ഉപരാഷ്ട്രപതിയുടെ കാര്യാലയം
കാശി-തമിഴ്നാട് സാംസ്കാരിക ബന്ധത്തെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു; വാരാണസിയിൽ നാഗരത്തർ സമൂഹം നിർമ്മിച്ച പുതിയ സത്രം ഉദ്ഘാടനം ചെയ്തു
Posted On:
31 OCT 2025 8:46PM by PIB Thiruvananthpuram
വാരാണസിയിലെ സിഗ്രയിൽ നിർമ്മിച്ച പുതിയ ശ്രീ കാശി നാട്ടുക്കോട്ടൈ നഗര സത്രം മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ശ്രീ യോഗി ആദിത്യനാഥ് സ്വാഗതം ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, കാശി (വാരാണസി) യും തമിഴ്നാടും തമ്മിൽ കാലാന്തരങ്ങളായി നിലനിൽക്കുന്ന ആത്മീയവും സാംസ്കാരികവുമായ ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചു. കഴിഞ്ഞ 25 വർഷമായി പ്രദേശത്തിന് ഉണ്ടായ പുരോഗതിയെ എടുത്ത് പറഞ്ഞ അദ്ദേഹം, പുണ്യനഗരമായ വാരാണസിയിലേക്ക് മുൻ കാലങ്ങളിൽ നടത്തിയിട്ടുള്ള സന്ദർശനങ്ങൾ അനുസ്മരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിന്റെയും ദീർഘവീക്ഷണമുള്ള നേതൃത്വമാണ് മേഖലയുടെ ഈ പുരോഗതിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
2000-ൽ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തിയതിനുശേഷം സസ്യാഹാര രീതിയിലേക്ക് മാറിയത് ഉൾപ്പെടെയുള്ള വ്യക്തിപരമായ ചിന്തകളും ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കുവെച്ചു.
നാഗരത്തർ സമൂഹത്തിന്റെ സമർപ്പിത സാമൂഹിക സേവനത്തെയും പോകുന്നിടത്തെല്ലാം തമിഴ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ സുസ്ഥിര ശ്രമങ്ങളെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. 60 കോടി രൂപ ചെലവിൽ സത്രം നിർമ്മിച്ചതിന് അദ്ദേഹം സമൂഹത്തെ അഭിനന്ദിച്ചു. ഈ തുക പൂർണ്ണമായും സമൂഹ സംഭാവനകളിലൂടെ ധനസഹായമായി ലഭിച്ചതാണ്. വിശ്വാസത്തിന്റെയും പുനരുജീവന ശേഷിയുടെയും പ്രദേശങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി പുതിയ മന്ദിരത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
ആത്യന്തികമായി ധർമ്മം നിലനിൽക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇപ്പോൾ സത്രം സ്ഥിതി ചെയ്യുന്ന ഭൂമി ഒരിക്കൽ കൈയേറപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന ഗവൺമെന്റിന്റെ ശ്രമങ്ങളിലൂടെ ഭൂമി വിജയകരമായി വീണ്ടെടുക്കപ്പെട്ടു. ഈ സത്രം ഭക്തർക്ക് സൗകര്യങ്ങൾ നൽകുന്നതായി അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ ആത്മീയ തലസ്ഥാനമായി കാശി കണക്കാക്കപ്പെടുന്നുവെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇവിടം സന്ദർശിക്കാൻ എത്തുന്ന ഭക്തർക്ക് പുതുതായി നിർമ്മിച്ച സത്രം വളരെയധികം പ്രയോജനം ചെയ്യുമെന്നും ആത്മീയ അവബോധം പ്രചരിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിലേക്ക് അന്നപൂരണി അമ്മൻ ദേവിയുടെ വിഗ്രഹം തിരികെ എത്തിച്ചതിനെ ശ്രീ സി. പി. രാധാകൃഷ്ണൻ പ്രകീർത്തിച്ചു. ഒരു നൂറ്റാണ്ട് മുമ്പ് വാരാണസിയിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ നിരന്തര ശ്രമഫലമായി 2021 ൽ കാനഡയിൽ നിന്ന് തിരികെ കൊണ്ടുവന്നതാണ്.
ശ്രീ കാശി നാട്ടുക്കോട്ടൈ നഗര സത്രം മാനേജിംഗ് സൊസൈറ്റി 60 കോടിരൂപ ചെലവിൽ നിർമ്മിച്ച സത്രത്തിൽ 10 നിലകളിലായി 140 മുറികൾ ഉണ്ട്. സന്ദർശകരായ ഭക്തർക്ക് താമസ സൗകര്യം ഒരുക്കുന്നതിനും പുണ്യനഗരവുമായി ബന്ധപ്പെടാൻ യുവതലമുറകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വാരാണസിയിൽ സൊസൈറ്റി നിർമ്മിച്ച രണ്ടാമത്തെ സത്രമാണിത്. ആഴത്തിൽ വേരൂന്നിയ കാശി-തമിഴ്നാട് സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യത്തെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.
1863 ൽ നാട്ടുക്കോട്ടൈ ട്രസ്റ്റ് സ്ഥാപിച്ച ആദ്യ സത്രം മുതൽ കാശിയും ദക്ഷിണേന്ത്യയും തമ്മിലുള്ള ദീർഘകാല തീർത്ഥാടന പാരമ്പര്യത്തെയും ഈ പരിപാടി ഉയർത്തിക്കാട്ടി.
ഇന്ത്യയെ നിർവചിക്കുന്ന നാനാത്വത്തിൽ ഏകത്വത്തെ പരാമർശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്
"നമ്മുടെ ഭാഷകൾ വ്യത്യസ്തമായിരിക്കാം, എന്നാൽ ഇന്ത്യയുടെ ആത്മാവ് ഒന്നാണ്" എന്ന് പറഞ്ഞു. രാമേശ്വരം, കാശി തുടങ്ങിയ പുണ്യ ജ്യോതിർലിംഗങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം അവയുടെ ചരിത്രപരവും ആത്മീയവുമായ ബന്ധം എടുത്തുപറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം, ഉപരാഷ്ട്രപതി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും സർവ്വരുടെയും സമാധാനത്തിനും സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തു. ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അന്നപൂരണി അമ്മൻ ദേവി ക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥന നടത്തി.
****
(Release ID: 2184980)
Visitor Counter : 5