പരിസ്ഥിതി, വനം മന്ത്രാലയം
ബ്രസീലിലെ ബെലേമിൽ നടന്ന UNFCCC CoP30 നേതാക്കളുടെ ഉച്ചകോടിയിൽ തുല്യ കാലാവസ്ഥാ നടപടിയോടുള്ള പ്രതിബദ്ധത ഇന്ത്യ ആവർത്തിച്ചുറപ്പിച്ചു.
Posted On:
08 NOV 2025 10:02AM by PIB Thiruvananthpuram
2025 നവംബർ ഏഴിന് നടന്ന CoP30 നേതാക്കളുടെ ഉച്ചകോടിയിൽ ഇന്ത്യയുടെ ദേശീയ പ്രസ്താവന നടത്തിയ ബ്രസീലിലെ ഇന്ത്യൻ അംബാസഡർ ശ്രീ ദിനേശ് ഭാട്ടിയ തുല്യത,ദേശീയ സാഹചര്യങ്ങൾ,പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങളും ബന്ധപ്പെട്ട കഴിവുകളും (CBDR-RC) എന്ന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ നടപടിയോടുള്ള രാജ്യത്തിൻ്റെ സ്ഥിരമായ പ്രതിബദ്ധത ആവർത്തിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യു.എൻ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിൻ്റെ (UNFCCC) 30-ാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് (CoP30) 2025 നവംബർ 10 മുതൽ 21 വരെ ബ്രസീലിലെ ബെലേമിൽ നടക്കും.
പാരീസ് ഉടമ്പടിയുടെ പത്താം വാർഷികത്തിൽ CoP30 സംഘടിപ്പിച്ചതിന് ബ്രസീലിന് ഇന്ത്യ നന്ദി അറിയിക്കുകയും റിയോ ഉച്ചകോടിയുടെ 33 വർഷത്തെ പാരമ്പര്യത്തെ അനുസ്മരിക്കുകയും ചെയ്തു.ആഗോളതാപനത്തിൻ്റെ വെല്ലുവിളിയോടുള്ള ആഗോള പ്രതികരണത്തെക്കുറിച്ച് വിലയിരുത്തുന്നതിനുള്ള അവസരമാണിതെന്ന് ഇന്ത്യയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.പാരീസ് ഉടമ്പടി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കാലാവസ്ഥാ വ്യവസ്ഥയ്ക്ക് അടിത്തറ പാകിയ സമത്വത്തിൻ്റേയും CBDR-RC യുടേയും തത്വങ്ങൾ അംഗീകരിച്ച റിയോ ഉച്ചകോടിയുടെ പൈതൃകം ആഘോഷിക്കാനുള്ള അവസരം കൂടിയാണിത്..
ട്രോപ്പിക്കൽ ഫോറസ്റ്റ്സ് ഫോറെവർ ഫെസിലിറ്റി (TFFF) സ്ഥാപിക്കാനുള്ള ബ്രസീലിൻ്റെ സംരംഭത്തെ ഇന്ത്യ സ്വാഗതം ചെയ്തു.ഉഷ്ണമേഖലാ വനങ്ങളുടെ സംരക്ഷണത്തിനായുള്ള കൂട്ടായതും സുസ്ഥിരവുമായ ആഗോള പ്രവർത്തനത്തിന് TFFF ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ഇന്ത്യ വിലയിരുത്തി.ഈ ഫെസിലിറ്റിയിൽ ഇന്ത്യ ഒരു നിരീക്ഷക രാജ്യമായി ചേരുകയും ചെയ്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വീകരിച്ച കുറഞ്ഞ കാർബൺ വികസന പാത ഈ പ്രസ്താവനയിൽ ഉയർത്തിക്കാട്ടി.2005 നും 2020 നും ഇടയിൽ ഇന്ത്യ ജി.ഡി.പി.യുടെ ഉദ്വമന തീവ്രത 36 ശതമാനം കുറച്ചുവെന്നും ഈ പ്രവണത തുടരുകയാണെന്നും പ്രസ്താവന എടുത്തുകാണിച്ചു.നിലവിൽ ഇന്ത്യയുടെ സ്ഥാപിത ഊർജ്ജശേഷിയുടെ 50 ശതമാനത്തിലധികവും ഫോസിലിതര സ്രോതസ്സുകളിൽ നിന്നാണ്.നിശ്ചയിച്ച സമയത്തിന് അഞ്ച് വർഷം മുമ്പ് പുതുക്കിയ എൻഡിസി ലക്ഷ്യത്തിലെത്താൻ ഇത് രാജ്യത്തെ പ്രാപ്തമാക്കുന്നു.
ഇന്ത്യയിലെ വന-വൃക്ഷങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും 2005 നും 2021 നും ഇടയിൽ 2.29 ബില്യൺ ടൺ CO₂ ന് തത്തുല്യമായ അധിക കാർബൺ സിങ്ക് സൃഷ്ടിക്കുകയും ചെയ്തു.ഏകദേശം 200 ജിഗാവാട്ട് സ്ഥാപിത പുനരുപയോഗ ശേഷിയുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ പുനരുപയോഗ ഊർജ്ജ ഉത്പാദക രാജ്യമായി ഇന്ത്യ ഉയർന്നുവന്നതിനേയും പ്രസ്താവന കൂടുതൽ അടിവരയിടുന്നു. ഇൻ്റർനാഷണൽ സോളാർ അലയൻസ് പോലുള്ള ആഗോള സംരംഭങ്ങൾ ഇപ്പോൾ 120 ലധികം രാജ്യങ്ങളെ ഒന്നിപ്പിക്കുകയും താങ്ങാനാവുന്ന സൗരോർജ്ജവും ദക്ഷിണ-ദക്ഷിണ സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പാരീസ് ഉടമ്പടി നിലവിൽ വന്ന് 10 വർഷങ്ങൾ പിന്നിടുമ്പോഴും പല രാജ്യങ്ങളുടേയും ദേശീയമായി നിശ്ചയിച്ച സംഭാവനകൾ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നതായും വികസ്വര രാജ്യങ്ങൾ നിർണ്ണായകമായ കാലാവസ്ഥാ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും ആഗോള അഭിലാഷം അപര്യാപ്തമായി തുടരുന്നതായും ഇന്ത്യ ഊന്നിപ്പറഞ്ഞു.അവശേഷിക്കുന്ന കാർബൺ ബഡ്ജറ്റ് അതിവേഗം കുറയുന്ന പശ്ചാത്തലത്തിൽ വികസിത രാജ്യങ്ങൾ ഉദ്വമനം കുറയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും വാഗ്ദാനം ചെയ്തതും മതിയായതും പ്രവചനാതീതവുമായ പിന്തുണ നല്കുകയും ചെയ്യണമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വികസ്വര രാജ്യങ്ങളിൽ അഭിലഷണീയമായ കാലാവസ്ഥാ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന് താങ്ങാനാവുന്ന സാമ്പത്തിക സഹായം,സാങ്കേതികവിദ്യയുടെ ലഭ്യത,ശേഷി വർദ്ധിപ്പിക്കൽ എന്നിവ അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു.ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സമത്വപൂർണ്ണവും പ്രവചനാതീതവും ഇളവുകളോടു കൂടിയതുമായ കാലാവസ്ഥാ ധനസഹായം ഒരു അടിസ്ഥാന ശിലയായി നിലനിൽക്കുമെന്നും കൂട്ടിച്ചേർത്തു.CBDR-RC യുടെ തത്വങ്ങളേയും ദേശീയ സാഹചര്യങ്ങളേയും അടിസ്ഥാനമാക്കി അഭിലാഷപൂർണ്ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിയുക്തവും സമത്വപൂർണ്ണവുമായ രീതിയിൽ പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനും സുസ്ഥിരതയിലേക്കുള്ള പരിവർത്തനത്തിനും മറ്റ് രാജ്യങ്ങളുമായി സഹകരിക്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചു.
ബഹുരാഷ്ട്രവാദത്തോടുള്ള പ്രതിബദ്ധതയും പാരീസ് ഉടമ്പടിയുടെ ഘടന സംരക്ഷിക്കുന്നതിലുള്ള ഉറപ്പും
ഇന്ത്യ വീണ്ടും പ്രഖ്യാപിച്ചു.അടുത്ത ദശകത്തിലെ കാലാവസ്ഥാ പ്രവർത്തനം വെറും ലക്ഷ്യങ്ങളാൽ മാത്രമല്ല, നടപ്പാക്കൽ,പ്രതിരോധശേഷി,പരസ്പര വിശ്വാസത്തേയും നീതയേയെയും അടിസ്ഥാനമാക്കിയുള്ള പങ്കിട്ട ഉത്തരവാദിത്തം എന്നിവയിലൂടെയും നിർവ്വചിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

(Release ID: 2187832)
Visitor Counter : 7