റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ട്രെയിനുകളിലെ മാലിന്യം വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യാനും നീക്കം ചെയ്യാനും റെയില്‍വേ മേഖലാ കേന്ദ്രങ്ങള്‍ക്ക് വിശദ മാർഗനിർദേശങ്ങൾ നൽകി റെയിൽവേ ബോർഡ്

प्रविष्टि तिथि: 13 NOV 2025 8:20PM by PIB Thiruvananthpuram
യാത്രയ്ക്കിടെ ട്രെയിനുകളിലെ മാലിന്യം വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യുന്നതും നീക്കം ചെയ്യുന്നതും സബന്ധിച്ച്  റെയിൽവേ ബോർഡ് എല്ലാ റെയില്‍വേ മേഖലാ കേന്ദ്രങ്ങള്‍ക്കും  വിശദമായ നിർദേശങ്ങൾ നൽകി. ട്രെയിനുകളിലെ ശുചിത്വം മെച്ചപ്പെടുത്താനും യാത്രക്കാർക്ക് കൂടുതൽ സന്തുഷ്ടമായ യാത്രാനുഭവം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നടപടി.

യാത്രക്കാരുടെ ബോഗികളില്‍നിന്ന്  മാലിന്യം ശേഖരിച്ച് സീൽ ചെയ്ത ബാഗുകളിലാക്കി യാത്രാമധ്യേ നിർദിഷ്ട സ്റ്റേഷനുകളിൽ  നിക്ഷേപിക്കാൻ ശുചീകരണ സേവന തൊഴിലാളികളെയും (ഒബിഎച്ച്എസ്) പാൻട്രി കാർ ജീവനക്കാരെയും  ചുമതലപ്പെടുത്തുന്ന സംവിധാനമാണ്  നിർദേശത്തിലൂടെ വീണ്ടും നടപ്പാക്കുന്നത്.  ട്രെയിനിനകത്തും റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിലും ശുചിത്വം നിലനിർത്താനാണ്  സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്.

ആതിഥ്യപൂര്‍ണവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിൽ ട്രെയിനില്‍ ചുമതലയിലുള്ള  ജീവനക്കാരുടെ പങ്കാണ് പുതിയ ഉത്തരവിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ബോഗികളിലും ശൗചാലയങ്ങളിലും മാലിന്യരഹിത അന്തരീക്ഷം ഉറപ്പാക്കുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും ജീവനക്കാർ മികച്ച സംഭാവന നൽകുന്നു. ഭൂരിഭാഗം കരാർ ജീവനക്കാരായ  ഈ മുന്‍നിര തൊഴിലാളികള്‍  സേവന മനോഭാവത്തെ പ്രതിഫലിപ്പിക്കുംവിധം ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ മേഖലാ കേന്ദ്രങ്ങള്‍ അവർക്ക് മതിയായ പരിശീലനവും  ഉപകരണങ്ങളും നല്‍കണമെന്ന്  ബോർഡ് നിർദേശിച്ചു.

ഈ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്  ട്രെയിനിലെ ജീവനക്കാരുമായി 'സംവാദ്'  എന്ന പേരിൽ വിപുലമായ ആശയവിനിമയ പരിപാടി ഉടനടി നടത്തണമെന്ന് റെയിൽവേ ബോർഡ്  ആവശ്യപ്പെട്ടു.  എല്ലാ റെയിൽവേ മേഖലാ കേന്ദ്രങ്ങളിലെയും വാണിജ്യ, മെക്കാനിക്കൽ വിഭാഗങ്ങളിലെ മുതിർന്ന സൂപ്പർവൈസർമാരും ഉദ്യോഗസ്ഥരും സംയുക്തമായാണ്  ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കേണ്ടത്.  ജീവനക്കാരുമായി നേരിട്ട് സംവദിച്ച് സ്വച്ഛ് ഭാരത് മിഷനിൽ അവരുടെ പങ്കിൻ്റെ പ്രാധാന്യം  ബോധ്യപ്പെടുത്താനും ജീവനക്കാര്‍  നേരിടുന്ന പ്രവർത്തനപരമായ തടസങ്ങൾ മനസ്സിലാക്കാനുമാണ്  പരിപാടി ലക്ഷ്യമിടുന്നത്.  

മാലിന്യ സംസ്കരണ രീതികൾ വ്യക്തമായി മനസ്സിലാക്കാൻ ട്രെയിനിലെ ജീവനക്കാരെ സഹായിക്കുന്ന പരിശീലന വീഡിയോകളുടെ പ്രദർശനം 'സംവാദ്' പരിപാടിയിലുണ്ടാകും. സ്വച്ഛ് ഭാരത് മിഷൻ്റെ കീഴില്‍ ട്രെയിനുകളും സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുന്നതിലെ അവരുടെ ഉത്തരവാദിത്തവും ഇതിലൂടെ വ്യക്തമാക്കും.  മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും  കൈകാര്യം ചെയ്യുന്നതിലെയും ഓരോ ട്രെയിനിനും നിർദേശിച്ച സ്റ്റേഷനുകളിൽ അവ നിക്ഷേപിക്കുന്നതിലെയും നടപടിക്രമങ്ങൾ ജീവനക്കാരെ ധരിപ്പിക്കും.

ട്രെയിനിലെ ശുചീകരണസേവന തൊഴിലാളികളും പാൻട്രി ജീവനക്കാരും  സജീവമായും ഉത്തരവാദിത്തത്തോടെയും പെരുമാറേണ്ടതിന്റെ  ആവശ്യകതയും ഈ പരിപാടിയില്‍ പ്രത്യേകം പരാമര്‍ശിക്കും.  ഒപ്പം മാലിന്യം നീക്കം ചെയ്യുന്നതിൽ അവർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിക്കും.  റെയില്‍വേ ഡിവിഷനുകള്‍ പരിപാടിയുടെ അഭിപ്രായങ്ങൾ  മേഖലാതലത്തില്‍ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജരെയും (പിസിസിഎം) പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എഞ്ചിനീയർമാരെയും (പിസിഎംഇ) അറിയിക്കണം.  പരിപാടി പൂർത്തിയായി 10 ദിവസത്തിനകം പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജര്‍‍മാര്‍ ഈ വിവരങ്ങൾ ക്രോഡീകരിച്ച് റെയിൽവേ ബോർഡ് ടൂറിസം ആന്‍ഡ് കാറ്ററിംഗ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഓഫീസില്‍ സമർപ്പിക്കണം.

എല്ലാ ട്രെയിനുകളെയും ഉൾപ്പെടുത്തി ഒരു മാസത്തിനകം പൂർത്തിയാക്കുന്ന തരത്തിലാണ് സമഗ്രമായ ഈ പരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നത്.   തുടര്‍ന്ന് ഡിവിഷനുകളിലെ  അഭിപ്രായങ്ങൾ മേഖലാ തലത്തിൽ ക്രോഡീകരിച്ച് അവലോകനത്തിനായി റെയിൽവേ ബോർഡിന് സമർപ്പിക്കും.

ബോർഡിൻ്റെ ഈ നിര്‍ദേശം കർശന നിയമനിര്‍വഹണ സംവിധാനത്തെയും എടുത്തു കാണിക്കുന്നു.  ട്രെയിനിലെ ശുചീകരണ - പാൻട്രി കാർ സേവനങ്ങളുടെ  ലൈസൻസ് നേടിയവര്‍ക്ക് ഈ മാർഗനിർദേശങ്ങളെക്കുറിച്ച് ഔപചാരിക ഉപദേശം നൽകും. ലംഘനമുണ്ടായാൽ അത് കരാർ ലംഘനമായി കണക്കാക്കി വീഴ്ച വരുത്തുന്ന കക്ഷികളുമായി കരാർ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

യാത്രാമധ്യേ മാലിന്യ നീക്കം ചെയ്യുന്ന നിർബന്ധിത സംവിധാനത്തെക്കുറിച്ച്  2024 ജൂലൈയിൽ പുറത്തിറക്കിയ നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം ആവിഷ്ക്കരിച്ചിരിക്കുന്നത്. മാലിന്യം ഉത്ഭവിക്കുന്നത് വിലയിരുത്തുന്ന പ്രവര്‍ത്തനപഠനങ്ങള്‍,  നിർദിഷ്ട  സ്റ്റേഷനുകളിൽ നീക്കം ചെയ്യേണ്ട മാലിന്യ ബാഗുകളുടെ കുറഞ്ഞ എണ്ണം നിശ്ചയിക്കല്‍, ഫലപ്രദമായ നിരീക്ഷണത്തിന് ഈ വിവരങ്ങള്‍  കേന്ദ്രീകൃത വിവര നിര്‍വഹണ സംവിധാനത്തില്‍  (ക്രിസ്സിന്റെ സിഎംഎം സംവിധാനം) രേഖപ്പെടുത്തല്‍ എന്നിവ ഇതിന്റെ ഭാഗമായിരുന്നു.  

നടപടിക്രമങ്ങള്‍ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം 'സംവാദ്' വഴി മാനുഷിക സമീപനം സംയോജിപ്പിച്ച്  ട്രെയിനില്‍  ആതിഥ്യമര്യാദയും ശുചിത്വവും മികച്ച യാത്രാനുഭവവും ഉറപ്പാക്കുന്നതിന് ഇന്ത്യൻ റെയിൽവേയുടെ  സുപ്രധാന ചുവടുവെപ്പാണിത്.  
 
SKY
 
*****

(रिलीज़ आईडी: 2189928) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Telugu