രാജ്യരക്ഷാ മന്ത്രാലയം
നാവികസേനാ ദിനം 2025 , നാവികസേനയുടെ വിസ്മയകരമായ സൈനിക പ്രകടനങ്ങളോടെ തിരുവനന്തപുരത്ത് ആഘോഷിക്കും
Posted On:
08 NOV 2025 4:11PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേന 2025-ലെ നാവികസേനാ ദിനം, ഡിസംബർ 04-ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ഗംഭീര സൈനിക പ്രകടനങ്ങളോടെ ആഘോഷിക്കും.
പ്രധാന നാവികത്താവളങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്. മുമ്പ് ഒഡീഷയിലെ പുരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗിലുമാണ് ഈ ആഘോഷം നടന്നത്. ഇന്ത്യൻ നാവികസേനയുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള അനന്യമായ അവസരമാണ് ഈ മഹോത്സവം ഒരുക്കുന്നത്.
മഹാസാഗറിന്റെ (Mutual and Holistic Advancement for Security and Growth Across Regions -മേഖലയിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കുമായി പരസ്പരവും സമഗ്രവുമായ മുന്നേറ്റം) വിശാലമായ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന നാവികസേന, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 'അഭികാമ്യമായ സുരക്ഷാ പങ്കാളി'('Preferred Security Partner'-IOR) എന്ന നിലയിലുള്ള അതിന്റെ അത്യാധുനിക പ്രവർത്തന പ്ലാറ്റ്‌ഫോമുകളും നിശ്ചയദാർഢ്യവും ഈ സൈനിക പ്രദർശനത്തിലൂടെ പ്രകടമാക്കും. ഈ പരിപാടി രാജ്യത്തിൻ്റെ വർദ്ധിച്ചു വരുന്ന സമുദ്രശക്തിയും സ്വാശ്രയത്വവും പ്രതിഫലിപ്പിക്കുന്നതിനൊപ്പം നാവികസേനയുടെ അതിശക്തമായ പോരാട്ട ശേഷി, സാങ്കേതിക മികവ്, ഓപ്പറേഷണൽ സജ്ജത എന്നിവയും സജീവമായി അവതരിപ്പിക്കും.
നാവികസേനയുടെ പോരാട്ട ശേഷിയും സമുദ്രമേഖലയിലുടനീളം കൃത്യതയോടെ ശക്തി പ്രയോഗിക്കാനുള്ള കഴിവും പ്രതീകാത്മകമായി മുൻനിര പ്ലാറ്റ്‌ഫോമുകൾ ഏകോപിച്ചുള്ള അഭ്യാസങ്ങളിലൂടെ പ്രദർശിപ്പിക്കും. ഇന്ത്യയുടെ സമുദ്ര അതിർത്തികൾ സുരക്ഷിതമാക്കുന്നതിനുള്ള നാവികസേനയുടെ തയ്യാറെടുപ്പിനെ പ്രതിഫലിപ്പിക്കുന്ന, ഉപരിതല, ഉപ-ഉപരിതല, ആകാശ മാർഗ്ഗങ്ങളിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ തടസ്സമില്ലാത്ത ഏകോപിത നീക്കങ്ങൾ ഈ പ്രദർശനത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടും.
ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിന് അനുസൃതമായി, പ്രതിരോധ നിർമ്മാണ രംഗത്തെ ഇന്ത്യയുടെ വളരുന്ന സ്വാശ്രയത്വം വ്യക്തമാക്കുന്ന തദ്ദേശീയമായി നിർമ്മിച്ച ആസ്തികളുടെ ഒരു നിരതന്നെ പ്രദർശനത്തിൽ അണിനിരക്കും. ആധുനികവും, സാങ്കേതികമായി വികസിതവും, ഭാവിക്ക് സജ്ജവുമായ സമുദ്രസേനയെ വാർത്തെടുക്കുന്നതിനുള്ള 'മേക്ക് ഇൻ ഇന്ത്യ' കാഴ്ചപ്പാടിലധിഷ്ഠിതമായ നാവികസേനയുടെ നിരന്തരമായ ശ്രമങ്ങളെ ഈ പ്ലാറ്റ്‌ഫോമുകൾ ഉൾക്കൊള്ളുന്നു.
ഓപ്പറേഷൻ സിന്ദൂരിൽ പ്രദർശിപ്പിച്ചതുപോലെ നാവികസേനയുടെ സുസ്സജ്ജതയും പ്രതിരോധ ശേഷിയും ഈ ആഘോഷം എടുത്തു കാണിക്കും. കൃത്യത, വേഗത, ആധിപത്യം എന്നിവയോടെ ആക്രമിക്കാനുള്ള നാവികസേനയുടെ ശേഷി ഇത് ആവർത്തിച്ചുറപ്പിക്കുന്നു. രാജ്യത്തിൻ്റെ പരമാധികാരവും സമുദ്ര താൽപ്പര്യങ്ങളും സംരക്ഷിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ധീരരായ പുരുഷ- വനിതാ സൈനികർക്കുള്ള ആദരവായി ഈ പ്രകടനം നിലകൊള്ളുന്നു.
971-ലെ ഇന്തോ-പാക് യുദ്ധത്തിൽ ശത്രുവിന്റെ നാവിക-തീര പ്രതിരോധത്തിന് കനത്ത പ്രഹരമേല്പിച്ച നാവികസേനയുടെ നിർണായക പങ്കിന്റെ ഓർമ്മപ്പെടുത്തലായി നാവികസേനാ ദിനം വർത്തിക്കുന്നു. ഓപ്പറേഷൻ ട്രൈഡൻ്റിൻ്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് ധീരമായ ആക്രമണം അഴിച്ചുവിട്ടു. ഈ നിർണ്ണായക നടപടി ഇന്ത്യയുടെ സമുദ്ര ശക്തി മാത്രമല്ല, കൃത്യത, ധൈര്യം, തന്ത്രപരമായ മികവ് എന്നിവയും പ്രകടമാക്കി. പോരാട്ട സജ്ജവും, ഏകീകൃതവും, വിശ്വസനീയവും , ആത്മനിർഭരവുമായ ഒരു ശക്തി എന്ന നിലയിൽ വികസിതവും സമൃദ്ധവുമായ ഭാരതത്തിനുവേണ്ടി സാഗരങ്ങൾ സംരക്ഷിക്കുന്ന ഇന്ത്യൻ നാവികസേനയുടെ സമുദ്ര മികവിൻ്റെ ഒരു ആഘോഷമായിരിക്കും നാവികസേനദിനം 2025-ലെ ഈ ഓപ്പറേഷണൽ പ്രദർശനം.
-NK-
(Release ID: 2187884)
Visitor Counter : 11