ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

'ഇന്ത്യ മാരിടൈം വീക്ക് (IMW)2025' മുംബൈയിൽ ആരംഭിക്കും: സമുദ്ര മേഖലയുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ യോഗത്തിന് ഒക്ടോബർ 27 ന് തുടക്കമാവും

Posted On: 26 OCT 2025 5:09PM by PIB Thiruvananthpuram

 

ഇന്ത്യ മാരിടൈം വീക്ക് 2025 (IMW 2025) ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW) 2025 ഒക്ടോബർ 27 മുതൽ 31 വരെ മുംബൈയിലെ നെസ്കോ ഗ്രൗണ്ടിൽ ആതിഥേയത്വം വഹിക്കും. സമുദ്ര മേഖലയുമായി ബന്ധപ്പെട്ട പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പരിപാടി ആഗോളതലത്തിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. "സമുദ്രങ്ങളെ ഒരുമിപ്പിക്കൽ, ഏക സമുദ്ര ദർശനം" എന്ന പ്രമേയത്തിൽ ഊന്നിയുള്ള IMW 2025, ആഗോള സമുദ്രമേഖല കേന്ദ്രമാവാനും നീല സമ്പദ്‌വ്യവസ്ഥയുടെ നേതൃനിരയിലേക്ക് ഉയരാനുമുള്ള ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാട് പ്രദർശിപ്പിക്കും.
 
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സെഷൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ സമുദ്ര മേഖലയിൽ വർദ്ധിച്ചുവരുന്ന ആഗോള താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് അഞ്ച് ദിവസത്തെ പരിപാടി. പരിപാടിയിൽ വിവിധ സെഷനുകളിലായി 11 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും അവിടത്തെ വ്യവസായ പ്രതിനിധികളും പങ്കെടുക്കും.
 
 "ഇന്ത്യ മാരിടൈം വീക്ക്- കേവലമൊരു പരിപാടി എന്നതിലുപരി, ഇന്ത്യയെ ആഗോള സമുദ്രമേഖലാ കേന്ദ്രമാക്കി മാറ്റുകയും, ഹരിതവും സുസ്ഥിരവുമായ ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കുകയും, അന്താരാഷ്ട്ര സമുദ്ര വ്യാപാരവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും ചെയ്യും", കേന്ദ്ര തുറമുഖ, ഷിപ്പിംഗ് & ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.
 
വിപുലമായ അന്തർദേശീയ , ദേശീയ പ്രാതിനിധ്യം
 
ഇന്ത്യ മാരിടൈം വീക്ക് 2025-ൽ 100,000-ത്തിലധികം പ്രതിനിധികളും 85-ലധികം രാജ്യങ്ങളിൽ നിന്നും സ്ഥിരീകരിക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും. ആഗോള സമുദ്ര വ്യവസായ ഭീമന്മാർ, അന്താരാഷ്ട്ര സംഘടനകൾ, നയതന്ത്ര വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും. നിക്ഷേപ അവസരങ്ങളും പ്രാദേശിക സമുദ്ര ശക്തികളും പ്രദർശിപ്പിക്കുന്ന യോഗത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി മന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കും.
 
 പ്രധാനമന്ത്രിയുടെ അഭിസംബോധനയും തന്ത്രപരമായ ഇടപെടലും
 
 ഒക്ടോബർ 29 ന് വൈകുന്നേരം പ്രത്യേക പ്ലീനറി സെഷനിൽ രാജ്യത്തെയും ആഗോള സമുദ്ര നേതാക്കളെയും പങ്കാളികളെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നത് ഇന്ത്യ മാരിടൈം വീക്ക് 2025 ൻ്റെ  ഒരു പ്രധാന ആകർഷണമാണ്
 
പൊതു അഭിസംബോധനയ്ക്ക് പുറമേ, ലോകമെമ്പാടുമുള്ള പ്രമുഖ സമുദ്രമേഖലാ കമ്പനികളിൽ നിന്നുള്ള തിരഞ്ഞെടുത്ത അന്താരാഷ്ട്ര സിഇഒമാർ പങ്കെടുക്കുന്ന ഒരു ഉന്നതതല ആഗോള സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.
 
അഭൂതപൂർവമായ വ്യവസായ, നിക്ഷേപ വേദികൾ
 
350-ലധികം അന്താരാഷ്ട്ര പ്രഭാഷകരുള്ള IMW 2025 വ്യവസായ വൈദഗ്ധ്യത്തിൻ്റെയും തന്ത്രപരമായ സംഭാഷണത്തിൻ്റെയും വേദിയാകും. 10 ലക്ഷം കോടിയിലധികംരൂപ നിക്ഷേപ പ്രതിജ്ഞാബദ്ധതയുള്ള 600-ലധികം ധാരണാപത്രങ്ങൾ (എംഒയു) ഈ പരിപാടിയിൽ നടപ്പാക്കും
 
സമഗ്രമായ പ്രദർശനവും സമ്മേളനവും
 
400-ലധികം പ്രദർശകർ പങ്കെടുക്കുന്ന ഒരു സമഗ്ര പ്രദർശനം വിപുലമായ സമ്മേളനത്തോടൊപ്പം നടക്കും. ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ (GMIS 2025) നാലാം പതിപ്പ്, QUAD പോർട്ട്‌സ് ഓഫ് ദി ഫ്യൂച്ചർ കോൺഫറൻസ്, സാഗർമന്ഥൻ - സമുദ്ര സംഭാഷണം, ഷീഇഒ കോൺഫറൻസ്, UNESCAP ഏഷ്യ-പസഫിക് ഡയലോഗ് തുടങ്ങി 12 ലധികം മുൻനിര പരിപാടികളും IMW 2025 നോട്‌ അനുബന്ധിച്ചു നടക്കും. നോർവേ, നെതർലാൻഡ്‌സ്, ഡെൻമാർക്ക്, സ്വീഡൻ എന്നിവയുൾപ്പെടെ 4 രാജ്യങ്ങളുടെ സെഷനുകളും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, അസം, ആൻഡമാൻ & നിക്കോബാർ എന്നിവയുൾപ്പെടെ 11 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സെഷനുകളും പരിപാടിയിൽ ഉൾപ്പെടും.
 
*****************

(Release ID: 2182716) Visitor Counter : 16