ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

കുട്ടികളിൽ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ (എംബിയു) കാര്യക്ഷമമാക്കാന്‍ സ്വഭാവപഠനത്തിൻ്റെ ഉൾക്കാഴ്ചകൾ ഉപയോഗപ്പെടുത്താൻ UIDAI

Posted On: 11 NOV 2025 5:57PM by PIB Thiruvananthpuram

കുട്ടികളുടെ ആധാറില്‍ ബയോമെട്രിക് വിവരങ്ങള്‍  നിർബന്ധമായി പുതുക്കുന്നതിന് നിരക്കുകളെല്ലാം ഒഴിവാക്കിയതിന് പിന്നാലെ ഈ നടപടി പ്രോത്സാഹിപ്പിക്കാന്‍  സ്വഭാവപഠനത്തിൻ്റെ ഉൾക്കാഴ്ചകൾ  ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് യുനീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).

ആധാറിൽ കൃത്യസമയത്ത് ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിലൂടെ സുപ്രധാന സേവനങ്ങൾ ലഭ്യമാക്കാൻ കുട്ടികളെയും യുവജനങ്ങളെയും സഹായിക്കുന്നതിന് ബിഹേവിയറൽ ഇൻസൈറ്റ്സ് ലിമിറ്റഡ് (ബിഐടി) എന്ന ഗവേഷണ സ്ഥാപനവുമായി യുഐഡിഎഐ ചേര്‍ന്നു പ്രവര്‍ത്തിക്കും.  

അഞ്ചുവയസ്സിലും 15 വയസ്സിലും ആധാര്‍ ബയോമെട്രിക് വിവരങ്ങളുടെ നിര്‍ബന്ധിത പുതുക്കല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം സ്വഭാവപഠനം, വിന്യാസം, അവബോധം എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിച്ച് സമയബന്ധിത പുതുക്കല്‍ ഉറപ്പാക്കാനും അതുവഴി ആധാറുമായി ബന്ധിപ്പിച്ച സേവനങ്ങളും ആനുകൂല്യങ്ങളും തടസരഹിതമായി ലഭ്യമാക്കാൻ അവരെ സഹായിക്കാനുമാണ്  ധാരണാപത്രം ലക്ഷ്യമിടുന്നത്.  

ആധാർ ബയോമെട്രിക് വിവരങ്ങളുടെ നിര്‍ബന്ധിത പുതുക്കല്‍ പ്രോത്സാഹിപ്പിക്കാന്‍ സ്വഭാവപഠനവുമായി ബന്ധപ്പെട്ട് പ്രത്യേക ഇടപെടലുകൾ രൂപകല്പന ചെയ്ത് പരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യും.

യുഐഡിഎഐ ഡിഡിജി ശ്രീമതി തനുശ്രീ ദേബ് ബർമയും ബിഐടി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ രവി ഗുരുമൂർത്തിയും തമ്മില്‍ യുഐഡിഎഐ സിഇഒ ശ്രീ ഭുവനേശ് കുമാറിൻ്റെയും യുഐഡിഎഐ നേതൃസമിതി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. 

സാങ്കേതികവിദ്യ മനുഷ്യൻ്റെ സ്വഭാവവുമായി സംയോജിക്കുന്നതോടെ ഡിജിറ്റൽ തിരിച്ചറിയല്‍ സംവിധാനം കേവലം സാങ്കേതിക പ്രക്രിയയെന്നതിലുപരി തടസരഹിതവും വിശ്വസനീയവും ജനങ്ങളെ ശാക്തീകരിക്കുന്നതുമായ അനുഭവമായി വികസിക്കുന്നുവെന്ന് ശ്രീ ഭുവനേശ് കുമാര്‍ പറഞ്ഞു.   ധാരണാപത്രത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  

മനുഷ്യസ്വഭാവം സംബന്ധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നൂതന ധാരണ ആധാർ പുതുക്കല്‍ പ്രോത്സാഹിപ്പിക്കാനും ആധാർ നമ്പറിലൂടെ സുപ്രധാന പൊതുസേവനങ്ങൾ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും സഹായിക്കുമെന്ന് ബിഐടി സിഇഒ റേച്ചൽ കോയ്ൽ വ്യക്തമാക്കി.  

ആധാറിൽ ചേര്‍ത്ത ശേഷം ഒരു കുട്ടിക്ക് 5 വയസ്സ് തികയുമ്പോഴും പിന്നീട് 15 വയസ്സ് പൂര്‍ത്തിയാകുമ്പോഴും ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കണ്ണ്, ഫോട്ടോ) പുതുക്കേണ്ടതുണ്ട്. ഈ പ്രായവിഭാഗങ്ങളിൽ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ വർധിപ്പിക്കാൻ യുഐഡിഎഐ തുടർച്ചയായി ശ്രമിച്ചുവരുന്നു. 7 മുതല്‍ 15 വയസ്സ് വരെ പ്രായക്കാര്‍ക്ക് ആധാര്‍ ബയോമെട്രിക് പുതുക്കലിൻ്റെ എല്ലാ നിരക്കുകളും ഒഴിവാക്കിയ യുഐഡിഎഐ നടപടി  ഏകദേശം 6 കോടി കുട്ടികൾക്ക് പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. മേല്‍പ്പറഞ്ഞ പ്രായക്കാര്‍ക്ക് നിരക്കുകള്‍ ഒഴിവാക്കിയ നടപടി 2025 ഒക്ടോബർ 1 മുതൽ ഒരു വർഷത്തേക്ക് പ്രാബല്യത്തിലുണ്ട്. 

***


(Release ID: 2188958) Visitor Counter : 16