പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ന്യൂഡൽഹിയിൽ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനം 2025-നെ അഭിസംബോധന ചെയ്തു


ആര്യസമാജത്തിന്റെ 150-ാം വാർഷികം ഒരു പ്രത്യേക സമൂഹത്തിനോ വിഭാഗത്തിനോ വേണ്ടി മാത്രമുള്ളതല്ല - അത് രാജ്യത്തിന്റെ മുഴുവൻ വേദ സ്വത്വവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ആഘോഷമാണ്: പ്രധാനമന്ത്രി

ആര്യസമാജം ഭാരതീയതയുടെ അന്തഃസ്സത്തയെ നിർഭയമായി ഉയർത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്: പ്രധാനമന്ത്രി

ദാർശനികനും മഹാനുഭാവനുമായിരുന്നു സ്വാമി ദയാനന്ദ് ജി : പ്രധാനമന്ത്രി

സുസ്ഥിര വികസനം പിന്തുടരുന്നതിൽ ഇന്ത്യ ഇന്ന് പ്രമുഖ ആഗോള ശബ്ദമായി ഉയർന്നുവന്നിരിക്കുന്നു: പ്രധാനമന്ത്രി

Posted On: 31 OCT 2025 6:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ രോഹിണിയിൽ നടന്ന അന്താരാഷ്ട്ര ആര്യ മഹാസമ്മേളനം 2025-നെ അഭിസംബോധന ചെയ്തു.

അല്പം മുൻപ് കേട്ട മന്ത്രങ്ങളുടെ ഊർജ്ജം ഇപ്പോഴും എല്ലാവർക്കും അനുഭവിക്കാൻ കഴിയുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശ്രി. മോദി  അഭിപ്രായപ്പെട്ടു. ഈ വേദിയിൽ വരുമ്പോഴെല്ലാം ഉണ്ടാകുന്ന അനുഭവം ദിവ്യവും അസാധാരണവുമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ അനുഭവം സ്വാമി ദയാനന്ദ് ജിയുടെ അനുഗ്രഹം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ദയാനന്ദ് ജിയുടെ ആദർശങ്ങളോടുള്ള തന്റെ ആഴമേറിയ ആദരവ് പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ചടങ്ങിൽ സന്നിഹിതരായ എല്ലാ ചിന്തകരുമായും പതിറ്റാണ്ടുകളായി തനിക്കുള്ള ബന്ധമാണ്  അവരോടൊപ്പം വീണ്ടും വീണ്ടും ഒത്തുചേരാൻ തനിക്ക് അവസരം നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുമായി കൂടിക്കാഴ്ച നടത്തുകയും സംവദിക്കുകയും ചെയ്യുമ്പോൾ തനിക്ക് ഒരു പ്രത്യേക ഊർജ്ജവും അനന്യമായ പ്രചോദനവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഗുജറാത്തിലെ മഹർഷി ദയാനന്ദ് സരസ്വതി ജിയുടെ ജന്മസ്ഥലത്ത് ഒരു പ്രത്യേക പരിപാടി നടന്നതും, അതിൽ താൻ വീഡിയോ സന്ദേശം വഴി പങ്കെടുത്തതും ശ്രീ മോദി അനുസ്മരിച്ചു. അതിനുമുമ്പ്, മഹർഷി ദയാനന്ദ് സരസ്വതി ജിയുടെ 200-ാമത് ജന്മവാർഷികാഘോഷങ്ങൾ ഡൽഹിയിൽ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവിടെ നടന്ന വിശുദ്ധ ഹോമത്തിന്റെയും വേദമന്ത്രങ്ങളുടെയും ഊർജ്ജം ഇന്നലത്തെപ്പോലെ ഇപ്പോഴും അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹർഷി ദയാനന്ദ് സരസ്വതി ജിയുടെ ദ്വിശതാബ്ദി ആഘോഷങ്ങൾ 'വിചാര യജ്ഞമായി' രണ്ടു വർഷമായി നടത്താൻ എല്ലാ പങ്കാളികളും മുൻപ് നടന്ന പരിപാടിയിൽ തീരുമാനിച്ച കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ബൗദ്ധിക സമർപ്പണം യാതൊരു തടസ്സവുംകൂടാതെ പൂർണ്ണമാക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ കാലയളവിൽ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും തനിക്ക് പതിവായി വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ശ്രീ മോദി സൂചിപ്പിച്ചു. ഇന്ന്, ആര്യസമാജത്തിന്റെ 150-ാം സ്ഥാപക വാർഷികാഘോഷ വേളയിൽ, ഒരിക്കൽക്കൂടി ഹൃദയംഗമമായ ആദരമർപ്പിക്കാൻ തനിക്ക് അവസരം ലഭിച്ചു. സ്വാമി ദയാനന്ദ് സരസ്വതി ജിയുടെ പാദാരവിന്ദങ്ങളിൽ അദ്ദേഹം ആദരവും ശ്രദ്ധാഞ്ജലിയും അർപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വേളയിൽ സ്മാരക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യാൻ കഴിഞ്ഞത് തനിക്കു ലഭിച്ച ഒരു പ്രത്യേക അവകാശമായി കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ആര്യസമാജത്തിന്റെ 150-ാം വാർഷികം കേവലം ഒരു പ്രത്യേക സമുദായത്തിനോ വിഭാഗത്തിനോ മാത്രമുള്ളതല്ല — അത് രാജ്യത്തിന്റെയാകെ വേദ സ്വത്വവുമായി ആഴത്തിൽ ബന്ധപ്പെട്ടുള്ള ഒരു ആഘോഷമാണ്,” പ്രധാനമന്ത്രി പറഞ്ഞു. ഗംഗാപ്രവാഹംപോലെ ആത്മശുദ്ധീകരണത്തിന്റെ ശക്തി ഉൾക്കൊള്ളുന്ന ഇന്ത്യൻ ദാർശനിക പാരമ്പര്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്യസമാജം നിരന്തരം  മുന്നോട്ടുകൊണ്ടുപോയ സാമൂഹിക പരിഷ്കരണത്തിന്റെ മഹത്തായ പൈതൃകത്തിൽ വേരൂന്നിയതാണ് ഈ ആഘോഷമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഈ പ്രസ്ഥാനം പ്രത്യയശാസ്ത്രപരമായ ശക്തി നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യസമാജത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിനായി സ്വയം സമർപ്പിച്ച നിരവധി വിപ്ലവകാരികളിൽ ലാലാ ലജ്പത് റായ്, രക്തസാക്ഷി രാംപ്രസാദ് ബിസ്മിൽ തുടങ്ങിയവരുടെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ, സ്വാതന്ത്ര്യസമരത്തിൽ ആര്യസമാജം വഹിച്ച സുപ്രധാന പങ്കിന് അർഹിക്കുന്ന അംഗീകാരം നേടാനായില്ല എന്നതിൽ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു.

സ്ഥാപിതമായ കാലം മുതൽ ആര്യസമാജം രാജ്യസ്നേഹികളുടെ ഒരു പ്രസ്ഥാനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ശ്രീ മോദി, “ആര്യസമാജം ഭാരതീയതയുടെ അന്തഃസ്സത്തയെ നിർഭയമായി ഉയർത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.” എന്ന് എടുത്തുപറഞ്ഞു. അത് ഇന്ത്യാവിരുദ്ധ പ്രത്യയശാസ്ത്രങ്ങളായാലും, വിദേശ സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളായാലും, വിഭാഗീയ ചിന്താഗതികളായാലും, സാംസ്കാരിക ഘടനയെ മലിനമാക്കാനുള്ള ശ്രമങ്ങളായാലും, അവയെ വെല്ലുവിളിക്കാൻ ആര്യസമാജം എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്യസമാജം അതിന്റെ 150-ാം വാർഷികം ആഘോഷിക്കുമ്പോൾ, സമൂഹവും രാജ്യവും ദയാനന്ദ സരസ്വതി ജിയുടെ മഹത്തായ ആദർശങ്ങൾക്ക് ഇത്രയും ഗംഭീരമായ രീതിയിൽ ആദരം അർപ്പിക്കുന്നതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

മതപരമായ ഉണർവിലൂടെ ചരിത്രത്തിന് ഒരു പുതിയ ദിശ നൽകിയ സ്വാമി ശ്രദ്ധാനന്ദ് പോലുള്ള ആര്യസമാജത്തിലെ പണ്ഡിതർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് , അത്തരം മഹാനുഭാവന്മാരുടെ ഊർജ്ജവും അനുഗ്രഹവും ഈ ചരിത്ര നിമിഷത്തിലുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. വേദിയിൽ വെച്ച് ഈ എണ്ണമറ്റ മഹാനുഭാവന്മാർക്ക് അദ്ദേഹം പ്രണാമം അർപ്പിക്കുകയും അവരുടെ സ്മരണകളിൽ ആദരമർപ്പിക്കുകയും ചെയ്തു.

ഇന്ത്യ പല തരത്തിൽ സവിശേഷമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു - ഇന്ത്യയുടെ മണ്ണ്, സംസ്കാരം, വേദപാരമ്പര്യം എന്നിവ യുഗങ്ങളായി ശാശ്വതമായി നിലകൊള്ളുന്നു. പുതിയ വെല്ലുവിളികൾ ഉണ്ടാകുമ്പോഴും കാലം പുതിയ ചോദ്യങ്ങൾ ഉയർത്തുമ്പോഴും ചില മഹാത്മാക്കൾ അതിനുള്ള ഉത്തരങ്ങളുമായി ഉയർന്നുവരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആ ഘട്ടങ്ങളിൽ സന്യാസിവര്യന്മാരോ, ദാർശനികരോ, പണ്ഡിതന്മാരോ എപ്പോഴും സമൂഹത്തെ നയിക്കാൻ മുന്നോട്ട് വരുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്വാമി ദയാനന്ദ സരസ്വതി ജി ആ മഹത്തായ പാരമ്പര്യത്തിലുൾപ്പെട്ട മഹർഷി ആയിരുന്നു. നൂറ്റാണ്ടുകകളായി രാജ്യത്തെയും സമൂഹത്തെയും തകർത്തിരുന്ന കൊളോണിയൽ അടിമത്തത്തിന്റെ കാലഘട്ടത്തിലാണ് സ്വാമി ദയാനന്ദ് ജി ജനിച്ചതെന്ന് ശ്രീ മോദി അനുസ്മരിച്ചു. അന്ധവിശ്വാസങ്ങളും സാമൂഹിക തിന്മകളുമായിരുന്നു ചിന്തയ്ക്കും വിചിന്തനത്തിനും പകരമായി നിലനിന്നിരുന്നതെന്നും, കൊളോണിയൽ ഭരണം ന്യായീകരിക്കാൻ ബ്രിട്ടീഷുകാർ ഇന്ത്യൻ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും അപമാനിച്ചുവെന്നും അദ്ദേഹം നിരീക്ഷിച്ചു. അത്തരം സാഹചര്യങ്ങളിൽ, നവീനവും, മൗലികമായ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ധൈര്യം സമൂഹത്തിന് നഷ്ടപ്പെട്ടു. ഈ ദുഷ്‌കരമായ സമയത്താണ് ഹിമാലയത്തിന്റെ വിദൂരവും കഠിനവുമായ പ്രദേശങ്ങളിൽ കഠിനമായ ആത്മീയ പരിശീലനം നടത്തി, കഠിന തപസ്സിലൂടെ സ്വയം പരീക്ഷിച്ചറിഞ്ഞ ഒരു യുവ സന്യാസി ഉയർന്നുവന്നത്. തിരികെ വന്നശേഷം അദ്ദേഹം അപകർഷതാബോധത്തിൽ അകപ്പെട്ട ഇന്ത്യൻ സമൂഹത്തെ പിടിച്ചുലച്ചു. ഇന്ത്യൻ സ്വത്വത്തെ ചെറുതാക്കാൻ മുഴുവൻ ബ്രിട്ടീഷ് സ്ഥാപനവും ശ്രമിക്കുകയും സാമൂഹിക ദർശനങ്ങളുടെയും ധാർമ്മികതയുടെയും തകർച്ച ആധുനികവൽക്കരണമായി അവതരിപ്പിക്കുകയും ചെയ്ത ഒരു സമയത്ത്, ആത്മവിശ്വാസമുള്ള ആ ഋഷി തന്റെ സമൂഹത്തോട് ആഹ്വാനം ചെയ്തു - "വേദങ്ങളിലേക്ക് മടങ്ങുക!" കൊളോണിയൽ ഭരണകാലത്ത് അടിച്ചമർത്തപ്പെട്ട ദേശീയ ബോധം പുനരുജ്ജീവിപ്പിച്ച ശ്രദ്ധേയനായ വ്യക്തിയായിട്ടാണ് പ്രധാനമന്ത്രി സ്വാമി ദയാനന്ദ് ജിയെ വിശേഷിപ്പിച്ചത്.

ഇന്ത്യ പുരോഗമിക്കണമെങ്കിൽ കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകൾ തകർക്കുക മാത്രമല്ല, സമൂഹത്തെ ബന്ധിച്ചിരുന്ന കെട്ടുപാടുകൾ കൂടി തകർക്കേണ്ടതുണ്ടെന്ന് സ്വാമി ദയാനന്ദ സരസ്വതി ജി എങ്ങനെയാണ് മനസ്സിലാക്കിയതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ജാതി അധിഷ്ഠിത വിവേചനവും അയിത്തവും സ്വാമി ദയാനന്ദ് ജി നിരാകരിച്ചു എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിരക്ഷരതയ്‌ക്കെതിരെ അദ്ദേഹം പ്രചാരണം ആരംഭിക്കുകയും വേദങ്ങളുടെയും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളുടെയും വ്യാഖ്യാനങ്ങൾ വളച്ചൊടിച്ചവരെ വെല്ലുവിളിക്കുകയും ചെയ്തു. അദ്ദേഹം വിദേശികളുടെ കെട്ടിച്ചമച്ച കഥകളെ എതിർക്കുകയും ശാസ്ത്രാർത്ഥം എന്ന പരമ്പരാഗത രീതിയിലൂടെ സത്യത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്തു. വ്യക്തിപരവും സാമൂഹികവുമായ വികസനത്തിൽ സ്ത്രീകൾക്കുള്ള സുപ്രധാന പങ്ക് തിരിച്ചറിയുകയും, സ്ത്രീകളെ വീടിന്റെ അതിരുകൾക്കുള്ളിൽ തളച്ചിടുന്ന ചിന്താഗതിയെ വെല്ലുവിളിക്കുകയും ചെയ്ത ദാർശനികനായ സന്യാസിയായിരുന്നു സ്വാമി ദയാനന്ദ് ജി എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രചോദനത്തിൽ, ആര്യസമാജ വിദ്യാലയങ്ങൾ പെൺകുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി, ജലന്ധറിൽ ആരംഭിച്ച പെൺകുട്ടികളുടെ വിദ്യാലയം താമസിയാതെ ഒരു പൂർണ്ണ വനിതാ കോളേജായി വികാസം പ്രാപിച്ചു. അത്തരം ആര്യസമാജ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയ ലക്ഷക്കണക്കിന് പെൺമക്കൾ ഇപ്പോൾ രാജ്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വേദിയിൽ സന്നിഹിതയായിരുന്ന ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്തയുടെ സാന്നിധ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്, രണ്ടുദിവസം മുൻപ് ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനൊപ്പം ഒരു റഫാൽ യുദ്ധവിമാനത്തിൽ പറന്ന കാര്യം ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ന് ഇന്ത്യയുടെ പെൺമക്കൾ യുദ്ധവിമാനങ്ങൾ പറത്തുകയും "ഡ്രോൺ ദീദിമാർ" ആയി ആധുനിക കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ STEM ബിരുദധാരികളായ വനിതകൾ ഇന്ന് ഇന്ത്യയിലാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ സ്ത്രീകൾ കൂടുതലായി നേതൃപാടവം ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലെ വനിതാ ശാസ്ത്രജ്ഞർ മംഗൾയാൻ, ചന്ദ്രയാൻ, ഗഗൻയാൻ പോലുള്ള ബഹിരാകാശ ദൗത്യങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ പരിവർത്തനപരമായ സംഭവവികാസങ്ങൾ, രാജ്യം ശരിയായ പാതയിലാണ് മുന്നോട്ട് പോകുന്നതെന്നും സ്വാമി ദയാനന്ദ് ജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവെന്നും സൂചിപ്പിക്കുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.

സ്വാമി ദയാനന്ദ് ജിയുടെ ഒരു പ്രത്യേക ചിന്താഗതിയെക്കുറിച്ച് താൻ പലപ്പോഴും ആലോചിക്കാറുണ്ടെന്നും അത് മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. "ഏറ്റവും കുറവ് ഉപയോഗിക്കുകയും ഏറ്റവും കൂടുതൽ സംഭാവന നൽകുകയും ചെയ്യുന്ന വ്യക്തിയാണ് യഥാർത്ഥത്തിൽ പക്വതയുള്ളവൻ" എന്നാണ് സ്വാമിജി പറഞ്ഞത്. ഈ കുറഞ്ഞ വാക്കുകളിൽ എത്രമാത്രം അഗാധമായ ജ്ഞാനമാണ് അടങ്ങിയിരിക്കുന്നതെന്നും, ഒരുപക്ഷേ ഇത് വ്യാഖ്യാനിച്ചുകൊണ്ട്‌ ഒരു  മുഴുനീളൻ പുസ്തകം തന്നെ എഴുതാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ആശയത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ അർത്ഥത്തിൽ മാത്രമല്ല, അത് എത്രത്തോളം സ്ഥായിയാണ്, എത്ര ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നു എന്നതിലാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി ഈ മാനദണ്ഡമനുസരിച്ച് നമ്മൾ മഹർഷി ദയാനന്ദ് ജിയുടെ ചിന്തകളെ വിലയിരുത്തുമ്പോൾ, ആര്യസമാജത്തിന്റെ അർപ്പണബോധമുള്ള അനുയായികളെ നിരീക്ഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ ആശയങ്ങൾ കാലം ചെല്ലുന്തോറും കൂടുതൽ ശോഭയുള്ളതായി മാറുന്നു എന്ന് വ്യക്തമാകുന്നതായി അഭിപ്രായപ്പെട്ടു.

സ്വാമി ദയാനന്ദ് സരസ്വതി ജി തന്റെ ജീവിതകാലത്ത് പരോപകാരിണി സഭ സ്ഥാപിച്ച കാര്യം സൂചിപ്പിച്ച പ്രധാനമന്ത്രി, സ്വാമിജി പാകിയ വിത്ത് ഇന്ന് വിശാലമായ ശാഖകളോടെ ഒരു വലിയ വൃക്ഷമായി വളർന്നിരിക്കുന്നു എന്നും, അതിന് ഗുരുകുൽ കാംഗ്രി, ഗുരുകുൽ കുരുക്ഷേത്ര, DAV തുടങ്ങിയ സ്ഥാപനങ്ങളും മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങളും ഉൾപ്പെടെ നിരവധി ശാഖകളുണ്ടെന്നും, അവയെല്ലാം അതത് മേഖലകളിൽ കഠിനമായി പ്രവർത്തിക്കുന്നുവെന്നും  അഭിപ്രായപ്പെട്ടു. രാജ്യത്തിന് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം, ആര്യസമാജ അംഗങ്ങൾ സ്വയംസേവനം ചെയ്തുകൊണ്ട് സഹപൗരന്മാരെ സഹായിക്കാൻ നിസ്വാർത്ഥമായി അർപ്പണം ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിഭജനത്തിന്റെ ഭീകരതയിൽ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ അഭയാർത്ഥികളെ സഹായിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും വിദ്യാഭ്യാസം നൽകുന്നതിലും ആര്യസമാജം വഹിച്ച സുപ്രധാന പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ഇന്നും, പ്രകൃതിദുരന്തങ്ങളിൽ ഇരയായവരെ സേവിക്കുന്നതിൽ ആര്യസമാജം മുൻപന്തിയിൽ നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്യസമാജത്തിന്റെ നിരവധി സംഭാവനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയുടെ ഗുരുകുല പാരമ്പര്യം സംരക്ഷിക്കുന്നതിലുള്ള പങ്കാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഗുരുകുലങ്ങളുടെ ശക്തി കൊണ്ടാണ് ഇന്ത്യ ഒരിക്കൽ അറിവിന്റെയും ശാസ്ത്രത്തിന്റെയും ഉന്നതിയിൽ നിന്നിരുന്നതെന്ന് അനുസ്മരിച്ചു. കൊളോണിയൽ ഭരണകാലത്ത്, ഈ സംവിധാനത്തിനെതിരെ മനഃപൂർവമായ ആക്രമണങ്ങൾ നടന്നു, ഇത് അറിവിന്റെ നാശത്തിനും മൂല്യങ്ങളുടെ ശോഷണത്തിനും പുതിയ തലമുറയെ ദുർബലപ്പെടുത്തുന്നതിനും കാരണമായി. തകർന്നുപോയ ഗുരുകുല പാരമ്പര്യത്തെ രക്ഷിക്കാൻ ആര്യസമാജം മുന്നോട്ട് വന്നു. പാരമ്പര്യം സംരക്ഷിക്കുക മാത്രമല്ല, ആധുനിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ട് കാലക്രമേണ അത് പരിഷ്കരിക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രാജ്യം ഇപ്പോൾ വിദ്യാഭ്യാസത്തെ മൂല്യങ്ങളുമായും സ്വഭാവരൂപീകരണവുമായും വീണ്ടും ബന്ധിപ്പിക്കുമ്പോൾ, ഇന്ത്യയുടെ പവിത്രമായ വിജ്ഞാന പാരമ്പര്യം സംരക്ഷിച്ചതിന് ആര്യസമാജത്തോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

"ലോകത്തെ മുഴുവൻ ശ്രേഷ്ഠമാക്കുക, ഉദാത്തമായ ചിന്തകളിലേക്ക് നയിക്കുക" എന്ന് അർത്ഥം വരുന്ന "കൃണ്വന്തോ വിശ്വം ആര്യം" എന്ന വേദ  വാക്യം ഉദ്ധരിച്ചുകൊണ്ട്, സ്വാമി ദയാനന്ദ് ജി ഈ വാക്യം ആര്യസമാജത്തിന്റെ മാർഗ്ഗദർശകമായി സ്വീകരിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. ഈ വാക്യം തന്നെയാണ് ഇപ്പോൾ ഇന്ത്യയുടെ വികസന യാത്രയുടെ അടിസ്ഥാന മന്ത്രമായി വർത്തിക്കുന്നതെന്നും, ഇന്ത്യയുടെ പുരോഗതി ആഗോള ക്ഷേമത്തിന് സംഭാവന ചെയ്യുമെന്നും അതിന്റെ സമൃദ്ധി മനുഷ്യരാശിയെമുഴുവൻ സേവിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സുസ്ഥിര വികസന രംഗത്ത് ഇന്ത്യ പ്രമുഖ ആഗോള ശബ്ദമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. വേദങ്ങളിലേക്ക് മടങ്ങാനുള്ള സ്വാമിജിയുടെ ആഹ്വാനത്തിന് സമാന്തരമായി, ഇന്ത്യ ഇപ്പോൾ ആഗോള വേദിയിൽ വേദ ദർശനങ്ങളും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആഗോള പിന്തുണ ലഭിച്ച മിഷൻ ലൈഫ് ആരംഭിച്ചത് അദ്ദേഹം പരാമർശിച്ചു. "ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്" എന്ന കാഴ്ചപ്പാടിലൂടെ ഇന്ത്യ ശുദ്ധ ഊർജ്ജത്തെ ആഗോള പ്രസ്ഥാനമായി പരിവർത്തനം ചെയ്യുകയാണ്. അന്താരാഷ്ട്ര യോഗാ ദിനത്തിലൂടെ യോഗ, 190-ലധികം രാജ്യങ്ങളിൽ എത്തിയിട്ടുണ്ടെന്നും, അതിലൂടെ യോഗപരമായ ജീവിതരീതിയും പാരിസ്ഥിതിക അവബോധവും പ്രോത്സാഹിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടും ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മിഷൻ ലൈഫ് പോലുള്ള ആഗോള സംരംഭങ്ങൾ വളരെക്കാലമായി ആര്യസമാജ അംഗങ്ങളുടെ അച്ചടക്കമുള്ള ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി നിലനിൽക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ ലളിത ജീവിതം, സേവനമനോഭാവമുള്ള മൂല്യങ്ങൾ, പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളോടുള്ള താൽപ്പര്യം, പരിസ്ഥിതി സ്നേഹം, ഇന്ത്യൻ സംസ്കാരത്തിന്റെ പ്രചാരണം എന്നിവയെ അദ്ദേഹം പ്രശംസിച്ചു. "സർവേ ഭവന്തു സുഖിനഃ" എന്ന ദർശനത്തോടെ ഇന്ത്യ ആഗോള ക്ഷേമം മുന്നോട്ട് കൊണ്ടുപോവുകയും ആഗോള സോദരനായി അതിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ, ആര്യസമാജത്തിലെ ഓരോ അംഗവും സ്വാഭാവികമായും ഈ ദൗത്യവുമായി സംയോജിക്കുന്നു വെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അവരുടെ സംഭാവനകളെ അദ്ദേഹം ഹൃദയപൂർവ്വം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

സ്വാമി ദയാനന്ദ് സരസ്വതി ജി തെളിച്ച ദീപശിഖ കഴിഞ്ഞ 150 വർഷമായി ആര്യസമാജത്തിലൂടെ സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, പുതിയ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും പുരോഗതിയെ തടസ്സപ്പെടുത്തുന്ന കർക്കശമായ കീഴ്വഴക്കങ്ങൾ തകർക്കുന്നതിനും വേണ്ടിയുള്ള അഗാധമായ ഉത്തരവാദിത്തബോധം സ്വാമിജി നമ്മളിലെല്ലാം സ്ഥാപിച്ചു എന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ആര്യസമാജ സമൂഹത്തിൽ നിന്ന് തനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും അദ്ദേഹം അംഗീകരിക്കുകയും, താൻ പരിപാടിയിൽ പങ്കെടുക്കാൻ  മാത്രമല്ല, ചില അഭ്യർത്ഥനകൾ നടത്താനും കൂടിയാണ് വന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.

രാജ്യ പുനർനിർമ്മാണ പ്രയത്നങ്ങൾക്ക് ആര്യസമാജം ഇതിനകം തന്നെ മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ നിലവിലെ ചില മുൻഗണനകൾ ആവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. സ്വദേശി പ്രസ്ഥാനത്തെ അദ്ദേഹം എടുത്തുപറഞ്ഞുകൊണ്ട് ആര്യസമാജത്തിന് അതിനോടുള്ള ചരിത്രപരമായ ബന്ധം അദ്ദേഹം ഓർമ്മിപ്പിച്ചു. തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും 'വോക്കൽ ഫോർ ലോക്കൽ' ആകാനുമുള്ള ഉത്തരവാദിത്തം രാജ്യം വീണ്ടും ഏറ്റെടുക്കുമ്പോൾ, ഈ ദൗത്യത്തിൽ ആര്യസമാജത്തിന്റെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇന്ത്യയുടെ പുരാതന കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് അടുത്തിടെ ആരംഭിച്ച ജ്ഞാൻ ഭാരതം മിഷനെ  അനുസ്മരിച്ചുകൊണ്ട്, യുവതലമുറ ഈ വിജ്ഞാന ശേഖരവുമായി ബന്ധപ്പെടുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ ഈ വിശാലമായ അറിവിന്റെ ശേഖരം യഥാർത്ഥത്തിൽ സംരക്ഷിക്കപ്പെടുകയുള്ളൂവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 150 വർഷമായി ഇന്ത്യയുടെ പവിത്രമായ പുരാതന ഗ്രന്ഥങ്ങൾ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ ആര്യസമാജം ഏർപ്പെട്ടിരിക്കുന്നത് ചൂണ്ടിക്കാട്ടി, ഈ ദൗത്യത്തിൽ സജീവമായി പങ്കുചേരാൻ ശ്രീ മോദി ആര്യസമാജത്തോട് ആഹ്വാനം ചെയ്തു. ഈ ഗ്രന്ഥങ്ങളുടെ മൗലികത നിലനിർത്തുന്നതിൽ ആര്യസമാജ അംഗങ്ങൾ വിവിധ തലമുറകളായി നടത്തിവരുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ജ്ഞാൻ ഭാരതം മിഷൻ ഇപ്പോൾ ഈ പ്രയത്നത്തെ ദേശീയ തലത്തിലേക്ക് ഉയർത്തുമെന്നും, ഇതിനെ സ്വന്തം പ്രചാരണമായി കണക്കാക്കണമെന്നും അദ്ദേഹം ആര്യസമാജിനോട് അഭ്യർത്ഥിച്ചു. അവരുടെ ഗുരുകുലങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും കൈയെഴുത്തുപ്രതികളെക്കുറിച്ചുള്ള പഠനത്തിലും ഗവേഷണത്തിലും യുവാക്കളെ ഉൾപ്പെടുത്താൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

മഹർഷി ദയാനന്ദ് ജിയുടെ 200-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് താൻ യാഗങ്ങളിൽ ഉപയോഗിക്കുന്ന ധാന്യങ്ങളെക്കുറിച്ച് സംസാരിച്ചത് പ്രധാനമന്ത്രി ശ്രീ മോദി അനുസ്മരിച്ചു. യാഗങ്ങളിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന 'ശ്രീ അന്ന' അഥവാ പരുക്കൻ ധാന്യങ്ങളുടെ പവിത്രമായ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും ഇന്ത്യയുടെ പുരാതന ശ്രീ അന്ന പാരമ്പര്യം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയും ചെയ്തു. ഈ ധാന്യങ്ങളുടെ പ്രധാന സവിശേഷതകളിലൊന്ന് അവ പ്രകൃതിദത്തമായി കൃഷി ചെയ്യപ്പെടുന്നവയാണ് എന്നതാണ്. പ്രകൃതിദത്ത കൃഷി ഒരുകാലത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അടിത്തറയായിരുന്നുവെന്നും അതിന്റെ പ്രാധാന്യം ലോകം വീണ്ടും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദത്ത കൃഷിയുടെ സാമ്പത്തികവും ആത്മീയവുമായ മാനങ്ങളെക്കുറിച്ച് അവബോധം വളർത്താൻ പ്രധാനമന്ത്രി ആര്യസമാജത്തോടഭ്യർത്ഥിച്ചു. 

ജലസംരക്ഷണ പ്രവർത്തനങ്ങളിലേയ്ക്ക് വിരൽചൂണ്ടിക്കൊണ്ട്, ഓരോ ഗ്രാമത്തിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനായി രാജ്യം ജൽ ജീവൻ മിഷൻ വഴി ശ്രമിക്കുന്നുണ്ടെന്നും ഇത് ലോകത്തിലെ ഏറ്റവും സവിശേഷമായ പ്രചാരണങ്ങളിൽ ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, ഭാവി തലമുറകൾക്കായി മതിയായ ജലം സംരക്ഷിച്ചാൽ മാത്രമേ ജലവിതരണ സംവിധാനങ്ങൾ ഫലപ്രദമാകൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനായി ഗവണ്മെന്റ് തുള്ളിനന പ്രോത്സാഹിപ്പിക്കുകയും 60,000-ത്തിലധികം അമൃത് സരോവരങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഗവണ്മെന്റിനൊപ്പം സമൂഹവും ഈ ശ്രമങ്ങളെ സജീവമായി പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഓരോ ഗ്രാമത്തിലും പരമ്പരാഗതമായി ഉണ്ടായിരുന്ന കുളങ്ങൾ, തടാകങ്ങൾ, കിണറുകൾ, പടിക്കിണറുകൾ എന്നിവ കാലക്രമേണ അവഗണിക്കപ്പെടുകയും വറ്റിപ്പോവുകയും ചെയ്തതിനെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, ഈ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിന് തുടർച്ചയായ പൊതു അവബോധം ആവശ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. "ഏക് പെഡ് മാ കേ നാം" പ്രചാരണത്തിന്റെ വിജയം എടുത്തുപറഞ്ഞ  പ്രധാനമന്ത്രി, ഇത് ഒരു ഹ്രസ്വകാല സംരംഭമല്ലെന്നും, മറിച്ച് വനവൽക്കരണത്തിനായുള്ള സുസ്ഥിരമായ പ്രസ്ഥാന മാണെന്നും വ്യക്തമാക്കി. കഴിയുന്നത്ര ആളുകളെ ഈ പ്രചാരണവുമായി ബന്ധിപ്പിക്കാൻ അദ്ദേഹം ആര്യസമാജ അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.

"സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം" എന്ന വേദവാക്യം പ്രധാനമന്ത്രി ഉദ്ധരിച്ചു, ഇത് ഒരുമിച്ച് നടക്കാനും പരസ്പരം സംസാരിക്കാനും പരസ്പരം മനസ്സിലാക്കാനും പഠിപ്പിക്കുന്നു - പരസ്പര ബഹുമാനം ഊന്നിപ്പറയുന്നു. ഈ വേദമന്ത്രം ഒരു ദേശീയ കർമ്മ ആഹ്വാനമായും കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രതിജ്ഞകളെ സ്വന്തം പ്രതിജ്ഞകളായി സ്വീകരിക്കാനും പൊതുജന പങ്കാളിത്തത്തിലൂടെ കൂട്ടായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ശ്രീ മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. കഴിഞ്ഞ 150 വർഷമായി ആര്യസമാജം ഈ മനോഭാവം സ്ഥായിയായി ഉൾക്കൊണ്ടിരിക്കുന്നുവെന്നും അത് കൂടുതൽ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹർഷി ദയാനന്ദ് സരസ്വതി ജിയുടെ ചിന്തകൾ മനുഷ്യക്ഷേമത്തിന്റെ പാതയെ തുടർന്നും പ്രകാശിപ്പിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. ആര്യസമാജിന്റെ 150 വർഷം ആഘോഷിക്കുന്ന ഈ വേളയിൽ അദ്ദേഹം എല്ലാവർക്കും ഒരിക്കൽക്കൂടി ഹൃദയംഗമമായ ആശംസകൾ നേർന്നു.

പരിപാടിയിൽ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത എന്നിവരും  മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.

പശ്ചാത്തലം

മഹർഷി ദയാനന്ദ് സരസ്വതി ജിയുടെ 200-ാം ജന്മവാർഷികവും ആര്യസമാജത്തിന്റെ150 വർഷത്തെ സാമൂഹിക സേവനവും അനുസ്മരിച്ചുകൊണ്ടുള്ള ജ്യാന ജ്യോതി മഹോത്സവത്തിന്റെ പ്രധാന ഭാഗമാണ് അന്താരാഷ്ട്ര ആര്യ സമ്മേളനം 2025 പരിപാടി.

ആര്യസമാജത്തിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളെ ഈ സമ്മേളനം ഒരുമിപ്പിക്കും. ഇത് മഹർഷി ദയാനന്ദിന്റെ പരിഷ്കരണാശയങ്ങളുടെ സാർവത്രിക പ്രസക്തിയും സംഘടനയുടെ ആഗോള സ്വാധീനവും പ്രതിഫലിപ്പിക്കുന്നു. വിദ്യാഭ്യാസപരവും സാമൂഹികപരവുമായ പരിഷ്കാരങ്ങൾ, ആത്മീയ ഉന്നമനം എന്നിവയിലെ ആര്യസമാജത്തിന്റെ പരിവർത്തനപരമായ യാത്ര പ്രദർശിപ്പിക്കുന്ന "സേവനത്തിന്റെ 150 സുവർണ്ണ വർഷങ്ങൾ" എന്ന പേരിലുള്ള ഒരു പ്രദർശനവും ഇതിന്റെ ഭാഗമായി ഉണ്ടാകും.

മഹർഷി ദയാനന്ദ് സരസ്വതിയുടെ പരിഷ്കരണപരവും വിദ്യാഭ്യാസപരവുമായ പൈതൃകത്തെ ആദരിക്കുക, വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം, രാഷ്ട്ര നിർമ്മാണം എന്നിവയിലെ ആര്യസമാജത്തിന്റെ 150 വർഷത്തെ സേവനം ആഘോഷിക്കുക, വികസിത ഭാരതം 2047-ന് അനുസൃതമായി വേദ തത്വങ്ങളെയും സ്വദേശി മൂല്യങ്ങളെയും കുറിച്ച് ആഗോളതലത്തിൽ അവബോധം നൽകുക എന്നിവയാണ് ഈ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്.

Addressing the International Arya Mahasammelan in Delhi. https://t.co/ClDC6q7bl9

— Narendra Modi (@narendramodi) October 31, 2025

आर्य समाज की स्थापना के 150 वर्ष...

ये अवसर केवल समाज के एक हिस्से या संप्रदाय से जुड़ा नहीं है।

ये अवसर पूरे भारत की वैदिक पहचान से जुड़ा है: PM @narendramodi pic.twitter.com/L4QjO0lMZF

— PMO India (@PMOIndia) October 31, 2025

आर्य समाज निर्भीक होकर भारतीयता की बात करने वाली संस्था रही है: PM @narendramodi pic.twitter.com/ScK2zX5KJT

— PMO India (@PMOIndia) October 31, 2025

स्वामी दयानंद जी युगदृष्टा महापुरुष थे: PM @narendramodi pic.twitter.com/ZegYbR8YML

— PMO India (@PMOIndia) October 31, 2025

आज भारत sustainable development की दिशा में एक प्रमुख global voice बन चुका है: PM @narendramodi pic.twitter.com/Wlrow0qHyo

— PMO India (@PMOIndia) October 31, 2025

 

***

SK


(Release ID: 2185152) Visitor Counter : 4