രാജ്യരക്ഷാ മന്ത്രാലയം
ക്വാലാലംപുരിൽ നടന്ന 12-ാമത് എ.ഡി.എം.എം-പ്ലസിന്റെ ഭാഗമായി രക്ഷാ മന്ത്രിയും യു.എസ്. യുദ്ധകാര്യ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി
Posted On:
31 OCT 2025 3:53PM by PIB Thiruvananthpuram
12-ാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗം - പ്ലസ്സിന്റെ (ADMM-Plus) ഭാഗമായി 2025 ഒക്ടോബർ 31-ന് മലേഷ്യയിലെ ക്വാലാലംപുരിൽ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് യു.എസ്. യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി കൂടിക്കാഴ്ച നടത്തി. ക്രിയാത്മകമായ ഈ കൂടിക്കാഴ്ചയെ തുടർന്ന് നടന്ന പ്രതിനിധിതല ചർച്ചകൾക്ക് ശേഷം വൺ-ടു-വൺ മീറ്റിംഗും നടന്നു.
F15G.jpg)
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ സഹകരണത്തിൽ ഉണ്ടായ പുരോഗതിയെ ഇരു നേതാക്കളും അഭിനന്ദിക്കുകയും, എല്ലാ മേഖലകളിലുമുള്ള പരസ്പരം പ്രയോജനകരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. നിലവിലുള്ള പ്രതിരോധ വിഷയങ്ങളും നിലനിൽക്കുന്ന വെല്ലുവിളികളും അവലോകനം ചെയ്യുകയും, പുരോഗമിക്കുന്ന പ്രതിരോധ വ്യവസായ-സാങ്കേതിക സഹകരണത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
JKGG.jpg)
ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും തുറന്നതുമാണെന്ന് ഉറപ്പാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, പ്രതിരോധ സഹകരണത്തിൽ യു.എസ് ഇന്ത്യയെ ഒരു മുൻഗണനാ രാജ്യമായാണ് കണക്കാക്കുന്നതെന്നും യുദ്ധകാര്യ സെക്രട്ടറി ആവർത്തിച്ചു വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇരു നേതാക്കളും 'യു.എസ്-ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള രൂപരേഖ' ഒപ്പുവച്ചു. ഇത് ശക്തമായ പ്രതിരോധ പങ്കാളിത്തത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കും. അടുത്ത 10 വർഷത്തേക്ക് പങ്കാളിത്തത്തിൽ വരുത്തേണ്ട പരിവർത്തനം ഉൾക്കൊള്ളുന്ന ഒരു പുതിയ അധ്യായമാണ് 2025-ലെ ഈ രൂപരേഖ അടയാളപ്പെടുത്തുന്നത്. പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് ഏകീകൃതമായ കാഴ്ചപ്പാടും നയപരമായ ദിശാബോധവും നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്.
ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിന്റെ മുഴുവൻ തലങ്ങൾക്കും ഈ രൂപരേഖ നയപരമായ ദിശാബോധം നൽകുമെന്ന് രാജ്യരക്ഷാ മന്ത്രി എക്സിൽ പങ്കുവച്ച ഒരു പോസ്റ്റിലൂടെ, ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇത് നമ്മുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ സംയോജനത്തിന്റെ സൂചനയാണ്. ഒപ്പം ഒരു പുതിയ ദശാബ്ദത്തിന്റെ പങ്കാളിത്തത്തിന് നാന്ദി കുറിക്കുകയും ചെയ്യും. നമ്മുടെ ദ്വിരാഷ്ട്ര ബന്ധത്തിന്റെ പ്രധാന സ്തംഭമായി പ്രതിരോധം നിലനിൽക്കും. സ്വതന്ത്രവും തുറന്നതും നിയമങ്ങളാൽ നിയന്ത്രിതവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാൻ നമ്മുടെ പങ്കാളിത്തം നിർണായകമാണ്," അദ്ദേഹം കുറിച്ചു.
ഈ ചട്ടക്കൂട് ദ്വിരാഷ്ട്ര പ്രതിരോധ പങ്കാളിത്തത്തെ മുന്നോട്ട് കൊണ്ടുപോകുന്ന., ഇത് പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനും ഒരു അടിസ്ഥാനശിലയാണ്. "ഞങ്ങൾ ഏകോപനം, വിവരങ്ങൾ പങ്കുവെക്കൽ, സാങ്കേതിക സഹകരണം എന്നിവ വർദ്ധിപ്പിക്കുകയാണ്. ഞങ്ങളുടെ പ്രതിരോധമേഖലയിലെ ബന്ധം ഇതിനുമുമ്പ് ഒരിക്കലും ഇത്രയും ശക്തമായിരുന്നില്ല," പീറ്റ് ഹെഗ്‌സെത്ത് ഒരു പോസ്റ്റിൽ കുറിച്ചു.
സൈനികാഭ്യാസങ്ങൾ, വിവരങ്ങൾ പങ്കുവെക്കൽ, സമാന ചിന്താഗതിയുള്ള പ്രാദേശിക/ആഗോള പങ്കാളികളുമായുള്ള സഹകരണം, പ്രതിരോധ വ്യവസായം, ശാസ്ത്ര സാങ്കേതിക സഹകരണം, പ്രതിരോധ ഏകോപന സംവിധാനങ്ങൾ എന്നിവയിലൂടെ ഇന്ത്യയും യുഎസും പ്രതിരോധ ബന്ധം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നു.
****
(Release ID: 2184979)
Visitor Counter : 9