ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആചാര്യ ശ്രീ 108 ശാന്തിസാഗർ മഹാരാജ് ജിയുടെ ശ്രാവണബലഗോള സന്ദർശനത്തിന്റെ ശതാബ്ദി വാർഷികാനുസ്മരണ പരിപാടിയിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു. കർണാടകയിലെ ശ്രാവണബലഗോളയിൽ ആചാര്യ ജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

Posted On: 09 NOV 2025 3:42PM by PIB Thiruvananthpuram

1925-ൽ മഹാമസ്തകാഭിഷേക ചടങ്ങിനായി പരംപൂജ്യ ആചാര്യ ശ്രീ 108 ശാന്തിസാഗർ മഹാരാജ് ജി ശ്രാവണബലഗോള സന്ദർശിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്, ഇന്ന് കർണാടകയിലെ ശ്രാവണബലഗോളയിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു. ശ്രാവണബലഗോളയിൽ ആചാര്യ ശ്രീ ശാന്തിസാഗർ മഹാരാജ് ജിയുടെ പ്രതിയും ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, ദിഗംബര പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ ആചാര്യ ശ്രീ ശാന്തിസാഗർ മഹാരാജ് ജി വഹിച്ച നിർണായക പങ്കിനെ പ്രകീർത്തിച്ചു. ആത്മ സമാധാനവും സാമൂഹിക ഐക്യവും സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന അഹിംസ, അപരിഗ്രഹ, അനേകാന്തവാദ എന്നീ ജൈനമത തത്വങ്ങളുടെ മൂർത്തിമദ്ഭാവമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് പ്രശംസിച്ചു.

ഭൗതികവാദവും അസ്വസ്ഥതയും നിറഞ്ഞ കാലഘട്ടത്തിൽ, യഥാർത്ഥ സ്വാതന്ത്ര്യം കൈവശപ്പെടുത്തലിലല്ല, മറിച്ചു ആത്മനിയന്ത്രണത്തിലാണ് എന്നും ആസക്തിയിലല്ല ആത്മ സമാധാനത്തിലാണ് എന്നും ആചാര്യ ശ്രീ ശാന്തിസാഗർ മഹാരാജ് ജിയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.

ഈ ശതാബ്ദി ആഘോഷത്തിലൂടെ, ശ്രാവണബലഗോളയിലെ ദിഗംബര ജൈന മഠം മഹാനായ സന്യാസിയുടെ സ്മരണകളെ ആദരിക്കുക മാത്രമല്ല, വരും തലമുറകൾക്ക് പ്രചോദനമായി ആത്മീയ ജ്വാലയെ പുനരുജീവിപ്പിക്കുകയും ചെയ്തതായി ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ന് നാച്ഛാദനം ചെയ്ത പ്രതിമ ഓരോ സന്ദർശകനെയും ലാളിത്യം, വിശുദ്ധി, കരുണ എന്നിവയുടെ ശക്തിയെ ഓർമ്മിപ്പിക്കുന്ന ഒരു പ്രതീകമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ആചാര്യ ശ്രീ ശാന്തിസാഗർ മഹാരാജ് ജിയുടെ സന്ദേശം ഏവരെയും നീതി, സഹിഷ്ണുത, സമാധാനം എന്നിവയുടെ പാതയിലൂടെ സഞ്ചരിക്കാൻ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജൈന വിശ്വാസ കേന്ദ്രമെന്ന നിലയിൽ രണ്ടായിരം വർഷത്തിലേറെയായുള്ള ശ്രാവണബലഗോളയുടെ മഹത്തായ ചരിത്രം അനുസ്മരിച്ചുകൊണ്ട്, ഗംഗാ രാജവംശത്തിലെ മന്ത്രിയായ ചവുന്ദരായന്റെ നേതൃത്വത്തിൽ നിർമ്മിച്ച ബാഹുബലി ഭഗവാന്റെ 57 അടി ഉയരമുള്ള ഏകശിലാ പ്രതിമയെ ഭക്തിയുടെയും കലാ മികവിന്റെയും കാലാതീതമായ പ്രതീകമായി ഉപരാഷ്ട്രപതി എടുത്തുകാട്ടി.

ജൈന സന്യാസി ആചാര്യ ഭദ്രബാഹുവിന്റെ മാർഗനിർദേശപ്രകാരം ശ്രാവണബലഗോളയിൽ ചന്ദ്രഗുപ്ത മൗര്യ ചക്രവർത്തി വരിച്ച പരിത്യാഗത്തെക്കുറിച്ചും ശ്രീ സി.പി. രാധാകൃഷ്ണൻ അനുസ്മരിച്ചു. എല്ലാ ലൗകിക നേട്ടങ്ങളും കൈവരിച്ചാലും, ആത്യന്തികമായി ആത്മീയ ജ്ഞാനോദയം കാംക്ഷിക്കേണ്ടതുണ്ടെന്ന് മഹാനായ ചക്രവർത്തിയുടെ ഈ പ്രവൃത്തി പ്രതീകപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാകൃതത്തിന് ക്ലാസിക്കൽ ഭാഷാ പദവി നൽകിയതും, ജൈന കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യാനായി ഗ്യാൻ ഭാരതം മിഷൻ ആരംഭിച്ചതിനെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക, ആത്മീയ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഈ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തമിഴ്നാടും ജൈനമതവും തമ്മിലുള്ള ശക്തമായ ചരിത്ര ബന്ധത്തെ അദ്ദേഹം എടുത്തു പറഞ്ഞു. ചിലപ്പതികാരം പോലുള്ള ക്ലാസിക്കൽ കൃതികളിൽ പ്രതിഫലിക്കുന്നതുപോലെ, സംഘകാലത്തും സംഘാനന്തര കാലഘട്ടത്തിലും തമിഴ് സാഹിത്യത്തിനും സംസ്കാരത്തിനും ജൈനമതം നൽകിയ ഗണ്യമായ സംഭാവനകളെ അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രാകൃത് ഗവേഷണ സ്ഥാപനം പോലുള്ള സ്ഥാപനങ്ങളിലൂടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ആചാര്യ ശ്രീ ശാന്തിസാഗർ മഹാരാജ് ജിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും നിലവിലെ ജൈന മഠാധിപതി ശ്രീ അഭിനവ് ചാരുകീർത്തി ഭട്ടാരക് സ്വാമിജി നടത്തുന്ന ശ്രങ്ങളെ ഉപരാഷ്ട്രപതി പ്രശംസിച്ചു.

  ഇന്ത്യയുടെ ആത്മീയ പൈതൃകത്തിൻ്റെ 'ജ്വലിക്കുന്ന രത്ന'മായി ശ്രാവണബലഗോള തുടരുമെന്ന് ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നീതി, സഹിഷ്ണുത, സമാധാനം എന്നീ തത്വങ്ങൾ സ്വീകരിക്കാൻ ഈ കേന്ദ്രം തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

  കർണാടക ഗവർണർ ശ്രീ താവർ ചന്ദ് ഗെലോട്ട്; കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി ശ്രീ എച്ച്.ഡി. കുമാരസ്വാമി; കർണാടക റവന്യൂ മന്ത്രി ശ്രീ കൃഷ്ണ ബൈരെ ഗൗഡ; കർണാടക പ്ലാനിങ് & സ്റ്റാറ്റിസ്റ്റിക്സ് മന്ത്രി ശ്രീ ഡി. സുധാകർ; ഹാസനിൽ നിന്നുള്ള പാർലമെൻ്റ് അംഗം ശ്രീ ശ്രേയസ് എം. പട്ടേൽ; ശ്രീ ക്ഷേത്ര ശ്രാവണബെലഗോള ദിഗംബർ ജൈന മഹാസംസ്ഥാന മഠത്തിലെ ആദരണീയരായ സന്യാസിമാർ; മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 ***

 

(Release ID: 2188084) Visitor Counter : 6