ന്യൂഡൽഹി, 2025 ഒക്ടോബർ 19: ദീപാവലിയ്ക്ക് മുന്നോടിയായി ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ദീപാവലി ആശംസാ സന്ദേശത്തിൽ ശ്രീ ബിർള പറഞ്ഞു:
"പ്രകാശത്തിൻ്റെ മഹോത്സവമായ ദീപാവലിയുടെ ആഘോഷവേളയില്‍ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. വരാനിരിക്കുന്ന ഗോവർദ്ധന പൂജയ്ക്കും ഭായി ദൂജിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.
ദീപാവലി മഹോത്സവം നമ്മുടെ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആത്മാവാണ്. ഇത് ദീപങ്ങള്‍ തെളിയിക്കാനും ആഘോഷിക്കാനുമുള്ള അവസരം മാത്രമല്ല, മറിച്ച് അന്ധകാരത്തിനുമേൽ പ്രകാശത്തിൻ്റെയും അജ്ഞതയ്ക്കുമേൽ അറിവിൻ്റെയും നിരാശയ്ക്കുമേൽ പ്രതീക്ഷയുടെയും വിജയസന്ദേശം കൂടിയാണ്.
മൂല്യങ്ങളുടെയും ധര്‍മത്തിൻ്റെയും നീതിയുടെയും പാത പിന്തുടർന്ന് ശ്രീരാമൻ സ്ഥാപിച്ച ആദർശങ്ങൾ ജീവിതത്തിൽ സത്യവും കര്‍ത്തവ്യബോധവും സന്മനസ്സും ഉയർത്തിപ്പിടിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. സന്തോഷം ആഘോഷിക്കുന്നതിനൊപ്പം അത് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള സമയം കൂടിയാണ് ദീപാവലി. ചുറ്റുമുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്താനും നാം ശ്രമിക്കേണ്ടതുണ്ട്.
സമൂഹത്തിൽ ഐക്യവും സാഹോദര്യവും പരസ്പര വിശ്വാസവും സമത്വവും ശക്തിപ്പെടുത്താൻ മഹത്തായ ഈ ഉത്സവവേളയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. രാജ്യത്തെ കർഷകരും തൊഴിലാളികളും ശാക്തീകരിക്കപ്പെടട്ടെ; വ്യാപാരി സമൂഹം അഭിവൃദ്ധി പ്രാപിക്കട്ടെ; യുവജനങ്ങൾ ഊർജ്ജസ്വലരും സ്വയംപര്യാപ്തരുമായി മാറട്ടെ; രാജ്യം വികസന പാതയിൽ ഇനിയുമേറെ മുന്നേറട്ടെ.
ലക്ഷ്മീദേവി നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ. സരസ്വതീദേവി നിങ്ങൾക്ക് അറിവും വിവേകവും നൽകി അനുഗ്രഹിക്കട്ടെ. എല്ലാ തടസങ്ങളും നീക്കി ഗണപതി ഭഗവാൻ ക്ഷേമത്തിൻ്റെ വഴിയൊരുക്കട്ടെ.
എല്ലാവർക്കും അത്യധികം സന്തോഷകരമായ ദീപാവലി ആശംസകള്‍.
ജയ് സിയാറാം! ”