രാജ്യരക്ഷാ മന്ത്രാലയം
ഇന്തോ-പസഫിക് മേഖലയിലെ നിയമവാഴ്ചയ്ക്കും സ്വതന്ത്രമായ സമുദ്ര, വ്യോമ സഞ്ചാരത്തിനും ഇന്ത്യ നൽകുന്ന പ്രധാന്യം ഒരു രാജ്യത്തിനും എതിരല്ല, മറിച്ച് എല്ലാ പ്രാദേശിക പങ്കാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളത്: ADMM-പ്ലസിൽ രാജ്യരക്ഷാ മന്ത്രി
Posted On:
01 NOV 2025 12:06PM by PIB Thiruvananthpuram
"ഇന്തോ-പസഫിക് മേഖലയിലെ നിയമവാഴ്ചയ്ക്കും ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ പ്രദാനം ചെയ്യുന്ന സ്വതന്ത്രമായ സമുദ്ര, വ്യോമ സഞ്ചാരത്തിനും ഇന്ത്യ നൽകുന്ന പ്രധാന്യം ഒരു രാജ്യത്തിനും എതിരല്ല, മറിച്ച് എല്ലാ പ്രാദേശിക പങ്കാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്" -2025 നവംബർ 01ന് മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന 12-ാമത് ADMM-പ്ലസിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് പറഞ്ഞു. 'ADMM-പ്ലസിൻ്റെ 15 വർഷത്തെ പ്രതിഫലനവും മുന്നോട്ടുള്ള പാത സൃഷ്ടിക്കലും' എന്ന വിഷയത്തിൽ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആസിയാനുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ സഹകരണം കേവലം കൊടുക്കൽ വാങ്ങൽ എന്നതിലുപരി, ദീർഘകാലീനവും തത്വാധിഷ്ഠിതവുമാണെന്നും സ്വതന്ത്രവും സർവ്വാശ്ലേഷിയും സംഘർഷ മുക്തവുമായ ഇന്തോ-പസഫിക് എന്ന സമാന ചിന്താഗതിയാണ് അതിന് ആധാരമായി നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലേഷ്യയുടെ അധ്യക്ഷതയിൽ "സർവ്വാശ്ലേഷിത്വവും സുസ്ഥിരതയും" എന്ന ആശയത്തിന് ഊന്നൽ നൽകുന്നത് സമയോചിതവും കാലിക പ്രസക്തവുമാണെന്ന് രാജ്യരക്ഷാ മന്ത്രി പറഞ്ഞു. സുരക്ഷയിലെ സർവ്വാശ്ലേഷിത്വമെന്നാൽ പ്രാദേശിക ക്രമം രൂപപ്പെടുത്തുന്നതിലും അതിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കുന്നതിനും വലുപ്പമോ ശേഷിയോ പരിഗണിക്കാതെ എല്ലാ രാജ്യങ്ങൾക്കും പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ്. ആഘാതങ്ങളെ ചെറുക്കാൻ കഴിയുന്നതും, ഉയർന്നുവരുന്ന ഭീഷണികളുമായി പൊരുത്തപ്പെടാൻ കഴിയുന്നതും, ഹ്രസ്വകാല വിന്യാസത്തേക്കാൾ ദീർഘകാല സഹകരണത്തിൽ വേരൂന്നിയതുമായ സുരക്ഷാ ഘടനകൾ കെട്ടിപ്പടുക്കുക എന്നതാണ് സുസ്ഥിരതയെന്നത് കൊണ്ട് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ തത്വങ്ങൾ തന്ത്രപരമായ സ്വന്തം വീക്ഷണത്തെ പ്രതിധ്വനിപ്പിക്കുന്നു. ഇന്തോ-പസഫിക്കിനായുള്ള ഇന്ത്യയുടെ സുരക്ഷാ ദർശനമാകട്ടെ, സാമ്പത്തിക വികസനം, സാങ്കേതിക വിദ്യാ വിനിമയം, മാനവ വിഭവശേഷിയിലെ പുരോഗതി എന്നിവയുമായി പ്രതിരോധ സഹകരണത്തെ സമന്വയിപ്പിക്കുന്നു. സുരക്ഷ, വളർച്ച, സുസ്ഥിരത എന്നിവയിലെ പാരസ്പര്യം ആസിയാനുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തെ നിർവ്വചിക്കുന്നു," അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ് നയത്തി' ൻ്റെയും വിശാലമായ ഇന്തോ-പസഫിക് ദർശനത്തിൻ്റെയും അനിവാര്യ ഘടകമെന്ന് ADMM-പ്ലസിനെ വിശേഷിപ്പിച്ച ശ്രീ രാജ് നാഥ് സിംഗ്, ആസിയാനും ADMM-പ്ലസ് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം പ്രാദേശിക സമാധാനം, സ്ഥിരത, ശേഷി വികസനം എന്നിവയ്ക്ക് മികച്ച സംഭാവനകൾ നൽകുന്നുവെന്ന് വ്യക്തമാക്കി. “ADMM-പ്ലസ് പതിനാറാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഉഭയകക്ഷി താത്പര്യമുള്ള സമസ്ത മേഖലകളിലും സഹകരണം ശക്തിപ്പെടുത്താനും ഭിന്നതകൾ പരിഹരിക്കുന്നതിന് സംഭാഷണം പ്രോത്സാഹിപ്പിക്കാനും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്ന പ്രാദേശിക സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഇന്ത്യ സജ്ജമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ അനുഭവം വ്യക്തമായ പാഠങ്ങൾ നൽകുന്നു: സമഗ്രമായ സഹകരണം ഗുണപരമായി വർത്തിക്കുന്നു, പ്രാദേശിക അവകാശങ്ങൾ നിയമസാധുത വളർത്തുന്നു, കൂട്ടായ സുരക്ഷ വൈയക്തിക പരമാധികാരത്തെ ശക്തിപ്പെടുത്തുന്നു. ഈ തത്വങ്ങൾ വരും വർഷങ്ങളിൽ ADMM-പ്ലസിനോടും ആസിയാനോടുമുള്ള ഇന്ത്യയുടെ സമീപനത്തെ മുന്നോട്ട് നയിക്കും. 'മേഖലയുടെ സുരക്ഷയും വളർച്ചയും സാധ്യമാക്കുന്ന പരസ്പരപൂരകവും സമഗ്രവുമായ പുരോഗതി (MAHASAGAR-മഹാസാഗർ)' എന്ന തത്വത്തിലൂന്നി സംഭാഷണം, പങ്കാളിത്തം, പ്രായോഗിക സഹകരണം എന്നിവയിലൂടെ സൃഷ്ടിപരമായ സംഭാവനകൾ തുടരാൻ നാം തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യ -ആസിയാൻ സഹകരണം ADMM-പ്ലസിന് വളരെ മുമ്പു തന്നെ ആരംഭിച്ചതാണെന്നും, എന്നാൽ ADMM-പ്ലസ് സംവിധാനം നയതന്ത്രപരവും സാമ്പത്തികവുമായ വശങ്ങളെ പൂരകമാക്കുന്ന ഘടനാപരമായ പ്രതിരോധ വേദി പ്രദാനം ചെയ്തിട്ടുണ്ടെന്നും രാജ്യരക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി. ആസിയാൻ-ഇന്ത്യ പങ്കാളിത്തത്തെ തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിലേക്ക് 2022 ൽ ഉയർത്തിയത് രാഷ്ട്രീയ ബന്ധങ്ങൽ പക്വത പ്രാപിച്ചതിൻ്റെ സൂചനയെന്നതിലുപരി, പ്രാദേശിക മുൻഗണനകളുടെ വർദ്ധിച്ചുവരുന്ന വിന്യാസത്തെ പ്രതിഫലിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.
ADMM-പ്ലസിൻ്റെ തുടക്കം മുതൽ സജീവവും ക്രിയാത്മകവുമായ പങ്കാളിയാണ് ഇന്ത്യയെന്ന് എടുത്തുപറഞ്ഞുകൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ് ഇങ്ങനെ വിശദീകരിച്ചു: മൂന്ന് വിദഗ്ദ്ധ കർമ്മ സമിതികളുടെ സഹ-അധ്യക്ഷ പദവി നമുക്ക് ലഭിച്ചു. 2014 മുതൽ 2017 വരെ ഹ്യുമാനിറ്റേറിയൻ മൈൻ ആക്ഷൻ വിത്ത് വിയറ്റ്നാം, 2017 മുതൽ 2020 വരെ മിലിറ്ററി മെഡിസിൻ വിത്ത് മ്യാൻമർ, 2020 മുതൽ 2024 വരെ ഇന്തോനേഷ്യയിലെ മാനുഷിക സഹായവും ദുരന്ത നിവാരണവും എന്നിങ്ങനെ മൂന്ന് വിദഗ്ദ്ധ കർമ്മ സമിതികളുടെ സഹ-അധ്യക്ഷത പദവി നമുക്ക് ലഭിച്ചു”. നിലവിൽ 2024–2027 കാലയളവിൽ മലേഷ്യയുമായി ചേർന്ന് ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നു.
കാലാകാലങ്ങളിൽ ഒട്ടേറെ വിദഗ്ദ്ധ കർമ്മ സമിതികളിൽ സജീവമായി ഭാഗഭാക്കായ ഇന്ത്യ ഫീൽഡ് തല അഭ്യാസങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും സമാന പ്രവർത്തന മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന നൽകുകയും ചെയ്‌തെന്നും ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. "ആസിയാൻ്റെ തന്ത്രപരമായ വീക്ഷണവുമായി ഇന്ത്യൻ സംരംഭങ്ങളെ സമന്വയിപ്പിക്കുന്നതിന് ADMM-പ്ലസ് സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇടപെടലുകൾ ആസിയാൻ സംവിധാനങ്ങളുമായി മത്സരിക്കുന്നതിനുപകരം അവയെ ശക്തിപ്പെടുത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു," അദ്ദേഹം പറഞ്ഞു.

****
(Release ID: 2185192)
Visitor Counter : 9