റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

2024-25 സാമ്പത്തികവര്‍ഷം ടോൾ സമാഹരണ ചെലവിൽ 2,062 കോടി രൂപ ലാഭിച്ച് ദേശീയപാത അതോറിറ്റി

Posted On: 30 OCT 2025 4:45PM by PIB Thiruvananthpuram
പൊതു ഫണ്ടിൽ പ്രവർത്തിക്കുന്ന ടോൾ പ്ലാസകളിലെ ടോൾ സമാഹരണ ചെലവില്‍ 2,062 കോടി രൂപ കുറവുവരുത്തി ദേശീയപാത അതോറിറ്റി. 2023-24 സാമ്പത്തിക വർഷം 4,736 കോടി രൂപയായിരുന്ന ചെലവ് 2024-25 സാമ്പത്തിക വർഷം 2,674 കോടി രൂപയായി കുറഞ്ഞതോടെ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ദേശീയപാത അതോറിറ്റിയ്ക്ക് 2,062 കോടി രൂപ ലാഭിക്കാനായി. ശതമാനക്കണക്കിൽ ടോൾ സമാഹരണ ചെലവ് 2023-24 സാമ്പത്തിക വർഷം 17.27 ശതമാനമായിരുന്നത് 2024-25 സാമ്പത്തിക വർഷം 9.27 ശതമാനമായി കുറഞ്ഞു. ടോൾ ഏജൻസികൾ പിരിച്ചെടുത്ത ടോൾ തുകയും പൊതു ഫണ്ടിൽ പ്രവർത്തിക്കുന്ന ടോൾ പ്ലാസകളിൽ ദേശീയപാത അതോറിറ്റിയ്ക്ക് കൈമാറിയ തുകയും തമ്മിലെ വ്യത്യാസമാണ് ടോൾ സമാഹരണത്തിൻ്റെ  ചെലവായി കണക്കാക്കുന്നത്.  
 
2023-24 സാമ്പത്തിക വർഷം ടോൾ ഏജൻസികൾ പിരിച്ചെടുത്ത ആകെ തുക 27,417 കോടി രൂപയായിരുന്നു. ഇതിൽ ഏകദേശം 22,681 കോടി രൂപയാണ് ദേശീയപാത അതോറിറ്റിയ്ക്ക് കൈമാറിയത്. എന്നാൽ, 2024-25 സാമ്പത്തിക വർഷം ടോൾ ഏജൻസികൾ ആകെ 28,823 കോടി രൂപ സമാഹരിക്കുകയും ഏകദേശം 26,149 കോടി രൂപ ദേശീയപാത അതോറിറ്റിയ്ക്ക് കൈമാറുകയും ചെയ്തു.  
 
ദേശീയപാത അതോറ്റിറ്റി സ്വീകരിച്ച വിവിധ നടപടികളാണ് ടോൾ സമാഹരണ ചെലവിലെ ലാഭത്തിന് പ്രധാനമായി വഴിയൊരുക്കിയത്. നിലവിലെ കരാറുകള്‍ കർശനമായി നിരീക്ഷിക്കുക, മൂന്നുമാസത്തെ പ്രതീക്ഷിത വിപുലീകരണ വ്യവസ്ഥ ഒഴിവാക്കുക, കൃത്യ സമയത്തെ ലേലം ഉറപ്പാക്കുക, ഒരു വർഷ കാലാവധിയില്‍ പരമാവധി കരാറുകൾ നൽകുന്നുവെന്ന് ഉറപ്പാക്കുക, മൂന്നുമാസ ഹ്രസ്വകാല കരാറുകൾ കുറയ്ക്കുക എന്നിവ ഇതിലുൾപ്പെടുന്നു. 
 
കൂടാതെ, മൂന്നുമാസ ഹ്രസ്വകാല കരാറുകൾ വലിയ തോതിൽ കുറയ്ക്കാനും കരാർ മുൻകൂര്‍ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ഒരു സാമ്പത്തിക വർഷം മൂന്നുതവണ മാത്രമായി നിജപ്പെടുത്താനും കരാർ മുൻകൂര്‍ അവസാനിപ്പിക്കാൻ അപേക്ഷ നൽകിയ കരാറുകാരനെ അതേ ടോൾ പ്ലാസയുടെ ലേലത്തില്‍ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാനും നടപടികൾ സ്വീകരിച്ചു.
 
ഒപ്പം ടോൾ സമാഹരണ മേഖലയില്‍ വിശ്വാസം വളർത്താനും ലേലങ്ങളില്‍ പങ്കാളിത്തം വർധിപ്പിക്കാനുംം ലക്ഷ്യമിട്ട് ടോൾ സമാഹരണ ഏജൻസികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി 'ഓൾ ഇന്ത്യ യൂസർ ഫീ കലക്ഷൻ ഫെഡറേഷനു’മായി പതിവ് ചർച്ചകളിൽ ഏർപ്പെടുന്നുണ്ട്. ടോൾ സമാഹരണ ഏജൻസികളുടെ നിര്‍വഹണ സുരക്ഷാതുകയും (പണഭാഗം) ബാങ്ക് ഈടുകളും കൃത്യ സമയത്ത് തിരികെ നൽകിയത് ലേലത്തില്‍ പങ്കെടുക്കാന്‍ അവരുടെ ശേഷി വർധിപ്പിച്ചു. കൂടുതൽ വലിയ ലേലത്തുകകള്‍ക്ക് ഇത് വഴിയൊരുക്കി. ഇതുകൂടാതെ, ടോൾ ഏജൻസികൾക്ക് അപ്രതീക്ഷിത അധികലാഭം കൈവരുന്നത് ഒഴിവാക്കാൻ 'വിൻഡ്‌ഫാൾ ഗെയിൻ' വ്യവസ്ഥയും കരാറുകളിൽ അവതരിപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 15 ദിവസത്തെ ടോൾ സമാഹരണത്തിൻ്റെ  ശരാശരി തുക ദേശീയപാത അതോറിറ്റിയ്ക്ക് നൽകുന്ന തുകയുടെ 40 ശതമാനത്തിലധികമാണെങ്കില്‍ ടോൾ ഏജൻസിയുടെ കരാർ അവസാനിപ്പിക്കാനാവും.  
 
ടോൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ദേശീയപാത അതോറിറ്റി സ്വീകരിച്ച അഭൂതപൂർവമായ നടപടികൾ രാജ്യത്തെ ടോൾ നടപടിക്രമങ്ങളില്‍ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാന്‍ നടത്തിവരുന്ന അചഞ്ചല പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.
****

(Release ID: 2184343) Visitor Counter : 5