രാജ്യരക്ഷാ മന്ത്രാലയം
മൂന്നാമത്തെ വലിയ സര്‍വേ കപ്പല്‍ 'ഇക്ഷക്' കമ്മീഷന്‍ ചെയ്യാനൊരുങ്ങി ഇന്ത്യന്‍ നാവികസേന
Posted On:
27 OCT 2025 5:42PM by PIB Thiruvananthpuram
ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച വലിയ സര്‍വേ കപ്പല്‍ ഇക്ഷക് 2025 നവംബര്‍ 6ന് കൊച്ചി നാവികാസ്ഥാനത്ത് കമ്മീഷന്‍ ചെയ്യും. കപ്പലിന്റെ ഔപചാരിക സേനാപ്രവേശം അടയാളപ്പെടുത്തുന്ന ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ്. കെ. ത്രിപാഠി അധ്യക്ഷനാകും.
ഈ ശ്രേണിയിലെ മൂന്നാമത്തെ കപ്പലെന്ന നിലയില്‍ 'ഇക്ഷക്' സേനയുടെ ഭാഗമാകുന്നത് അത്യാധുനിക സംവിധാനങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യന്‍ നാവികസേനയുടെ ഉറച്ച പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. തദ്ദേശീയ ഹൈഡ്രോഗ്രാഫിക് മികവിന് പുതുവഴികള്‍ തുറക്കുന്ന നേട്ടം ശേഷി വര്‍ധനയിലൂടെ സേനയുടെ സ്വയംപര്യാപ്തതയ്ക്ക് വേഗം കൂട്ടുന്നു.
കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (ജിആര്‍എസ്ഇ) ലിമിറ്റഡില്‍ കപ്പല്‍നിര്‍മാണ ഡയറക്ടറേറ്റിന്റെയും യുദ്ധക്കപ്പല്‍ പരിശോധന സംഘത്തിന്റെയും (കൊല്‍ക്കത്ത) മേല്‍നോട്ടത്തിലാണ് 80% ത്തിലധികം തദ്ദേശീയ ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ഇക്ഷകിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജിആര്‍എസ്ഇയും ഇന്ത്യന്‍ എംഎസ്എംഇകളും തമ്മിലെ വിജയകരമായ സഹകരണത്തിന്റെ നേര്‍സാക്ഷ്യമായ ഈ കപ്പല്‍ സ്വയംപര്യാപ്ത ഭാരതമെന്ന കാഴ്ചപ്പാടിനെയും അതിന്റെ കരുത്തിനെയും അഭിമാനപൂര്‍വം പ്രതിഫലിപ്പിക്കുന്നു.
പ്രാഥമിക ഹൈഡ്രോഗ്രാഫിക് സര്‍വേ ദൗത്യങ്ങള്‍ക്ക് പുറമെ ഇരട്ട ദൗത്യ ശേഷിയോടെ രൂപകല്പന ചെയ്തിരിക്കുന്ന 'ഇക്ഷക്' ദുരന്ത നിവാരണ സാഹചര്യങ്ങളില്‍ മാനുഷിക സഹായ ദുരിതാശ്വാസ സംവിധാനമായും (എച്ച്എഡിആര്‍) അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രി കപ്പലായും പ്രവര്‍ത്തിക്കും.
വനിതാ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക താമസ സൗകര്യമൊരുക്കിയ ആദ്യത്തെ വലിയ സര്‍വേ കപ്പല്‍കൂടിയാണ് 'ഇക്ഷക്' എന്നതും ശ്രദ്ധേയമാണ്. ഭാവി സജ്ജമായ ഇന്ത്യന്‍ നാവികസേനയുടെ പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമീപനത്തെ ഇത് അടയാളപ്പെടുത്തുന്നു.
അജ്ഞാത സമുദ്രമേഖലകളെക്കുറിച്ച് രേഖപ്പെടുത്തുക, നാവികര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുക, ഇന്ത്യയുടെ സമുദ്രശേഷി ശക്തിപ്പെടുത്തുക എന്നീ കപ്പലിന്റെ ദൗത്യങ്ങളെ 'വഴികാട്ടി' എന്നര്‍ത്ഥം വരുന്ന ഇക്ഷക് എന്ന പേര് പ്രതീകവത്കരിക്കുന്നു.
YDQ8.jpeg)
BD6E.jpeg)
****
(Release ID: 2183134)
Visitor Counter : 29