ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനൊരുങ്ങി ഫിഷറീസ് വകുപ്പ്; സാഷിമി- ഗ്രേഡ് ട്യൂണ മത്സ്യം കൈകാര്യം ചെയ്യുന്നതിലും കയറ്റുമതി ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു

Posted On: 27 OCT 2025 7:26PM by PIB Thiruvananthpuram
 കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ അഭിമുഖ്യത്തില്‍  ഇന്ന് മുംബൈയില്‍ ഹൈബ്രിഡ് രീതിയില്‍ നടന്ന അവലോകന യോഗത്തില്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് (ഡിഒഎഫ്) സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി അധ്യക്ഷത വഹിച്ചു. ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളിലും ലക്ഷദ്വീപ് മേഖലയിലും ഫിഷറി സര്‍വേ ഓഫ് ഇന്ത്യ (എഫ്എസ്‌ഐ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ് (സിഫ്‌നെറ്റ്) എന്നിവ നടത്തിയ ജനസമ്പര്‍ക്ക, ശേഷി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു യോഗം ചേര്‍ന്നത്.


ഫലപ്രദവും ഏകീകൃതവുമായ ഫലങ്ങള്‍ നല്‍കുന്നതിന് ശേഷി വികസന പരിപാടികളുടെയും ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ഐക്യത്തിന്റെയും സഹകരണപരമായ ആസൂത്രണത്തിന്റെ പ്രാധാന്യം ഡോ. ലിഖി എടുത്തുപറഞ്ഞു. ഇന്ത്യയുടെ സമുദ്ര മത്സ്യബന്ധന വികസനത്തില്‍, പ്രത്യേകിച്ച് ട്യൂണ മത്സ്യബന്ധന മേഖലയില്‍ ലക്ഷദ്വീപിന്റെയും ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളുടെയും തന്ത്രപരമായ പ്രാധാന്യം ഡോ. ലിഖി ചൂണ്ടിക്കാട്ടി. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ശേഷി വികസനം, നൈപുണ്യ വര്‍ദ്ധന, ശാക്തീകരണം എന്നിവയില്‍ നിര്‍ദിഷ്ട ലക്ഷ്യകേന്ദ്രീകൃതമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ആധുനിക മത്സ്യബന്ധന സാങ്കേതിക വിദ്യകളും, മത്സ്യബന്ധന ശേഷമുള്ള സംഭരണ സാങ്കേതികവിദ്യകളും അവലംബിക്കാന്‍ മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കും. ഈ പ്രദേശങ്ങളിലെ ഊര്‍ജ്ജസ്വലരും വൈദഗ്ധ്യമുള്ളവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് സാഷിമി ഗ്രേഡ് ട്യൂണ ബന്ധനം, സംസ്‌കരണം, ശീതീകരണ- സംസ്‌കരണ സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ വിദഗ്ധ പരിശീലനത്തിന് അവസരങ്ങള്‍ നല്‍കണമെന്ന് ഡോ. ലിഖി നിര്‍ദ്ദേശിച്ചു. ശരിയായ സംഭരണത്തിന്റെ അഭാവത്തില്‍ മത്സ്യബന്ധനത്തിന് ശേഷമുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനും ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ ഗണ്യമായി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദൂര ദ്വീപ് പ്രദേശങ്ങളിലെ സമുദ്രവിഭവ ശേഷി ശക്തിപ്പെടുത്തുന്നതില്‍ എഫ്എസ്‌ഐയുടെയും സിഫ്‌നെറ്റിന്റെയും തന്ത്രപരമായ പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.
 
 
****

(Release ID: 2183132) Visitor Counter : 14