ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

നേപ്പാളി പൗരയെ യാത്ര ചെയ്യാൻ അനുവദിക്കാത്ത കേസിൽ ഇന്ത്യൻ ഇമിഗ്രേഷന് പങ്കില്ല

Posted On: 01 NOV 2025 6:29PM by PIB Thiruvananthpuram

ബെർലിനിലേക്ക് പോകാനായി എത്തിയ നേപ്പാൾ പൗരയായ ശ്രീമതി ശംഭവി അധികാരിയെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐഎ) തടഞ്ഞ്, കാഠ്മണ്ഡുവിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തെ നേപ്പാളി പൗരന്മാരോടുള്ള പക്ഷപാതം/വിവേചനമായി തെറ്റായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

ഈ സംഭവത്തിൽ ഇന്ത്യൻ ഇമിഗ്രേഷൻ അധികാരികൾക്ക് ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കുന്നു. കാഠ്മണ്ഡുവിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വന്ന് ഡൽഹി വഴി പോകാനാണ് യാത്രക്കാരി എത്തിയത്. എന്നാൽ ഖത്തർ എയർവേയ്‌സിൻ്റെ കണക്റ്റിംഗ് വിമാനത്തിൽ കയറുന്നതിനിടെ അവരെ തടയുകയായിരുന്നു. വിസ കാലാവധി കണക്കിലെടുത്ത് ജർമ്മനിയിലേക്ക് യാത്ര അനുവദിക്കാനാവില്ല എന്ന് തീരുമാനമെടുത്തതും അവരെ കാഠ്മണ്ഡുവിലേക്ക് തിരികെ അയച്ചതും വിമാന കമ്പനിയാണ്. ഇത് നിർദിഷ്ട ലക്ഷ്യസ്ഥാനമായ രാജ്യത്തിൻ്റെ നിയമങ്ങൾ /ആവശ്യകത അനുസരിച്ചുള്ള സാധാരണ നടപടിയാണ്. തുടർന്ന് അവർ യാത്രാ തീയതികൾ പുനഃക്രമീകരിക്കുകയും പിന്നീട് കാഠ്മണ്ഡുവിൽ നിന്ന് മറ്റൊരു മാർഗം യാത്ര നടത്തുകയും ചെയ്തു.

അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാർ അവരുടെ തുടർ യാത്രയ്ക്കായി ഇന്ത്യൻ ഇമിഗ്രേഷനെ സമീപിക്കേണ്ടതില്ല. ഇത് സംബന്ധിച്ച നടപടികൾ വിമാന കമ്പനികളും യാത്രക്കാരനും തമ്മിൽ നേരിട്ടുള്ളതാണ്. ഇന്ത്യൻ ഇമിഗ്രേഷൻ അധികാരികൾക്ക് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല.

നേപ്പാളുമായുള്ള ശക്തമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നു. നേപ്പാളിലെ പൗരന്മാർക്കെതിരെ ഒരു ഇന്ത്യൻ അധികാര കേന്ദ്രവും പക്ഷപാതമോ വിവേചനമോ കാണിക്കുന്നില്ലെന്ന് ആവർത്തിച്ച് ഉറപ്പുനൽകുകയും ചെയ്യുന്നു.

****


(Release ID: 2185321) Visitor Counter : 43