വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള നാലാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തുടക്കം.
Posted On:
03 NOV 2025 6:14PM by PIB Thiruvananthpuram
ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) നാലാം റൗണ്ട് ചര്‍ച്ചകള്‍ ഇന്ന് (നവംബര്‍ 3-7, 2025) ന്യൂസിലന്‍ഡിലെ ഓക്ക് ലന്‍ഡില്‍ ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സന്തുലിതവും സമഗ്രവും ഉഭയകക്ഷി പ്രയോജനകരവുമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാണിത്.
2025 മാര്‍ച്ചില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണിന്റെ സന്ദര്‍ശന വേളയില്‍ ആദരണീയ പ്രധാനമന്ത്രി ശ്രീ. .നരേന്ദ്ര മോദി മുന്നോട്ട് വച്ച മാര്‍ഗനിര്‍ദേശത്തിലും, സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സമാന പ്രതിബദ്ധതയില്‍ നിന്നുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കെട്ടിപ്പടുക്കുന്നത്. 2025 മാര്‍ച്ച് 16 ന് ഭാരത സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയലും ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ വ്യാപാര നിക്ഷേപ മന്ത്രി ശ്രീ. ടോഡ് മക്ലേയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
ചരക്ക് വ്യാപാരം, സേവന വ്യാപാരം, മൗലിക ചട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ഈ റൗണ്ടിലെ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുന്‍ റൗണ്ടുകളില്‍ കൈവരിച്ച പുരോഗതിയെ ആധാരമാക്കി, കാലികമായ വിഷയങ്ങളില്‍ സമവായത്തിലെത്തുന്നതിനും സ്വതന്ത്ര വ്യാപാര കരാറിന്റെ ദ്രുതഗതിയിലുള്ള സാക്ഷാത്കാരത്തിനും വേണ്ടി ഇരുപക്ഷവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നു.
ഇരു സമ്പദ്‌വ്യവസ്ഥകളുടെയും സുസ്ഥിര വളര്‍ച്ചയും സമൃദ്ധിയും ലക്ഷ്യമിട്ടുള്ള ഭാവിസജ്ജവും സമഗ്രവുമായ ഒരു വ്യാപാര ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യയും ന്യൂസിലന്‍ഡും ഊട്ടിയുറപ്പിക്കുന്നു.
****
(Release ID: 2186082)
Visitor Counter : 5