സാംസ്‌കാരിക മന്ത്രാലയം
സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തിൽ പ്രൗഢമായ സാംസ്കാരിക പരിപാടികളുമായി സാംസ്കാരിക മന്ത്രാലയം
Posted On:
30 OCT 2025 9:00PM by PIB Thiruvananthpuram
സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രീയ ഏകതാ ദിനമായ 2025 ഒക്ടോബർ 31ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ദൃശ്യമനോഹരമായ നിരവധി സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചടങ്ങില്‍ മുഖ്യാതിഥിയാവും. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’ നൽകിയ അതുല്യ സംഭാവനകൾക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കും.
ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക സ്മരണികാ നാണയവും തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുറത്തിറക്കി.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ സംഗീത നാടക അക്കാദമിയും പശ്ചിമമേഖല സാംസ്കാരിക കേന്ദ്രവും ചേർന്ന് "ലോഹ് പുരുഷ് നമസ്തുഭ്യം" എന്ന പേരില്‍ ആവിഷ്ക്കരിക്കുന്ന നൃത്തശില്പമാണ് പരിപാടിയുടെ പ്രധാന ആകർഷണം. സംഗീത നാടക അക്കാദമി അധ്യക്ഷ ഡോ. സന്ധ്യ പൂരേച്ചയുടെ സമഗ്ര മേൽനോട്ടത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന നൃത്തശില്പത്തിന്റെ അവതരണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 800-ലേറെ കലാകാരന്മാർ പങ്കെടുക്കും.
ഭരതനാട്യം, കഥക്, കഥകളി, മണിപ്പൂരി, കുച്ചിപ്പുടി, ഒഡീസി, സത്രിയ, മോഹിനിയാട്ടം, ഛൗ തുടങ്ങി പ്രധാന ഇന്ത്യൻ ക്ലാസിക്കൽ നൃത്ത രൂപങ്ങളിലൂടെ ‘അഷ്ട തത്വ ഏകത്വ’ അഥവാ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം നൃത്തശില്പത്തില്‍ ചിത്രീകരിക്കും. അശോക് ചക്രധാർ വരികളെഴുതി ശബ്ദം നൽകിയ നൃത്താവിഷ്ക്കാരത്തിന് ബിക്രം ഘോഷ്, റിക്കി കെജ് എന്നിവർ ചേർന്നാണ് എറ്റേണൽ സൗണ്ട്സിന്റെ കീഴില്‍ സംഗീതമൊരുക്കിയത്. സന്തോഷ് നായരാണ് നൃത്തസംവിധാനം. സന്ധ്യ രാമൻ വേഷവിധാനവും ദൃശ്യ രൂപകൽപ്പനയുമൊരുക്കിയ നൃത്തശില്പം സമ്പന്നമായ ഇന്ത്യയുടെ കലാ സാംസ്കാരിക ഐക്യം ആഘോഷിക്കുന്നു.
‘വിവിധത മേ ഏകത’ അഥവാ ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തിലൂന്നി നടത്തുന്ന ഇന്ത്യൻ സംഗീതോപകരണങ്ങളുടെ അവതരണമാണ് മറ്റൊരു പ്രധാന ആകർഷണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പരമ്പരാഗത നാടോടി സംഗീതോപകരണങ്ങളുമായി ഒരുകൂട്ടം സംഗീതജ്ഞർ ഒത്തുചേരും. ശ്രീ ലോകേഷ് ആനന്ദും ശ്രീ പ്രദ്യുത് മുഖർജിയും ചേർന്നാണ് സംഗീത പ്രകടനം നയിക്കുന്നത്. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കാലാതീത ദേശഭക്തിഗീതമായ "വന്ദേ മാതരം" 150 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഈ ഗാനത്തിൻ്റെ അവതരണത്തോടെ അവസാനിക്കുന്ന സംഗീതപ്രകടനം രാജ്യത്തിൻ്റെ സാംസ്കാരിക സമ്പന്നതയും ഐക്യവും പ്രതീകപ്പെടുത്തും.
ഏകതാ ദിനത്തിന് മുന്നോടിയായി സർദാർ വല്ലഭായ് പട്ടേലിൻ്റെ ജീവിതവും പാരമ്പര്യവും ചിത്രീകരിക്കുന്ന "ലോഹ് പുരുഷ്" എന്ന നാടകാവതരണം സംഘടിപ്പിച്ചു. ശ്രീ റിസ്‌വാൻ കാദരിയുടെ ഗവേഷണ വിവരങ്ങള്‍ ഉൾപ്പെടുത്തി ശ്രീ ആസിഫ് അലി ഹൈദർ രചിച്ച് ശ്രീ ചിത്തരഞ്ജൻ ത്രിപാഠി സംവിധാനം ചെയ്ത നാടകം പട്ടേലിന്റെ ആദ്യകാല ജീവിതം, നിയമ ജീവിതം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ നിർണായക പങ്ക്, നാട്ടുരാജ്യങ്ങളുടെ ഏകീകരണം തുടങ്ങി ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ പുനരാവിഷ്ക്കരിച്ചു.
ശക്തമായ കഥാഖ്യാനത്തിലൂടെയും വികാരനിർഭര പ്രകടനങ്ങളിലൂടെയും സർദാർ പട്ടേലിൻ്റെ നേതൃത്വവും കാഴ്ചപ്പാടും പകര്‍ത്തിയ നാടകം ഇന്ത്യയുടെ യഥാർത്ഥ ശക്തി അതിൻ്റെ ഐക്യത്തിലും കൂട്ടായ നിശ്ചയദാർഢ്യത്തിലുമാണെന്ന പട്ടേലിന്റെ സന്ദേശത്തിന്റെ സാരാംശവും പങ്കുവെച്ചു.
സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മവാർഷികം അനുസ്മരിച്ച് എല്ലാ വർഷവും ഒക്ടോബർ 31-ന് ആചരിക്കുന്ന രാഷ്ട്രീയ ഏകതാ ദിനം ദേശീയ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യം ആവര്‍ത്തിച്ചുറപ്പിക്കുന്നു. 2014-ൽ തുടക്കം കുറിച്ച ദിനാചരണം ആധുനിക ഇന്ത്യയുടെ ശില്പിയായ പട്ടേലിൻ്റെ പാരമ്പര്യത്തെ ആദരിക്കുന്നു. രാജ്യത്തെ പൗരന്മാർക്കിടയിൽ സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2015-ലെ ദിനാഘോഷ വേളയിലാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' സംരംഭത്തിന് തുടക്കമിട്ടത്.
SKY
*******
(Release ID: 2184497)
Visitor Counter : 11