ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ സർഗ്ഗാത്മക മനസ്സുകളെ ആധാറിന്റെ ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്യാൻ യു.ഐ.ഡി.എ.ഐ ക്ഷണിക്കുന്നു. 1 ലക്ഷം രൂപ വരെ സമ്മാനത്തുക! 2025 ഒക്ടോബർ 31 വരെ അപേക്ഷകൾ അയയ്ക്കാം.

Posted On: 17 OCT 2025 4:15PM by PIB Thiruvananthpuram

യു.ഐ.ഡി.എ.ഐയുടെ ഒരു ഔദ്യോഗിക ഭാഗ്യചിഹ്നം രൂപകല്പന ചെയ്യാൻ രാജ്യത്തെ പൗരൻമാരെ ക്ഷണിച്ചുകൊണ്ട്, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) മൈ ഗവ് (MyGov) പ്ലാറ്റ്ഫോമിൽ രാജ്യവ്യാപകമായി ഒരു ഭാഗ്യചിഹ്ന രൂപകല്പനാ മത്സരം ആരംഭിച്ചു. 2025 ഒക്ടോബർ 31 വരെ ഇതിലേക്ക് അപേക്ഷിക്കാം. ഈ മത്സരം, ആധാറിന്റെ അടിസ്ഥാന മൂല്യങ്ങളായ വിശ്വാസം, ഉൾച്ചേർക്കൽ, ശാക്തീകരണം, ഡിജിറ്റൽ നൂതനാശയങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു സവിശേഷവും അവിസ്മരണീയവുമായ ഭാഗ്യചിഹ്നം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.

യു.ഐ.ഡി.എ.ഐയുടെ വിഷ്വൽ അംബാസഡർ ആയി ഈ ഭാഗ്യചിഹ്നം പ്രവർത്തിച്ച്, എല്ലാ പ്രായക്കാർക്കിടയിലും ആശയവിനിമയം കൂടുതൽ ആപേക്ഷികവും ആകർഷകവുമാക്കും. ആധാർ സംബന്ധമായ ആശയവിനിമയം ലളിതമാക്കാൻ സഹായിക്കുന്നതിനൊപ്പം, ആധാറിന്റെ സേവന മനോഭാവം, സുരക്ഷ, അഭിഗമ്യത എന്നിവ ഇത് ഉൾക്കൊള്ളും.

വ്യക്തികളും സംഘങ്ങളും ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രവേശനമുണ്ട്. മൈ ഗവ് മത്സര പേജിലൂടെ മാത്രമായി അവർക്ക് രൂപമാതൃകകൾ സമർപ്പിക്കാം. ഓരോ മത്സരാർഥിയ്ക്കും ഒരു സംക്ഷിപ്ത ആശയക്കുറിപ്പും ഭാഗ്യചിഹ്നത്തിന്റെ പേരും സഹിതം ഒരു അസ്സൽ ഭാഗ്യചിഹ്ന മാതൃക അയയ്ക്കാം. സർഗാത്മകത, മൗലികത, സൗന്ദര്യാത്മക ആകർഷണം, യു.ഐ.ഡി.എ.ഐയുടെ മൂല്യങ്ങളുമായുള്ള പൊരുത്തപ്പെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുക.

ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്: ഒന്നാം സമ്മാനത്തിന് 50,000 രൂപയും, രണ്ടാം സമ്മാനത്തിന് 30,000 രൂപയും മൂന്നാം സമ്മാനത്തിന് 20,000 രൂപയും അംഗീകാര സർട്ടിഫിക്കറ്റുകൾക്കൊപ്പം ലഭിക്കും. കൂടാതെ, ഭാഗ്യചിഹ്നത്തിന്റെ പേരിനായി മികച്ച അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് പാരിതോഷികവും നൽകും.

പൊതുജനങ്ങളെ അവരുടെ സർഗ്ഗാത്മകതയെ ജീവസുറ്റതാക്കാനും ഉൾച്ചേർക്കലിനും ശാക്തീകരണത്തിനുമുള്ള ആധാറിന്റെ യാത്രയിൽ സംഭാവന നൽകാനും യു.ഐ.ഡി.എ.ഐ പ്രോത്സാഹിപ്പിക്കുന്നു.
വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും പങ്കാളിത്തത്തിനും, https://innovateindia.mygov.in/uidai-mascot-competition/ സന്ദർശിക്കാം.

**************************

വൈറ്റ് ഗുഡ്‌സിനായുള്ള (AC കൾ  LED ലൈറ്റുകൾ)  നാലാം റൗണ്ട്  ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ (PLI) അപേക്ഷാ കാലയളവ് 2025 നവംബർ 10 വരെ സർക്കാർ ദീർഘിപ്പിച്ചു.

വൈറ്റ് ഗുഡ്‌സിനായുള്ള (എയർ കണ്ടീഷണറുകൾ, LED ലൈറ്റുകൾ) നാലാം റൗണ്ട് ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ (PLI) അപേക്ഷാ കാലയളവ് 2025 നവംബർ 10 വരെ നീട്ടിയതായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അറിയിച്ചു.

നേരത്തെ,  2025 സെപ്റ്റംബർ 15 മുതൽ 2025 ഒക്ടോബർ 14 വരെയായി നിശ്ചയിച്ചിരുന്ന നാലാം റൗണ്ടിലേക്കുള്ള അപേക്ഷാ കാലയളവ്, പദ്ധതിക്ക് കീഴിലുള്ള വ്യവസായ മേഖലയുടെ മികച്ച പ്രതികരണവും വർദ്ധിച്ചുവരുന്ന നിക്ഷേപ താത്പര്യവും കണക്കിലെടുത്താണ് നീട്ടിയത്. PLI-WG പദ്ധതിയ്ക്ക് കീഴിൽ ഇന്ത്യയിൽ എയർ കണ്ടീഷണറുകളുടെയും, LED ലൈറ്റുകളുടെയും  പ്രധാന ഘടക ഭാഗങ്ങങ്ങളുടെ ആഭ്യന്തര നിർമ്മാണത്തിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയും ഉത്സാഹത്തെയും  ഇത് പ്രതിഫലിപ്പിക്കുന്നു.

പദ്ധതിയുടെ ആദ്യ ഘട്ടങ്ങൾ ഇതിനോടകം ഗണ്യമായ നിക്ഷേപ പ്രതിബദ്ധത ആകർഷിച്ചിട്ടുണ്ട്. ഇത് മൂല്യ ശൃംഖലയിലുടനീളം മെച്ചപ്പെട്ട ഉത്പാദന ശേഷിയും തൊഴിലവസര സൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന നൽകി.

ആഭ്യന്തര ഉതപാദനം വർദ്ധിപ്പിക്കുക, ഘടക ഭാഗങ്ങളുടെ പ്രാദേശികവത്ക്കരണം പ്രോത്സാഹിപ്പിക്കുക, എയർ കണ്ടീഷണർ, LED ലൈറ്റിംഗ് മേഖലകളിൽ ഇന്ത്യയുടെ ആഗോള മത്സരശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് ₹6,238 കോടി ചെലവിൽ,  2021 ഏപ്രിലിൽ ആരംഭിച്ച വൈറ്റ് ഗുഡ്‌സിനായുള്ള  ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അർഹരായ അപേക്ഷകർക്ക് https://pliwg.dpiit.gov.in എന്ന ഓൺലൈൻ PLI പോർട്ടൽ മുഖേന “വൈറ്റ് ഗുഡ്സ്” വിഭാഗത്തിന് കീഴിൽ 2025 നവംബർ 10-നകം അപേക്ഷകൾ സമർപ്പിക്കാം.

****************

 


(Release ID: 2180506) Visitor Counter : 14