രാജ്യരക്ഷാ മന്ത്രാലയം
DRDO തദ്ദേശീയമായി വികസിപ്പിച്ച മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം 32,000 അടി ഉയരത്തിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു
Posted On:
15 OCT 2025 8:34PM by PIB Thiruvananthpuram
32,000 അടി വരെ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെയോ ഉപകരണങ്ങളെയോ സാധനങ്ങളെയോ വായുവിലൂടെ സുരക്ഷിതമായി താഴെയെത്തിക്കുന്ന കോംബാറ്റ് ഫ്രീഫാൾ ജമ്പ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി DRDO-യുടെ മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം (MCPS). തദ്ദേശീയമായി വികസിപ്പിച്ച സംവിധാനത്തിൻ്റെ കാര്യക്ഷമത, വിശ്വാസ്യത, നൂതന രൂപകൽപ്പന എന്നിവ പ്രദർശിപ്പിക്കും വിധം ഇന്ത്യൻ വ്യോമസേനയുടെ ടെസ്റ്റ് ജമ്പർമാരാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയയത്. ഈ നേട്ടത്തോടെ, 25,000 അടിക്ക് മുകളിൽ വിന്യസിക്കാൻ കഴിയുന്നതും, ഇന്ത്യൻ സായുധ സേന നിലവിൽ പ്രവർത്തനക്ഷമമായി ഉപയോഗിക്കുന്നതുമായ ഏക പാരച്യൂട്ട് സംവിധാനമായി MCPS മാറി.
ആഗ്രയിലെ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റും ബെംഗളൂരുവിലെ ഡിഫൻസ് ബയോ എഞ്ചിനീയറിംഗ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറിയും ചേർന്നാണ് MCPS വികസിപ്പിച്ചത്. കൃത്യമായ നിയന്ത്രണത്തോടെ സാവധാനം താഴേയ്ക്കിറങ്ങാനുള്ള ശേഷി ഉൾപ്പെടെ ഒട്ടേറെ തന്ത്രപരമായ സവിശേഷതകൾ ഇതിനുണ്ട്. പാരച്യൂട്ട് വിഭാഗത്തിലെ സൈനികർക്ക് (പാരാട്രൂപ്പർമാർക്ക്) വിമാനങ്ങളിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാനും, മുൻകൂട്ടി നിശ്ചയിച്ച ഉയരങ്ങളിൽ പാരച്യൂട്ടുകൾ വിന്യസിക്കാനും, കൃത്യതയോടെ നിയന്ത്രിക്കാനും, നിർദ്ദിഷ്ട മേഖലകളിൽ ഇറങ്ങാനും ഈ സംവിധാനം പര്യാപ്തമാണ്. ഇന്ത്യയുടെ പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനങ്ങൾക്ക് അനുപൂരകമാണ് ഈ സംവിധാനം. ബാഹ്യകക്ഷികളുടെ/ രാഷ്ട്രങ്ങളുടെ ഇടപെടലുകളോ സേവന നിഷേധമോ ബാധിക്കാതെ തന്നെ ആവശ്യമെങ്കിൽ യഥേഷ്ടം ശത്രുക്കൾക്കെതിരെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ഇതുറപ്പാക്കുന്നു.
ഈ സംവിധാനത്തിൻ്റെ വിജയം തദ്ദേശീയ പാരച്യൂട്ട് സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ തുറന്നു നൽകുന്നു. ഇറക്കുമതി ചെയ്ത ഉപകരണങ്ങളെ അപേക്ഷിച്ച് പതിവ് അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും കുറഞ്ഞ സമയം മാത്രം എടുക്കുന്നതിനാൽ, പാരച്യൂട്ട് സംവിധാനത്തിൻ്റെ പരമാവധി ഉപയോഗക്ഷമത ഉറപ്പാക്കാനാകും. സംഘർഷത്തിൻ്റെയും യുദ്ധത്തിൻ്റെയും സമയങ്ങളിൽ സേവനക്ഷമത ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും.
പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ DRDO-യെയും സായുധ സേനയെയും വ്യവസായമേഖലയെയും രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയിൽ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
LPSS
*****
(Release ID: 2179713)
Visitor Counter : 12