യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്(കെഐയുജി) നവംബർ 24 മുതൽ ഡിസംബർ 05 വരെ രാജസ്ഥാനിൽ നടക്കും ; 'കെഐയുജി' യശസിലേക്കുള്ള ചവിട്ടുപടി എന്ന് കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ

प्रविष्टि तिथि: 16 OCT 2025 5:34PM by PIB Thiruvananthpuram
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ (കെഐയുജി) അഞ്ചാം പതിപ്പ് 2025 നവംബർ 24 മുതൽ ഡിസംബർ 5 വരെ രാജസ്ഥാനിലെ ഏഴ് നഗരങ്ങളിലായി നടക്കും. 23 മത്സര ഇനങ്ങളും ഒരു പ്രദർശന കായിക ഇനവും (ഖോ-ഖോ) അരങ്ങേറും.
 
ഈ വർഷം ആദ്യം ബീഹാറിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് സമാനമായി യൂണിവേഴ്സിറ്റി ഗെയിംസ് ജയ്പൂർ, അജ്മീർ, ഉദയ്പൂർ, ജോധ്പൂർ, ബിക്കാനീർ, കോട്ട, ഭരത്പൂർ എന്നീ ഏഴ് നഗരങ്ങളിലായാണ് നടക്കുക. 12 ദിവസത്തെ സർവകലാശാല കായികമേളയിൽ 5,000-ത്തിലധികം അത്‌ലറ്റുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 "ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ഇന്ത്യയുടെ കായിക യാത്രയിലെ ഒരു നിർണായക കണ്ണിയാണ്. ലോകമെമ്പാടും, ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിൽ സർവകലാശാലകൾ പ്രധാന പങ്ക് വഹിക്കുന്നു. കെഐയുജി നമ്മുടെ യുവ അത്‌ലറ്റുകൾക്ക് ദേശീയ തലത്തിൽ അവരുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകുന്നു. രാജസ്ഥാൻ പതിപ്പ് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കായിക മേഖലയെ എടുത്തുകാണിക്കും. ആഗോളതലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് അവരുടെ യശസ്സിലേക്കുള്ള ഒരു ചവിട്ടുപടിയായിരിക്കും ഈ മേള,"കന്ദ്ര യുവജനകാര്യ,കായിക,തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
 
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന് കീഴിലുള്ള ഖേലോ ഇന്ത്യ സംരംഭം, പങ്കാളിത്തം, ശേഷി വികസനം, മികവ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. രാജസ്ഥാനിലെ യൂണിവേഴ്സിറ്റി ഗെയിംസ് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്കാദമിക മികവിനൊപ്പം കായിക വിനോദങ്ങളിൽ ഏർപ്പെടാനും മത്സരത്തിലൂടെയും സൗഹൃദത്തിലൂടെയും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന മനോഭാവം ശക്തിപ്പെടുത്തുന്നതിനും പ്രചോദനം നൽകും." ഡോ. മാണ്ഡവ്യ പറഞ്ഞു.
 
2025 ലെ കെഐയുജിയിൽ 23 മെഡൽ കായിക ഇനങ്ങളും ഒരു പ്രകടന ഇനവും ഉണ്ടാകും. അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിംഗ്, ഫെൻസിങ്, ഫുട്‌ബോൾ, ഹോക്കി, ജൂഡോ, കബഡി, മല്ലകമ്പ്, റഗ്ബി, ഷൂട്ടിംഗ്, നീന്തൽ, ടേബിൾ ടെന്നീസ്, ടെന്നീസ്, വോളിബോൾ, ഭാരോദ്വഹനം, ഗുസ്തി, യോഗാസന, സൈക്ലിംഗ്, ബീച്ച് വോളിബോൾ, കനോയിങ്, കയാക്കിങ് എന്നിവ മെഡൽ ഇനങ്ങളിൽ ഉൾപ്പെടുന്നു.
 
  പ്രദർശന കായിക ഇനമായി ഖോ-ഖോ അവതരിപ്പിക്കും. ഇത് ആദ്യമായി, ബീച്ച് വോളിബോൾ, കനോയിങ്, കയാക്കിങ്, സൈക്ലിങ് എന്നിവ കെഐയുജി മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
വടക്കുകിഴക്കൻ ഇന്ത്യയിൽ നടന്ന കഴിഞ്ഞ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയായിരുന്നു ചാമ്പ്യന്മാർ. ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും അമൃത്‌സറിലെ ഗുരു നാനാക് ദേവ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും നേടി.
 
 
ഖേലോ ഇന്ത്യയെക്കുറിച്ച്
 
യുവജനകാര്യ-കായിക മന്ത്രാലയത്തിൻ്റെ മുൻനിര കേന്ദ്രപദ്ധതിയാണ് ഖേലോ ഇന്ത്യ . വിദ്യാർത്ഥികൾക്ക് കായിക നൈപുണ്യം പ്രദർശിപ്പിക്കുന്നതിനുള്ള അടിസ്ഥാന വേദിയാണ് ഖേലോ ഇന്ത്യ ഗെയിംസ്.  പ്രതിഭാധനരും നിപുണരുമായ വിദ്യാർത്ഥികൾക്ക് മികവ് കൈവരിക്കുന്നതിനുള്ള ഒരു വികസന പാതയായി ഈ വേദി മാറുന്നു. ബന്ധപ്പെട്ട ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകൾ, സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ സർവ്വകലാശാല അസോസിയേഷനുകൾ തുടങ്ങിയ വിവിധ പങ്കാളികളെ ബന്ധിപ്പിച്ചുകൊണ്ട് ഒളിമ്പിക്സിന് സമാനമായ ആവേശത്തിലാണ് ഈ ദേശീയതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഈ പരിപാടിയുടെ കീഴിൽ ഇതുവരെ രാജ്യത്തുടനീളം 20ഖേലോ ഇന്ത്യ പതിപ്പുകൾ നടന്നു. ഏഴ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (KIYG), നാല് ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്, അഞ്ച് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ്, രണ്ട് ഖേലോ ഇന്ത്യ പാരാ ഗെയിംസ്, ഒന്ന് വീതം ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ്, ഖേലോ ഇന്ത്യ ജല കായികമേള എന്നിവയാണ് ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളത്.
***************************

(रिलीज़ आईडी: 2180166) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Kannada