പഞ്ചായത്തീരാജ് മന്ത്രാലയം
'മാതൃകാ യുവ ഗ്രാമസഭ' സംരംഭത്തിന് രാജ്യവ്യാപകമായി ഒക്ടോബർ 30 ന് ന്യൂഡൽഹിയിൽ തുടക്കമാകും
Posted On:
29 OCT 2025 3:40PM by PIB Thiruvananthpuram
വിദ്യാഭ്യാസ മന്ത്രാലയം (സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്), ഗോത്രകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം 2025 ഒക്ടോബർ 30 ന് ന്യൂഡൽഹിയിൽ മാതൃകാ യുവ ഗ്രാമസഭ (എംവൈജിഎസ്) എന്ന സംരംഭത്തിന് തുടക്കം കുറിക്കും. ദേശീയതലത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്. കേന്ദ്ര പഞ്ചായത്തിരാജ്, മത്‍സ്യ ബന്ധന,മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, കേന്ദ്ര ഗോത്രകാര്യ സഹമന്ത്രി ശ്രീ ദുർഗാദാസ് ഉയ്‌കെ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പരിപാടിയിൽ, മാതൃക യുവ ഗ്രാമസഭയുടെ പരിശീലന മൊഡ്യൂളും എംവൈജിഎസ് പോർട്ടലും അനാച്ഛാദനം ചെയ്യും. ഈ സംരംഭം ഫലപ്രദമായി നടപ്പിലാക്കുന്നതിനും, അധ്യാപക ശേഷി വർദ്ധിപ്പിക്കുന്നതിനും, അടിസ്ഥാന ജനാധിപത്യ സംവിധാനത്തിൽ വിദ്യാർത്ഥികളുടെ സജീവമായ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ഡിജിറ്റൽ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ജവഹർ നവോദയ വിദ്യാലയങ്ങൾ (ജെഎൻവി), ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (ഇഎംആർഎസ്), സംസ്ഥാന ഗവണ്മെന്റ് സ്കൂളുകൾ എന്നിവയുൾപ്പെടെ രാജ്യവ്യാപകമായി 1,000-ത്തിലധികം സ്കൂളുകളിൽ ഈ സംരംഭം നടപ്പാക്കും. പഞ്ചായത്തിരാജ്, വിദ്യാഭ്യാസം, ഗോത്രകാര്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന പഞ്ചായത്തിരാജ് വകുപ്പുകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 650-ലധികം പേർ പരിപാടിയിൽ പങ്കെടുക്കും.
ജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഗ്രാമസഭാ സെഷനുകളുടെ മാതൃകയിൽ നടത്തുന്ന പരിപാടിയിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പങ്കാളിത്ത പ്രാദേശിക ഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മുൻനിര സംരംഭമാണ് മാതൃകാ യുവ ഗ്രാമസഭ (എംവൈജിഎസ്). 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിക്കുന്ന വിധത്തിൽ യുവാക്കൾക്കിടയിൽ ജനാധിപത്യ മൂല്യങ്ങൾ, പൗര ഉത്തരവാദിത്വo, നേതൃശേഷി എന്നിവ വളർത്തിയെടുക്കുക; സുതാര്യത, ഉത്തരവാദിത്വം, വികസിത ഭാരതമെന്ന ദർശനം എന്നിവയിൽ പ്രതിജ്ഞാബദ്ധരായ ഭാവി പൗരന്മാരെ വാർത്തെടുക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
GG
***
(Release ID: 2183826)
Visitor Counter : 20