യുവജനകാര്യ, കായിക മന്ത്രാലയം
2026-ലെ വികസിത ഭാരതം യുവ നേതൃസംവാദം (വി.ബി.വൈ.എൽ.ഡി) പ്രശ്‌നോത്തരിയിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം 2025 ഒക്ടോബർ 31 വരെ നീട്ടി
Posted On:
16 OCT 2025 11:52AM by PIB Thiruvananthpuram
'മൈ ഭാരത്' പോർട്ടൽ വഴി 2026-ലെ വികസിത ഭാരതം യുവ നേതൃസംവാദം (വി.ബി.വൈ.എൽ.ഡി) പ്രശ്‌നോത്തരിയിൽ പങ്കെടുക്കാനുള്ള അവസാന തീയതി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം 2025 ഒക്ടോബർ 31 വരെ നീട്ടി. 20 ലക്ഷത്തിലധികം യുവജനങ്ങൾ ഇതിനകം പ്രശ്‌നോത്തരിയിൽ പങ്കെടുത്തു. ഇന്ത്യയിലെ യുവജനങ്ങളുടെ ഭാഗത്ത് നിന്നുള്ള അവിശ്വസനീയമായ പ്രതികരണവും അതിശയകരമായ ആവേശവുമാണ് സമയപരിധി നീട്ടിയത്.
2026 ലെ വി.ബി.വൈ.എൽ.ഡി പ്രശ്‌നോത്തരിയെ കുറിച്ച്:
2026-ലെ വികസിത ഭാരതം യുവ നേതൃസംവാദത്തിന്റെ ആദ്യഘട്ടമാണ് വി.ബി.വൈ.എൽ.ഡി പ്രശ്‌നോത്തരി. മൈ ഭാരത് പോർട്ടൽ വഴി ഓൺലൈനായാണ് ഇത് സംഘടിപ്പിക്കുന്നത്. യുവജനങ്ങൾക്ക് ഇന്ത്യയെക്കുറിച്ചുള്ള അവരുടെ അറിവ് പരിശോധിക്കാനും 2047 ഓടെയുള്ള വികസിത ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ പങ്കുവെക്കാനും ഈ പ്രശ്‌നോത്തരി സഹായിക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ആവേശകരമായ പങ്കാളിത്തം പ്രശ്‌നോത്തരി പ്രോത്സാഹിപ്പിക്കുന്നു.
ശക്തവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ ദർശനം പ്രതിഫലിപ്പിക്കുന്നതിനൊപ്പം, നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള മത്സരാർഥികളുടെ അറിവ് വിലയിരുത്തുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
* എല്ലാ മത്സരാർത്ഥികൾക്കും ഡിജിറ്റൽ പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
* മികച്ച പ്രകടനം കാഴ്ചവെക്കുന്ന 10,000 വിജയികൾക്ക് 'മൈ ഭാരത്' ഉപഹാരങ്ങൾ ലഭിക്കുകയും അവർ 2026-ലെ വി.ബി.വൈ.എൽ.ഡിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും.
* തിരഞ്ഞെടുക്കപ്പെടുന്ന ഈ യുവജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് അവരുടെ ആശയങ്ങൾ പങ്കുവെക്കാനുള്ള അവസരവും ലഭിക്കും.
മൈ ഭാരത് ആപ്പിലൂടെയും പൊതു സേവന കേന്ദ്രങ്ങളിലൂടെയും സുഗമമായ അഭിഗമ്യത:
യുവജന ശാക്തീകരണത്തിലെ ഒരു പരിവർത്തനാത്മക ചുവടുവയ്പ്പാണ് മൈ ഭാരത് മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിങ് അടയാളപ്പെടുത്തുന്നത്. സാങ്കേതികവിദ്യാധിഷ്ഠിത ഇടപെടലിലൂടെ, ഒറ്റ കിക്കിലൂടെ തന്നെ വി.ബി.വൈ.എൽ.ഡി പ്രശ്‌നോത്തരിയിൽ പങ്കെടുക്കാനുള്ള സൗകര്യം ഈ ആപ്പ് നൽകുന്നു.
ഏറ്റവും വിദൂര പ്രദേശങ്ങളിൽ പോലും എത്തിച്ചേരുന്നതിനായി, മൈ ഭാരത് പോർട്ടൽ പൊതു സേവന കേന്ദ്രങ്ങളുമായി (സി.എസ്.സി) ബന്ധിപ്പിച്ചിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം ഗ്രാമതല സംരംഭകർ (വി.എൽ.ഇ) വഴി, ഗ്രാമീണ യുവാക്കൾക്ക് അവരുടെ അടുത്തുള്ള സി.എസ്.സിയിൽ രജിസ്റ്റർ ചെയ്യാനും പ്രശ്‌നോത്തരിയിൽ പങ്കെടുക്കാനും സാധിക്കും. നഗര, ഗ്രാമ ഭേദമില്ലാതെ എല്ലാ ഇന്ത്യൻ യുവതയ്ക്കും ഈ ദേശീയ മുന്നേറ്റത്തിൽ പങ്കാളികളാവാൻ കഴിയുമെന്നത് ഇത് ഉറപ്പാക്കുന്നു.
2026-ലെ വി.ബി.വൈ.എൽ.ഡിയ്ക്കുള്ള മത്സരങ്ങൾ:
തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥികൾ 2026 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന വി.ബി.വൈ.എൽ.ഡി 2026-ൽ അവരവരുടെ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കും.
അഞ്ച് ആവേശകരമായ ഗതികളിലായാണ് മത്സരം നടക്കുക:
1- സാംസ്‌കാരിക-നൂതന ട്രാക്ക്: ഇന്ത്യയുടെ പരമ്പരാഗത കലാരൂപങ്ങളെ കൊണ്ടാടുന്നതിനൊപ്പം ശാസ്ത്ര മേളയിലൂടെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ താൽപര്യം വളർത്തുകയും, പൈതൃകവുമായും നവീകരണവുമായും ക്രിയാത്മകമായി ബന്ധപ്പെടാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
2- വികസിത ഭാരത ചലഞ്ച് ട്രാക്ക്: ഭരണം, വിദ്യാഭ്യാസം, ഊർജ്ജം, കാലാവസ്ഥ, ഡിജിറ്റൽ ഉൾച്ചേർക്കൽ തുടങ്ങിയ വിഷയങ്ങളിലുടനീളം ദേശീയ വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ ആവിഷ്‌കരിക്കാനും അവതരിപ്പിക്കാനും യുവ പങ്കാളികൾക്ക് വികസിത ഭാരത ചലഞ്ച് ട്രാക്ക് ഇടം നൽകും.
3- ഭാരതത്തിനായുള്ള രൂപകല്പനാ ട്രാക്ക്: യഥാർത്ഥ ലോകത്തിലെ വികസന വെല്ലുവിളികൾക്ക് നൂതനവും പ്രായോഗികവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി യുവാക്കളെ ഒരു ബഹുതല വെല്ലുവിളിയിൽ ഉൾപ്പെടുത്തിക്കൊണ്ട്, അവരിൽ രൂപകല്പനയ്ക്കുള്ള ചിന്ത വളർത്തിയെടുക്കുക എന്നതാണ് ഭാരതത്തിനായുള്ള രൂപകല്പനാട്രാക്കിന്റെ ലക്ഷ്യം.
4- ഒരു സാമൂഹിക ലക്ഷ്യത്തിനായുള്ള ഹാക്ക് ട്രാക്ക്: ഇത് യുവ നവീനാശയക്കാരെ, സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിപുലീകരിക്കാവുന്നതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാരങ്ങൾ നിർമ്മിക്കുന്നതിനായി സജ്ജമാക്കും. ഇത് ദേശീയ തലത്തിലുള്ള ഒരു ഹാക്കത്തോണിൽ കലാശിക്കുകയും ചെയ്യും.
5-പ്രവാസി യുവജന പങ്കാളിത്ത ട്രാക്ക്: ഇന്ത്യയെ അറിയുക പരിപാടി (കെ.ഐ.പി), ബിംസ്റ്റെക് അംഗരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികൾ ഉൾപ്പെടെ ആഗോള ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള നൂറു യുവജനങ്ങളെ പ്രവാസി യുവജന പങ്കാളിത്ത ട്രാക്ക് ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് അന്താരാഷ്ട്ര യുവജന വിനിമയവും ഇന്ത്യയുടെ വികസനഗാഥയുമായി ആഴത്തിലുള്ള ഇടപെടലും വളർത്തിയെടുക്കും.
ആഗോള യുവജന സഹകരണം:
വൈ.ബി.വൈ.എൽ.ഡി 2026 ഇന്ത്യയിലെ യുവാക്കൾക്ക് മാത്രമല്ല, വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ യുവജനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നു. പ്രവാസി യുവജന പങ്കാളിത്ത പാതയിലൂടെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ 'വികസിത ഭാരതം 2047'-നായുള്ള അവരുടെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കും.
വിദേശകാര്യ മന്ത്രാലയത്തിന്റെ 'ഇന്ത്യയെ അറിയൽ പരിപാടി' (കെ.ഐ.പി) യിൽ നിന്നുള്ള ഏകദേശം 80 മത്സരാർഥികളും, ബിംസ്റ്റെക്ക് രാജ്യങ്ങളിൽ നിന്നുള്ള 20 അംഗ പ്രതിനിധി സംഘവും സംവാദത്തിൽ പങ്കുചേരും. ലോകമെമ്പാടുമുള്ള യുവ മനസ്സുകളെ ഒന്നിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെയാണ് ഈ ആഗോള പങ്കാളിത്തം ദൃശ്യമാക്കുന്നത്.
വികസിത ഇന്ത്യയ്ക്കായുള്ള മുന്നേറ്റത്തിൽ ചേരുക:
ഈ ദേശീയ മുന്നേറ്റത്തിൽ പങ്കെടുക്കാൻ എല്ലാ യുവ ഇന്ത്യക്കാരെയും കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം ക്ഷണിക്കുന്നു. യുവാക്കൾക്ക് https://mybharat.gov.in/quiz എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. മൈ ഭാരത് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് https://mybharat.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക.
SKY
******
(Release ID: 2179848)
Visitor Counter : 8