ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
2024-25 സാമ്പത്തിക വർഷത്തേക്ക് എച്ച്.എൽ.എൽ, കേന്ദ്ര സർക്കാരിന് 69.5 കോടി രൂപയുടെ ലാഭവിഹിതം നല്കി.
ആരോഗ്യ സേവന മേഖലയിലെ വിശ്വസനീയമായ സ്ഥാപനമാണ് എച്ച്.എൽ.എൽ എന്ന് ശ്രീ. ജെ.പി നഡ്ഡ
എല്ലാവർക്കും ലഭ്യമായതും താങ്ങാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണത്തിനായി എച്ച്.എൽ.എൽ നല്കുന്ന സേവനങ്ങൾ അമൂല്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.
प्रविष्टि तिथि:
25 OCT 2025 5:31PM by PIB Thiruvananthpuram
കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി-രത്‌ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്(HLL)2024–25 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാരിന് 69.5 കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം നല്കിക്കൊണ്ട് സ്ഥാപനത്തിൻ്റെ ശക്തമായ സാമ്പത്തിക പ്രകടനം വീണ്ടും തെളിയിച്ചു. ഇതുവരെ നല്കിയതിൽ വെച്ച് കമ്പനി നല്കുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതങ്ങളിൽ ഒന്നാണിത്.

എച്ച്.എൽ.എൽ ചെയർപേഴ്‌സൺ ഡോ.അനിത തമ്പി, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ ജെ.പി നഡ്ഡയ്ക്ക് ഈ തുകയ്ക്കുള്ള ചെക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ, അഡീഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ ശ്രീ ഹോവിയേദ അബ്ബാസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീ വിജയ് നെഹ്‌റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർക്കറ്റിംഗ് ഡയറക്ടർ ശ്രീ എൻ അജിത്, ഫിനാൻസ് ഡയറക്ടർ ശ്രീ രമേഷ് പി എന്നിവരുൾപ്പെടെ എച്ച്.എൽ.എല്ലിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ആരോഗ്യ സേവന മേഖലയിലെ വിശ്വസനീയമായ പേരാണ് എച്ച്.എൽ.എൽ എന്നും എല്ലാവർക്കും ലഭ്യമായതും താങ്ങാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം എന്ന ദേശീയ ലക്ഷ്യത്തോട് സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും ചടങ്ങിൽ സംസാരിച്ച ശ്രീ ജെ.പി നഡ്ഡ പറഞ്ഞു.

എച്ച്.എൽ.എല്ലിൻ്റെ പ്രകടനത്തെ അഭിനന്ദിച്ച ശ്രീ ജെ.പി നഡ്ഡ, എച്ച്.എൽ.എല്ലും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും അമൃത് ഫാർമസികളും ആരോഗ്യ മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ, അമൃത് ഫാർമസികളുടെ താങ്ങാനാവുന്ന മരുന്നുകളിലൂടെ 6.7 കോടിയിലധികം ആളുകൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അതുവഴി അവരുടെ നേരിട്ടുള്ള ചെലവിൽ നിന്ന് 8000 കോടി രൂപയിലധികം ലാഭിക്കാനായെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
2024–25 സാമ്പത്തിക വർഷത്തിൽ എച്ച്.എൽ.എൽ ഉത്പാദന, സേവന മേഖലകളിലുടനീളം സമഗ്രമായ വളർച്ച കൈവരിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വളർച്ചയോടെ 4500 കോടി രൂപയായി വർദ്ധിച്ചു. 2025 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ അറ്റാദായം 1100 കോടി രൂപയായി ഉയർന്നു.
സംയോജിത അടിസ്ഥാനത്തിൽ, HITES, GAPL,ലൈഫ് സ്പ്രിംഗ് ഹോസ്പിറ്റലുകൾ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുള്‍പ്പെടെ എച്ച്.എൽ.എൽ ഗ്രൂപ്പ് മൊത്തം 4900 കോടി രൂപയുടെ വരുമാനം നേടി. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 19 ശതമാനം വളർച്ചയാണെന്ന് രേഖപ്പെടുത്തി.
പശ്ചാത്തലം
1966 മാർച്ച് ഒന്നിന് സ്ഥാപിതമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്(HLL) ഇന്ത്യയുടെ ജനസംഖ്യാ നിയന്ത്രണ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് രാജ്യത്തിൻ്റെ ആരോഗ്യ മേഖലയിലെ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ബഹു-ഉൽപ്പന്ന, ബഹു-സേവന ആരോഗ്യ സംരക്ഷണ സ്ഥാപനമായി പരിണമിച്ചു. അമൃത് ഫാർമസികൾ പോലുള്ള സംരംഭങ്ങളിലൂടെ അവശ്യ മരുന്നുകളും ശസ്ത്രക്രിയാ ഉൽപ്പന്നങ്ങളും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നത് തുടരുകയും അതുവഴി രാജ്യത്തുടനീളമുള്ള രോഗികളുടെ നേരിട്ടുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എച്ച്.എൽ.എൽ അതിൻ്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ നല്കുന്നതിനും എല്ലാവർക്കും ലഭ്യമായതും, താങ്ങാനാവുന്നതും, തുല്യവുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത എച്ച്.എൽ.എൽ. വീണ്ടും ഉറപ്പിക്കുന്നു
*****
(रिलीज़ आईडी: 2182528)
आगंतुक पटल : 43