പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
'വളരുന്ന ശാസ്ത്ര, സാങ്കേതിക, നൂതനാശയ ത്രിദിന സമ്മേളന'ത്തിൽ (എസ്റ്റിക് 2025), പ്രമുഖ എൻആർഐ ശാസ്ത്രജ്ഞരും പണ്ഡിതരും പങ്കെടുത്ത 'വികസിത ഭാരതത്തിനായുള്ള വൈഭവ് ദർശനം' വട്ടമേശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. ജിതേന്ദ്ര സിങ്
Posted On:
04 NOV 2025 6:10PM by PIB Thiruvananthpuram
'വളരുന്ന ശാസ്ത്ര, സാങ്കേതിക, നൂതനാശയ ത്രിദിന സമ്മേളനത്തിൽ' (എസ്റ്റിക് 2025), പ്രമുഖ എൻആർഐ ശാസ്ത്രജ്ഞരും പണ്ഡിതരും പങ്കെടുത്ത ഒരു വട്ടമേശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇങ്ങനെ പറഞ്ഞു, 'നിങ്ങൾ പുറമെ നിന്നുള്ളവരല്ല-നിങ്ങൾ ഇന്ത്യയുടെ ശാസ്ത്ര കുടുംബത്തിൻ്റെ ഭാഗമാണ്.'
ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നിരവധി ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച ലോകമെമ്പാടുമുള്ള വൈഭവ് കൂട്ടാളികളുമായി സംവദിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ ശാസ്ത്ര പ്രവാസി സമൂഹവുമായുള്ള ഇടപെടലിനെ 'മസ്തിഷ്‌ക ചോർച്ച' എന്ന കാലഘട്ടത്തിൽ നിന്ന് 'വിപരീത മസ്തിഷ്‌ക ചോർച്ച' അല്ലെങ്കിൽ 'മസ്തിഷ്‌ക കൈമാറ്റം' എന്ന മാതൃകയിലേക്ക് മാറ്റണമെന്ന് ഡോ. ജിതേന്ദ്ര സിംഗ് ആഹ്വാനം ചെയ്തു. അവിടെ ഇന്ത്യയ്ക്കും അതിൻ്റെ ആഗോള പ്രതിഭാ കൂട്ടായ്മയ്ക്കും ഇടയിൽ അറിവ്, നൂതനാശയങ്ങൾ, ആശയങ്ങൾ എന്നിവ തടസ്സമില്ലാതെ പ്രവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈഭവ് ഫെലോഷിപ്പിലൂടെ പ്രവാസികളുടെ ഇടപെടൽ സ്ഥാപനവൽക്കരിക്കാനുള്ള സർക്കാർ ശ്രമങ്ങളെ, യുഎസ്, കാനഡ, സ്വീഡൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സർവകലാശാലകളെയും ഗവേഷണ വികസന കേന്ദ്രങ്ങളെയും പ്രതിനിധീകരിക്കുന്ന വൈഭവ് കൂട്ടാളികൾ പ്രശംസിച്ചു. ഇന്ത്യൻ സ്ഥാപനങ്ങളും ആഗോള ഇന്ത്യൻ ഗവേഷകരും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക ആശയങ്ങൾ അവർ പങ്കുവെച്ചു.
വിദ്യാർത്ഥികളുടെ ചലനക്ഷമതയ്ക്കായി ഒരു ഘടനാപരമായ സംവിധാനം സൃഷ്ടിക്കുക എന്നതായിരുന്നു ഏറ്റവും ശക്തമായ ശുപാർശകളിൽ ഒന്ന്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശത്ത് അവരുടെ മാർഗ്ഗദർശികളുമായി ഒരു വർഷം വരെ പ്രവർത്തിക്കാനും ആതിഥേയ ശാസ്ത്രജ്ഞർക്ക് വിദേശ വിദ്യാർത്ഥികളെ ഇന്ത്യൻ ലാബുകളിലേക്ക് കൊണ്ടുവരാനും ഇത് അനുവദിക്കുന്നു. പലരും പറഞ്ഞതുപോലെ, ഈ നീക്കം 'ചക്രവാളങ്ങൾ വികസിപ്പിക്കുകയും ആഗോള പ്രതിഭകളെ പരിപോഷിപ്പിക്കുകയും ചെയ്യും'.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പി.പി.പി) അക്കാദമിക് ഗവേഷണത്തെ വ്യാവസായിക നവീകരണത്തിലേക്ക് പരിവർത്തിക്കാനുള്ള അവസരങ്ങളും പങ്കെടുത്ത നിരവധി പേർ എടുത്തുപറഞ്ഞു. പരമ്പരാഗത പി.പി.പികൾക്ക് അപ്പുറം അതിർത്തി കടന്നുള്ള സഹകരണങ്ങൾ രൂപപ്പെടുത്താൻ അവർ നിർദ്ദേശിച്ചു - ഇന്ത്യൻ പുതുസംരംഭങ്ങളെയും വ്യവസായങ്ങളെയും വിദേശ പങ്കാളികളുമായി, പ്രത്യേകിച്ച് ഉയർന്ന സാങ്കേതികവിദ്യ, നിർമ്മാണ മേഖലകളിൽ അവ ബന്ധിപ്പിക്കുന്നു.
വിശാലതല നിർദ്ദേശങ്ങൾക്ക് മറുപടിയായി, പ്രവാസികൾ പങ്കിടുന്ന നിരവധി പ്രായോഗിക ആശയങ്ങൾ സ്വീകരിക്കാൻ സർക്കാർ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. അന്താരാഷ്ട്ര അധ്യാപകവൃന്ദത്തെ സന്ദർശിക്കുന്നതിനുള്ള ലളിതമായ യാത്രാ, അംഗീകാര ചട്ടക്കൂട് ഒരു സുപ്രധാന മുന്നേറ്റമായിരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചു. കൂടാതെ, മുൻകൂട്ടി അംഗീകരിച്ച അദ്ധ്യാപകവൃന്ദ പട്ടികയ്ക്കുള്ള നിർദ്ദേശം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സമീപ വർഷങ്ങളിൽ സമർപ്പിച്ച എല്ലാ പേറ്റൻ്റുകളിലും പകുതിയിലധികവും തദ്ദേശീയരായ ഇന്ത്യക്കാരിൽ നിന്നാണെന്ന വസ്തുത ഉൾപ്പെടെ, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഗവേഷണ-വികസന ആവിഷ്‌കരണത്തിൻ്റെ വ്യക്തമായ ഉദാഹരണങ്ങൾ മന്ത്രി ഉദ്ധരിച്ചു. കോവിഡ്-19 വാക്‌സിൻ മുതൽ തദ്ദേശീയ എച്ച്.പി.വി, ഹീമോഫീലിയ ജീൻ തെറാപ്പി മുന്നേറ്റങ്ങൾ വരെയുള്ള ബയോടെക്‌നോളജിയിലെ പുരോഗതികളെയും ചന്ദ്രയാൻ-3, ബഹിരാകാശത്തെ സസ്യ ജീവശാസ്ത്ര പരീക്ഷണങ്ങൾ പോലുള്ള പ്രധാന ബഹിരാകാശ നേട്ടങ്ങളെയും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യൻ ശാസ്ത്ര പ്രവാസി സമൂഹത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ ഇടപെടലിനെ വീണ്ടും ഊന്നിപ്പറഞ്ഞുകൊണ്ട് മന്ത്രി പറഞ്ഞു, 'നിങ്ങൾ പുറത്തുനിന്നുള്ളവരല്ല - നിങ്ങൾ ഇന്ത്യൻ ശാസ്ത്ര കുടുംബത്തിൻ്റെ ഭാഗമാണ്.' ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ഡിജിറ്റൽ സഹകരണ ഉപകരണങ്ങളുടെ വളർച്ചയോടെ, ഇന്ത്യൻ പ്രവാസി ശാസ്ത്രജ്ഞർക്ക് മറ്റൊരു രാജ്യത്ത് താമസിച്ചുകൊണ്ട് പോലും ഇന്ത്യയ്ക്കായി എളുപ്പത്തിൽ സംഭാവന നൽകാനും പ്രവർത്തിക്കാനുമുള്ള അവസരമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച്, നിങ്ങളുടെ ജോലി നിർവഹിക്കുന്നതിന് നിങ്ങൾ ഒരു സ്ഥലത്ത് തുടർച്ചയായി നിലയുറപ്പിക്കേണ്ടതില്ല,' -ഈ പുതിയ മാതൃകയെ ഒരു മികച്ച പരിവർത്തനമായി വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'ഒരു പുതുസംരംഭം ആരംഭിക്കുന്നത് എളുപ്പമാണ്, പക്ഷേ അത് നിലനിർത്താൻ ശക്തമായ വ്യവസായ പങ്കാളിത്തം ആവശ്യമാണ്' എന്ന് ചൂണ്ടിക്കാട്ടി, സുസ്ഥിരമായ നൂതനവത്കരണത്തിനായി വ്യവസായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കാൻ ശാസ്ത്രജ്ഞരെ ഡോ. ജിതേന്ദ്ര സിംഗ് പ്രോത്സാഹിപ്പിച്ചു. അതിവേഗം വളർന്ന് ഇപ്പോൾ അന്താരാഷ്ട്ര ബന്ധങ്ങൾക്ക് ശ്രമിക്കുന്ന, അരോമ ദൗത്യത്തിന് കീഴിലുള്ള ഇന്ത്യയിലെ ലാവെൻഡർ അധിഷ്ഠിത പുതുസംരംഭങ്ങൾ പോലുള്ള വിജയകരമായ മാതൃകകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈഭവ് ഫെലോഷിപ്പ് കാലയളവ് ഒരു ഔപചാരിക ഘടന മാത്രമാണെന്നും ഇടപെടലിനുള്ള പരിധിയല്ലെന്നും അദ്ദേഹം തുടർന്ന് വ്യക്തമാക്കി. 'ഗാന്ധി ജയന്തിയിൽ മാത്രം നമ്മൾ ഗാന്ധിയെ ഓർക്കുന്നതുപോലെ, ഫെലോഷിപ്പിൻ്റെ കാലയളവോടെ ഇന്ത്യയുമായുള്ള നിങ്ങളുടെ ബന്ധം അവസാനിക്കരുത്' -അദ്ദേഹം പറഞ്ഞു, വെർച്ച്വൽ സഹകരണങ്ങൾ, സംയുക്ത പദ്ധതികൾ, ഉപദേശക ശൃംഖലകൾ എന്നിവയിലൂടെ ദീർഘകാല ബന്ധം നിലനിർത്താൻ കൂട്ടാളികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
അതിർത്തികൾക്കപ്പുറം പരസ്പരം ബന്ധപ്പെടാനുള്ള കഴിവിലാണ് ശാസ്ത്രത്തിൻ്റെ ശക്തിയെന്ന് പറഞ്ഞുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് തൻ്റെ പ്രസ്താവനകൾ ഉപസംഹരിച്ചു. 2047 ഓടെ ഇന്ത്യയെയും ലോകത്തെയും വികസിത ഭാരതം എന്ന പൊതുവായ ലക്ഷ്യത്തിലേക്ക് അടുക്കാൻ സഹായിക്കുന്ന തരത്തിൽ, 'ഇന്ത്യയുടെ ശാസ്ത്ര നവോത്ഥാനത്തിൻ്റെ അംബാസഡർമാരായി' പ്രവർത്തിക്കാൻ അദ്ദേഹം പ്രവാസി ശാസ്ത്രജ്ഞരോട് അഭ്യർത്ഥിച്ചു.




****
(Release ID: 2186603)
Visitor Counter : 3