രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ബോട്സ്വാനയിൽ എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു പ്രസിഡൻ്റ് ബോക്കോയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും പ്രതിനിധിതല ചർച്ചകൾക്ക് നേതൃത്വം നല്കുകയും ചെയ്തു.

ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ബോട്സ്വാനയുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി.

ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് അയയ്ക്കാൻ സമ്മതിച്ച പ്രസിഡൻ്റ് ബോക്കോയ്ക്കും ബോട്സ്വാനയിലെ ജനങ്ങൾക്കും രാഷ്ട്രപതി ദ്രൗപദി മുർമു നന്ദി അറിയിച്ചു.

Posted On: 12 NOV 2025 4:43PM by PIB Thiruvananthpuram

അംഗോള, ബോട്സ്വാന എന്നിവിടങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ അവസാന ഘട്ടമായി രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ഇന്നലെ (2025 നവംബർ 11)ബോട്സ്വാനയിലെ ഗാബോറോണിലെത്തി.ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ട്രപതി ബോട്സ്വാന സന്ദർശിക്കുന്നത്.  ജലശക്തി, റെയിൽവേ സഹമന്ത്രി ശ്രീ വി.സോമണ്ണ, പാർലമെൻ്റ്  അംഗങ്ങളായ ശ്രീ പർഭുഭായ് നാഗർഭായ് വാസവ, ശ്രീമതി ഡി.കെ അരുണ എന്നിവർ ഈ സന്ദർശനത്തിൽ രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.

രാഷ്‌ട്രപതി ഇന്ന് (2025 നവംബർ 12) ഗാബോറോണിലുള്ള പ്രസിഡൻ്റിൻ്റെ കാര്യാലയത്തിൽ തൻ്റെ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചു.  അവിടെവെച്ച് ബോട്സ്വാന റിപ്പബ്ലിക്ക് പ്രസിഡൻ്റ്  അഡ്വക്കേറ്റ് ഡുമ ഗിഡിയോൺ  ബോക്കോ രാഷ്ട്രപതിയെ ഊഷ്മളമായി സ്വീകരിച്ചു.

"ജനാധിപത്യത്തിൻ്റെ മാതാവാ"യ ഇന്ത്യ ബോട്സ്വാനയുടെ വികസന യാത്രയിലെ പ്രചോദനത്തിൻ്റേയും പിന്തുണയുടേയും ഉറച്ച ഉറവിടമായി നിലകൊള്ളുന്നുവെന്ന് രാഷ്ട്രപതിയെ ബോട്സ്വാനയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രസിഡൻ്റ് ബോക്കോ എടുത്തുപറഞ്ഞു. വിദ്യാഭ്യാസം, ലിംഗസമത്വം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ രാഷ്ട്രപതി വഹിക്കുന്ന സജീവമായ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.കഴിഞ്ഞ വർഷം താൻ അധികാരമേറ്റതിനുശേഷം ഒരു രാജ്യത്ത് നിന്ന്, ബോട്സ്വാന ആതിഥ്യമരുളുന്ന  ആദ്യ ഔദ്യോഗിക സന്ദർശനമാണിതെന്നും ഇത് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ബോട്സ്വാന നല്കുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്നുവെന്നും പ്രസിഡൻ്റ്  ബോക്കോ കൂട്ടിച്ചേർത്തു.


വ്യാപാരം, നിക്ഷേപം, കൃഷി, പുനരുപയോഗ ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം നൈപുണ്യ വികസനം, പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇരു നേതാക്കളും തമ്മിൽ നടന്ന വിപുലമായ കൂടിക്കാഴ്ചകളിലും പ്രതിനിധിതല ചർച്ചകളിലും ധാരണയായി.

ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ട്രപതി നടത്തുന്ന ആദ്യ ബോട്സ്വാന സന്ദർശനമെന്ന നിലയിൽ ഈ സന്ദർശനം ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രസിഡൻ്റ്  പറഞ്ഞു.  2026 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ 60-ാം വാർഷികം അടുത്തുവരുന്ന സാഹചര്യത്തിൽ ഈ സന്ദർശനം കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ട്.

ബോട്സ്വാനയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടെ ആഫ്രിക്കയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിനും ബോട്സ്വാനയുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

‘പ്രൊജക്റ്റ് ചീറ്റ’യുടെ അടുത്ത ഘട്ടത്തിൽ ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ബോട്സ്വാന സഹായിക്കുന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി.  ചീറ്റപ്പുലികളെ ഇന്ത്യയുടെ ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിൻ്റെ സവിശേഷമായ വന്യജീവി സംരക്ഷണ സംരംഭമാണിതെന്നും ശ്രീമതി മുർമു പറഞ്ഞു. ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് അയയ്ക്കാൻ സമ്മതിച്ച പ്രസിഡൻ്റ്  ബോക്കോയ്ക്കും ബോട്സ്വാനയിലെ ജനങ്ങൾക്കും രാഷ്ട്രപതി നന്ദി അറിയിച്ചു.

മികച്ച ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ഇന്ത്യൻ മരുന്നുകൾ ബോട്സ്വാനയിലെ പൗരന്മാർക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ഫാർമക്കോപ്പിയ സംബന്ധിച്ച കരാറിൽ ഒപ്പുവെക്കുന്നതിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു. ബോട്സ്വാന ഭരണകൂടത്തിൻ്റെ അഭ്യർത്ഥന പ്രകാരം അവശ്യ ARV മരുന്നുകൾ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനവും രാഷ്ട്രപതി പ്രഖ്യാപിച്ചു.

ഇരു പ്രസിഡൻ്റുമാരും മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവനകൾ പുറപ്പെടുവിച്ചു.(രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ പത്രപ്രസ്താവനയുടെ പൂർണ്ണരൂപം ഇതോടൊപ്പം ചേർത്തിരിക്കുന്നു).

 


 

രാഷ്ട്രപതിയുടെ പ്രതിനിധിതല ചർച്ചകൾ കാണാൻ ഇവിടെ ക്ലിക്കുചെയ്യുക

 

***

 

 


(Release ID: 2189345) Visitor Counter : 11