രാഷ്ട്രപതിയുടെ കാര്യാലയം
ഘാസിയാബാദിലെ ഇന്ദിരാപുരത്ത് യശോദ മെഡിസിറ്റി രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു
സ്വകാര്യ മേഖലയിലെ മികച്ച ആരോഗ്യസ്ഥാപനങ്ങൾ ആരോഗ്യസമൃദ്ധവും വികസിതവുമായ ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ അമൂല്യമായ സംഭാവന നൽകും: രാഷ്ട്രപതി
ആരോഗ്യ ഉത്തരവാദിത്വത്തോടൊപ്പം, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നത് ആരോഗ്യസ്ഥാപനങ്ങളുടെ പ്രധാന പരിഗണനയായിരിക്കണം: രാഷ്ട്രപതി
Posted On:
26 OCT 2025 1:36PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2025 ഒക്ടോബർ 26) ഉത്തർപ്രദേശിലെ ഘാസിയാബാദിലെ ഇന്ദിരാപുരത്ത് യശോദ മെഡിസിറ്റി ഉദ്‌ഘാടനം ചെയ്തു.
രാഷ്ട്രനിർമ്മാണത്തിൻ്റെ അവിഭാജ്യ ഘടകമാണ് ആരോഗ്യ സംരക്ഷണമെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നത് സർക്കാരിൻ്റെ മുൻഗണനയാണ്.ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രാജ്യത്തുടനീളം ആരോഗ്യ-മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനങ്ങൾ, സേവനങ്ങൾ എന്നിവ തുടർച്ചയായി വിപുലീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.ഈ എല്ലാ ശ്രമങ്ങളും ആരോഗ്യവും വികസനവുമുള്ള ഇന്ത്യയെ നിർമ്മിക്കുന്നതിൽ നിർണായകമായ സംഭാവന നൽകുമെന്ന് അവർ പറഞ്ഞു.

സർക്കാരിനു പുറമേ, മറ്റ് എല്ലാ പങ്കാളികൾക്കും ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയും. അതിനാൽ, ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുകയും രാജ്യത്തിൻ്റെ എല്ലാ മേഖലകളിലും ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പു വരുത്തുകയും ഒരു പൗരനും ഫലപ്രദമായ ആരോഗ്യ സംരക്ഷണം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് എല്ലാ പങ്കാളികളുടെയും ഉത്തരവാദിത്തമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സ്വകാര്യ മേഖലയിലെ മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്ക് വിലമതിക്കാനാവാത്ത സംഭാവന നൽകാൻ കഴിയും. ആരോഗ്യ മേഖലയിൽ യശോദ മെഡിസിറ്റി പരിവർത്തനാത്മക പ്രവർത്തനങ്ങൾക്ക് വഴി കാട്ടിയാകുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യശോദ ആശുപത്രി കോവിഡ്-19 മഹാമാരിയുടെ കാലത്ത് വലിയ തോതിൽ രോഗികളെ ചികിത്സിച്ചുവെന്നതിലും, ദേശീയ ക്ഷയരോഗ നിർമ്മാർജനം പോലുള്ള മുൻഗണനാ പദ്ധതികളെ ആസ്പദമാക്കി പ്രവർത്തിച്ചതിലും രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.
അരിവാൾ രോഗവുമായി ബന്ധപ്പെട്ട ദേശീയ പ്രചാരണങ്ങളിൽ പരമാവധി സംഭാവന നൽകാൻ അവർ ആശുപത്രി നടത്തിപ്പുകാരോട് ആഹ്വാനം ചെയ്തു. കൂടാതെ, അർബുദ ചികിത്സ സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾ നടത്തുകയും മറ്റ് സ്ഥാപനങ്ങളുമായി സഹകരിക്കുകയും ചെയ്യണമെന്ന് ആശുപത്രിയിലെ ഉത്തരവാദിത്തപ്പെട്ടവരോട് രാഷ്ട്രപതി ഉപദേശിച്ചു.
ആരോഗ്യസ്ഥാപനങ്ങൾ വൈദ്യശാസ്ത്രപരമായ ഉത്തരവാദിത്വത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്വത്തിനും മുൻഗണന നൽകണമെന്ന് രാഷ്ട്രപതി പറഞ്ഞു.
‘എല്ലാവർക്കും ലഭ്യമായ ലോകോത്തര നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ’ എന്ന ദൗത്യം യശോദ മെഡിസിറ്റി വിജയകരമായി സാക്ഷാത്കരിക്കുമെന്ന വിശ്വാസവും രാഷ്ട്രപതി പ്രകടിപ്പിച്ചു.
സ്വകാര്യ-സർക്കാർ മേഖലയിലെ മികച്ച ആരോഗ്യ സ്ഥാപനങ്ങളുടെ കൂട്ടായ പിന്തുണയോടെ, ഇന്ത്യ ലോകാരോഗ്യ മേഖലയിലെ മുൻനിര കേന്ദ്രമായി കൂടുതൽ അംഗീകാരം നേടുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
(Release ID: 2182629)
Visitor Counter : 13