ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

മത്സ്യബന്ധന മേഖലാ ബോധവത്കരണ പരിപാടിയുടെ കീഴിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളുമായി കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ നാളെ (ഒക്ടോബർ 25) സംവദിക്കും

Posted On: 24 OCT 2025 4:40PM by PIB Thiruvananthpuram

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ 2025 ഒക്ടോബർ 25 ന് കേരളത്തിലെ തൃശ്ശൂർ, എറണാകുളം ജില്ലകളിൽ മത്സ്യബന്ധന മേഖലയിലെ ബോധവൽക്കരണ, ജനസമ്പർക്ക പരിപാടിയുടെ കീഴിലുള്ള രണ്ടിടങ്ങളിൽ അഭിസംബോധന ചെയ്യും. ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് മത്സ്യത്തൊഴിലാളികളിലും മത്സ്യകർഷകരിലും അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കിസാൻ ക്രെഡിറ്റ് കാർഡുകൾ (കെസിസി), ട്രാൻസ്‌പോണ്ടറുകൾ, എൻഎഫ്‌ഡിപി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ കേന്ദ്ര സഹമന്ത്രി ശ്രീ കുര്യൻ വിതരണം ചെയ്യും. കേരളത്തിലെ മത്സ്യബന്ധന, മത്സ്യക്കൃഷി മേഖലയിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും മനസ്സിലാക്കുന്നതിനായി തൃശ്ശൂർ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുമായും മത്സ്യകർഷകരുമായും മന്ത്രി സംവദിക്കും.

തൃശ്ശൂർ ജില്ലയിലെ നാട്ടികയിലുള്ള കൊടിയമ്പുഴ ദേവസ്വം ഹാളിൽ രാവിലെ 10ന് ജനസമ്പർക്ക പരിപാടി നടക്കും. തുടർന്ന്, എറണാകുളം ജില്ലയിലെ വൈപ്പിനിലുള്ള ഞാറയ്ക്കൽ ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് ജനസമ്പർക്ക പരിപാടി നടക്കും. 500-ലധികം പ്രാദേശിക മത്സ്യത്തൊഴിലാളികളും മത്സ്യകർഷകരും പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രധാന ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനും മത്സ്യത്തൊഴിലാളികളും മത്സ്യകർഷകരുമായി നേരിട്ട് സംവദിക്കുന്നതിനുമുള്ള വേദിയായി ഈ പരിപാടി മാറും.

 പശ്ചാത്തലം:

ഇന്ത്യയിലുടനീളമുള്ള ഏകദേശം 3 കോടി പേരുടെ പ്രധാന ഉപജീവനമാർഗ്ഗമെന്ന നിലയിൽ മത്സ്യബന്ധന മേഖല നിർണായക പങ്ക് വഹിക്കുന്നു. മത്സ്യ ഉൽപാദനത്തിലും മത്സ്യകൃഷിയിലും രണ്ടാം സ്ഥാനത്തും ചെമ്മീൻ ഉൽപാദനത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനത്തുമുള്ള ഇന്ത്യ ആഗോള മത്സ്യബന്ധന ശൃംഖലയുടെ നേതൃനിരയിലേക്ക് ഉയർന്നുവന്നിട്ടുണ്ട്. നിർദിഷ്ട ലക്ഷ്യങ്ങളുമായി 2015 ൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം, മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് കേന്ദ്ര ഗവൺമെൻ്റ് 38,572 കോടി രൂപയുടെ സഞ്ചിത നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഈ ശ്രമങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ മൊത്തം മത്സ്യ ഉൽപാദനത്തിൽ 103% വർദ്ധനയ്ക്ക് കാരണമായി.

കേരളത്തിൽ, മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ഗവൺമെൻ്റ് നിരവധി തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തിവരുന്നു. മത്സ്യബന്ധന, മത്സ്യകൃഷി അടിസ്ഥാന സൗകര്യ വികസന ഫണ്ടിന് (FIDF) കീഴിൽ, സംസ്ഥാനത്ത് ആകെ 211.98 കോടി രൂപ പദ്ധതി ചെലവ് വകയിരുത്തി നാല് പദ്ധതികൾക്ക് അനുമതി നൽകി. കൂടാതെ, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പ്രകാരം, കേരളത്തിന് വിവിധ പ്രവർത്തനങ്ങൾക്കായി 544.59 കോടി രൂപയുടെ കേന്ദ്ര വിഹിതം അനുവദിച്ചു. വിളവെടുപ്പിനു ശേഷമുള്ള സംഭരണവും വിപണി കാര്യക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അത്യാധുനിക മൊത്ത മത്സ്യ വിപണിയുടെ നിർമാണത്തിന് 58.94 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. ചെറുകിട കർഷകരെ പിന്തുണയ്ക്കുന്നതിനായി പ്രതിദിനം 2 ടൺ ഉൽപാദന ശേഷിയുള്ള മിനി മത്സ്യ തീറ്റ മില്ലുകളുടെ നിർമാണത്തിന് 36 ലക്ഷം രൂപയും ഇതിൻ്റെ ഭാഗമായുണ്ട്.

SKY

*****


(Release ID: 2182179) Visitor Counter : 12