ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഉഭയസമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമം പുറത്തിറക്കി കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയം

प्रविष्टि तिथि: 11 NOV 2025 5:55PM by PIB Thiruvananthpuram

ഉഭയ സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത് (NCII) നിയന്ത്രിക്കുന്നതിനും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) ഒരു സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമം (SoP) പുറത്തിറക്കി.

മദ്രാസ് ഹൈക്കോടതിയുടെ (റിട്ട് പെറ്റീഷൻ - സിവിൽ നമ്പർ 25017/2025, ഉത്തരവ് തീയതി 15.07.2025) നിർദ്ദേശ പ്രകാരമാണ് നടപടി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ആക്ഷേപകരമായ ഉള്ളടക്കം ദ്രുതഗതിയിലും കാര്യക്ഷമമായും നീക്കം ചെയ്യാനുതകുന്ന വ്യക്തവും ഇര കേന്ദ്രീകൃതവുമായ നടപടിക്രമങ്ങൾ തയ്യാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എതിക്സ് കോഡ്) ചട്ടം 2021ൻ്റെ ചട്ടം 3(2)(ബി) കാര്യക്ഷമമായി നടപ്പിലാക്കുന്നതും ഈ സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ഉദ്ദേശ്യവും സാധ്യതയും

സമ്മതമില്ലാതെ പങ്കിടുന്ന സ്വകാര്യമോ മോർഫ് ചെയ്തതോ ആയ ചിത്രങ്ങൾ ഉൾപ്പെടെയുള്ള NCII ഉള്ളടക്കത്തിൻ്റെ ഓൺലൈൻ പ്രചാരണത്തിനെതിരെ അതിവേഗം ഏകീകൃതമായ നടപടികൾ ഉറപ്പാക്കുന്നതിനാണ് ഈ സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമം രൂപകല്പന ചെയ്തിരിക്കുന്നത്. ഇരകൾക്കും സേവനദാതാക്കൾക്കും നിയമനിർവഹണ ഏജൻസികൾക്കും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം, റിപ്പോർട്ട് ചെയ്യപ്പെട്ട് 24 മണിക്കൂറിനുള്ളിൽ ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഇതിലൂടെ സജ്ജമാക്കുന്നു.

സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമത്തിൻ്റെ പ്രധാന സവിശേഷതകൾ


1. ഇരകൾക്ക് പരാതിപ്പെടാൻ ഒട്ടേറെ മാർഗ്ഗങ്ങൾ
 

  • വൺ സ്റ്റോപ്പ് സെൻ്ററുകൾ (OSCs): ഇരകൾക്ക് ഏറ്റവും സമീപമുള്ള വൺ സ്റ്റോപ്പ് സെൻ്റർ സന്ദർശിച്ച് സഹായം തേടാം. ഇവ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP) മുഖേന പരാതികൾ സമർപ്പിക്കുന്നതിനുള്ള പിന്തുണ, നിയമ സഹായം, കൗൺസിലിംഗ് അടക്കമുള്ള ആവശ്യമായ എല്ലാ സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കും.
  • സേവനദാതാക്കൾ: ബന്ധപ്പെട്ട ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ ആപ്പുകളിലൂടെയോ നേരിട്ട് പരാതിപ്പെടാൻ ഇരകൾക്ക് കഴിയും. ഇതിനായി ഇൻ-ആപ്പ് റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ഉപയോഗിക്കാനും, പരാതി പരിഹാര ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കാനും കഴിയും.
  • നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP): പരാതികൾ ഓൺലൈനായി (www.cybercrime.gov.in) നൽകാനും, 1930-എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കാനും കഴിയും.
  • നിയമ നിർവ്വഹണ ഏജൻസികൾ: അടിയന്തര ഇടപെടലാവശ്യപ്പെട്ട് പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് പരാതി സമർപ്പിക്കാൻ ഇരകൾക്ക് കഴിയും. അത് മുഖേന വേഗത്തിലുള്ള നിയമ നടപടി ഉറപ്പാക്കാനാകും.


2. സേവനദാതാക്കൾക്കായി നിശ്ചയിക്കപ്പെട്ട നിർബന്ധിത സമയപരിധി

  • പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ, എല്ലാ സേവനദാതാക്കളും പരാതിക്കിടയാക്കിയ ഉള്ളടക്കം  നീക്കം ചെയ്യുകയോ അതിലേക്ക് പ്രവേശനം പ്രവർത്തനരഹിതമാക്കുകയോ ചെയ്യണം. 
  • സമാനമോ, സമാനസ്വഭാവമുള്ളതോ ആയ ഉള്ളടക്കം വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനായി, പ്രധാന സാമൂഹ്യ മാധ്യമ സേവനദാതാക്കൾ ഹാഷ്-മാച്ചിംഗ്, ക്രോളർ സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.
  • സേവനദാതാക്കൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടതും, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) മുഖേന ‘സഹ് യോഗ്’ പോലുള്ള സർക്കാർ പോർട്ടലുകളുമായി ഏകോപനം ഉറപ്പാക്കേണ്ടതുമാണ്.


3. ഏജൻസികൾ തമ്മിലുള്ള ഏകോപനം

  • ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ, ആഭ്യന്തര മന്ത്രാലയം: NCII പരാതികൾക്കുള്ള കേന്ദ്ര അഗ്രഗേറ്ററായി പ്രവർത്തിക്കുകയും സുരക്ഷിതമായ NCII ഹാഷ് ബാങ്ക് പരിപാലിക്കുകയും ചെയ്യുന്നു.
  • ടെലികമ്യൂണിക്കേഷൻ വകുപ്പ് (DoT): റിപ്പോർട്ട് ചെയ്യപ്പെട്ട URL-കൾ തടയുന്നതിനായി ഇൻ്റർനെറ്റ് സേവന ദാതാക്കളുമായി ഏകോപനം ഉറപ്പാക്കുന്നു.
  • കേന്ദ്ര ഇലക്ട്രോണിക്സ്‌ വിവര സാങ്കേതിക മന്ത്രാലയം: സേവനദാതാക്കളും സർക്കാർ സംവിധാനങ്ങളും സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കുകയും, അനുവർത്തനവും ഏകോപനവും ഉറപ്പാക്കുകയും ചെയ്യുന്നു.


ഇരകളെ ശാക്തീകരിക്കുന്നു, ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തുന്നു

വ്യക്തികളെ, വിശിഷ്യാ വനിതകളെ, അവരുടെ ഡിജിറ്റൽ ഐഡൻ്റിറ്റികളിൽ നിയന്ത്രണം പുനഃസ്ഥാപിക്കാനും, സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം സൃഷ്ടിക്കാനും ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമം. സൈബറിടത്തിലെ സ്വകാര്യത, മാന്യത, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിൽ സർക്കാരിൻ്റെ ശക്തമായ പ്രതിബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നു.

ഉഭയ സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങളുടെ (NCII) പ്രചരണം നിയന്ത്രിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമം (SoP) ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്:  https://www.meity.gov.in/static/uploads/2025/11/a2c9500ef5f8b62a43bfc68747de592d.pdf


(रिलीज़ आईडी: 2189195) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Khasi , Urdu , हिन्दी , Odia