ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ദേശീയ മത്സ്യബന്ധന വികസന പദ്ധതിയിൽ സജീവമായി രജിസ്റ്റർ ചെയ്യാൻ തൃശ്ശൂരിലെ ഫിഷറീസ് പ്രചാരണ പരിപാടിയിൽ കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ആഹ്വാനം ചെയ്തു
Posted On:
25 OCT 2025 3:17PM by PIB Thiruvananthpuram
തൃശ്ശൂർ, 2025 ഒക്ടോബർ 25
ഇൻഷുറൻസ് പരിരക്ഷയും മറ്റ് ക്ഷേമ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും ദേശീയ മത്സ്യബന്ധന വികസന പദ്ധതിയിൽ (എന്‍എഫ്ഡിപി) സജീവമായി രജിസ്റ്റർ ചെയ്യാൻ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ആഹ്വാനം ചെയ്തു.
81IS.jpeg)

തൃശ്ശൂരിൽ സംഘടിപ്പിച്ച ഫിഷറീസ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ദേശീയ മത്സ്യബന്ധന വികസന പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
CCP2.jpeg)

മത്സ്യമേഖലയില്‍ കേന്ദ്രസർക്കാർ നയങ്ങൾ നടപ്പാക്കുന്നതിൽ കേരള സർക്കാറിന്റെ പൂർണ സഹകരണത്തെ മന്ത്രി അഭിനന്ദിച്ചു.
ഇരു സർക്കാരുകളുടെയും സംയുക്ത ശ്രമങ്ങളിലൂടെ നിരവധി മത്സ്യബന്ധന തുറമുഖങ്ങള്‍ പുനർവികസിപ്പിച്ചതായി അടിസ്ഥാന സൗകര്യ വികസനത്തിൽ കൈവരിച്ച പുരോഗതി വിശദീകരിക്കവെ ശ്രീ കുര്യൻ പറഞ്ഞു. മത്സ്യബന്ധന തുറമുഖ വികസനത്തിന് കുറഞ്ഞ പലിശയിൽ വായ്പകൾ നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ZSNV.jpeg)

കേരളത്തിലെ ഒമ്പത് സംയോജിത തീരദേശ ഗ്രാമങ്ങളെ വികസനത്തിന് തിരഞ്ഞെടുത്തതായി മന്ത്രി അറിയിച്ചു. ഈ ഗ്രാമങ്ങളിൽ മത്സ്യ സംസകരണ കേന്ദ്രങ്ങള്‍, കിയോസ്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്ഥാപിക്കും. കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച ഈ പദ്ധതികള്‍ക്ക് 2 കോടി രൂപയുടെ പൂർണ കേന്ദ്രധനസഹായം ലഭിക്കും. ഗുണഭോക്തൃ ഗ്രാമങ്ങളെ സംസ്ഥാന സർക്കാർ കണ്ടെത്തുമെന്നും മന്ത്രി സൂചിപ്പിച്ചു.
മത്സ്യോല്പാദനം വർധിപ്പിക്കാൻ നാം ശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യോല്പാദനത്തിലും സംസ്കരണത്തിലും ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യകർഷക സഹകരണ സംഘങ്ങളെ പിന്തുണയ്ക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ക്ഷേമ-വികസന പദ്ധതികൾക്ക് കീഴിലെ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ശക്തി രാജ്യത്തിന്റെ ഐക്യത്തിലാണെന്ന് എടുത്തുപറഞ്ഞ ശ്രീ ജോര്‍ജ് കുര്യന്‍ 2047-ഓടെ വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ മത്സ്യമേഖലയിലെ എല്ലാവരും കഠിനാധ്വാനത്തിലൂടെ സംഭാവന നൽകണമെന്ന് അഭിസംബോധനയുടെ അവസാനം ആഹ്വാനം ചെയ്തു.
കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമ - ഉപജീവന പദ്ധതികളെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും അവബോധം പകരാനും സുസ്ഥിര മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയില്‍ കിസാൻ ക്രെഡിറ്റ് കാർഡുകളും ട്രാൻസ്പോണ്ടറുകളും എൻഎഫ്ഡിപി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ശ്രീ ജോർജ് കുര്യൻ വിതരണം ചെയ്തു. കേരളത്തിന്റെ മത്സ്യബന്ധന, മത്സ്യകൃഷി മേഖലകളെ ശക്തിപ്പെടുത്തുന്നതിലെ വെല്ലുവിളികളും അവസരങ്ങളും മനസ്സിലാക്കുന്നതിന് മത്സ്യത്തൊഴിലാളികളുമായും മത്സ്യകർഷകരുമായും അദ്ദേഹം സംവദിച്ചു.
കേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിലെ പ്രധാന ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ മത്സ്യമേഖലയിലെ വിവിധ പങ്കാളികള്‍ക്ക് പരിപാടി അവസരമൊരുക്കി.
LPSS/GG
***************************
(Release ID: 2182429)
Visitor Counter : 38