വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ഇയു എഫ്‌ടിഎ ചർച്ചകൾ ശക്തമാകുന്നു;യൂറോപ്യൻ യൂണിയന്റെ ഉന്നത തല സംഘം ന്യൂഡൽഹിയിലെത്തി

Posted On: 03 NOV 2025 8:53PM by PIB Thiruvananthpuram
യൂറോപ്യൻ യൂണിയൻ (ഇയു) സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) ഇന്ത്യയുമായി ചർച്ചകൾക്കായി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള (ഇയു) ഉന്നത തല സംഘം 2025 നവംബർ 3 മുതൽ 7 വരെ ന്യൂഡൽഹിയിൽ ചർച്ച നടത്തും.നിലനിൽക്കുന്ന പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഇരുപക്ഷത്തിനും പ്രയോജനപ്പെടുന്ന സന്തുലിതവും നീതിയുക്തവുമായ ഒരു ചട്ടക്കൂട് സൃഷ്ടിച്ചു കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് ഈ ചർച്ചകൾ ലക്ഷ്യമിടുന്നത്.
 
 ബ്രസ്സൽസ് പര്യടനത്തിൽ (2025 ഒക്ടോബർ 27–28) കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ, യൂറോപ്പ്യൻ  വ്യാപാര, സാമ്പത്തിക സുരക്ഷാ കമ്മീഷണർ മരോഷ് ഷെഫ്‌കോവിച്ചുമായി  ഭാവിപരിപാടികൾ ചർച്ച ചെയ്തിരുന്നു. അതിനെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ സംഘത്തിന്റെ  ഈ സന്ദർശനം. പരസ്പരഇടപെടൽ ശക്തമാക്കാനും സമഗ്ര വ്യാപാര കരാർ സുഗമമാക്കാനുമുള്ള ഇരുപക്ഷത്തിന്റെയും പ്രതിജ്ഞാബദ്ധത ഈ കൂടിയാലോചനകൾ പ്രതിഫലിപ്പിക്കുന്നു.
 
 ന്യൂഡൽഹിയിൽ നടക്കുന്ന ചർച്ചകൾ  ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ വ്യാപാരം, ഉൽപാദന രാജ്യത്തിന്റെ നിയമങ്ങൾ, സാങ്കേതികവും സ്ഥാപനപരവുമായ വസ്തുതകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയുടെയും യൂറോപ്യൻ യൂണിയന്റെയും മുൻഗണനകളും സംവേദനക്ഷമതയും പ്രതിഫലിപ്പിക്കുന്നതും ആധുനികവും കരുത്തുറ്റതും ഭാവി സജ്ജവുമായ ഒരു കരാറിനായുള്ള പൊതുവായ കാഴ്ചപ്പാടാണ് ചർച്ചകളെ നയിക്കുന്നത്.
 
2025 നവംബർ 3-ന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും യൂറോപ്യൻ യൂണിയന്റെ വ്യാപാര-സാമ്പത്തിക സുരക്ഷാ കമ്മീഷണർ മരോഷ് ഷെഫ്‌കോവിച്ചും കൃഷി-ഭക്ഷ്യ കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസനും തമ്മിലുള്ള വെർച്വൽ യോഗത്തോടെ ചർച്ചകൾക്ക് ആക്കം കൂടി.
 
ന്യൂഡൽഹി സന്ദർശനത്തിന്റെ ഭാഗമായി, യൂറോപ്യൻ കമ്മീഷന്റെ (ഇയു ഡിജി ട്രേഡ്) ഡയറക്ടർ ജനറൽ സബിൻ വെയാൻഡ് നവംബർ 5, 6 തീയതികളിൽ ഇന്ത്യൻ വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാളുമായി പ്രധാന സാങ്കേതിക, നയ വിഷയങ്ങളിൽ ഉന്നതതല ചർച്ചകൾ നടത്തും.
 
വ്യാപാരം, നിക്ഷേപം, നൂതനാശയങ്ങൾ, സുസ്ഥിര വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്ന ന്യായവും സന്തുലിതവുമായ ഒരു കരാർ രൂപപ്പെടുത്താനുള്ള ഇന്ത്യയുടെയും യൂറോപ്യൻ യൂണിയന്റെയും സംയുക്ത ദൃഢനിശ്ചയത്തെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘ സന്ദർശനം അടയാളപ്പെടുത്തുന്നു.
 
GG

(Release ID: 2186136) Visitor Counter : 4