ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
ഗോത്രകാര്യ മന്ത്രാലയം ട്രൈബൽ ബിസിനസ് കോൺക്ലേവ് 2025 പ്രഖ്യാപിച്ചു
ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്നു: ട്രൈബൽ ബിസിനസ് കോൺക്ലേവ് 2025 പാരമ്പര്യത്തെയും നവീകരണത്തെയും ഒരുമിപ്പിക്കുന്നു
Posted On:
22 OCT 2025 3:51PM by PIB Thiruvananthpuram
ആദി കർമ്മയോഗി അഭിയാൻ ദേശീയ കോൺക്ലേവിനിടെ, ഗോത്രകാര്യ മന്ത്രാലയം, 2025 ഒക്ടോബർ 17-ന്, സാംസ്കാരിക മന്ത്രാലയവുമായും വ്യവസായ പ്രോത്സാഹന, ആഭ്യന്തര വ്യാപാര വകുപ്പുമായും (DPIIT) സഹകരിച്ച് ട്രൈബൽ ബിസിനസ് കോൺക്ലേവ് 2025 നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025 നവംബർ 12-ന് ന്യൂഡൽഹിയിലെ യശോഭൂമിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാരമ്പര്യം, സംരംഭകത്വം, നവീകരണം എന്നിവയുടെ ഏകോപനത്തെ സൂചിപ്പിക്കുന്ന ലോഗോ, ബ്രോഷർ, ഡിജിറ്റൽ ആസ്തികൾ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത്, വികസിത് ഭാരത് @2047 എന്നീ കാഴ്ചപ്പാടുകളിൽ അധിഷ്ഠിതമായി, ഇന്ത്യയിലുടനീളമുള്ള ഗോത്ര സംരംഭകരെ ശാക്തീകരിക്കാനും, എല്ലാവരെയും ഉൾക്കൊള്ളുന്ന, നവീകരണത്തിലൂടെ സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കാനുമാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്. ദേശീയ വളർച്ച സംബന്ധിച്ച വിശകലനത്തിൽ ഗോത്ര സംരംഭകത്വം കേന്ദ്രസ്ഥാനം നേടുന്ന, രാജ്യത്തിൻ്റെ വികസന യാത്രയിൽ പരിവർത്തനത്തിൻ്റെ നാഴികക്കല്ലാകും ഈ കോൺക്ലേവ് .
ഭഗവാൻ ബിർസ മുണ്ടയുടെ പാരമ്പര്യം അനുസ്മരിക്കുന്നു
2025ൽ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികമാണ് . അദ്ദേഹത്തിൻ്റെ സമഗ്രത, നവീകരണം, സ്വാശ്രയത്വം എന്നീ ആശയങ്ങൾ നീതിക്കും പുരോഗതിക്കുമുള്ള രാജ്യത്തിൻ്റെ പരിശ്രമങ്ങൾക്ക് ഇന്നും പ്രചോദനമേകുന്നു. ഈ കോൺക്ലേവ് അദ്ദേഹത്തിൻ്റെ, ഇന്നും നിലനിൽക്കുന്ന പൈതൃകത്തിനുള്ള സ്മരണാഞ്ജലി അർപ്പിക്കുകയും പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളും ആധുനിക സംരംഭക ചട്ടക്കൂടുകളും തമ്മിലുള്ള സഹകരണത്തെ ഘോഷിക്കുകയും ചെയ്യും. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ദേശീയ സംരംഭങ്ങളുടെ ഒരു പരമ്പര ഇതിന് പിന്തുണ നൽകും.
ഗവൺമെൻ്റിൻ്റെ സമഗ്രമായ സമീപനം
ഗോത്രകാര്യ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, DPIIT എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കോൺക്ലേവ്, ഏകീകരണത്തിൻ്റെയും സഹകരണത്തിൻ്റെയും ദൃഷ്ടാന്തമാണ്. പ്രധാന മന്ത്രാലയങ്ങളായ MSME, നൈപുണ്യ വികസനം & സംരംഭകത്വം, ടെക്സ്റ്റൈൽസ്, DONER, MeitY, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, കൃഷി, ഗ്രാമവികസനം എന്നിവയുടെ സജീവ പങ്കാളിത്തമാണ് കോൺക്ലേവിൻ്റെ ശക്തി. കൂടാതെ പ്രാദേശിക സംരംഭക ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തവും ഇതിന് ശക്തിപകരുന്നുണ്ട്.
ഗോത്ര സംരംഭങ്ങൾക്ക് മാർഗനിർദേശം , നിക്ഷേപം, ഇൻകുബേഷൻ എന്നിവയ്ക്ക് ശക്തമായ വേദി ഉറപ്പാക്കുന്നതിൽ FICCI, PRAYOGI (PanIIT Alumni Reach for Gram Udyogi) ഫൗണ്ടേഷൻ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവ പ്രധാന പങ്കാളികളാണ്.
കോൺക്ലേവിൻ്റെ പ്രധാന സവിശേഷതകൾ
1. റൂട്ട്സ് ടു റൈസ് (പിച്ചിംഗ് സെഷൻ): ഗോത്ര സംരംഭകർക്ക് അവരുടെ ബിസിനസ് ആശയങ്ങൾ നിക്ഷേപകർ, CSR (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) അധികൃതർ , സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്ക് മുന്നിൽ മാർഗ്ഗനിർദ്ദേശം, ധനസഹായം, ഇൻകുബേഷൻ എന്നിവയ്ക്കുവേണ്ടി അവതരിപ്പിക്കാനുള്ള വേദി.
2. വിജ്ഞാന സെഷനുകൾ: വ്യവസായ പ്രമുഖരും നയരൂപീകരണ വിദഗ്ധരുമായി ധനകാര്യം, ബ്രാൻഡിംഗ്, നവീകരണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ അവബോധം നൽകുന്ന പാനൽ ചർച്ചകൾക്കും മാസ്റ്റർക്ലാസുകൾക്കും അവസരം.
3. സിഇഒയുടെ ഫോറം: നൈപുണ്യം, സുസ്ഥിരത, നവീകരണം, വിപണി പ്രവേശനം എന്നിവയ്ക്കുള്ള തന്ത്രങ്ങളെക്കുറിച്ചുള്ള നേതൃത്വപരമായ ആശയവിനിമയം.
4. എക്സിബിഷനും പവലിയനുകളും: കരകൗശല വസ്തുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ, വന ഉൽപ്പന്നങ്ങൾ, ഹരിത സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന 100-ലധികം ഗോത്ര സ്റ്റാർട്ടപ്പുകളുടെയും ചെറുകിട സംരംഭങ്ങളുടെയും പ്രദർശനം.
5. വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചകൾ: സുസ്ഥിര പങ്കാളിത്തം സ്ഥാപിക്കുന്നതിന് ഗോത്ര ഉൽപാദകരും കോർപ്പറേറ്റ്/സർക്കാർ ഉപഭോക്താക്കളും തമ്മിൽ നേരിട്ടുള്ള ബന്ധം സുഗമമാക്കൽ.
ഗോത്ര സംരംഭകരുടെ ശാക്തീകരണവും , ഭാവി രൂപപ്പെടുത്തലും
ട്രൈബൽ ബിസിനസ് കോൺക്ലേവ് 2025 ഗോത്ര സംരംഭകത്വത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും, തദ്ദേശീയ ഉൽപ്പന്നങ്ങൾക്കുള്ള ബ്രാൻഡിംഗും വിപണി പ്രവേശനവും വിപുലീകരിക്കാനും, സുസ്ഥിരമായ സംരംഭ വികസനത്തിനുള്ള ശേഷി നേടാനും ലക്ഷ്യമിടുന്നു. ഇത് ധനസഹായലഭ്യത ലഘൂകരിക്കുകയും വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും, ഗോത്ര സമൂഹങ്ങൾക്ക് നിക്ഷേപ സാധ്യതകൾ തുറക്കുകയും ചെയ്യും.
പരമ്പരാഗത അറിവുകളെ ആധുനിക ബിസിനസ്സ് രീതികളുമായും സാങ്കേതികവിദ്യയുമായും ബന്ധിപ്പിക്കുന്നതിലൂടെ, ഈ കോൺക്ലേവ് അടിസ്ഥാനതലത്തിലുള്ള നവീകരണങ്ങളെ ദേശീയ-ആഗോള ശൃംഖലകളുമായി ബന്ധിപ്പിക്കാനും, സുസ്ഥിരവും, വിഭവക്ഷമതയുള്ളതും, സാമൂഹികാധിഷ്ഠിതവുമായ ബിസിനസ്സ് മാതൃകകൾ കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നു.
കൂടുതൽ വിവരങ്ങൾ https://tribalbusinessconclave.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


******
(Release ID: 2181656)
Visitor Counter : 20