ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി പദവി ഏറ്റെടുത്തതിനു ശേഷം ആദ്യമായി തമിഴ്നാട്ടിൽ എത്തിയ ശ്രീ സി.പി. രാധാകൃഷ്ണന് കോയമ്പത്തൂരിലും തിരുപ്പൂരിലും ഊഷ്മള സ്വീകരണം

വികസിത ഭാരതം കൈവരിക്കുന്നതിനായി കൂട്ടായ ശ്രമങ്ങൾക്ക് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

സേവനം, സമഗ്രത, രാഷ്ട്ര നിർമ്മാണം എന്നിവ അടിസ്ഥാന മൂല്യങ്ങളാണെന്ന് ഉപരാഷ്ട്രപതി

മഹാത്മാഗാന്ധിക്കും തിരുപ്പൂർ കുമരനും ഉപരാഷ്ട്രപതി പുഷ്പാഞ്‌ജലി അർപ്പിച്ചു

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശാന്തലിംഗ രാമസാമി അടികളാർക്ക് ഉപരാഷ്ട്രപതി ആദരം അർപ്പിച്ചു. ആത്മീയ വിദ്യാഭ്യാസത്തിനും സാമൂഹിക ഐക്യത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ പ്രകീർത്തിച്ചു

Posted On: 28 OCT 2025 7:19PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി പദവി ഏറ്റെടുത്തശേഷം ആദ്യമായി (2025 ഒക്ടോബർ 28–30) ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് തമിഴ്‌നാട്ടിലെത്തി. സെയ്‌ഷെൽസ് റിപ്പബ്ലിക്കിലേക്കുള്ള ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം തമിഴ്നാട് സന്ദർശനത്തിൻ്റെ ഭാഗമായി കോയമ്പത്തൂരിൽ എത്തിയത്. കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് കോയമ്പത്തൂരിലെ ജനങ്ങൾ ഊഷ്മള സ്വീകരണം നൽകി.

പിന്നീട്, കോയമ്പത്തൂരിലെ കൊഡിസിയയിൽ ശ്രീ സി.പി. രാധാകൃഷ്ണന് കോയമ്പത്തൂർ സിറ്റിസൺ ഫോറം ഗംഭീര സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. ജനങ്ങളുടെ സ്നേഹത്തിന് നന്ദി അറിയിച്ച ഉപരാഷ്ട്രപതി, സേവനം, സമഗ്രത, രാഷ്ട്ര നിർമ്മാണം എന്നിവയുടെ മൂല്യങ്ങളെക്കുറിച്ച് സംസാരിച്ചു. രാജ്യത്തിൻ്റെ പുരോഗതിക്ക് ഓരോ പ്രദേശത്തിൻ്റെയും സംഭാവനയെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, വികസിത ഭാരതം കൈവരിക്കുന്നതിന് കൂട്ടായ ശ്രമങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടി.

കോയമ്പത്തൂരുമായുള്ള ദീർഘകാല ബന്ധം പരാമർശിച്ച ഉപരാഷ്ട്രപതി, അവിടുത്തെ ജനങ്ങളുടെ കഠിനാധ്വാന മനോഭാവത്തെയും സംരംഭക സ്വഭാവത്തെയും പ്രകീർത്തിച്ചു. ഇത് നഗരത്തെ ഊർജ്ജസ്വലവും സമ്പന്നവുമാക്കുന്നതായി അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും സമഗ്ര വളർച്ചയ്ക്ക് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഉൽപ്പാദന, വ്യാവസായിക മേഖലകളുടെ പുരോഗതിയുമായി കാർഷിക വികസനം യോജിച്ചു പോകേണ്ടതുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കുന്നതിന് വ്യവസായങ്ങൾ, ഉൽപ്പാദന- വാണിജ്യ മേഖല എന്നിവയുടെ വളർച്ച അനിവാര്യമാണെന്ന് മഹാകവി സുബ്രഹ്മണ്യ ഭാരതിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. വികസിത ഭാരതം കൈവരിക്കുന്നതിന്, ഓരോ വ്യക്തിയും സംഭാവന നൽകണമെന്നും, ഈ യാത്രയിൽ തമിഴ്‌നാടിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പിന്നീട്, ഉപരാഷ്ട്രപതി കോയമ്പത്തൂരിലെ ടൗൺ ഹാൾ കോർപ്പറേഷൻ മന്ദിരം സന്ദർശിക്കുകയും രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയോടുള്ള ആദരമായി അദ്ദേഹത്തിൻ്റെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്തു.

കോയമ്പത്തൂരിലെ പേരൂർ മഠത്തിൽ ശാന്തലിംഗ രാമസ്വാമി അടികളാറിൻ്റെ ശതാബ്ദി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. ആത്മീയ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും അച്ചടക്കവും ഐക്യവുമുള്ള ഒരു സമൂഹം വളർത്തിയെടുക്കുന്നതിലും അടികളാറിൻ്റെ ആജീവനാന്ത സേവനത്തെ അദ്ദേഹം പ്രകീർത്തിച്ചു.

 വൈകിട്ട് ജന്മനാടായ തിരുപ്പൂർ സന്ദർശിച്ച ഉപരാഷ്ട്രപതിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. തിരുപ്പൂർ കുമരൻ്റെയും മഹാത്മാഗാന്ധിയുടെയും പ്രതിമകളിൽ അദ്ദേഹം പുഷ്പങ്ങൾ അർപ്പിച്ചു.

2025 ഒക്ടോബർ 29ന് തിരുപ്പൂരിൽ നടക്കുന്ന ഒരു അനുമോദന പരിപാടിയിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. വൈകുന്നേരം അദ്ദേഹം മധുരയിലെത്തി മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും.

2025 ഒക്ടോബർ 30ന് രാമനാഥപുരം ജില്ലയിലെ പശുംപൊന്നിൽ നടക്കുന്ന പശുംപൊൻ മുത്തുരാമലിംഗ തേവർ ജയന്തി പരിപാടിയിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.

 
*****

(Release ID: 2183542) Visitor Counter : 5