്താക്കൾ, വ്യവസായ മേധാവികൾ, ആഗോള പങ്കാളികൾ എന്നിവരുൾപ്പെടെ 2,500-ലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വ്യാവസായിക, സാമ്പത്തിക വളർച്ച കൈവരിക്കുന്നതായി അഭിപ്രായപ്പെട്ടു.
കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യ മുക്തരാക്കി എന്നത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ നേട്ടമാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു. സുസ്ഥിര സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിച്ചുകൊണ്ട് വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലൂടെയാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെതന്നെ ഏറ്റവും അനുകൂലമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിച്ചതിന് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് ഗവൺമെന്റിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. നൂതനാശയങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ബിസിനസ് സൗഹൃദ ആവാസവ്യവസ്ഥ എന്നിവ വളർത്തിയെടുക്കുന്നതിൽ മുഖ്യമന്ത്രിയുടെ ശ്രമങ്ങൾ ആന്ധ്രാപ്രദേശിനെ വ്യാവസായിക വളർച്ചയുടെ ഒരു ദേശീയ മാതൃകയാക്കി മാറ്റിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ലോകത്തിലെ നാലാമത്തെ വലുതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ ഇന്ത്യയുടെ നേട്ടങ്ങളെ ഉപരാഷ്ട്രപതി വിശദീകരിച്ചു. തൊഴിൽ നിയമങ്ങൾ, നികുതി പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ പോലുള്ള ഡിജിറ്റൽ സംരംഭങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലും പരിഷ്കരണങ്ങൾ നടക്കുന്നതിനാൽ സുഗമമായ ബിസിനസ് നടപടികൾക്കുള്ള ഏറ്റവും മികച്ചയിടമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപിക്കാൻ ഇതാണ് ശരിയായ സമയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി നിലകൊള്ളുന്നുവെന്നും സുസ്ഥിര പരിസ്ഥിതി വികസനത്തിനായുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട് ശുദ്ധമായ സാങ്കേതികവിദ്യകളുടെ മുൻനിര കയറ്റുമതി രാജ്യമായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
തുല്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആഗോള സഹകരണത്തോടുള്ള ഇന്ത്യയുടെ ദൃഢമായ പ്രതിജ്ഞാബദ്ധത ശ്രീ സി. പി. രാധാകൃഷ്ണൻ ആവർത്തിച്ച് വ്യക്തമാക്കി. വലിപ്പം കണക്കിലെടുക്കാതെ ഇന്ത്യ എല്ലാ രാഷ്ട്രങ്ങളെയും തുല്യമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്ന ആന്ധ്രാപ്രദേശിന്റെ അഭിലാഷ ലക്ഷ്യത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമഗ്ര വളർച്ച ഉറപ്പാക്കുന്നതിനും ആഗോള സാമ്പത്തിക നേതൃനിരയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും സാങ്കേതികവിദ്യ, വിശ്വാസം, വ്യാപാരം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു നിർണായക വേദിയായി ഈ ഉച്ചകോടി വർത്തിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
നിക്ഷേപകരുടെ താല്പര്യ കേന്ദ്രമായി വിശാഖപട്ടണവും ക്വാണ്ടം സാങ്കേതികവിദ്യയുടെയും ഹരിത ഹൈഡ്രജന്റെയും കേന്ദ്രമായി ആന്ധ്രാപ്രദേശും മാറുമെന്നും ഉപരാഷ്ട്രപതി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ എസ്. അബ്ദുൾ നസീർ; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു; കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ; കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ കിഞ്ചരപു റാംമോഹൻ നായിഡു; കേന്ദ്ര ഉരുക്ക്, ഘന വ്യവസായ സഹമന്ത്രി ശ്രീ ഭൂപതിരാജു ശ്രീനിവാസ വർമ്മ; കേന്ദ്ര ഗ്രാമവികസന, ആശയവിനിമയ വകുപ്പ് സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി; മറ്റ് പ്രമുഖർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
30-ാമത് സിഐഐ പങ്കാളിത്ത ഉച്ചകോടി 2025 നവംബർ 14, 15 തീയതികളിലായി നടക്കുന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി), ആന്ധ്രപ്രദേശ് ഗവൺമെന്റ് എന്നിവയുമായി സഹകരിച്ച് സിഐഐ ആണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇത് നാലാം തവണയാണ് ഉച്ചകോടിക്ക് ആന്ധ്രാപ്രദേശ് ആതിഥേയത്വം വഹിക്കുന്നത്.
വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിനായി നയരൂപകർത്താക്കൾ,ആശയ വിദഗ്ധർ, വ്യവസായ നേതാക്കൾ, ആഗോള പങ്കാളികൾ എന്നിവരെ സിഐഐ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരുന്നു. 'സാങ്കേതികവിദ്യ, വിശ്വാസം, വ്യാപാരം: പുതിയ ഭൗമ സാമ്പത്തിക ക്രമം നിർണയിക്കുന്നു' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. പ്രധാന പ്രമേയചർച്ചയിൽ 45 സെഷനുകളിലായി 72 അന്താരാഷ്ട്ര പ്രഭാഷകർ പങ്കെടുക്കും. 45 രാജ്യങ്ങളിൽ നിന്നുള്ള 300 വിദേശ പങ്കാളികൾ ഉൾപ്പെടെ 2,500 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നു.
****
(Release ID: 2190140)
Visitor Counter : 5